Monday, March 28, 2016

പബ്ലിക്‌ സെൽഫി...

"ആദ്യ പ്രണയം!!! മണ്ണാങ്കട്ട!!! അവള് അവളുടെ വഴിക്ക് പോയി. നിനക്ക് ഒരു കുടുംബവും ആയി. നിനക്ക് എന്താ വട്ടു ഉണ്ടോ?? ഈ വൃത്തികെട്ട പണി ഇനി വേണോ?"

കിച്ചൻ: വിടില്ല ഞാൻ!!! ലവളുടെ നാട്ടിൽ ലാൻഡ് ചെയ്തു അവളുമായി ഒരു പബ്ലിക് സെൽഫി മിനിമം എടുക്കാതെ, മോനെ, കാലന് പോലും നുമ്മ പിടികൊടുക്കേല!!!



Wednesday, January 11, 2012

ഒരു കുട്ടി പോസ്റ്റ്‌.

ഒന്ന് പോസ്റ്റിയിട്ട് മുന്നൂറ്റി അമ്പതു ദിവസത്തിന് മുകളിലായി എന്ന് മനസ്സിലായത്‌ ഇന്ന് രാവിലെ ബ്ലോഗ്‌ പെട്ടി തുറന്നു നോക്കിയപ്പോള്‍ ആണ്. എന്നാല്‍ പിന്നെ കിടക്കട്ടെ ഈ പുതുവര്‍ഷത്തില്‍, ഒരു കുട്ടി പോസ്റ്റ്‌. എന്ന് ഞാനും കരുതി. വരും ദിനങ്ങളില്‍ കൂടുതല്‍ പോസ്റ്റാന്‍ ടോപ്പില്‍ ഇരിക്കുന്ന ലങ്ങേര് സഹായിക്കും എന്ന് തന്നെ ആണ് എന്റെ വിശ്വാസം. പിന്നെ മറ്റൊരു പ്രതേകത കൂടി ഉണ്ട് ഈ ദിവസത്തിന്. രാവിലെ ഉറക്കുമുണര്‍ന്നു കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു നോക്കുമ്പോള്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എന്റെ ഉറക്കം കെടുത്തിയ ഒരു ഫുള്‍ ചോദ്യത്തിനുള്ള "ഹാഫ്" ഉത്തരം സ്ക്രീനില്‍ തെളിഞ്ഞു നില്കുന്നു. മിനിമം ഈ "ഹാഫ്" ഉത്തരമെങ്ങിലും വര്‍ഷങ്ങള്‍ക്കു മുന്‍പ് കിട്ടിയിരുന്നേല്‍ എത്ര ഫുള്‍ പൊട്ടാതിരിക്കുമായിരുന്നു. ഹ! ഇനി പറഞ്ഞിട്ട് കാര്യമില്ല. ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്, എന്താണ് ആ "ഹാഫ്" ഉത്തരം എന്ന് അല്ലേ? ഹാഫ് ഫുള്‍ ആകുമ്പോള്‍ പറയാം കേട്ടാ..അതുവരെ ഷെമി.

തത്കാലം, ഈ പുതുവര്‍ഷത്തില്‍ എല്ലാവര്ക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും.............(ബാക്കി നിങ്ങളുടെ മനസ്സിന്റെ കടുപ്പം പോലെ പൂരിപ്പിച്ചോ..) ആശംസകള്‍ നേരുന്നു. അപ്പോ ലങ്ങേര് (ടോപ്പ് ടോപ്പ്..) അനുവദിച്ചാല്‍ വീണ്ടും കാണാം.

Monday, January 24, 2011

നിമിത്തങ്ങള്‍-2

ഒരു ചെറിയ ഫ്ലാഷ് ബാക്ക്:
കിച്ചന് കിട്ടിയ ബെര്‍ത്ത് ഡേ തല്ലിന്റെ കാര്യം എല്ലാവര്ക്കും ഓര്മ കാണുമല്ലോ അല്ലേ. അത് നല്ല അന്തസായിട്ട് വാങ്ങിയതിന് ശേഷം, മൂന്നോ നാലോ തവണ ലച്ചുവിനെ കാണുവാനും സംസാരിക്കുവാനും ശ്രമിച്ചിരുന്നു. കിച്ചന്റെ മനസ്സിലെ 916 പോലത്തെ പരിശുദ്ധമായ പ്രണയത്തെ കുറിച്ച് വര്‍ണ്ണിക്കാനും, ആ പാല്‍പുഞ്ചിരി വീണ്ടും നേടി എടുക്കാനും വേണ്ടി ആയിരിന്നു ഓരോ ശ്രമവും, പക്ഷേ മുന്നില്‍ ചെന്നു നില്‍കുമ്പോള്‍, ലാലേട്ടന്‍ സിനിമയില്‍ വില്ലന്‍മാരോടു പറയുന്നതു പോലെ കത്തിക്കും, പുകയ്ക്കും, കാച്ചും എന്നൊക്കെ പറഞ്ഞു ലച്ചു കിച്ചനെ വിരട്ടി, (ഇതിനിടയില്‍ ചെരുപ്പ് ഊരിയോ എന്നു സത്യമായിട്ടും ഓര്‍മയില്ല.) വിരട്ടിയത് കിച്ചന്‍ സ്നേഹിക്കുന്ന പെണ്ണ് ആയതു കൊണ്ടും, “ഓപ്പറേഷന്‍ കീച്ച്” എന്നൊക്കെ പറഞ്ഞു ലച്ചുവിന്റെ അച്ഛന്‍ വല്ല യമണ്ടന്‍ കൊട്ടേഷന്‍കാരെയും വിട്ടാലോ എന്നും കരുതി കിച്ചനങ്ങു ക്ഷമിച്ചു. പിന്നെ പലപ്പോഴും വഴിയില്‍ വെച്ചു ലച്ചുവിനെ കണ്ടാല്‍ കഴിവതും ഒഴിഞ്ഞു മാറി നടക്കാന്‍ ആയിരിന്നു ശ്രമം. ആ പാല്‍പുഞ്ചിരി ഇല്ലാത്ത മുഖം കാണുവാനുള്ള 'ത്രാണി' എന്നു പറയുന്ന ആ സാധനം ഈ കിച്ചന് ഇല്ലായിരിന്നു. (അല്ലെങ്കില്‍ തന്നെ പ്രാണഭയം ഇല്ലാത്ത മനുഷ്യരുണ്ടോ?) എന്തായാലും അതൊക്കെ പഴയ കഥ.

ഇനി ബാക്ക് ടൂ ദ ഫ്യൂച്ചര്‍:
വര്‍ഷങ്ങള്‍ കഴിഞ്ഞു, അവിചാരിതമായി കിട്ടിയ ആ ഫോട്ടോ കണ്ടപ്പോള്‍, ഏറെ ശ്രമിച്ചിട്ടും മറക്കുവാന്‍ കഴിയാതെ പോയ ആ (ബെര്‍ത്ത് ഡേ തല്ലിന്റെ) നോവുന്ന ഓര്മകള്‍ മനസ്സിലേക്ക് വീണ്ടും വന്നു. അടുത്ത രണ്ടു ദിവസം ഈ പിഞ്ചു മനസ്സ് ആ പഴയ ഓര്‍മകളുടെ പുറകെ ആയിരുന്നു. വീണ്ടും ഒരു തല്ല് കൂടി ഏറ്റുവാങ്ങാനുള്ള ധൈര്യം മനസ്സിന് ഉണ്ടായിരുന്നു പക്ഷെ ശരീരം സമ്മതിക്കണ്ടേ. ആ കാലത്ത് ആറടിക്ക് മേല്‍ പൊക്കം മാത്രം പോരാ കുറച്ച് തടി കൂടി വേണം എന്നാ ശരീരത്തിന്റെ ആവശ്യം. (ഇന്ന് ഈ തടിക്ക് ഈ പൊക്കം പോരെന്നും). എന്തായാലും ആ പുസ്തകതാളില്‍ കണ്ട ഫോട്ടോയെ കുറിച്ച് ഓര്‍ത്തു രണ്ടു ദിവസം പോയി കിട്ടി. അത് കഴിഞ്ഞുള്ള ഒരു ഞാറാഴ്ച ദിവസം, വൈകിട്ട് വീട്ടില്‍ ടീ വീ കാണുന്ന സമയത്ത് ഒരു തൊഴിലധിഷ്ഠിത കലാലയത്തിന്റെ വാര്‍ഷികാഘോഷം നടന്നതിന്റെ ഒരു റിപ്പോര്‍ട്ട്‌, കുറച്ച് പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പ്‌ ഡാന്‍സ് ആണ് കാണിക്കുന്നത്. ആ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ലച്ചുവിന്റെ മുഖച്ഛായ ഉള്ള ഒരു കുട്ടി. ലച്ചുവിനെ കുറിച്ച് ആലോചിച്ചു ഇരുന്നത് കൊണ്ട് തോന്നിയതായിരിക്കും എന്നാണു ആദ്യം കരുതിയത്‌. ഡൌട്ട് തീര്‍ക്കുവാന്‍ കണ്ണുകള്‍ തിരുമി വീണ്ടും നോക്കി, അതെ, അത് ലച്ചു തന്നെ. മൂന്ന് ദിവസം മുന്‍പ് ഒരു ഫോട്ടോ, ദാ ഇപ്പൊ വീഡിയോയും, ഇതെല്ലാം വരാന്‍ പോകുന്ന എന്തിനെയോ കുറിക്കുന്ന ഓരോരോ നിമിത്തങ്ങള്‍ അല്ലേ? കിച്ചനു ആകെ സംശയമായി.

