Sunday, June 27, 2010

താളപ്പിഴകള്‍..

പ്രിയപ്പെട്ട കിച്ചന്,
ഇന്നലെ നീ അമ്പലത്തില്‍ ഒരുപാട് നേരം എന്നെ കാത്തു നിന്ന് കാണുമെന്നു എനിക്കറിയാം. അമ്പലത്തിലേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആണ് കിച്ചന്റെ അമ്മ വീട്ടില്‍ വന്നത്. ആന്റിയെ കണ്ടപ്പോള്‍ തന്നെ എന്‍റെ അമ്മയുടെയും ചേട്ടന്റെയും ഭാവം മാറി. ഒരു വിധം അവരെ പറഞ്ഞു സമാധാനിപ്പിച്ചു. ആന്റിയും ഞാനും ഒരുപാട് നേരം സംസാരിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിനക്ക് ഒരു തരത്തിലും ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്ന് എനിക്കറിയാം. പക്ഷെ കിച്ചന്റെ നന്മക്ക് വേണ്ടി, ഞാന്‍ പറയുന്ന കാര്യങ്ങള്‍ കിച്ചന്‍ അനുസരിച്ചേ മതിയാവു...ജീവിതത്തില്‍ എന്‍റെ ആയുസ്സിന്റെ പാതി കൂടി കിച്ചന് തരണം എന്നേ ഞാന്‍ ഇതുവരെ ദേവിയോട് പ്രാര്‍ത്ഥിച്ചിട്ടുള്ളൂ. അങ്ങനെയുള്ള ഞാന്‍ തന്നെ കിച്ചന്റെ ജീവിതത്തില്‍ ഒരു ശാപമാകുന്നതിനെ കുറിച്ചു എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ഇതിനെക്കുറിച്ചു നമ്മള്‍ തമ്മില്‍ നേരത്തെ സംസാരിച്ചതാണ്. അന്ന് ഞാന്‍ സമ്മതിച്ചതുമാണ് കിച്ചന്‍ പറയും പോലെ ചെയ്യാം എന്ന്. പക്ഷേ, ഇപ്പോള്‍ എന്‍റെ മനസ്സില്‍ പേടിയല്ലാതെ മറ്റൊന്നും ഇല്ല. വന്നു കയറുന്ന പെണ്ണിന്റെ ജാതക ദോഷം കൊണ്ട് ജീവനും, ജീവിതവുമൊക്കെ ഇല്ലാതായ ഒരുപാട് കഥകള്‍ നമുക്ക് ചുറ്റും ഉള്ളത് എങ്ങനെ ഞാന്‍ കണ്ടില്ല എന്ന് നടിക്കും? അതും ഞാന്‍ കാരണം ആപത്ത്‌ വരുന്നത് നിനക്കാകുമ്പോള്‍?...എന്റെ ജീവനാണ് അപകടത്തിലാവുക എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ നിന്നോടൊപ്പം ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം ജീവിക്കാന്‍ ഞാന്‍ അത് വലിച്ചെറിയാന്‍ ഒരുക്കമാണ്. പക്ഷെ നിനക്കെന്തെങ്കിലും സംഭവിക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത് അന്ധവിശ്വാസമാകാം, അല്ലെങ്കില്‍ സത്യമാകാം. അതൊന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ നിന്റെ ജീവിതത്തില്‍ നിന്നും കഴിയുന്നത്ര ദൂരേക്ക്‌ പോവുക എന്നത് മാത്രമാണ്. എന്നെ നീ മറക്കണം എന്ന് ഞാന്‍ പറയില്ല. നിനക്ക് തന്ന വാക്ക് തെറ്റിച്ച എന്നെ വെറുക്കാനുള്ള ശക്തി ദേവി തരട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല..

എന്ന് സ്നേഹത്തോടെ
നന്ദ

എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് കരുതി, നന്ദയെ സ്നേഹിച്ചു ,ജീവിതം ഒരു ആഘോഷമായി മുന്നോട്ടു പോകവേ , ഇങ്ങനെ ഒരു കത്ത് നന്ദ എനിക്കയക്കാനുള്ള യഥാര്‍ത്ഥ കാരണം ഒരു ഊഹം മാത്രമായേ എനിക്കറിയൂ. ഞങ്ങളുടെ പ്രണയം പൂര്‍വ്വാധികം ശക്തമായി മുന്നോട്ടു പോകുന്നത് എന്റെ അമ്മ എങ്ങനെയോ അറിയുന്നു. ചൊവ്വാദോഷം മകന്റെ ജീവന്‍ അപകടത്തിലാക്കാതിരിക്കാന്‍ ലവന്റെ ജീവിതം കട്ട പൊക ആക്കാം എന്ന പ്രമാണം മുറുകെ പിടിച്ചു എന്റെ മമ്മി ഡിയറെസ്റ്റ് നേരെ വെച്ചു പിടിക്കുന്നു നന്ദയുടെ വീട്ടിലേക്ക്. കെട്ടിയ പെണ്ണിന്റെ ചൊവ്വ ദോഷം കാരണം തട്ടിപോയ അലിഭായി പിള്ളയുടെയും, മാത്യു രാജശേഖരന്റെയും ഒക്കെ കരളലിയിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തി എന്റെ നന്ദയെ സെന്റിമെന്റല്‍ അലക്ക് അലക്കി കാണും. സത്യസന്ധമായി ഒരുത്തനെ സ്നേഹിക്കുന്ന ഏതൊരു പാവം പെണ്ണും ആടി പോകും എന്നത് മൂന്നുതരം.

ഈ കത്ത് വന്നതിനു ശേഷം നന്ദയെ കാണുവാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു...വിവരം തിരക്കുവാന്‍ പോയ രവിയെ പോലും കാണാന്‍ നന്ദ കൂട്ടാക്കിയില്ല...കലാലയത്തില്‍ പോകുന്നത് തന്നെ നന്ദ വന്നാല്‍ കാണാമല്ലോ എന്ന പ്രതീഷയില്‍ ആയിരിന്നു, പക്ഷെ പിന്നെ ഒരിക്കല്‍ പോലും നന്ദ കലാലയത്തില്‍ വന്നില്ല...എന്നില്‍ നിന്നും നന്ദ എന്നന്നേക്കുമായി അകലുകയായിരിന്നു...തീര്‍ത്തും ഒറ്റപെട്ടത്‌ പോലെ ആയിരിന്നു എന്റെ അവസ്ഥ...തിരികെ വീട്ടില്‍ വന്നാല്‍ മുറി അടച്ചു ഒരേ ഇരിപ്പാണ്...കൂട്ടുകാരെ കാണാന്‍ പോലും പോകാതെ ആയി...അമ്മയോട് ആയിരിന്നു എന്റെ ദേഷ്യം മുഴുവന്‍....അമ്മ കഷ്ട്ടപെട്ടു ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുന്നത്‌ പോലും വിഷം കഴിക്കുന്നത്‌ പോലെ ആയിരിന്നു...

