Sunday, September 5, 2010

'ബ്ലാക്ക്‌ ഔട്ട്!!!!‌'

തല്‍കാലം തുടര്‍ക്കഥ അവിടെ നില്‍ക്കട്ടെ, നമ്മള്‍ക്ക് കുറച്ചു വര്‍ഷങ്ങള്‍ മുന്നോട്ടു പോകാം...ഈ പോസ്റ്റ്‌ നല്ലവരായ ചെറുതും വലുതുമായ മദ്യപാന്മാര്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. ബ്ലാക്ക്‌ ഔട്ട്നെ കുറിച്ച് ഞാന്‍ ജൂണ്‍ മാസത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരിന്നു, രണ്ടു മാസത്തിനകം വീണ്ടും എന്റെ ബ്ലാക്ക്‌ ഔട്ട്നെ കുറിച്ച് മാത്രം ഒരു പോസ്റ്റ്‌ എഴുതേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നേപി (അങ്ങനെ എന്തോ) പോലും കരുതിയില്ല...

വര്ഷം 2010 ഓഗസ്റ്റ്‌ 28 ശനിയാഴ്ച....രാവിലെ എട്ടു മണിയോട് അടുപ്പിച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായയും കുടിച്ചു, ഈ വീക്ക്‌ ഏന്‍ഡ് ആരെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കും എന്ന് തലപുകഞ്ഞു ആലോചിക്കുമ്പോള്‍ ആണ് മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. രാവിലെ ആരാണാവോ ഈ പുണ്യത്മാവിനെ കുറിച്ച് ഓര്‍ത്തത്‌ എന്ന് ചിന്തിച്ചു കൊണ്ട് ഫോണ്‍ എടുത്തു..അങ്ങേതലക്കല്‍ നിന്നും മഴ വരുമ്പോള്‍ മാക്രി വിളിക്കും പോലുള്ള ശബ്ദം....
രവി: എന്താടാ ഇതുവരെ കണ്ണ് തുറന്നില്ലേ??
ഞാന്‍: നിനക്കൊന്നും ഒരു പണിയും ഇല്ലേ?? രാവിലെ തന്നെ മനുഷ്യനെ ശല്യപെടുത്താന്‍....
രവി: എടാ നീ ഒരു പൊടിക്ക് അടങ്ങ്‌...ഇന്നത്തെ സ്പോന്‍സര്‍ വന്നു ചാടിയിട്ടുണ്ട്‌..
ഞാന്‍: ആര്??
രവി: നമ്മുടെ മോനിച്ചന്‍..ഇന്നത്തെ സ്പോന്‍സര്‍ അവനാണ്...
ഞാന്‍: ഓ.അവന്റെ കാര്യം ഞാന്‍ മറന്നു..നീ ഒരു പത്തു മണി ആകുമ്പോള്‍ അവനെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോ, അപ്പോഴേക്കും ഞാന്‍ റെഡി ആയി നില്‍ക്കാം...

സെക്കന്റ്‌ ഹാന്‍ഡ്‌ വാങ്ങിയ പഴയ യെസ്ഡിയില്‍ റോഡിന്‍റെ ഓരം പറ്റി പോകുമ്പോള്‍, പുറകില്‍ വന്നു നല്ല ഇമ്പമാര്‍ന്ന ഹോണ്‍ മുഴക്കി, ഒരു ചെറിയ അസൂയക്കുള്ള വകയും നല്‍കി, രാജകലയില്‍ നിരത്ത് നിറഞ്ഞു പറന്നു പോകുന്ന 'ഹോണ്ട സിവിക്'...അതാണ്‌ മോനിച്ചന്‍ വാങ്ങിയ പുതിയ കാര്‍...അത് വാങ്ങിയതിന്റെ പാര്‍ട്ടി ആണ്. ഇവിടെ മനുഷ്യന്‍ കഞ്ഞി കുടിക്കാനുള്ള വക ഒപ്പിക്കാന്‍ പാടുപെടുമ്പോള്‍ ആണ്...ഹാ..ഓരോത്തമാരുടെ ഓരോരോ യോഗങ്ങളെ....(നല്ല കാലത്ത് അവന്റെ അച്ഛന്‍ കുടിയന്മാരെ മാത്രം സേവിക്കാന്‍ അബ്കാരി ആയപ്പോള്‍ ജനങ്ങളെ മൊത്തത്തില്‍ സേവിക്കാന്‍ എന്റെ അച്ഛന്‍ സര്‍ക്കാര്‍ ജോലികാരന്‍ ആയി...ഇപ്പം അവന്‍ കാറിലും ഞാന്‍ ബൈക്കിലും..അത്രയേ ഉള്ളു വ്യത്യാസം) എന്തായാലും ഇന്ന് അവന്റെ ക്യാഷില്‍ നാലെണ്ണം കൂടുതല്‍ അകത്താക്കണം. അത് കഴിഞ്ഞു വേണം ഹോണ്ട സിവികില്‍ നഗരം മൊത്തത്തില്‍ ഒന്ന് കറങ്ങി കാണാന്‍.