ആ സംശയത്തില്‍ നിന്നും ആയിരുന്നു "ക്വിന്‍റെസ്സെന്‍സ്" എന്ന സ്ഥാപനത്തിന്റെ തുടക്കം. കിച്ചന്റെ കുരുട്ടുബുദ്ധിയില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തെളിഞ്ഞു വരാന്‍ തുടങ്ങി. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരോടൊപ്പം ഒരു ഇന്റര്‍കോളേജ് ഫെസ്റ്റ് കാണുവാന്‍ പോയിരുന്നു. അവസാനമായി ലച്ചുവിനെ (ഒരുപാട് ദൂരെ വെച്ച്) കണ്ടതും അവിടെ വെച്ചായിരുന്നു. ലച്ചു ആയിരുന്നു അന്ന് അവിടെ അനൌണ്‍സ് ചെയ്തതും മറ്റും. അതുപോലെ ഒരു ഇന്റര്‍കോളേജ് ഫെസ്റ്റ് തട്ടികൂട്ടിയാല്‍ ലച്ചുവിനെ അതിന്റെ ആങ്കര്‍ റോളില്‍ നില്‍കാന്‍ ക്ഷണിക്കാം. ഇടയ്ക്കു എപ്പോഴെങ്കിലും കിട്ടുന്ന അവസരത്തില്‍, കിച്ചന്റെ 916 പോലത്തെ പരിശുദ്ധമായ പ്രണയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യാം. ചുളുവിന് കുറച്ചു കാശും ഉണ്ടാക്കാം, പക്ഷെ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല ഒരു ഇന്റര്‍കോളേജ് ഫെസ്റ്റ്. കൂടെ നില്‍കുമെന്ന് ഉറച്ച വിശ്വാസമുള്ള പത്തു പതിനഞ്ചു പേരുടെ ലിസ്റ്റ് മനസ്സില്‍ തയാറാക്കി. അടുത്ത രണ്ടു ദിവസം കൊണ്ട് എല്ലാപേരെയും വിളിച്ച് പ്ലാന്‍ പറഞ്ഞു. (പക്ഷെ ഈ പ്ലാനിന്റെ പുറകിലുള്ള യഥാര്‍ത്ഥ പ്ലാന്‍ പറഞ്ഞില്ല.) എന്തിനും ഏതിനും എന്റെ കൂടെ തന്നെ കാണുമെന്ന് അവര്‍ ഉറപ്പ് തന്നു.

പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു. കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്ന യെസ്ഡി ബൈക്ക് വിറ്റ കാശും, പിന്നെ കൊള്ള പലിശക്കു മീറ്റര്‍ രവിയുടെ കയ്യില്‍ നിന്നും വാങ്ങിയ കാശും ചേര്‍ത്ത് "ക്വിന്‍റെസ്സെന്‍സ്" "ദ ഇവന്‍റ് മേകേര്സ്" എന്ന സ്ഥാപനം റജിസ്റ്റര്‍ ചെയ്യാന്‍ കൂടെ ഉള്ളവരുടെ കയ്യില്‍ കൊടുത്തു. (കടയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു.) എന്റെ കമ്പനി നടത്തുന്ന ഇവന്‍റ്, ആങ്കര്‍ എന്റെ ലച്ചു, ഞാന്‍ വീ ഐ പി സീറ്റില്‍ കമ്പനി ഉടമയുടെ എല്ലാ പ്രൌഡിലും എന്റെ ലച്ചുവിനെ നോക്കി ഇരിക്കുന്നു...കിനാവുകളുടെ ലോകത്ത് മനസ്സ് നൂല് പൊട്ടിയ പട്ടമായി പാറി നടന്നു.

Wednesday, December 29, 2010

നിമിത്തങ്ങള്‍-1

ഞാന്‍ വളര്‍ന്നത് തറവാട്ടില്‍ ആണെന്ന് മുന്‍പ് പറഞ്ഞിരുന്നുവല്ലോ, ആദ്യത്തെ ചെറുകുട്ടിയായത് കൊണ്ട് കുറച്ചു കൂടുതല്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് ഞാന്‍ അവിടെ വളര്‍ന്നത്‌‌. ആ ഒരു കാരണം കൊണ്ട് തന്നെ തറവാട്ടില്‍ ഉള്ള ആരോടും എനിക്ക് 'പറ്റില്ല' എന്ന് പറയുവാന്‍ കഴിയുമായിരിന്നില്ല. അതു കൊണ്ട് കടയുടെ കാര്യത്തില്‍ അച്ഛന്റെ അനുജനോട് വ്യക്തമായ ഒരു മറുപടി നല്‍കാതെ ആണ് ഞാന്‍ തിരികെ വീട്ടില്‍ വന്നത്. അച്ഛനോടും അമ്മയോടും ഞാന്‍ സൗദി റീടേണ്‍സിന്റെ ഭാവി പരിപാടിയെ കുറിച്ച് അറിയിച്ചു. ഇതുപോലൊരു വാഗ്ദാനം അദ്ദേഹം മുന്നേ തന്നിട്ടുള്ള അനുഭവം അറിയാവുന്നത് കൊണ്ട് രണ്ടുപേരും കൂടി മുന്‍കൈ എടുത്തു എങ്ങനെയെങ്ങിലും ഇത് എന്റെ തലയില്‍ നിന്നും ഒഴുവാക്കി തരണമെന്നും, അല്ലെങ്കില്‍ ഇത്ര വര്ഷം ടൂറിസം ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്തത് വെറുതെ ആകുമെന്നും പറഞ്ഞു, പക്ഷെ അച്ഛന് അനുജനോടുള്ള വിശ്വാസം, അമ്മക്ക് മകന്റെ ഭാവിയെ കുറിച്ചുള്ള വേവലാതിയും ഇത് രണ്ടുമാകണം കാരണം, രണ്ടുപേര്‍ക്കും ലതങ്ങു ബോധിച്ചു. പിന്നെ ഉള്ള ദിവസങ്ങളില്‍ എന്ത് തന്നെ സംസാരം തുടങ്ങിയാലും അവസാനം ചെന്ന് നില്‍ക്കുന്നത് ഒരു കട സ്വന്തമാക്കിയാല്‍ ഉള്ള നല്ല വശങ്ങളെ കുറിച്ചായിരിക്കും. സത്യത്തില്‍ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹവും പിന്നെ അവരുടെ സ്നേഹത്തോടെ ഉള്ള നിര്‍ബന്ധവും കാരണം ഒടുവില്‍ എനിക്ക് 'യെസ്' പറയേണ്ടി വന്നു.