മാസങ്ങള്‍ പലതു കടന്നു പോയി...കലാലയ ജീവിതം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ പഠനവും ഏറെക്കുറെ കഴിഞ്ഞിരിന്നു...ഒരു ദിവസം വീട്ടില്‍ വരുത്തുന്ന ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത‍.."ഇവര്‍ വിവാഹിതരാവുന്നു"..താഴെ നന്ദയുടെയും ഒരു ചെക്കന്റെയും ഫോട്ടോ...അന്നേ ദിവസം നന്ദയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ വെച്ച് ഇവരുടെ വിവാഹം...കുറച്ചു നേരം പത്രവും കയ്യില്‍ പിടിച്ചു അവിടെ തന്നെ നിന്നു, "എന്താടാ?" എന്ന് ചോദിച്ച അമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു നേരെ റൂമിനുള്ളില്‍ കയറി കതകടച്ചു...ഈ ലോകം മുഴുവന്‍ എനിക്ക് എതിരാണ് എന്ന് തോന്നി...ഇങ്ങനെ ഒരു ജന്മം കിട്ടിയ എന്നോട് എനിക്ക് തന്നെ വെറുപ്പ്‌ തോന്നി...എല്ലാം കൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥ...അമ്മയോട് മാത്രമല്ല, ഈ ലോകത്തിനോടു തന്നെ വെറുപ്പ്‌ തോന്നി...ഒരു ഭീരു ആയതു കൊണ്ട് ആയിരിക്കാം ആത്മഹത്യ ചെയ്യുവാനുള്ള ധൈര്യം ഉണ്ടായിരിന്നില്ല...എല്ലാം നശിപ്പിക്കണം അല്ലെങ്ങില്‍ സ്വയം നശിക്കണം ഇതായിരിന്നു മനസ്സ് മുഴുവന്‍...എല്ലാരും എന്നെ വെറുക്കണം, എന്റെ അമ്മക്ക് തോന്നണം, ചെയ്തത് തെറ്റായി പോയി എന്ന്...അതിനു വേണ്ടി എന്ത് ഹീനമായ പ്രവര്‍ത്തി ചെയ്യാനും എന്റെ മനസ്സിനെ തയ്യാര്‍ ആക്കുകയായിരിന്നു ആ മുറിക്കുള്ളില്‍ കഴിച്ചു കൂട്ടിയ ഓരോ നിമിഷവും...പക്ഷേ, എന്റെ മനസ്സിലെ പകയെ വിധി നേരിട്ടത് മഹാദുരന്തങ്ങള്‍ കൊണ്ടായിരുന്നു...പല ജീവിതങ്ങള്‍ ബാധിക്കപ്പെട്ട ദുരന്തങ്ങള്‍...

അച്ചുവിനോട്, "അച്ചു" എന്ന പേര് എനിക്ക് ഏറ്റവും പ്രിയപെട്ടതാണ്...അതിനുള്ള കാരണം വഴിയെ പറയാം...

Monday, June 21, 2010

കിച്ചന്‍ പുലിയാ..

അടി കിട്ടുന്നതിനു മുന്‍പ് നന്ദയോട് സംസാരിക്കണം...ലത് മാത്രം ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍...ഒരെണ്ണം എന്തായാലും കിട്ടും..ഒരു തവണ പെണ്ണ് കേസ്സിന് തല്ലു കൊണ്ടതാ...പക്ഷെ ലത് ഒറ്റവരി പാത ആയിരിന്നു (ഒറ്റവരി പാത ആയിരിന്നോ അല്ലയോ എന്ന് ഇന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല കേട്ടോ...കിച്ചന് ഇന്നും സംശയങ്ങള്‍ ബാക്കി)..ഇത് ടൂവേ ആണ്, പക്ഷെ ട്രാഫിക്‌ ജാമില്‍ പെട്ട് കിടക്കുകയാണ് കൂടാതെ ഇത് സംഭവിക്കുന്നത്‌ നഗരഹൃദയത്തില്‍ വെച്ചാണ്...വീട്ടുക്കാര്‍ പോയിട്ട് നാട്ടുകാര്‍ പോലും സഹായിക്കാന്‍ ഇല്ല ..(ചുറ്റും നുമ്മ മലയാളീസ് അല്ലേ...ഒരുത്തന്‍ അടി വാങ്ങുന്നത് കണ്ടാല്‍ നോക്കി ചിരിക്കും അല്ലാതെ അവനെ രക്ഷിക്കാന്‍ ആര്‍ക്കാ സമയം ഉള്ളത്..പക്ഷെ എന്നെ രക്ഷിക്കാന്‍..വെറും ലോക്കല്‍സ് എന്ന് എല്ലാരും പറയുന്ന കുറച്ചു മലയാളീസ് ലവിടെ ഉണ്ടായിരിന്നു...)

