Monday, January 24, 2011

നിമിത്തങ്ങള്‍-2

ഒരു ചെറിയ ഫ്ലാഷ് ബാക്ക്:
കിച്ചന് കിട്ടിയ ബെര്‍ത്ത് ഡേ തല്ലിന്റെ കാര്യം എല്ലാവര്ക്കും ഓര്മ കാണുമല്ലോ അല്ലേ. അത് നല്ല അന്തസായിട്ട് വാങ്ങിയതിന് ശേഷം, മൂന്നോ നാലോ തവണ ലച്ചുവിനെ കാണുവാനും സംസാരിക്കുവാനും ശ്രമിച്ചിരുന്നു. കിച്ചന്റെ മനസ്സിലെ 916 പോലത്തെ പരിശുദ്ധമായ പ്രണയത്തെ കുറിച്ച് വര്‍ണ്ണിക്കാനും, ആ പാല്‍പുഞ്ചിരി വീണ്ടും നേടി എടുക്കാനും വേണ്ടി ആയിരിന്നു ഓരോ ശ്രമവും, പക്ഷേ മുന്നില്‍ ചെന്നു നില്‍കുമ്പോള്‍, ലാലേട്ടന്‍ സിനിമയില്‍ വില്ലന്‍മാരോടു പറയുന്നതു പോലെ കത്തിക്കും, പുകയ്ക്കും, കാച്ചും എന്നൊക്കെ പറഞ്ഞു ലച്ചു കിച്ചനെ വിരട്ടി, (ഇതിനിടയില്‍ ചെരുപ്പ് ഊരിയോ എന്നു സത്യമായിട്ടും ഓര്‍മയില്ല.) വിരട്ടിയത് കിച്ചന്‍ സ്നേഹിക്കുന്ന പെണ്ണ് ആയതു കൊണ്ടും, “ഓപ്പറേഷന്‍ കീച്ച്” എന്നൊക്കെ പറഞ്ഞു ലച്ചുവിന്റെ അച്ഛന്‍ വല്ല യമണ്ടന്‍ കൊട്ടേഷന്‍കാരെയും വിട്ടാലോ എന്നും കരുതി കിച്ചനങ്ങു ക്ഷമിച്ചു. പിന്നെ പലപ്പോഴും വഴിയില്‍ വെച്ചു ലച്ചുവിനെ കണ്ടാല്‍ കഴിവതും ഒഴിഞ്ഞു മാറി നടക്കാന്‍ ആയിരിന്നു ശ്രമം. ആ പാല്‍പുഞ്ചിരി ഇല്ലാത്ത മുഖം കാണുവാനുള്ള 'ത്രാണി' എന്നു പറയുന്ന ആ സാധനം ഈ കിച്ചന് ഇല്ലായിരിന്നു. (അല്ലെങ്കില്‍ തന്നെ പ്രാണഭയം ഇല്ലാത്ത മനുഷ്യരുണ്ടോ?) എന്തായാലും അതൊക്കെ പഴയ കഥ.

ഇനി ബാക്ക് ടൂ ദ ഫ്യൂച്ചര്‍:
വര്‍ഷങ്ങള്‍ കഴിഞ്ഞു, അവിചാരിതമായി കിട്ടിയ ആ ഫോട്ടോ കണ്ടപ്പോള്‍, ഏറെ ശ്രമിച്ചിട്ടും മറക്കുവാന്‍ കഴിയാതെ പോയ ആ (ബെര്‍ത്ത് ഡേ തല്ലിന്റെ) നോവുന്ന ഓര്മകള്‍ മനസ്സിലേക്ക് വീണ്ടും വന്നു. അടുത്ത രണ്ടു ദിവസം ഈ പിഞ്ചു മനസ്സ് ആ പഴയ ഓര്‍മകളുടെ പുറകെ ആയിരുന്നു. വീണ്ടും ഒരു തല്ല് കൂടി ഏറ്റുവാങ്ങാനുള്ള ധൈര്യം മനസ്സിന് ഉണ്ടായിരുന്നു പക്ഷെ ശരീരം സമ്മതിക്കണ്ടേ. ആ കാലത്ത് ആറടിക്ക് മേല്‍ പൊക്കം മാത്രം പോരാ കുറച്ച് തടി കൂടി വേണം എന്നാ ശരീരത്തിന്റെ ആവശ്യം. (ഇന്ന് ഈ തടിക്ക് ഈ പൊക്കം പോരെന്നും). എന്തായാലും ആ പുസ്തകതാളില്‍ കണ്ട ഫോട്ടോയെ കുറിച്ച് ഓര്‍ത്തു രണ്ടു ദിവസം പോയി കിട്ടി. അത് കഴിഞ്ഞുള്ള ഒരു ഞാറാഴ്ച ദിവസം, വൈകിട്ട് വീട്ടില്‍ ടീ വീ കാണുന്ന സമയത്ത് ഒരു തൊഴിലധിഷ്ഠിത കലാലയത്തിന്റെ വാര്‍ഷികാഘോഷം നടന്നതിന്റെ ഒരു റിപ്പോര്‍ട്ട്‌, കുറച്ച് പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പ്‌ ഡാന്‍സ് ആണ് കാണിക്കുന്നത്. ആ പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ ലച്ചുവിന്റെ മുഖച്ഛായ ഉള്ള ഒരു കുട്ടി. ലച്ചുവിനെ കുറിച്ച് ആലോചിച്ചു ഇരുന്നത് കൊണ്ട് തോന്നിയതായിരിക്കും എന്നാണു ആദ്യം കരുതിയത്‌. ഡൌട്ട് തീര്‍ക്കുവാന്‍ കണ്ണുകള്‍ തിരുമി വീണ്ടും നോക്കി, അതെ, അത് ലച്ചു തന്നെ. മൂന്ന് ദിവസം മുന്‍പ് ഒരു ഫോട്ടോ, ദാ ഇപ്പൊ വീഡിയോയും, ഇതെല്ലാം വരാന്‍ പോകുന്ന എന്തിനെയോ കുറിക്കുന്ന ഓരോരോ നിമിത്തങ്ങള്‍ അല്ലേ? കിച്ചനു ആകെ സംശയമായി.