അങ്ങനെ ഒരു മാസത്തെ നോട്ടീസ് കൊടുത്തു ടൂറിസം ഫീല്‍ഡ്നോട് ഞാന്‍ വിടപറഞ്ഞു. ഇത്തവണ സൗദികാരന്‍ തന്റെ തനിസ്വഭാവം കാണിക്കാതെ പറഞ്ഞത് പോലെ രണ്ടു ടു-വീലെര്‍ സ്പൈര്‍പാര്‍ട്സ് കടകള്‍ തുടങ്ങി. ഒന്ന് സിറ്റിയുടെ ഹൃദയഭാഗത്തും(അത് സാമാന്യം വലിയ ഒരു കട), മറ്റൊന്ന് സിറ്റിയുടെ പുറത്തും, എന്ന് പറഞ്ഞാല്‍ ഒരു ഓണംകേറാ മൂലയിലും.(ഇത് ഒരു ചെറിയ മുറുക്കാന്‍ കടയുടെ വലിപ്പത്തില്‍). ഫുള്‍ ടാങ്ക് പെട്രോളും അടിച്ചു ബൈക്കില്‍ കറങ്ങി നടന്ന ഞാന്‍ കട തുറന്നു രണ്ടാം ദിവസം മുതല്‍ ബസ്സിലായി യാത്ര. ദിവസവും രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മാത്രമേ ഒരു എട്ടു എട്ടരക്ക് എങ്കിലും കട തുറക്കാന്‍ പറ്റൂ. എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് കട അടച്ചു കര്പൂരവും കത്തിച്ചു, ഒന്‍പതു മണിക്ക് മുന്നേ സിറ്റിയില്‍ ഉള്ള കടയില്‍ ചെന്ന് അതാതു ദിവസത്തെ കണക്കുകള്‍ ഏല്പ്പി്ക്കണം. ദിവസവും പത്തു രൂപ തരും അടുത്ത ദിവസത്തെ വണ്ടി കൂലിയായി. അതും വാങ്ങി വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം പത്തു മണിയാകും. ഇതായിരിന്നു ദിനചര്യ. കൂട്ടുകാരെ പോലും കാണാന്‍ അവസരം കിട്ടുന്നത് ഞാറാഴ്ച ദിവസം ആയിരിന്നു, അല്ലെങ്ങില്‍ ഒരു ബന്ദോ ഹര്‍ത്താലോ വരണം. ഈ കടയില്‍ വെച്ചാണ് ഞാന്‍ ബിസിനസ്‌ന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്. നാക്കിന്റെ ബലത്തില്‍ മാത്രം പിടിച്ചു നില്ക്കാന്‍ പറ്റുന്ന ഒരു അങ്കതട്ട് ആണ് ഈ ബിസിനസ്‌ ലോകം എന്ന് ഞാന്‍ മനസ്സിലാക്കിയത് അവിടെ വെച്ചാണ്. പലതവണ കരുതിയതാണ്, എല്ലാം ഇട്ടെറിഞ്ഞു പോകണമെന്ന്, പക്ഷെ എന്നെ വിശ്വസിച്ചു ഏല്‍പിച്ച ഒരു കാര്യം, അത് ന്യായമായ കാര്യമില്ലാതെ ഒരു സുപ്രഭാതത്തില്‍ ചെന്ന് താക്കോല്‍ മുന്നിലേക്ക്‌ ഇട്ടു കൊടുത്തിട്ട് "എനിക്ക് ഇനി വയ്യാ, താന്‍ വേറെ ആളെ നോക്ക്" എന്ന് പറയാന്‍ കഴിയുമായിരിന്നില്ല. പിന്നെ മുകളില്‍ ഇരിക്കുന്ന അങ്ങേരു തലയില്‍ വരച്ചത് ഇതാണെങ്ങില്‍ പിന്നെ നമ്മള്‍ മസ്സില്‍ പിടിച്ചിട്ടു വല്ല കാര്യവും ഉണ്ടോ?.(മുകളില്‍ ഇരുന്നു കൊണ്ട് അങ്ങേര്‍ക്കു എന്തും ആകാമല്ലോ, ആരെയും പേടിക്കണ്ടല്ലോ) ഇങ്ങനെ ഒക്കെ ആയിരിന്നു എന്റെ ചിന്ത ഏതാണ്ട് ആദ്യ മൂന്ന് മാസം. പക്ഷെ എല്ലാം മാറി മറിഞ്ഞത് ഒരെറ്റ ദിവസം കൊണ്ടായിരിന്നു.

എല്ലാ ദിവസവും ഉച്ചക്കുള്ള ഭക്ഷണം അമ്മ രാവിലെ തന്നെ പൊതിഞ്ഞു തരും. വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് ഒരു ചായ കുടിക്കാനുള്ള നേരം കിട്ടിയാല്‍ ഭാഗ്യം. എന്റെ എട്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ തന്നെ പൊതിചോറ് കൊണ്ട് പോകുന്ന പരിപാടി നിര്‍ത്തി വെച്ചതാണ്, പക്ഷെ വീണ്ടും അത് ചുമക്കാന്‍ ആണ് വിധിയെങ്ങില്‍ പിന്നെ പിടിച്ചാ കിട്ടുമോ?? ദിവസവും കിട്ടുന്ന പത്തു രൂപയില്‍ നിന്നും രാവിലെയും വൈകിട്ടും പോയി വരുന്ന വണ്ടി കൂലിയും കഴിഞ്ഞു വല്ലതും മിച്ചം കാണും. മിക്കവാറും ഈ മിച്ചം പിടിക്കുന്ന കാശ് ആണ് രാവിലത്തെ ഭക്ഷണം കഴിക്കാന്‍ ഉപയോഗത്തില്‍ വരുന്നത്. കടയുടെ തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട്, ഒരു രൂപ കൊടുത്താല്‍ നാല് ചൂട് ദോശയും നല്ല സ്വാദേറിയ സാമ്പാറും കിട്ടും. വിശപ്പ്‌ തീരെ സഹിക്കാന്‍ പറ്റാത്ത ദിവസം ഈ ഹോട്ടല്‍ ആണ് ഏക ശരണം. കാരണം ' ബെഗ്ഗര്‍സ് കാന്റ് ബി ചൂസേര്‍സ്സ് ' എന്ന അവസ്ഥ. അങ്ങനെയിരിക്കെ ഒരു ദിവസം ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് തൊട്ടടുത്ത്‌ ഉണ്ടായിരുന്ന മേശയുടെ മുകളില്‍ കിടന്ന പുസ്തകം കണ്ടത്, കടയില്‍ വെറുതെ ഇരിക്കുമ്പോള്‍ വായിക്കാം എന്ന് കരുതി എടുത്തു നോക്കിയപ്പോള്‍ ആണ് മനസ്സിലായത്‌ അത് ഒന്നോ രണ്ടോ വര്‍ഷത്തെ മാത്രം പഴക്കമുള്ള ഒരു സ്കൂള്‍ മാഗസിനെ ആണെന്ന്. പ്രതേകിച്ചു ഒന്നും വായിക്കാന്‍ തോന്നിയില്ല. വെറുതെ രണ്ടു മൂന്ന് താളുകള്‍ മറിച്ചു നോക്കി, ആ താളുകളില്‍ ഒന്നില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഫോട്ടോ, ആ ഫോട്ടോയില്‍ ഞാന്‍ ആദ്യം കണ്ടത് അവാര്‍ഡു കൊടുക്കുന്ന പ്രായമായ സ്ത്രീയെയും അത് വാങ്ങാന്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെയും അല്ലായിരിന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ ദിവസവും രാവിലെ ഞാന്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന അതെ പാല്‍പുഞ്ചിരിയുമായി അവരുടെ ഇടയില്‍ നില്‍ക്കുന്ന ലച്ചുവിനെ ആണ്.