ഏതാണ്ട് ഒരു പത്തു മണിക്ക് വീടിന്റെ മുന്നില്‍ ഒരു ഹോണ്‍ കേട്ടു. ഊഹം തെറ്റിയില്ല, മോനിച്ചനും രവിയും തന്നെ. കാലില്‍ ചെരുപ്പും കുത്തി തിരുകി നേരെ ചെന്ന് പുറകിലെ ഡോര്‍ തുറന്നു അകത്തു കയറി ഇരുന്നു. വീട്ടില്‍ നിന്നും കുറച്ചു അകലെ ഉള്ള ബാറിലേക്ക് ആണ് ഞങ്ങള്‍ പോയത്. ആ ബാര്‍ മതി എന്ന് പറഞ്ഞതും ഞാന്‍ തന്നെ ആണ് (അതുവരെ എസീയില്‍ ഇരിക്കാമല്ലോ...) യാത്രക്കിടയില്‍ പുതിയ കാറ് വാങ്ങുന്നതിന് മുന്‍പ് കാറുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളും, പരീക്ഷണങ്ങളും പറഞ്ഞു അവന്‍ ഞങ്ങളുടെ ക്ഷമയെ നല്ലവണ്ണം പരീഷിച്ചു...അന്നത്തെ സ്പോന്‍സര്‍ ആയതു കൊണ്ട് മാത്രം ഞങ്ങളും ക്ഷമിച്ചു...

ബാറില്‍ എത്തുമ്പോള്‍, കരിമൂര്‍ക്കന്‍, ശംഖുവരയന്‍, എട്ടടിവീരന്‍ എന്നീ കൂടിയ ഇനങ്ങള്‍ തങ്ങളുടെ അതിരാവിലത്തെ വിറയല്‍ മാറ്റാന്‍ മത്സരിക്കുണ്ടായിരിന്നു‍. നമ്മള്‍ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചു. മോനിച്ചന്‍ മൊത്തത്തില്‍ സ്പോന്‍സര്‍ ചെയുന്നതിനാലും, അവന്റെ പോക്കറ്റിന്റെ വലിപ്പം അറിയാവുന്നത് കൊണ്ടും...വില കൂടിയ വിസ്കിയില്‍ തന്നെ കയറി പിടിച്ചു. ഒരു ഫുള്‍ മൂന്നുപേര്‍...ഇതിനിടയില്‍ രവി ഫുഡ്‌ പറയുന്നത് കേട്ടു....സാധനം തീര്‍ന്നത് നമ്മള്‍ അറിഞ്ഞില്ല. നമ്മുടെ വിഷമം മനസ്സിലാക്കിയ മോനിച്ചന്‍ അത് മാറ്റാന്‍ ആറ് കുപ്പി ബിയര്‍ കൂടി പറഞ്ഞു...അത് കൂടി കഴിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു ആ അത്ഭുത പ്രതിഭാസം നടന്നത്...."ബ്ലാക്ക്‌ ഔട്ട്!!!!‌"