എപ്പോള്‍ വേണമെങ്കിലും അടി വീഴാം എന്ന പേടി ഒളിച്ചു വെച്ച് നന്ദയോട് ചോദിച്ചു.."നന്ദാ, നന്ദയ്ക്ക് എന്താ പറ്റിയത് ??.. എന്താ ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നത് ??"...നന്ദയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു...പരിചയപ്പെട്ടതിനു ശേഷം ആദ്യമായിട്ട് ആണ് എന്റെ നന്ദയുടെ കണ്ണുകള്‍ നിറയുന്നത്...പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ നമ്മുടെ ഇടയിലേക്ക് വന്ന് എന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചിട്ടു ചോദിച്ചു "എന്താടാ നിനക്ക് വേണ്ടത്? നിന്നോട് പറഞ്ഞതല്ലേ.."...അന്ന് വരെ എനിക്ക് ഉണ്ടാവാത്ത ദേഷ്യം...എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല...നന്ദയുടെ ചേട്ടന്റെ കൈ ഞാന്‍ ശക്തിയോടെ തട്ടി തെറിപ്പിച്ചിട്ട് തിരിഞ്ഞു നന്ദയുടെ മുഖത്തേക്ക് നോക്കി...നന്ദ പേടിച്ചത് പോലെ തോന്നി..."നന്ദാ, ഞാന്‍ പ്രശ്നം ഉണ്ടാകാന്‍ വന്നതല്ല...നന്ദയുടെ ചേട്ടന്‍ ആവശ്യമില്ലാതെയാണ് ഒരു സീന്‍ ഉണ്ടാക്കുന്നത്‌.."...."ചേട്ടാ, വെറുതെ എന്റെ പേരില്‍ ഒരു വഴക്ക് വേണ്ട..കിച്ചനോട് ഞാന്‍ സംസാരിക്കാം" എന്നെ പുറകില്‍ നിന്നും അടിക്കാന്‍ വന്ന ചേട്ടനെ തടഞ്ഞു കൊണ്ട് നന്ദ പറഞ്ഞു..പക്ഷെ അപ്പോഴേക്കും നന്ദയുടെ ചേട്ടന്റെ കൈ എന്റെ പുറക്കില്‍ വീണു കഴിഞ്ഞിരിന്നു...പ്രതീഷിക്കാതെ കിട്ടിയ അടി ആയതു കൊണ്ട് അമ്മച്ചിയാണേ നല്ലവണ്ണം വേദനിച്ചു...പക്ഷെ സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നില്‍ നിന്ന് കരയാന്‍ പറ്റുമോ??..വേദന കടിച്ചമര്‍ത്തി ഞാന്‍ നന്ദയെ നോക്കി...നന്ദ കരയാന്‍ തുടങ്ങി കഴിഞ്ഞിരിന്നു...ഞാന്‍ തിരിഞ്ഞു നന്ദയുടെ ചേട്ടനോട് പറഞ്ഞു "ആരെയും ബുദ്ധിമുട്ടിക്കാന്‍ വന്നതല്ല ഞാന്‍, എനിക്ക് നന്ദയോട് ഒന്ന് സംസാരിക്കണം."...ഞാന്‍ കൈ തട്ടി തെറിപ്പിച്ചതിന്റെ ദേഷ്യവും കൂടെ ഉള്ള ഗുണ്ടയുടെ മുന്നില്‍ മാനം രക്ഷിക്കാനും വേണ്ടി നന്ദയുടെ ചേട്ടന്‍ വീണ്ടും അടിക്കാന്‍ കൈ വീശി...പക്ഷെ ഇത്തവണ അത് തടഞ്ഞത് കുറച്ചു നേരമായി ഇതെല്ലാം കണ്ടു കൊണ്ട് നിന്ന കുറച്ചു വഴിയോര കച്ചവടക്കാര്‍ ആയിരിന്നു. നന്ദയുടെ ചേട്ടനെയും കൂടെ നിന്ന ഗുണ്ടയെയും പിടിച്ചു മാറ്റിയിട്ടു അവര്‍ എന്നോട് പറഞ്ഞു "അനിയന്‍ ഒരു ഓട്ടോ പിടിച്ചു ആ കുട്ടിയേയും കൊണ്ട് പൊയ്ക്കോ, ഇവന്മാരുടെ കാര്യം നമ്മള്‍ ഏറ്റു." ഒരു നിമിഷം എന്താ വേണ്ടത് എന്ന് ഒരു പിടിയും കിട്ടിയില്ല.

ഭാവി അളിയനെ സഹായിക്കണോ അതോ കിട്ടിയ അവസരം ഉപയോഗിച്ച് നന്ദയെ പറഞ്ഞു മനസ്സിലാക്കണോ?? രണ്ടാമത് ചിന്തിച്ചതാണ് ഉചിതം എന്ന് എന്റെ മനസ്സ് പറഞ്ഞു. അത് വഴി പോയ ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, നന്ദയുടെ ചേട്ടന്റെ കാര്യം എന്റെ കൂട്ടുകാരന്‍ നോക്കും എന്ന് വാക്ക് കൊടുത്തിട്ടാണ് നന്ദ ഓട്ടോയില്‍ കയറാന്‍ തയാര്‍ ആയത്...എങ്ങോട്ട് പോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരിന്നില്ല, പക്ഷെ ഞാനും നന്ദയും മുമ്പൊരിക്കല്‍ പോയിട്ടുള്ള ഒരു കോഫി ഷോപ്പിലേക്ക് ആണ് ഞാന്‍ ഓട്ടോ ഡ്രൈവറോട് പോകാന്‍ പറഞ്ഞത്..

നാട്ടുകാര്‍ കരുതിയത്‌, മര്യാദക്ക് കോളേജില്‍ പോകാന്‍ നിന്ന ഞങ്ങള്‍ രണ്ടു നല്ല കുട്ടികളെ ശല്യപ്പെടുത്താന്‍ വന്ന കാപാലികരാണ്‌ നന്ദയുടെ ചേട്ടനും കൂട്ടുകാരനും എന്നാണ്. എന്റെ തടി ഭാവി അളിയന്റെ തടിയെക്കാള്‍ എനിക്ക് വിലപ്പെട്ടതായതിനാല്‍ ഞാന്‍ അത് തിരുത്താനും പോയില്ല. എന്തിനാ വെറുതെ? നന്ദ കുറച്ചു നാളുകള്‍ക്കു ശേഷം എന്നെ കണ്ട സന്തോഷത്തിലും, ഉള്ളിലെ വിഷമത്തിന്റെ ആധിക്യത്തിലും ചേട്ടനെ മറന്നു പോയത് പോലെ തോന്നി. പിന്നെ എന്റെ കൂട്ടുകാരന്‍ 'ചേട്ടനെ ഹെല്‍പ്പും' എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നല്ലോ. അതെന്തായാലും നന്ദയുടെ ചേട്ടന്റെയും, കൂട്ടുകാരന്റെയും ബോഡികളില്‍ നാട്ടുകാര്‍ നാഷണല്‍ ഹൈവേയുടെ പണി തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ നന്ദയും കൂട്ടി അവിടുന്ന് സ്ഥലം കാലിയാക്കി.

കോഫി ഷോപ്പില്‍ വെച്ചു അമ്മയുടെ തീരുമാനം നന്ദയെ എത്രത്തോളം വേദനിപ്പിച്ചു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ ചൊവ്വാദോഷം എന്നെ കട്ട പൊകയാക്കുമോ എന്ന പേടി വേറെയും. റ്റൂസ്ഡേ പ്രോബ്ലം എനിക്ക് വെറും ചീള് കേസാണ് എന്നും. ഇനി ചൊവ്വ മാത്രമല്ല, തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള സകല പ്രോബ്ലംസും നന്ദ ഒപ്പമുണ്ടെങ്കില്‍ ഗ്രാസ്സായി നേരിടാന്‍ കിച്ചന്‍ റെഡി എന്നും നല്ല ഒന്നാന്തരം പൈങ്കിളി ഭാഷയില്‍ ഞാന്‍ നന്ദയെ പറഞ്ഞു മനസിലാക്കി. രണ്ടു മൂന്നു മണിക്കൂര്‍ ഞാന്‍ ഘോര ഘോരം പ്രസംഗിച്ചത് കേട്ട് സഹികെട്ടിട്ടാവണം 'ഇനിയുള്ള ജീവിതം നിന്റെ കൂടെ പണ്ടാരമടക്കാം' എന്ന് നന്ദ സമ്മതിച്ചു. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എനിക്കപ്പോള്‍. പക്ഷെ നമ്മുടെ നാട്ടില്‍ അന്നത്തെ കാലത്ത്, കൌമാരം ജസ്റ്റ് കഴിഞ്ഞ ചെറുക്കന്‍ ലോകം വെട്ടിപ്പിടിച്ചാല്‍, ലോകര്‍ മുഴുവന്‍ ലവന്റെ മാതാശ്രിയുടെ മഹനീയ നേതൃത്വത്തില്‍ ലവനെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കും എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു (ഇന്ന് നല്ല ഭേഷായിട്ടു അറിയാം).