ഇവിടെ വന്ന് എന്‍റെ കത്തി സഹിക്കുന്ന എല്ലാവര്‍ക്കും, പിന്നെ ലച്ചുവിനും....
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Tuesday, December 14, 2010

ഡ്രീം ടൂര്‍സ്

"ഇപ്പ ശരിയാക്കി തരാം" എന്ന് പറഞ്ഞു പറഞ്ഞു വര്ഷം ആറ് കഴിഞ്ഞു. പുള്ളികാരന്‍ നാട്ടില്‍ ഓരോ തവണ വരുമ്പോഴും എന്റെ പ്രതീക്ഷകള്‍ ആകാശം മുട്ടെ പൊങ്ങും, മറുപടി കേള്‍ക്കുമ്പോള്‍ മൂടും തല്ലി താഴെ വീഴും. വിസയുടെ കാര്യം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി "ട്രാവെല്‍സിന്റെ പേപ്പര്‍ വര്‍ക്ക്‌ അവിടെ നടക്കുകയാണ്." (ഈ പേപ്പര്‍ വര്‍ക്കി കൊണ്ട് നടക്കുന്നത് എവിടെയാണാവോ എന്തോ??). അവസാനം ഇതിനൊരു തീരുമാനം ആയത് അദ്ദേഹത്തിന്റെ ഒരേ ഒരു പുന്നാര അളിയന് വിസ അയച്ചു കൊടുത്തപ്പോള്‍ ആണ്. എനിക്ക് വാഗ്ദാനം ചെയ്ത അതെ വിസ!!. ("മോനെ, സുഖമാണോടാ നിനക്ക്? എന്റെ കുഞ്ഞ് ഒത്തിരി ക്ഷീണിച്ചു പോയല്ലോ, നല്ല വരട്ടി എടുത്ത ചിക്കന്‍ കറി ഉണ്ട്, ചോറ് വിളമ്പട്ടെ നിനക്ക്?" എന്ന് എപ്പോഴും ചിരിച്ചു കൊണ്ട് ചോദിക്കുന്ന സ്നേഹനിധിയായ കുഞ്ഞമ്മയുടെ ശക്തമായ തലയണമന്ത്രം ഇതിനു പുറകില്‍ പ്രവര്ത്തിച്ചോ എന്ന് സംശയം ഉണ്ട്. കിച്ചന് എന്നും സംശയങ്ങള്‍ ബാക്കി അല്ലേ?) അവധിക്കു നാട്ടില്‍ വന്ന പുള്ളികാരന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞ ന്യായീകരണം "എടാ അവന്‍ ഡിഗ്രി കമ്പ്ലീട്റ്റ് ചെയ്തതാ, നീ ആണെങ്ങില്‍ വെറും പത്താം ക്ലാസും!!!"......"അതെന്താടോ, ആറ് മാസത്തെ ട്രാവല്‍ & ടൂറിസം കോഴ്സിനും, കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനും ഒരു വിലയും ഇല്ലേ??" എന്ന് ഞാന്‍ ചോദിക്കാനും, പഴയ മസ്സില്മാന്റെ കൈ എന്റെ മൃദുലമായ കരണത്തില്‍ വീഴാനും ഒരു സെക്കണ്ടില്‍ അധികം സമയം എടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്‌ മാത്രം നാവിന്റെ തുമ്പത്ത് വന്ന ആ വിലയേറിയ ചോദ്യം അപ്പാടെ അങ്ങട് വിഴുങ്ങി. സത്യത്തില്‍ പഠനത്തിന്റെ വില മനസ്സിലാക്കിയ ദിവസം ആയിരിന്നു അന്ന്. എന്നൊക്കെ പറയണമെങ്ങില്‍ കിച്ചന്‍ വേറെ ജനിക്കണം. കിച്ചന് ഇപ്പോള്‍ ഒരു ജോലി ഉണ്ട്, കൂടാതെ ആ ഫീല്‍ഡില്‍ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

വീണ്ടും അതെ ട്രവേല്സില്‍ ഒരു വര്ഷം കൂടി പണി ചെയ്തു. ഗസ്റ്റ് റിലേഷന്‍സ് ഓഫീസര്‍ ആയിട്ട് വര്‍ക്ക്‌ ചെയ്ത ഏഴു വര്ഷം കൊണ്ട് ടൂറിസം ഫീല്‍ഡ്-ലെ പല തരത്തിലുള്ള പുലികളെയും പരിചയപെടാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ എന്റെ മന്ഗ്ലിഷും കുറച്ചു മെച്ചപെട്ടു. ജോലി കിട്ടി ഒരാഴ്ചക്കുള്ളില്‍ കുറച്ചു പോസ്റ്റ്‌ കാര്‍ഡും, സ്റാംബുമായി എന്റെ മുന്നില്‍ വന്നു "ഡു യു ഹാവ് ഗ്ലു?" എന്ന് ചോദിച്ച മദാമ്മയോട്‌ ഒട്ടും ഗമ കുറക്കാതെ "ഗീവ് മി ദോസ് പോസ്റ്റ്‌ കാര്‍ഡ്സ്...ഐ വില്‍ പേസ്റ്റ് യു" എന്ന് പറഞ്ഞ ഞാന്‍ ഇന്ന് കൂടുതല്‍ തെറ്റില്ലാതെ മംഗ്ലീഷ് പറയാന്‍ കാരണം ആ ഏഴു വര്‍ഷമാണ്‌. (ഹിന്ദി പോലെ തന്നെ ഇംഗ്ലീഷും എനിക്ക് ഒരു ബാലി കേറാ മലയാണ്....(മലയാളവും...)) ടൂറിസം ഫീല്‍ഡില്‍ ഉള്ള സകലമാന കള്ളമാരെയും നേരിട്ടും അല്ലാതെയും പരിചയം ആയി, എങ്കില്‍ പിന്നെ എന്തുകൊണ്ട് സ്വന്തമായി ഒരു ട്രാവെല്‍സ് ആയികൂടാ??. വീട്ടില്‍ നിന്നും അനുവാദം വാങ്ങിയാല്‍ അച്ഛന്റെയും അമ്മയുടെയും ഗവ.ജാമ്യവും ഉള്ള കുറച്ചു പുരയിടം ഈടും കൂടി കൊടുത്താല്‍ ഒരു ലോണ്‍ തരപെടുത്തി എടുക്കാം. എത്രയും പെട്ടെന്ന് തന്നെ വീട്ടില്‍ നിന്നും വീട്ടുകാരെയും കൊണ്ട് പെരുവഴിയിലേക്ക്‌ ഇറങ്ങിയേക്കാം എന്ന് മുകളില്‍ ഇരിക്കുന്ന അങ്ങേര്‍ക്കു വാക്ക് പറഞ്ഞു, നേരെ ചെന്ന് അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു. ഡോളറിന്റെയും പൌണ്ടിന്റെയും രൂപത്തില്‍ വന്നു കയറാന്‍ പോകുന്ന ലക്ഷ്മിയെ കുറിച്ച് ഞാന്‍ ഒരു അലക്ക് അങ്ങ് അലക്കി . രണ്ടുപേരും എല്ലാം ക്ഷമയോടെ കേട്ടു, എന്നെ കുറിച്ച് നല്ല വൃത്തിയും വെടിപ്പുമായി അറിയാവുന്നത് കൊണ്ട് ആയിരിക്കും "മോനെ കിച്ചാ, നീ ഞങ്ങളെ രണ്ടുപേരും കൊണ്ട് പിച്ച ചട്ടി എടുപ്പിച്ചേ അടങ്ങു അല്ലേ??" എന്ന് ചോദിക്കുന്നതിനു പകരം "സ്വന്തമായിട്ട് ഒരു ട്രാവെല്‍സ്, ഉന്നുടെ ഐഡിയ റൊമ്പ നല്ലായിരുക്ക്, ആനാല്‍ കാല്‍ എനുടേത്. മോന്‍ തല്‍കാലം കാശിനു വേറെ വല്ല വഴിയും നോക്കു" എന്നാണു തമിള്‍സെല്‍വി (എന്റെ അമ്മ) പറഞ്ഞത്. (ഒരു വലിയ തമിള്‍ തറവാട്ടില്‍ പിറന്നതിന്റെ ഓരോരോ പ്രശനങ്ങളെ!!!.)