ഞാന്‍ നല്ല ഉറക്കത്തിലാണ്, കൈ കുഴകള്‍ക്ക് നല്ല വേദന, ആരോ മുറുകെ പിടിച്ചിരിക്കും പോലെ, എത്ര ശ്രമിച്ചിട്ടും ആ പിടിത്തം വിടുവിക്കാന്‍ കഴിയുന്നില്ല. സ്വപ്നത്തിനു ഇത്ര ഒര്‍ജിനാലിറ്റിയോ?? ആരൊക്കെയോ എന്തൊക്കെയോ പറയുന്നു പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. കണ്ണ് തുറന്നാല്‍ സ്വപ്നത്തില്‍ നിന്നും ഉണരും, സ്വപ്നത്തിന്റെ ബാക്കി കൂടി കണ്ടിട്ട് കണ്ണ് തുറക്കാം...പെട്ടെന്ന് കൈകളിലെ പിടിത്തം അയഞ്ഞതു പോലെ. ചുറ്റും ഇരുട്ട്...സ്വപ്നം ഇത്ര പെട്ടെന്നു കഴിഞ്ഞോ?..ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു, രണ്ടു കൈകളും കൊണ്ട് കണ്ണ് തിരുമി തുറന്നു നോക്കുമ്പോള്‍ തൊട്ടു മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ മോനിച്ചന്‍!!!

അടിവയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി, ആകെ ഒരു പരവേശം, എന്താ പറ്റിയത്?.."മോനിച്ചാ, നമ്മള്‍ എവിടെയാ?? രവി എവിടെ??" എന്റെ ചോദ്യത്തിന് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരിന്നു മറുപടി...ഒരിക്കല്‍ കൂടി ചോദിക്കാനുള്ള ധൈര്യം അമ്മച്ചിയാണേ ഇല്ലായിരിന്നു...എവിടെയോ ഒരു സ്പെല്ലിംഗ് മിസ്സ്‌ടേക്ക്, പക്ഷെ എത്ര ആലോചിച്ചിട്ടും ഒരു ഓര്‍മയും വരുന്നില്ല....നമ്മള്‍ മൂവരും ബാറില്‍ ആയിരിന്നു, അത് കഴിഞ്ഞു എന്താ സംഭവിച്ചത്??? നമ്മള്‍ എങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തി?? നമ്മള്‍ എന്ത് തെറ്റാണ് ചെയ്തത്?? ഉത്തരങ്ങള്‍ അറിയാവുന്ന മോനിച്ചന്‍ അവസരം കിട്ടിയാല്‍ എന്നെ തട്ടും എന്ന മട്ടും...രവിയെ കാണാനുമില്ല...വീണ്ടും ഡോര്‍ തുറക്കുന്ന ശബ്ദം..."എടോ താന്‍ ഒന്ന് പുറത്തേക്കു വന്നേ" ഒരു പോലീസുകാരന്‍ പറഞ്ഞു...ആരാ? എന്താ? എന്തിനാ? എന്നൊക്കെ ചോദിക്കണം എന്ന് മനസ്സില്‍ തോന്നിയെങ്ങിലും നാവു പൊങ്ങുന്നില്ല...മൊബൈല്‍ ഫോണും, ക്യാഷ് സൂഷിക്കുന്ന സാധനം(ആ വാക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല), വീടിന്റെ താക്കോല്‍ ഇവയെല്ലാം ആ പോലീസുകാരന്‍ തന്നു, പക്ഷെ കാലില്‍ കിടന്ന ചെരുപ്പ് മാത്രം തന്നില്ല, ചുറ്റും നോക്കി എവിടെയും ഇല്ല...."വേഗം സ്ഥലം വിട്ടോണം..ഇനി മേലാല്‍ ഇതുപോലെ ഒന്നും കാണരുത് കേട്ടോ?" ഇതും പറഞ്ഞു ആ പോലീസുകാരന്‍ എന്നെ പതുക്കെ സ്റ്റേഷന്‍നു പുറത്തേക്കു കൊണ്ടുപോയി, മോനിച്ചന്റെ ചേട്ടനും കൂട്ടുകാരും പുറത്തു നില്പുണ്ടായിരിന്നു...ആരോടും ഒന്നും പറയാനോ ചോദിക്കാനോ നില്‍ക്കാതെ പോലീസ് സ്റ്റേഷന്‍ന്റെ കോമ്പോണ്ടിനു പുറത്തു കടന്നു, ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്ക്...