അടികുറിപ്പ്: ഈ കത്തി മൊത്തത്തില്‍ ടോട്ടലായിട്ട് ഒറ്റ പോസ്റ്റില്‍ തന്നെ പറഞ്ഞു തീര്‍ക്കണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം, പക്ഷെ മലയാള ഭാഷയില്‍ എനിക്കുള്ള പ്രതേക നൈപുണ്യം കാരണം, റഫ് കോപ്പി, എഡിറ്റെഡ് കോപ്പി, ഫൈനലിന് മുന്നേ ഉള്ള കോപ്പി, മനുഷ്യര്‍ക്ക്‌ വായിക്കാന്‍ കഴിയുന്ന പരുവത്തിലുള്ള കോപ്പി, പിന്നെ എന്റെ മനസമാധാനത്തിനുള്ള കോപ്പി ...ഇത്രെയും ഒക്കെ ഒപ്പിച്ചു കഴിയുമ്പോള്‍‍ ചിലപ്പോള്‍ പണി (ജോലി സ്ഥലത്തെ) പകുതി പെന്ടിംഗ് ആയിരിക്കും...ലത് കൊണ്ട് ആണ് ഉള്ളത് കുറച്ചാണ് എങ്കിലും വലിയ അക്ഷര തെറ്റ് ഇല്ലാതെ ഇവിടെ പോസ്റ്റാന്‍ പറ്റുന്നത്....അമ്മച്ചിയാണേ ഇനി അടി കിട്ടുന്ന സീനില്‍, ലത് കിട്ടിയതിനു ശേഷമേ സ്റ്റില്‍ അടിക്കു...ദയവു ചെയ്യുത്‌ എല്ലാവരും ഒന്ന് ഷെമി...(കിച്ചന് അടി കിട്ടിയോ എന്ന് അറിയാനുള്ള മനുഷ്യരുടെ ഒരു പൂതിയെ???)

Thursday, June 17, 2010

റ്റൂസ്ഡേ പ്രോബ്ലം

അടുത്ത ദിവസം നന്ദയുടെ വീട്ടില്‍ പോയി വന്ന രവി തന്ന വിവരങ്ങള്‍ കേട്ട് ഞാന്‍ അറിയാതെ തലയില്‍ കൈ വെച്ച് പോയി...എന്റെ ഒന്ന് ഒന്നര കിലോ ചോദ്യങ്ങള്‍ക്ക് മൂന്ന് മൂന്നര ടണ്‍ ഉത്തരങ്ങള്‍...വീടിനു പുറത്തു പോകരുത് എന്ന് പറഞ്ഞ കാരണവന്മാരുടെ വീട് കയറി ചീത്ത പറയണമോ?? അതോ എനിക്കിട്ടു പണി തന്ന അമ്മയുടെ ചെവിക്കിട്ട് കിഴുക്കു കൊടുക്കണോ?? അതോ 'സത്യത്തില്‍ ഇതാണെടാ വിധിയുടെ വിളയാട്ടം' എന്ന് പറഞ്ഞ രവിയെ നിലത്തിട്ടു ചവിട്ടാണോ?? എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചു എങ്കില്‍ ലത്‌ എന്റെ കുറ്റം അല്ല...പണി കിട്ടും, പക്ഷെ കിട്ടുമ്പോള്‍ എല്ലാം ഒരുമിച്ചു കിട്ടും എന്ന് പറഞ്ഞാല്‍ ഇതാണ്..

നന്ദയുടെ അമ്മ രവിയോട് പറഞ്ഞത് കഥ:
നന്ദയുടെ നിര്‍ബന്ധം കാരണം നന്ദയോടൊപ്പം അവര്‍ എന്റെ അമ്മയെ കാണുവാന്‍ പോയി...ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരിന്നു അമ്മയോട് നന്ദയുടെ നിര്‍ബന്ധം കാരണം ആണ് എന്റെ കാര്യം തിരക്കുവാന്‍ വന്നത് എന്ന് പറയുന്നു (വേറെ എന്തൊക്കെ ഉണ്ട് ഈ ലോകത്ത് പറയുവാന്‍..ലവര്‍ക്ക് ഇതുമാത്രമേ കണ്ടോള്ളൂ പറയാന്‍???...ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്)...എന്റെ അമ്മ അപ്പോള്‍ മാത്രമാണ് അറിയുന്നത് ഞാനും നന്ദയും ജസ്റ്റ്‌ ഫ്രണ്ട്സ്-ല്‍ നിന്നും പ്രമോഷന്‍ ആയി സ്നേഹം എന്ന പോസ്സിഷനില്‍ എത്തിയെന്ന്...അമ്മ അവരെ രണ്ടുപേരെയും കാന്റീനില്‍ കൂട്ടി കൊണ്ട് പോകുന്നു...അവിടെ വെച്ച് കൊച്ചുമാമന്‍ മരിച്ച കാര്യവും അതിനു കാരണം മാമിയുടെ 'റ്റൂസ്ഡേ പ്രോബ്ലം' ആണെന്നും പറയുന്നു...അപ്പോള്‍ ആണ് നന്ദയുടെ അമ്മ തന്റെ മകള്‍ക്കും ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഉണ്ടെന്നു ഓര്‍കുന്നതും, എന്റെ അമ്മയോട് ആ രഹസ്യം പറയുന്നതും,( ലിവിടെ ആണ് ഈ പ്രണയകഥ തിരിയുന്നതും അല്ലെങ്ങില്‍ തിരിച്ചതും)...എന്തായാലും ഇത് കേട്ടയുടനെ എന്റെ അമ്മയില്‍ ഉറങ്ങി കിടന്ന അമ്മ മനസ്സ് സടകുടഞ്ഞു ചാടി എഴുന്നേറ്റു നന്ദയുടെയും അമ്മയുടെയും മുന്നില്‍ വെച്ച് ഒരു ഉഗ്ര ശപഥം എടുത്തു "എന്റെ മകന് ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഇല്ല...അതുകൊണ്ട് എന്റെ അനുജന് ഉണ്ടായ ദുര്യോഗം എന്റെ മകന് സംഭവിക്കാന്‍ ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ല..." (സാരാംശം: എന്റെ മ്യോന്റെ ഭാവി ജീവിതം കട്ടപൊക ആയാലും വേണ്ടില്ല ലവന്റെ ജീവന്‍ ഞാന്‍ സംരക്ഷിക്കും..എന്റെ അമ്മയുടെ ഒരു സ്നേഹമേ??)..ഇത് കേട്ട് നന്ദ അമ്മയുടെ മുന്നില്‍ ഇരിന്ന് കരയുവാന്‍ തുടങ്ങി..(പക്ഷെ എന്റെ അമ്മയുടെ മനസ്സ് അലിയിക്കാനുള്ള ശക്തി എന്റെ നന്ദയുടെ കണ്ണുനീരിന്നു ഇല്ലായിരിന്നു..)..നന്ദയുടെ അമ്മ ദേഷ്യത്തില്‍ നന്ദയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു..ഒന്ന് തിരിച്ചു വിളിക്കാന്‍ പോലുമുള്ള മനസ്സ് എന്റെ അമ്മ കാണിച്ചുമില്ല...അതുകൊണ്ട് ഈ ബന്ധത്തില്‍ അവരുടെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല...ദയവു ചെയ്തു കിച്ചനോട് പറയണം...എന്റെ മകളെ ഇനി ഒരു കാരണവശാലും ശല്യപ്പെടുത്തരുത് എന്ന്...