“ഡ്രീം ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്” പേര് കിട്ടി. പക്ഷേ എത്ര ആലോചിച്ചിട്ടും കാശിനുള്ള ഒരു വഴിയും കിട്ടുന്നില്ല. ഏതു വഴി ചിന്തിച്ചാലും അവസാനം ചെന്ന് നില്‍ക്കുന്നത്, ഉള്ള പതിനാറു സെന്‍റ് ഭൂമിയുടെയും അച്ഛന്റെയും അമ്മയുടെയും ഗവ ജാമ്യത്തിലും ആണ്. എപ്പോഴും കൂടെ നടക്കുന്ന വല്ല കുരിശിനെയും കൂട്ട് പിടിക്കാം എന്ന് വിചാരിച്ചതാണ്, പക്ഷെ ട്രാവെല്‍സ് തുടങ്ങി ഒരു മാസത്തിനകം മുന്‍വശത്തെ കതകില്‍ "ട്രാവെല്‍സ് ഷിഫ്റ്റ്‌ഡ് ടു നെക്സ്റ്റ് ബാര്‍" എന്ന ബോര്‍ഡ്‌ അവന്മാര് തൂക്കിയിരിക്കും എന്ന് നല്ല വിശ്വാസം ഉള്ളതു കൊണ്ട് ഒരു കൂട്ട് ബിസിനസ്‌ വേണ്ട എന്ന് വെച്ചു. “ഡ്രീം ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്” എന്റെ വെറുമൊരു ഡ്രീംസ് ആയി മാറുമോ എന്നു ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തു. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു തുടങ്ങിയ നേരത്താണ്, അച്ഛന്റെ അനുജന്‍ പെട്ടിയും കിടക്കയും എടുത്തു നാട്ടിലേക്കു മടങ്ങിയത്.(എനിക്ക് വിസ വാഗ്ദാനം ചെയ്ത അതെ മഹാന്‍ തന്നെ) ആരൊക്കെയോ ചേര്‍ന്ന് തന്നെ ചതിച്ചെന്നും, ഇനി അങ്ങോട്ട്‌ പോയാല്‍ അവിടത്തെ പോലീസുകാര്‍ പിടിച്ചു അകത്തിടുമെന്നും അത് കൊണ്ട് ശിഷ്ട്ടകാലം നാട്ടില്‍ ഒരു ബിസിനസ്‌ തുടങ്ങാന്‍ ‍പരിപാടി ഉണ്ടെന്നും അച്ഛനോട് പറഞ്ഞതായി ഞാന്‍ അറിയുന്നത്.

മനസ്സില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളച്ചു, ട്രാവെല്‍സിന്റെ കാര്യം പുള്ളിക്കാരനോട് പറയാം, പുള്ളികാരന്റെ കൂടെ ബിസിനസ്‌ തുടങ്ങിയാല്‍ സാമ്പത്തിക ഭദ്രത(ഗുള്‍ഫ് മണി) ഉണ്ടായിരിക്കും‍. കുറച്ചു നാള്‍ കഴിഞ്ഞാല്‍ പുള്ളികാരന്‍ ഇതൊക്കെ കളഞ്ഞിട്ടു അങ്ങ് പോകും, പിന്നെ എല്ലാം എന്റെ...എന്റെ മാത്രം സ്വന്തം!!! മനസ്സ് ബ്രേക്ക് പോയ ബൈക്ക് പോലെ പാഞ്ഞു. പിന്നെ ഒട്ടും അമാന്തിച്ചില്ല, ആ തലയില്‍ വല്ലവനും വേറെ കൊണസ്റ്റ് ബുദ്ധി കുത്തി തിരുകുന്നതിനു മുന്‍പ് അങ്ങേരെ മണി അടിച്ചു കാര്യം സാധിക്കണം. ബൈക്കുമെടുത്ത്‌ പാഞ്ഞു, പക്ഷെ ആക്രാന്തം പൂണ്ട് പുള്ളികാരന്റെ മുന്നില്‍ ചെന്ന് നിന്ന് ഞാന്‍ വാ തുറക്കുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം, "എടാ മോനെ, ഞാന്‍ രണ്ടു ടു-വീലെര്‍ സ്പൈര്‍പാര്‍ട്സ് കട തുടങ്ങാന്‍ തീരുമാനിച്ചു, അതില്‍ ഒരെണ്ണം സിറ്റിക്ക് പുറത്താണ്, അത് നീ വേണം നോക്കി നടത്താന്‍. ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞു അത് നിനക്ക് തന്നെ അങ്ങ് തന്നേക്കാം. കട നിന്റെ കയ്യിലോട്ട് മുഴുവനായി കിട്ടി കഴിഞ്ഞാല്‍ അത് നീ വളര്‍ത്തി വലുതാക്കി ഒരു വ്യവസായ പ്രമുഖനായി വളരെടാ. നിനക്ക് ഇനിയും അതിനുള്ള പ്രായം ബാക്കി കിടക്കുകയല്ലേ?"

Tuesday, November 23, 2010

ഏട്ടന്റെ മോനെ, ഗുള്‍ഫ് ഗുള്‍ഫ്...

കഴിഞ്ഞ കുറച്ചു നാളുകളായി പോക്കറ്റിനു റീസെഷന്‍ ബാധിച്ചത് കാരണം വീട്ടില്‍ നിന്നും മുങ്ങി നടക്കുകയായിരിന്നു. കടകാരെ കൊണ്ടുള്ള ശല്യം അത്രയ്ക്ക് ഉണ്ടേ.. ബാങ്ക് അക്കൗണ്ട്‌ പോലും ഫ്രീസ് ആയിപോയി.(വെള്ളം വരെ ഫ്രീസ് ആകും സീറോ ഡിഗ്രിയില്‍ പിന്നെ ആണോ ഒരു ബാങ്ക് അക്കൗണ്ട്‌!!!). അതിന്റെ ടെന്‍ഷന്‍ കാരണം കത്തിയുടെ(ബ്ലോഗിന്‍റെ) ബാക്കി എഴുതാനും കഴിഞ്ഞില്ല. ബ്ലോഗ്‌ പൂട്ടി താക്കോല്‍ വല്ല കടലിലോ കായലിലോ എറിയാം എന്ന് കരുതിയതാണ് പക്ഷെ കത്തി വെക്കാനുള്ള എന്‍റെ അപാരമായ കഴിവ് വെറുതെ പാഴാക്കി കളയണ്ട എന്ന് കരുതി മാത്രം ബാക്കി കൂടി എഴുതുന്നു.

കഥ തുടരുന്നു...
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ വീണത് പോലെ എന്‍റെ രണ്ടാമത്തെ പ്രണയവും മൂക്കുകുത്തി വീണു അതോടുകൂടി കമ്പ്ലീറ്റ്‌ തരികിടകള്‍ക്കും ബൈ ബൈ പറഞ്ഞു. വീട്ടില്‍ നിന്നും പുറത്തേക്കു ഇറങ്ങാതെ ഏതാണ്ട് ഒരു വര്ഷം, വീട്ടില്‍ വരുത്തുന്ന ദിനപത്രം തൂക്കി വിറ്റും, അമ്മ മസാല പെട്ടിയില്‍ ഒളിപ്പിച്ചു വെക്കുന്ന ചില്ലറ പൊക്കിയും സസുഖം വാഴുന്ന കാലത്താണ്, അച്ഛന്റെ സൌദിയില്‍ ജോലിയുള്ള അനുജന്‍ വീട്ടില്‍ വന്നത്, ഞാന്‍ പത്താം ക്ലാസ്സ്‌ സര്‍ട്ടിഫിക്കറ്റ്-ഉം വെച്ച് ഗുസ്തിക്ക് പഠിക്കുന്നത് കണ്ട്, സ്നേഹം കൊണ്ടോ അതോ സഹതാപം കൊണ്ടോ അതോ അച്ഛനോടുള്ള കടപ്പാട്(ആദ്യമായിട്ടു സൌദിക്ക് പോകാനുള്ള വിസയ്ക്ക് കാഷ് ലോണ്‍ എടുത്തു കൊടുത്തത്) കൊണ്ടോ എന്താണെന്ന് അറിയില്ല, എന്നെ എത്രയും പെട്ടെന്ന് തന്നെ ഒരു ഗുല്‍ഫ്കാരന്‍ ആക്കാം എന്ന് പറഞ്ഞത്. താന്‍ തിരിച്ചു ചെന്നാല്‍ ഉടന്‍ തന്നെ ഒരു ട്രാവെല്‍സ് തുടങ്ങുമെന്നും, അതിന്റെ പൂര്‍ണ്ണ ചുമതല ഇവനെ എല്പിക്കാം എന്നും അച്ഛനോട് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഗോരി തരിച്ചു പോയി. കുറച്ചു നാള്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന് എനിക്കും തോന്നി. പക്ഷെ അതിനു ആദ്യം ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്സ് പഠിക്കണം. എന്റെ നല്ല കാലത്തിന് അന്ന് പത്താം ക്ലാസ്സ്‌ മതി കോഴ്സ് പഠിക്കാന്‍. ആറ് മാസം കഴിഞ്ഞു മകന്‍ ഒരു ഗുള്‍ഫ്കാരന്‍ ആകും എന്ന പ്രതീഷയോടെ അടുത്ത ദിവസം തന്നെ അച്ഛനും അമ്മയും കൂടി ആ കോഴ്സ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിട്ട്യുട്ട് കണ്ടുപിടിച്ചു അഡ്മിഷന്‍ ഫോമും വാങ്ങി വന്നു.