ആ സംശയത്തില്‍ നിന്നും ആയിരുന്നു "ക്വിന്‍റെസ്സെന്‍സ്" എന്ന സ്ഥാപനത്തിന്റെ തുടക്കം. കിച്ചന്റെ കുരുട്ടുബുദ്ധിയില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തെളിഞ്ഞു വരാന്‍ തുടങ്ങി. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാരോടൊപ്പം ഒരു ഇന്റര്‍കോളേജ് ഫെസ്റ്റ് കാണുവാന്‍ പോയിരുന്നു. അവസാനമായി ലച്ചുവിനെ (ഒരുപാട് ദൂരെ വെച്ച്) കണ്ടതും അവിടെ വെച്ചായിരുന്നു. ലച്ചു ആയിരുന്നു അന്ന് അവിടെ അനൌണ്‍സ് ചെയ്തതും മറ്റും. അതുപോലെ ഒരു ഇന്റര്‍കോളേജ് ഫെസ്റ്റ് തട്ടികൂട്ടിയാല്‍ ലച്ചുവിനെ അതിന്റെ ആങ്കര്‍ റോളില്‍ നില്‍കാന്‍ ക്ഷണിക്കാം. ഇടയ്ക്കു എപ്പോഴെങ്കിലും കിട്ടുന്ന അവസരത്തില്‍, കിച്ചന്റെ 916 പോലത്തെ പരിശുദ്ധമായ പ്രണയത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യാം. ചുളുവിന് കുറച്ചു കാശും ഉണ്ടാക്കാം, പക്ഷെ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമല്ല ഒരു ഇന്റര്‍കോളേജ് ഫെസ്റ്റ്. കൂടെ നില്‍കുമെന്ന് ഉറച്ച വിശ്വാസമുള്ള പത്തു പതിനഞ്ചു പേരുടെ ലിസ്റ്റ് മനസ്സില്‍ തയാറാക്കി. അടുത്ത രണ്ടു ദിവസം കൊണ്ട് എല്ലാപേരെയും വിളിച്ച് പ്ലാന്‍ പറഞ്ഞു. (പക്ഷെ ഈ പ്ലാനിന്റെ പുറകിലുള്ള യഥാര്‍ത്ഥ പ്ലാന്‍ പറഞ്ഞില്ല.) എന്തിനും ഏതിനും എന്റെ കൂടെ തന്നെ കാണുമെന്ന് അവര്‍ ഉറപ്പ് തന്നു.

പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു. കൂടപ്പിറപ്പിനെ പോലെ കൊണ്ട് നടന്ന യെസ്ഡി ബൈക്ക് വിറ്റ കാശും, പിന്നെ കൊള്ള പലിശക്കു മീറ്റര്‍ രവിയുടെ കയ്യില്‍ നിന്നും വാങ്ങിയ കാശും ചേര്‍ത്ത് "ക്വിന്‍റെസ്സെന്‍സ്" "ദ ഇവന്‍റ് മേകേര്സ്" എന്ന സ്ഥാപനം റജിസ്റ്റര്‍ ചെയ്യാന്‍ കൂടെ ഉള്ളവരുടെ കയ്യില്‍ കൊടുത്തു. (കടയില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു.) എന്റെ കമ്പനി നടത്തുന്ന ഇവന്‍റ്, ആങ്കര്‍ എന്റെ ലച്ചു, ഞാന്‍ വീ ഐ പി സീറ്റില്‍ കമ്പനി ഉടമയുടെ എല്ലാ പ്രൌഡിലും എന്റെ ലച്ചുവിനെ നോക്കി ഇരിക്കുന്നു...കിനാവുകളുടെ ലോകത്ത് മനസ്സ് നൂല് പൊട്ടിയ പട്ടമായി പാറി നടന്നു.