ഇതറിഞ്ഞ നന്ദയുടെ ചേട്ടന്‍ വയലന്റ്..ഇനി എന്നെയോ എന്റെ കൂട്ടുകാരെയോ വീടിന്റെ പരിസരത്ത് എങ്ങാനും കണ്ടാല്‍ കാലു വെട്ടി എടുക്കും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു(ഒരു തവണ ഇത് പോലൊരു ഭീഷണി പണ്ട് കിട്ടിയതാ...വീട്ടുക്കാര്‍ ചെയ്ത പുണ്യമോ എന്തോ അന്ന് കാലു പോയില്ല...പക്ഷെ അതെ വീട്ടുകാര്‍ കാരണം എന്റെ കാലുക്കള്‍ക്ക് വീണ്ടും ഭീഷണി!!!)...നന്ദയുടെ സ്പെഷ്യല്‍ റെക്കമെന്‍റ്റഷന്‍ കാരണം ആണ് രവിയുടെ കാലു പോകാതെ തിരിച്ചു വന്നത്...പക്ഷെ കൂടുതല്‍ വിഷമം തോന്നിയത് നന്ദയുടെ പിടിവാശി കേട്ടപ്പോള്‍ ആണ്...നന്ദയ്ക്ക് എന്നോട് സംസാരിക്കാന്‍ താല്പര്യം ഇല്ലെന്നും, അതുകൊണ്ട് ഇനി ഒരിക്കലും ഞാന്‍ നന്ദയെ കാണുവാന്‍ ശ്രമിക്കരുതെന്നും രവിയോട് പ്രതേകം പറഞ്ഞു വിട്ടു...(ഇതും കേട്ട് ഒന്നും മിണ്ടാതെ വന്ന ലവനെ ചവിട്ടി കൂട്ടണ്ടേ??..ഞാന്‍ ഒരു പാവം ആയതു അവന്റെ ഭാഗ്യം...)

അന്ന് മുതല്‍ നന്ദയെ കാണുവാനുള്ള എന്റെ പല വഴികളില്‍ കൂടിയുള്ള പരിശ്രമങ്ങളെ തന്റെ കൂട്ടുകാരുടെയും കുട്ടി ഗുണ്ടക്കളുടെയും സഹായത്തോടെ നന്ദയുടെ ചേട്ടന്‍ പരാജയപ്പെടുത്തി കൊണ്ടിരിന്നു, ഞാന്‍ പറഞ്ഞു വിട്ട ദൂതന്മാരെ പോലും അദ്ദേഹം പാന്റ് നനയിച്ചാണ് വിട്ടത്...തന്റെ വീടും വീട്ടുകാരെയും എന്നില്‍ നിന്നും മറച്ചു പിടിച്ചു അദ്ദേഹം വിജയഭേരി മുഴക്കി കൊണ്ടിരിക്കുന്ന ഒരു ദിനത്തില്‍, ഒരു കൂട്ടുകാരന്റെ ബൈകിന്റെ പുറകില്‍ ഇരിന്നു അടുത്ത നീക്കം 'എന്ത്? എപ്പോള്‍? എങ്ങനെ?' എന്ന് തലപുകച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ആണ് റോഡിന്‍റെ അങ്ങേ കരയില്‍ നഗരത്തിലെ പ്രധാന ബസ്സ്‌ സ്റ്റാന്‍ഡില്‍ കൂട്ടുകാരിയോടൊപ്പം നന്ദ നില്‍ക്കുന്നത് കണ്ടത്...കണ്ട പാതി കാണാത്ത പാതി..."ചവിട്ടടാ ബ്രേക്ക്" എന്ന് വിളിച്ചു കൂവികൊണ്ട്‌ ബൈക്കില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി (സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങും പോലെ...) കുറച്ചു ദൂരം ഭൂമി ദേവിയെ ഇപ്പൊ ചുംബിക്കും..ഇപ്പൊ ചുംബിക്കും എന്ന് പറഞ്ഞു കൊണ്ട് കുറച്ചു ദൂരം മുന്നോട്ടു പോയി ബ്രേക്ക് ഇട്ടു നിന്നു...റോഡ്‌ ക്രോസ് ചെയ്തു നേരെ നന്ദയുടെ അടുത്ത് ചെന്നു..എന്നെ കണ്ടു നന്ദ ഞെട്ടി...നന്ദയോട് ആഭിമുഖ്യം പുലര്‍ത്താന്‍ എന്ന വണ്ണം ഇരട്ടി ശക്തിയില്‍ ഞാനും ഞെട്ടി, പ്ലാന്‍ ചെയ്തതല്ല, അമ്മച്ചിയാണെ ഞെട്ടി പോയാതാണ് ...കണ്ട പാതി നന്ദയെയും കൂട്ടുകാരിയെയും, കാണാത്ത പാതി നന്ദയുടെ ചേട്ടനെയും കുട്ടി ഗുണ്ടയും ആയിരിന്നു...സ്ക്രീനിന്റെ മറുവശത്ത് നിന്നും നന്ദയുടെ ചേട്ടനും ഒരു കുട്ടി ഗുണ്ടയും മെയിന്‍ ഫ്രെയിമിലേക്ക് പ്രവേശിച്ചു...