അച്ഛന്റെയും അമ്മയുടെയും പ്രതീഷകള്‍ ഞാന്‍ ആയിട്ട് വീണ്ടും തകര്‍ക്കണ്ട എന്ന് കരുതി പുതിയ ബാച്ചില്‍ ചേര്‍ന്ന് പഠനം തുടങ്ങി. വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ആറ് മാസത്തെ കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്തു. സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന്റെ അന്ന് തന്നെ ഞാന്‍ അച്ഛന്റെ അനുജനെ ഫോണ്‍ ചെയ്തു വിവരം ധരിപിച്ചു. തല്‍കാലം നാട്ടിലെ ഏതെങ്കിലും ഒരു ട്രാവെല്‍സ്സില്‍ എക്സ്പീരിയന്‍സ് കിട്ടാന്‍ വേണ്ടി മാത്രം ജോലിക്ക് കയറാന്‍ പറഞ്ഞു...ഗോസ്സ് കഴിഞ്ഞാല്‍ ഉടന്‍ എന്നെ ഒരു ഗുള്‍ഫ്കാരന്‍ ആക്കി തരാം എന്ന് പറഞ്ഞത് മുതല്‍, സൗദിയില്‍ ചെന്ന് ഇറങ്ങുന്നതും, പുതിയ എം ഡിയെ വരവേല്‍ക്കാന്‍ ട്രവേല്സിലെ സ്റ്റാഫ്‌ മൊത്തം എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നതും അവര്‍ "സര്‍, ഗ്ലാട്ടു മീറ്റ്‌ യു, വെല്‍ക്കം ടു സൗദി" എന്ന് പറയുന്നതും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ പറയുന്നു നാട്ടില്‍ ജോലി കണ്ടുപിടിക്കാന്‍. അങ്ങേര്‍ക്കു അവിടെ ഇരുന്നു അത് പറയാം, ഒരു ഇന്റര്‍നാഷണല്‍ ട്രാവെല്‍സിന്റെ എം ഡി ആയിട്ട് ജോലി ചെയ്യേണ്ട ഞാന്‍ വെറും ലോക്കല്‍ ട്രവെല്സില്‍!!!!! രണ്ടു ദിവസത്തിനകം അച്ഛന്റെ പരിചയത്തില്‍ ഉള്ള ഒരു ട്രവെല്സില്‍ ജോലി തരപെടുത്തി തന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടില്‍ ആയിരിന്നു ഈ പറഞ്ഞ ട്രാവെല്‍സ്. വീട്ടില്‍ നിന്നും ഒരു പത്തു ഇരുപതു കിലോമീറ്റര്‍ അകലെ ആണ്, ..വീട്ടില്‍ കുറച്ചു ബഹളം വെച്ചപ്പോള്‍ അച്ഛന്റെ മറ്റൊരു അനുജന്റെ(ദുഫയികാരന്റെ) ബൈക്ക്(ഹോണ്ട സീഡി100) ഉപയോഗിക്കാനുള്ള അനുവാദം വാങ്ങി തന്നു(അച്ഛന്‍ മറ്റൊരു ബൈക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടാകണം).

"ഗസ്റ്റ് റിലേഷന്‍സ് ഓഫീസര്‍" ശമ്പളം കുറവാനെങ്ങിലും, ജോലി ഇഷ്ട്ടപെട്ടു. കൂടുതല്‍ നേരവും ഓഫീസില്‍ തന്നെ ഇരുന്നുള്ള പണി ആണ്. വിദേശികള്‍ വിമാനത്തില്‍ വന്നു ഇറങ്ങുന്നത് മുതല്‍ തിരിച്ചു വിമാനത്തില്‍ കയറുന്നത് വരെ അവരുടെ യാത്ര, താമസം, ആന സവാരി, ഹൗസ് ബോട്ട് യാത്ര, എന്ന് വേണ്ട എല്ലാ കിടുപിടി പരിപാടികളും(സോറി, നിങ്ങള്‍ ചിന്തിച്ചത് ഇതില്‍ പെടില്ല..) പ്ലാന്‍ ചെയ്യണം. പ്ലാനിങ്ങിന്റെ കാര്യത്തില്‍ പണ്ടേ നുമ്മ പുലി അല്ലേ. അവര്‍ക്ക് നമ്മുടെ അറേഞ്ച്മെന്റ്സ് ഇഷ്ട്ടപെട്ടാല്‍ തിരിച്ചു പോകുന്നതിനു മുന്‍പ് ടിപ്സ് എന്ന പേരില്‍ ഡോളര്‍ ആയിട്ടോ, പൗണ്ട് ആയിട്ടോ കയ്യില്‍ വെച്ച് തരും. കയ്യില്‍ ക്യാഷ് വന്നപ്പോള്‍ ഫ്രണ്ട്സ്ന്റെ(കുരിശുകളുടെ) എണ്ണവും കൂടി. എന്തിനതികം പറയുന്നു, ജോലി സ്ഥലത്ത് നിന്നും അത്യാവശ്യമാണെന്ന് പറഞ്ഞു ഒരു ബാറിലേക്ക് വിളിച്ചു വരുത്തി ബില്ല് കൊടുപ്പിച്ച വിരുതന്മാര്‍ വരെ ഉണ്ട് ആ കൂട്ടത്തില്‍. ആറ് മാസത്തെ ട്രെയിനിംഗ് ആണ് പറഞ്ഞിരുന്നത്..അച്ഛന്റെ അനുജന്‍ പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആള്‍ ആയതുകൊണ്ട് ആറ് മാസം ആറ് വര്ഷം ആയി മാറിയത് ഞാന്‍ അറിഞ്ഞതേ ഇല്ല...പക്ഷെ അച്ഛന്റെ അനുജന്‍ അന്ന് തന്ന വാഗ്ദാനത്തിനു എന്റെ ആദ്യ പ്രണയത്തിന്റെ ഒറിജിനല്‍ ക്ലൈമാക്സ്‌സുമായി ബന്ധമുണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.

PS: സിഗരറ്റും മദ്യവും അല്ലാതെ മറ്റൊരു ലഹരി വസ്തുവും ഞാന്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല, അമ്മച്ചിയാണേ പേടിച്ചിട്ടല്ല കേട്ടാ. ചിലരുടെ തെറ്റ്ധാരണ മാറ്റുവാന്‍ വേണ്ടിയാണ് ഈ കാര്യം എടുത്തു പറഞ്ഞത്.
PS: ഞാന്‍ വീട്ടില്‍ നിന്നും "മോഷ്ട്ടിച്ചു" എന്ന് ചിന്തിക്കുന്നവരോട്, അന്യന്റെ മുതല്‍ എടുത്താല്‍ മാത്രമേ മോഷണം എന്ന് പറയാന്‍ പറ്റു, സ്വന്തം വീട്ടില്‍ നിന്നും അച്ഛനും അമ്മയും അറിയാതെ എടുക്കുന്നത് നമ്മള്‍ ഇസ്കി, പൊക്കി, കമഴ്ത്തി എന്നൊക്കെ പറയും പക്ഷെ ഒരിക്കലും മോഷണം എന്ന് പറയില്ല. (അനുജന്റെ റൂമില്‍ നിന്നും എന്ത് എടുത്താലും അത് നമ്മള്‍ ചേട്ടന്മാരുടെ അവകാശമാണ്)

Sunday, September 5, 2010

'ബ്ലാക്ക്‌ ഔട്ട്!!!!‌'

തല്‍കാലം തുടര്‍ക്കഥ അവിടെ നില്‍ക്കട്ടെ, നമ്മള്‍ക്ക് കുറച്ചു വര്‍ഷങ്ങള്‍ മുന്നോട്ടു പോകാം...ഈ പോസ്റ്റ്‌ നല്ലവരായ ചെറുതും വലുതുമായ മദ്യപാന്മാര്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. ബ്ലാക്ക്‌ ഔട്ട്നെ കുറിച്ച് ഞാന്‍ ജൂണ്‍ മാസത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരിന്നു, രണ്ടു മാസത്തിനകം വീണ്ടും എന്റെ ബ്ലാക്ക്‌ ഔട്ട്നെ കുറിച്ച് മാത്രം ഒരു പോസ്റ്റ്‌ എഴുതേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നേപി (അങ്ങനെ എന്തോ) പോലും കരുതിയില്ല...