രാവിലെ ഉറക്കം ഉണര്‍ന്നതും രവിയെ വിളിച്ചു...അവന്‍ എന്റെ ബ്ലാങ്ക്സ് ഫില്‍ ചെയ്തു....അതായത് എന്റെ ബ്ലാക്ക്‌ ഔട്ട്‌നു ശേഷം ഉണ്ടായ കാര്യങ്ങള്‍ ചുരുക്കത്തില്‍...
ബാറില്‍ നിന്നും നല്ല കണ്ടീഷനില്‍ ആയ നമ്മള്‍ നേരെ പോയത് അടുത്ത ബാറിലേക്ക്..അവിടെന്നു വാങ്ങിയ ബ്രാണ്ടി രണ്ടു മൂന്ന് ലാര്‍ജ് വെള്ളം ഒഴിക്കാനുള്ള എന്റെ മടി കാരണം വെള്ളമില്ലാതെ എടുത്തു അങ്ങ് കമഴ്ത്തി...അത് കണ്ടു ഞെട്ടിയ രണ്ടുപേരും കൂടി എന്നെ പൊക്കി എടുത്തു കാറിനുള്ളില്‍ ഇട്ടു. അവിടെന്നു മോനിച്ചന്‍ കാര്‍ പുറത്തേക്കു എടുത്തതും മറ്റൊരു കാറില്‍ തട്ടിയതും ഒരുമിചായിരിന്നു...ആ കാറിലെ യാത്രക്കാര്‍ കലിപ്പിനായി ഇറങ്ങി. പക്ഷെ കിച്ചന്‍ ഫോമില്‍ ആയിരിക്കുമ്പോ മറ്റേ കാറുകാര്‍ക്ക് മിണ്ടാന്‍ അവസരം കൊടുക്കുമോ? നുമ്മ പുറത്തേക്കിറങ്ങി ലവന്മാരുടെ നെഞ്ചത്ത് ഒരു അഗ്നി കാവടി അങ്ങ് നടത്തി, അല്ല പിന്നെ. പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ ഇല്ലാത്ത അവന്മാര്‍ പോലീസിനെ വിളിച്ചു കളഞ്ഞു. പോലീസ് വണ്ടി വന്നതും രവി ഓടി, കൂടെ ഓടാനുള്ള പരിശ്രമത്തില്‍ എന്റെ ചെരുപ്പ് തെറിച്ചു പോയി..അതെടുക്കുവാന്‍ തിരിഞ്ഞ എന്നെ പോലീസുകാര്‍ പൊക്കിയെടുത്തു ജീപിന്റെ പുറകിലേക്ക് ഇട്ടു, കൂടെ മോനിച്ചനെയും..ഏതാണ്ട് ഒരു മണിയോടെ പോലീസ് പിടിയിലായ എന്റെ 'ബ്ലാക്ക്‌ ഔട്ട്‌' മാറുന്ന സമയം ഏതാണ്ട് രാത്രി ഒന്‍പതു മണിക്ക്...മോനിച്ചന്റെ കാറിന്റെ വലിപ്പം കണ്ടിട്ടാവും പോലീസ് രണ്ടുപേരെയും കൈ വെച്ചില്ല (ഇനി അഥവാ അവര്‍ കൈ വെച്ചിട്ടുന്ടെങ്ങില്‍ തന്നെ അത് എന്നെ അല്ല, ആ "ബ്ലാക്ക്‌ ഔട്ട്‌ കിച്ചനെ" ആയിരിക്കും)...എന്റെ നോണ്‍ സ്റ്റോപ്പ്‌ സംസാരം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാവും ആദ്യം ഇറക്കി വിട്ടത്...അത് കഴിഞ്ഞു രണ്ടായിരം രൂപ പെറ്റിയും അടപ്പിച്ചു ഒരു മണികൂര്‍ കൂടി കഴിഞ്ഞാണ് മോനിച്ചനെ വിട്ടത്...(രാവിലെ മോനിച്ചന്‍ രവിയെ വിളിച്ചു പറഞ്ഞത് ഇവിടെ ഞാന്‍ പറയൂലാ...ഭാഗ്യം, അവന്‍ എന്നെ ഇതുവരെ വിളിച്ചില്ല..)

സത്യമായിട്ടും ഞാന്‍ മദ്യപാനം നിര്‍ത്തി, ഓര്‍ക്കുട്ട് പ്രൊഫൈലില്‍ 'ദ്രിങ്കിംഗ് - നോ' എന്ന് അപ്ഡേറ്റ് ചെയ്തു...ഇനിയുള്ള കാലമെങ്ങിലും ഒരു നല്ല 'പച്ചയായ" മനുഷ്യനായിട്ട്‌ ജീവിക്കണം എന്നാണു ആഗ്രഹം...സാധിക്കുമായിരിക്കും അല്ലേ??