തിരിഞ്ഞു ഓടിയാല്‍, സ്നേഹിച്ച പെണ്ണിനെ കിട്ടില്ല എന്ന് മാത്രമല്ല...പിന്നെ ഈ ശരീരം വല്ല പാണ്ടി ലോറിക്കും അട വെക്കുന്നതായിരിക്കും നല്ലത്....നിന്ന് വാങ്ങാനുള്ളത് വാങ്ങിയിട്ട് തന്നെ കാര്യം....തല്ലു കൊള്ളുന്നു എങ്കില്‍ നല്ല അന്തസായിട്ട് ആണുങ്ങളെ പോലെ നിന്ന് വാങ്ങുക...നന്ദയുടെ ചേട്ടന്റെ കൂടെ ഉണ്ടായിരിന്ന ഗുണ്ടയുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി വിരിയുന്നത് ഞാന്‍ കണ്ടു....ഇത്തവണ കിച്ചന്‍ നിന്നും കിടന്നും ഇരിന്നും വാങ്ങിക്കും എന്ന് കിച്ചന് തന്നെ ഉറപ്പായി...

Tuesday, June 15, 2010

വൈകി കിട്ടിയ കത്ത്

വിവാഹ ജീവിതത്തിനു ആറ് മാസം മാത്രം ആയുസ്സ് കൊടുത്തു ദൈവം തിരിച്ചെടുത്ത എന്റെ കൊച്ചുമാമന്റെ മരണ വാര്‍ത്ത ആയിരിന്നു അത്...തലച്ചോറില്‍ രക്തസ്രാവം ഉണ്ടായാണ് മാമന്‍ മരിക്കുന്നത്...പക്ഷെ കാരണവന്മാര്‍ക്ക് അത് ഒരു സാധാരണ മരണം ആയി കാണുവാന്‍ താല്പര്യം ഇല്ലായിരിന്നു, മാമിക്ക് ജാതകത്തില്‍ ചൊവ്വദോഷം ഉണ്ടെന്നും അതിന്റെ അനന്തര ഫലം ആണ് ഈ മരണം എന്നതായിരിന്നു അവരുടെ കണ്ടുപിടിത്തം...പക്ഷെ ആ മരണം എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റൊരു മുറിപ്പാട് കൂടി തരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല...

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം ആണ്..നന്ദയുടെ വീട്ടില്‍ ലാന്‍ഡ്‌ ലൈനും ഇല്ല..ആ ദിവസങ്ങളില്‍ ഒരു എഴുത്ത് എഴുതാന്‍ ഉള്ള മാനസ്സികാവസ്ഥയോ സാഹചര്യമോ ഇല്ലായിരിന്നു..കൂട്ടത്തില്‍ കാരണവന്മാരുടെ വക 'മരണ വീട്ടില്‍ നിന്നും പുറത്തു പോകരുത്' എന്നുള്ള കര്‍ശന നിര്‍ദേശവും...അത് കാരണം എനിക്ക് നന്ദയെ ഇതൊന്നും അറിക്കുവാനും സാധിച്ചില്ല...ഒടുവില്‍ ചടങ്ങുക്കള്‍ ഒക്കെ കഴിഞ്ഞു, ഒന്‍പതാം ദിവസമാണ് എനിക്ക് പുറത്തേക്കു ഇറങ്ങുവാന്‍ ഒരു അവസരം ഉണ്ടായത്...തിങ്കളാഴ്ച ദിവസം രാവിലെ അമ്മക്ക് ഓഫീസില്‍ ചെന്ന് ലീവ് എഴുതി കൊടുക്കണമെന്നും കൂടെ ഞാന്‍ പോകണമെന്നും പറഞ്ഞു...അങ്ങനെ അന്ന് രാവിലെ ഒരു ഒന്പതരക്ക് ബൈക്കില്‍ അമ്മയെ ഓഫീസില്‍ കൊണ്ട് വിട്ടു, അമ്മയില്‍ നിന്നും വീട്ടിലേക്കു പോകാനുള്ള അനുവാദം വാങ്ങി, ഒരു പത്തര പതിനൊന്നു മണിയോടെ വീട്ടില്‍ എത്തി. നന്ദയുടെ കത്തുകള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് പോസ്റ്റ്‌ ബോക്സില്‍ നോക്കി... നന്ദ അയച്ച ഒരു കത്ത്, അന്ന് രാവിലെ വന്നത്...അത് തുറന്നു വായിച്ച എനിക്ക് സത്യത്തില്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി എന്നെ കുറിച്ചുള്ള ഒരു വിവരവും ഇല്ലാത്തതിനാല്‍ എന്റെ അമ്മയുടെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നന്ദ അമ്മയോടൊപ്പം വരും, അപ്പോള്‍ ഞാന്‍ അവിടെ ഉണ്ടാവണം എന്നായിരിന്നു കത്തിലെ ഉള്ളടക്കം...വെള്ളിയാഴ്ച പോസ്റ്റ്‌ ചെയ്ത കത്ത് ആയിരിന്നു അത്...പക്ഷെ രണ്ടാം ശനിയാഴ്ച ആയതു കാരണം രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ആണ് കത്ത് വീട്ടില്‍ എത്തിയത്...

അമ്മയുടെ ഓഫീസിലേക്ക് തിരിച്ചു ബൈക്കില്‍ പോകുമ്പോള്‍ നന്ദ അമ്മയുടെ ഓഫീസില്‍ തന്നെ എനിക്ക് വേണ്ടി കാത്തു നില്‍ക്കും എന്ന് തന്നെ ആയിരിന്നു എന്റെ പ്രതീഷ. പക്ഷെ അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ അമ്മ മാത്രമേ ഉള്ളു..അമ്മയോട് നന്ദ വന്നിരിന്നോ എന്ന് ചോദിച്ചതിനു ഇല്ല എന്ന മറുപടി ആണ് കിട്ടിയത്..പിന്നെ അമ്മ അതിനെ കുറിച്ച് ഒന്നും സംസാരിച്ചതും ഇല്ല.....നന്ദ വരും എന്ന് കത്തില്‍ എഴുതിട്ടുണ്ട്...അപ്പോള്‍ വന്നിട്ടുണ്ടാവണം...അങ്ങനെ എങ്കില്‍ അമ്മ എന്തിനു കള്ളം പറയണം??..അമ്മയോട് ഈ അവസ്ഥയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും കഴിയില്ല. അടുത്ത ദിവസം റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാനുണ്ടെന്നു ഒരു കളവ് പറഞ്ഞു രാവിലെ തന്നെ കലാലയത്തില്‍ എത്തി..നന്ദ ക്ലാസ്സില്‍ വന്നിട്ടില്ല..കൂട്ടുകാരോട് ചോദിച്ചു, അവര്‍ ആരും തന്നെ നന്ദയെ അന്നേ ദിവസം കണ്ടിട്ടില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു.."കഴിഞ്ഞ ആഴ്ച നന്ദ കിച്ചനെ തിരക്കി നടന്നു...ഇപ്പോള്‍ കിച്ചന്‍ നന്ദയെ തിരക്കി നടക്കുന്നു. എന്താ കിച്ചാ പ്രശ്നം??"...