വര്ഷം 2010 ഓഗസ്റ്റ്‌ 28 ശനിയാഴ്ച....രാവിലെ എട്ടു മണിയോട് അടുപ്പിച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായയും കുടിച്ചു, ഈ വീക്ക്‌ ഏന്‍ഡ് ആരെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കും എന്ന് തലപുകഞ്ഞു ആലോചിക്കുമ്പോള്‍ ആണ് മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. രാവിലെ ആരാണാവോ ഈ പുണ്യത്മാവിനെ കുറിച്ച് ഓര്‍ത്തത്‌ എന്ന് ചിന്തിച്ചു കൊണ്ട് ഫോണ്‍ എടുത്തു..അങ്ങേതലക്കല്‍ നിന്നും മഴ വരുമ്പോള്‍ മാക്രി വിളിക്കും പോലുള്ള ശബ്ദം....
രവി: എന്താടാ ഇതുവരെ കണ്ണ് തുറന്നില്ലേ??
ഞാന്‍: നിനക്കൊന്നും ഒരു പണിയും ഇല്ലേ?? രാവിലെ തന്നെ മനുഷ്യനെ ശല്യപെടുത്താന്‍....
രവി: എടാ നീ ഒരു പൊടിക്ക് അടങ്ങ്‌...ഇന്നത്തെ സ്പോന്‍സര്‍ വന്നു ചാടിയിട്ടുണ്ട്‌..
ഞാന്‍: ആര്??
രവി: നമ്മുടെ മോനിച്ചന്‍..ഇന്നത്തെ സ്പോന്‍സര്‍ അവനാണ്...
ഞാന്‍: ഓ.അവന്റെ കാര്യം ഞാന്‍ മറന്നു..നീ ഒരു പത്തു മണി ആകുമ്പോള്‍ അവനെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോ, അപ്പോഴേക്കും ഞാന്‍ റെഡി ആയി നില്‍ക്കാം...

സെക്കന്റ്‌ ഹാന്‍ഡ്‌ വാങ്ങിയ പഴയ യെസ്ഡിയില്‍ റോഡിന്‍റെ ഓരം പറ്റി പോകുമ്പോള്‍, പുറകില്‍ വന്നു നല്ല ഇമ്പമാര്‍ന്ന ഹോണ്‍ മുഴക്കി, ഒരു ചെറിയ അസൂയക്കുള്ള വകയും നല്‍കി, രാജകലയില്‍ നിരത്ത് നിറഞ്ഞു പറന്നു പോകുന്ന 'ഹോണ്ട സിവിക്'...അതാണ്‌ മോനിച്ചന്‍ വാങ്ങിയ പുതിയ കാര്‍...അത് വാങ്ങിയതിന്റെ പാര്‍ട്ടി ആണ്. ഇവിടെ മനുഷ്യന്‍ കഞ്ഞി കുടിക്കാനുള്ള വക ഒപ്പിക്കാന്‍ പാടുപെടുമ്പോള്‍ ആണ്...ഹാ..ഓരോത്തമാരുടെ ഓരോരോ യോഗങ്ങളെ....(നല്ല കാലത്ത് അവന്റെ അച്ഛന്‍ കുടിയന്മാരെ മാത്രം സേവിക്കാന്‍ അബ്കാരി ആയപ്പോള്‍ ജനങ്ങളെ മൊത്തത്തില്‍ സേവിക്കാന്‍ എന്റെ അച്ഛന്‍ സര്‍ക്കാര്‍ ജോലികാരന്‍ ആയി...ഇപ്പം അവന്‍ കാറിലും ഞാന്‍ ബൈക്കിലും..അത്രയേ ഉള്ളു വ്യത്യാസം) എന്തായാലും ഇന്ന് അവന്റെ ക്യാഷില്‍ നാലെണ്ണം കൂടുതല്‍ അകത്താക്കണം. അത് കഴിഞ്ഞു വേണം ഹോണ്ട സിവികില്‍ നഗരം മൊത്തത്തില്‍ ഒന്ന് കറങ്ങി കാണാന്‍.

ഏതാണ്ട് ഒരു പത്തു മണിക്ക് വീടിന്റെ മുന്നില്‍ ഒരു ഹോണ്‍ കേട്ടു. ഊഹം തെറ്റിയില്ല, മോനിച്ചനും രവിയും തന്നെ. കാലില്‍ ചെരുപ്പും കുത്തി തിരുകി നേരെ ചെന്ന് പുറകിലെ ഡോര്‍ തുറന്നു അകത്തു കയറി ഇരുന്നു. വീട്ടില്‍ നിന്നും കുറച്ചു അകലെ ഉള്ള ബാറിലേക്ക് ആണ് ഞങ്ങള്‍ പോയത്. ആ ബാര്‍ മതി എന്ന് പറഞ്ഞതും ഞാന്‍ തന്നെ ആണ് (അതുവരെ എസീയില്‍ ഇരിക്കാമല്ലോ...) യാത്രക്കിടയില്‍ പുതിയ കാറ് വാങ്ങുന്നതിന് മുന്‍പ് കാറുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളും, പരീക്ഷണങ്ങളും പറഞ്ഞു അവന്‍ ഞങ്ങളുടെ ക്ഷമയെ നല്ലവണ്ണം പരീഷിച്ചു...അന്നത്തെ സ്പോന്‍സര്‍ ആയതു കൊണ്ട് മാത്രം ഞങ്ങളും ക്ഷമിച്ചു...

ബാറില്‍ എത്തുമ്പോള്‍, കരിമൂര്‍ക്കന്‍, ശംഖുവരയന്‍, എട്ടടിവീരന്‍ എന്നീ കൂടിയ ഇനങ്ങള്‍ തങ്ങളുടെ അതിരാവിലത്തെ വിറയല്‍ മാറ്റാന്‍ മത്സരിക്കുണ്ടായിരിന്നു‍. നമ്മള്‍ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചു. മോനിച്ചന്‍ മൊത്തത്തില്‍ സ്പോന്‍സര്‍ ചെയുന്നതിനാലും, അവന്റെ പോക്കറ്റിന്റെ വലിപ്പം അറിയാവുന്നത് കൊണ്ടും...വില കൂടിയ വിസ്കിയില്‍ തന്നെ കയറി പിടിച്ചു. ഒരു ഫുള്‍ മൂന്നുപേര്‍...ഇതിനിടയില്‍ രവി ഫുഡ്‌ പറയുന്നത് കേട്ടു....സാധനം തീര്‍ന്നത് നമ്മള്‍ അറിഞ്ഞില്ല. നമ്മുടെ വിഷമം മനസ്സിലാക്കിയ മോനിച്ചന്‍ അത് മാറ്റാന്‍ ആറ് കുപ്പി ബിയര്‍ കൂടി പറഞ്ഞു...അത് കൂടി കഴിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു ആ അത്ഭുത പ്രതിഭാസം നടന്നത്...."ബ്ലാക്ക്‌ ഔട്ട്!!!!‌"

ഞാന്‍ നല്ല ഉറക്കത്തിലാണ്, കൈ കുഴകള്‍ക്ക് നല്ല വേദന, ആരോ മുറുകെ പിടിച്ചിരിക്കും പോലെ, എത്ര ശ്രമിച്ചിട്ടും ആ പിടിത്തം വിടുവിക്കാന്‍ കഴിയുന്നില്ല. സ്വപ്നത്തിനു ഇത്ര ഒര്‍ജിനാലിറ്റിയോ?? ആരൊക്കെയോ എന്തൊക്കെയോ പറയുന്നു പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. കണ്ണ് തുറന്നാല്‍ സ്വപ്നത്തില്‍ നിന്നും ഉണരും, സ്വപ്നത്തിന്റെ ബാക്കി കൂടി കണ്ടിട്ട് കണ്ണ് തുറക്കാം...പെട്ടെന്ന് കൈകളിലെ പിടിത്തം അയഞ്ഞതു പോലെ. ചുറ്റും ഇരുട്ട്...സ്വപ്നം ഇത്ര പെട്ടെന്നു കഴിഞ്ഞോ?..ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു, രണ്ടു കൈകളും കൊണ്ട് കണ്ണ് തിരുമി തുറന്നു നോക്കുമ്പോള്‍ തൊട്ടു മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ മോനിച്ചന്‍!!!

അടിവയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി, ആകെ ഒരു പരവേശം, എന്താ പറ്റിയത്?.."മോനിച്ചാ, നമ്മള്‍ എവിടെയാ?? രവി എവിടെ??" എന്റെ ചോദ്യത്തിന് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരിന്നു മറുപടി...ഒരിക്കല്‍ കൂടി ചോദിക്കാനുള്ള ധൈര്യം അമ്മച്ചിയാണേ ഇല്ലായിരിന്നു...എവിടെയോ ഒരു സ്പെല്ലിംഗ് മിസ്സ്‌ടേക്ക്, പക്ഷെ എത്ര ആലോചിച്ചിട്ടും ഒരു ഓര്‍മയും വരുന്നില്ല....നമ്മള്‍ മൂവരും ബാറില്‍ ആയിരിന്നു, അത് കഴിഞ്ഞു എന്താ സംഭവിച്ചത്??? നമ്മള്‍ എങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തി?? നമ്മള്‍ എന്ത് തെറ്റാണ് ചെയ്തത്?? ഉത്തരങ്ങള്‍ അറിയാവുന്ന മോനിച്ചന്‍ അവസരം കിട്ടിയാല്‍ എന്നെ തട്ടും എന്ന മട്ടും...രവിയെ കാണാനുമില്ല...വീണ്ടും ഡോര്‍ തുറക്കുന്ന ശബ്ദം..."എടോ താന്‍ ഒന്ന് പുറത്തേക്കു വന്നേ" ഒരു പോലീസുകാരന്‍ പറഞ്ഞു...ആരാ? എന്താ? എന്തിനാ? എന്നൊക്കെ ചോദിക്കണം എന്ന് മനസ്സില്‍ തോന്നിയെങ്ങിലും നാവു പൊങ്ങുന്നില്ല...മൊബൈല്‍ ഫോണും, ക്യാഷ് സൂഷിക്കുന്ന സാധനം(ആ വാക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല), വീടിന്റെ താക്കോല്‍ ഇവയെല്ലാം ആ പോലീസുകാരന്‍ തന്നു, പക്ഷെ കാലില്‍ കിടന്ന ചെരുപ്പ് മാത്രം തന്നില്ല, ചുറ്റും നോക്കി എവിടെയും ഇല്ല...."വേഗം സ്ഥലം വിട്ടോണം..ഇനി മേലാല്‍ ഇതുപോലെ ഒന്നും കാണരുത് കേട്ടോ?" ഇതും പറഞ്ഞു ആ പോലീസുകാരന്‍ എന്നെ പതുക്കെ സ്റ്റേഷന്‍നു പുറത്തേക്കു കൊണ്ടുപോയി, മോനിച്ചന്റെ ചേട്ടനും കൂട്ടുകാരും പുറത്തു നില്പുണ്ടായിരിന്നു...ആരോടും ഒന്നും പറയാനോ ചോദിക്കാനോ നില്‍ക്കാതെ പോലീസ് സ്റ്റേഷന്‍ന്റെ കോമ്പോണ്ടിനു പുറത്തു കടന്നു, ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്ക്...

രാവിലെ ഉറക്കം ഉണര്‍ന്നതും രവിയെ വിളിച്ചു...അവന്‍ എന്റെ ബ്ലാങ്ക്സ് ഫില്‍ ചെയ്തു....അതായത് എന്റെ ബ്ലാക്ക്‌ ഔട്ട്‌നു ശേഷം ഉണ്ടായ കാര്യങ്ങള്‍ ചുരുക്കത്തില്‍...
ബാറില്‍ നിന്നും നല്ല കണ്ടീഷനില്‍ ആയ നമ്മള്‍ നേരെ പോയത് അടുത്ത ബാറിലേക്ക്..അവിടെന്നു വാങ്ങിയ ബ്രാണ്ടി രണ്ടു മൂന്ന് ലാര്‍ജ് വെള്ളം ഒഴിക്കാനുള്ള എന്റെ മടി കാരണം വെള്ളമില്ലാതെ എടുത്തു അങ്ങ് കമഴ്ത്തി...അത് കണ്ടു ഞെട്ടിയ രണ്ടുപേരും കൂടി എന്നെ പൊക്കി എടുത്തു കാറിനുള്ളില്‍ ഇട്ടു. അവിടെന്നു മോനിച്ചന്‍ കാര്‍ പുറത്തേക്കു എടുത്തതും മറ്റൊരു കാറില്‍ തട്ടിയതും ഒരുമിചായിരിന്നു...ആ കാറിലെ യാത്രക്കാര്‍ കലിപ്പിനായി ഇറങ്ങി. പക്ഷെ കിച്ചന്‍ ഫോമില്‍ ആയിരിക്കുമ്പോ മറ്റേ കാറുകാര്‍ക്ക് മിണ്ടാന്‍ അവസരം കൊടുക്കുമോ? നുമ്മ പുറത്തേക്കിറങ്ങി ലവന്മാരുടെ നെഞ്ചത്ത് ഒരു അഗ്നി കാവടി അങ്ങ് നടത്തി, അല്ല പിന്നെ. പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ ഇല്ലാത്ത അവന്മാര്‍ പോലീസിനെ വിളിച്ചു കളഞ്ഞു. പോലീസ് വണ്ടി വന്നതും രവി ഓടി, കൂടെ ഓടാനുള്ള പരിശ്രമത്തില്‍ എന്റെ ചെരുപ്പ് തെറിച്ചു പോയി..അതെടുക്കുവാന്‍ തിരിഞ്ഞ എന്നെ പോലീസുകാര്‍ പൊക്കിയെടുത്തു ജീപിന്റെ പുറകിലേക്ക് ഇട്ടു, കൂടെ മോനിച്ചനെയും..ഏതാണ്ട് ഒരു മണിയോടെ പോലീസ് പിടിയിലായ എന്റെ 'ബ്ലാക്ക്‌ ഔട്ട്‌' മാറുന്ന സമയം ഏതാണ്ട് രാത്രി ഒന്‍പതു മണിക്ക്...മോനിച്ചന്റെ കാറിന്റെ വലിപ്പം കണ്ടിട്ടാവും പോലീസ് രണ്ടുപേരെയും കൈ വെച്ചില്ല (ഇനി അഥവാ അവര്‍ കൈ വെച്ചിട്ടുന്ടെങ്ങില്‍ തന്നെ അത് എന്നെ അല്ല, ആ "ബ്ലാക്ക്‌ ഔട്ട്‌ കിച്ചനെ" ആയിരിക്കും)...എന്റെ നോണ്‍ സ്റ്റോപ്പ്‌ സംസാരം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാവും ആദ്യം ഇറക്കി വിട്ടത്...അത് കഴിഞ്ഞു രണ്ടായിരം രൂപ പെറ്റിയും അടപ്പിച്ചു ഒരു മണികൂര്‍ കൂടി കഴിഞ്ഞാണ് മോനിച്ചനെ വിട്ടത്...(രാവിലെ മോനിച്ചന്‍ രവിയെ വിളിച്ചു പറഞ്ഞത് ഇവിടെ ഞാന്‍ പറയൂലാ...ഭാഗ്യം, അവന്‍ എന്നെ ഇതുവരെ വിളിച്ചില്ല..)

സത്യമായിട്ടും ഞാന്‍ മദ്യപാനം നിര്‍ത്തി, ഓര്‍ക്കുട്ട് പ്രൊഫൈലില്‍ 'ദ്രിങ്കിംഗ് - നോ' എന്ന് അപ്ഡേറ്റ് ചെയ്തു...ഇനിയുള്ള കാലമെങ്ങിലും ഒരു നല്ല 'പച്ചയായ" മനുഷ്യനായിട്ട്‌ ജീവിക്കണം എന്നാണു ആഗ്രഹം...സാധിക്കുമായിരിക്കും അല്ലേ??