അന്നേ ദിവസം നന്ദ ക്ലാസ്സിലേക്ക് വന്നതേ ഇല്ല...എന്താ നന്ദയ്ക്ക് പറ്റിയത്??...വൈകിട്ട് രവിയെ കണ്ടു കാര്യം അറിയിച്ചപ്പോള്‍ അവന്‍ എന്റെ കൂടെ നന്ദയുടെ വീട്ടിലേക്കു വരാം എന്ന് പറഞ്ഞു. അങ്ങനെ നമ്മള്‍ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ എത്തി...നന്ദയുടെ അമ്മയാണ് പുറത്തേക്ക് വന്നത്..."ആന്റി, നന്ദ ഉണ്ടോ??". എന്റെ ചോദ്യത്തിനു ഒരു മറുപടി പോലും തരാതെ അവര്‍ വീട്ടിനുള്ളിലേക്ക് പോയി..ഞാനും രവിയും പരസ്പരം നോക്കി..എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി..പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ പുറത്തേക്കു ഇറങ്ങി വന്നു, മദ്യപിച്ചിട്ടുണ്ട്‌ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.."കിച്ചന്‍ വാ, നമ്മള്‍ക്ക് പുറത്തു നിന്നും സംസാരിക്കാം.." ഇതും പറഞ്ഞു നന്ദയുടെ ചേട്ടന്‍ നമ്മളെ ഗേറ്റിനു പുറത്തേക്കു കൊണ്ട് പോയി...."എനിക്ക് നന്ദയെ ഒന്ന് അത്യാവശ്യമായിട്ട് കാണണം..എന്റെ മാമന്‍ മരിച്ചുപോയി...കുറച്ചു ദിവസം അവിടെ ആയിരിന്നു...അതാ..." എന്നെ മുഴുവന്‍ പറയാന്‍ അനുവദിക്കാതെ നന്ദയുടെ ചേട്ടന്‍ പറഞ്ഞു..."കിച്ചന്‍ ഇനി ഇവിടെ വരരുത്, ദയവു ചെയ്തു അവളെ അവളുടെ വഴിക്ക് വിട്..." ഞാന്‍ ശരിക്കും ഞെട്ടി.."എന്താ?? എന്താ പ്രശ്നം??...നന്ദ എവിടെ?? നന്ദ പറയട്ടെ എന്താ പ്രശ്നമെന്ന്?? നന്ദയെ ഒന്ന് വിളിക്കുമോ?? എനിക്ക് നേരിട്ട് ഒന്ന് സംസാരിക്കണം" എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരിന്നു ..."കിച്ചനെ ഇനി ഒരിക്കലും കാണണ്ട എന്ന് നന്ദ പറഞ്ഞു...ഇനി അവള്‍ പഠിക്കാനും വരുന്നില്ല...ഇതുവരെ ഞാന്‍ നന്ദയെ ഓര്‍ത്താണ് മാന്യമായിട്ടു സംസാരിച്ചത്..കിച്ചന്‍ ഇനി ഇവിടെ നിന്നാല്‍ പ്രശ്നം ആകും"..നന്ദയുടെ ചേട്ടന്റെ സ്വരം ഉച്ചത്തില്‍ ആയി..ഒരാഴ്ച മുന്‍പ് എന്നോട് കളി തമാശ പറഞ്ഞു ഇരുന്ന നന്ദയുടെ ചേട്ടനാണ് ഇപ്പോള്‍ ഒരു പരിചയവും ഇല്ലാത്തതു പോലെ സംസാരിക്കുന്നത്..എന്റെ നില്‍പ്പും ഭാവും കണ്ടിട്ടാകും രവി എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു..."കിച്ചാ ദയവു ചെയ്തു നീ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്..വേറെ എന്തെങ്ങിലും കാരണം കാണും അതാ പുള്ളിക്കാരന്‍ അങ്ങനെ ഒക്കെ പറയുന്നത്"..ഞാന്‍ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ചോദിച്ചു.."ഞാന്‍ ഇനി എന്താടാ വേണ്ടത്??"......"വാ നമ്മള്‍ക്ക് ഇപ്പോള്‍ ഇവിടെന്ന് പോകാം, നാളെ ഞാന്‍ വന്നു നന്ദയെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിട്ട് നമ്മള്‍ക്ക് തീരുമാനിക്കാം." എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആണ് രവി അത് പറഞ്ഞത്...പെട്ടെന്ന് ഗേറ്റില്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍..നന്ദയുടെ ചേട്ടന്‍ ഗേറ്റും അടച്ചു അകത്തേക്ക് നടക്കുന്നതാണ് കണ്ടത്...ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് മനസ്സിലായി...

ഒരാഴ്ച്ച കൊണ്ട് എന്ത് മാറ്റമാണ് നന്ദയില്‍ സംഭവിച്ചത്?? ഇനി എന്‍റെ അമ്മ, തലേന്ന് നന്ദയെ കാണുകയും, വല്ലതും അനിഷ്ടമായി പറയുകയും ചെയ്തോ?? ഒരാഴ്ച മുന്‍പ് എന്‍റെ കൂടെ പാമ്പായി ഇഴഞ്ഞ നന്ദയുടെ ചേട്ടന്റെ പെരുമാറ്റം ഇത്ര പെട്ടെന്ന് അപരിചിതമായത് ഞാന്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടാണോ? അങ്ങനെ ഒരു നൂറു നൂറു ചോദ്യങ്ങളുടെ തേനീച്ചകള്‍ എന്‍റെ തലച്ചോറില്‍ മൂളി പറക്കുകയായിരുന്നു..അവയുടെ ഉത്തരങ്ങള്‍ എനിക്ക് ലഭിച്ചത് അടുത്ത നാള്‍ രവിയില്‍ നിന്നുമായിരുന്നു....

Thursday, June 10, 2010

അളിയനാണ് അളിയാ അളിയന്‍!!!!

ബൈക്ക് നമ്മുടെ മുന്നില്‍ വന്നു നിന്നു.........സിനിമ സ്റ്റൈലില്‍ ബൈക്കില്‍ നിന്നും ചാടി ഇറങ്ങി അടി തുടങ്ങും എന്ന് കരുതി, അതിനുള്ള തയാറെടുപ്പുകള്‍ ശരീരത്തില്‍ നടത്തി...ഒരല്‍പം ചരിഞ്ഞു നിന്നു(നേരിട്ടുള്ള ഇടി അത് ഇനി എത്ര ചെറുതായാലും വലുതായാലും കൂമ്പില്‍ വാങ്ങുന്നത് ഭാവി ജീവിതത്തില്‍ ഒരുപ്പാട്‌ ദോഷം ചെയ്യും) ശ്വാസം ഒക്കെ അടക്കി പിടിച്ചു വെച്ചു തയാര്‍ ആയി നിന്നു(എവിടെയോ കേട്ടിടുണ്ട് ശ്വാസം പിടിച്ചു വെച്ചാല്‍ അടി കിട്ടുമ്പോള്‍ വേദനിക്കില്ല എന്ന്)......ബൈകിന്റെ പുറകില്‍ ഇരുന്ന തടിമാടന്‍ ബൈക്കില്‍ നിന്നും ഇറങ്ങി നന്ദയുടെ ചേട്ടനോട് "അപ്പോള്‍ രാത്രി കാണാം" എന്ന് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ പിടിച്ചു വെച്ച ശ്വാസം വിട്ടത്.....ബൈക്ക് ഒരു കടയുടെ മുന്നില്‍ വെച്ച് ലോക്ക് ചെയ്തിട്ട് നന്ദയുടെ ചേട്ടന്‍ അടുത്ത് വന്ന് നമ്മോടായി പറഞ്ഞു "കിച്ചാ, നമ്മള്‍ക്ക് ഒന്ന് മിന്നിയിട്ട് പോകാം.."..എന്റെ കണ്ണ് നിറഞ്ഞു പോയി..ഭാവി അളിയന്‍ ഇത്രയും സ്നേഹം ഉള്ള വ്യക്തി ആണെന്ന് എനിക്ക് അറിയില്ലയിരിന്നല്ലോ??...രവിയുടെ അഭിപ്രായം അറിയാന്‍ വേണ്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കണ്ടത്...വിശന്നു വലഞ്ഞു നില്‍ക്കുന്ന ഒരു പിച്ചകാരനെ ബിരിയാണി കഴിക്കാന്‍ ക്ഷണിക്കുമ്പോള്‍ കാണുന്ന മുഖഭാവവുമായി നില്‍ക്കുന്ന രവിയെ ആണ് .....

പിന്നെ ഒട്ടും അമാന്തിച്ചില്ല...മൂന്നുപേരും കൂടി ഒരു ഓട്ടോ പിടിച്ചു നേരെ അടുത്തുള്ള ബാറിലേക്ക് ചെന്നു....ഒരു ഫുള്‍ ബോട്ടില്‍ മൂന്നുപേര്‍....രണ്ടു മണികൂര്‍ കഴിഞ്ഞു കുപ്പി ഒഴിഞ്ഞപ്പോള്‍ ഒരാള്‍ ഫ്ലാറ്റ്....(ആര് എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ അല്ലേ??) ഓട്ടോ പിടിക്കാം എന്ന് പറഞ്ഞ അളിയനെ നടക്കാം എന്ന് പറഞ്ഞു വിരട്ടി..(സോറി ഫ്ലാറ്റ് ആയാല്‍ അളിയനായാലും ശരി അമ്മാവനായാലും ശരി...കിച്ചന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മതി...ഇങ്ങോട്ട് കണ്ട്രാക്ക് വിടണ്ട)..അവിടെന്നു ഏതാണ്ട് ഒരു നാല് കിലോമീറ്റര്‍ നടക്കണം നന്ദയുടെ വീട്ടിലേക്ക്...തനിയെ പോകാം എന്ന് പറഞ്ഞ അളിയനെ വീട്ടില്‍ തന്നെ കൊണ്ട് വിടണം എന്ന് ഈ അളിയന് വാശി....ചെകുത്താനും കടലിനും ഇടയില്‍ പെട്ട പോലെ രവിയും.....

ഇനി അങ്ങോട്ട്‌ രവി മറ്റൊരു അവസരത്തില്‍ ബ്ലാങ്ക്സ് ഫില്‍ ചെയ്തത്(ഇപ്പോഴും എന്റെ അടുത്ത കൂട്ടുകാര്‍ ബ്ലാങ്ക്സ് ഫില്‍ ചെയ്യാറുണ്ട്)
('ബ്ലാക്ക്‌ ഔട്ട്‌' ഒരു രോഗം അല്ല...അത് ഒരു സ്വപ്നാവസ്ഥയാണ്...വേണമെങ്ങില്‍ ഗൂഗ്ലിയോടു ചോദിക്കാം)

കിച്ചന്‍: അളിയാ, അളിയനെ പോലൊരു അളിയനെ കിട്ടിയതാ അളിയാ ഈ അളിയന്റെ ഒരു ഭാഗ്യം.
അളിയന്‍: ഇല്ല അളിയാ, ഇത് എന്റെ ഭാഗ്യം ആണ് അളിയാ..

കിച്ചന്‍: അളിയന് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ?? ഉണ്ടെങ്കില്‍ ഇപ്പം പറയണം...പിന്നെ പറഞ്ഞാല്‍ സമ്മതിക്കില്ല...സത്യമായിട്ടും സമ്മതിക്കില്ല..
അളിയന്‍: എനിക്ക് ഒരു ദേഷ്യവും ഇല്ല കിച്ചാ....

കിച്ചന്‍: അളിയാ ഇത് എന്റെ ആല്‍മാര്‍ത്ത ഫ്രണ്ട് ആണ്...എന്നെ ഏറ്റവും കൂടുതല്‍ അറിയാവുന്നത് ഇവനാണ്....അളിയന്‍ ഇവനോട് ചോദിച്ചു നോക്ക്...ഇവന്‍ പറഞ്ഞു തരും എന്നെ കുറിച്ച്...
സംഭാഷണത്തിന്റെ ഇടയ്ക്കു കയറി...

രവി: കിച്ചാ, എടാ നീ കുറച്ചു ഓവര്‍ ആണ് കേട്ടോ...വാ നമ്മള്‍ക്ക് പോകാം, ഒരുപ്പാട്‌ ലേറ്റ് ആയി..
കിച്ചന്‍: എടാ രവി ഈ രാത്രി എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലടാ...(അത് ഞാന്‍ പറയുമ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു രാത്രി ആയി അത് മാറും എന്ന്..)

അളിയന്‍: കിച്ചാ, ഇനി നീ വീട്ടിലോട്ടു പൊയ്ക്കോ...നിന്നെ ഈ കണ്ടീഷനില്‍ നന്ദ കാണണ്ട......രവി, കിച്ചനെ വീട്ടില്‍ കൊണ്ട് വിടണേ....
കിച്ചന്‍: (ഔട്ട്‌ ആയി കഴിഞ്ഞു) എടാ രവി, എന്റെ അളിയന്‍ പറയും പോലെ ചെയ്യടാ...നീ ആദ്യം അളിയനെ കൊണ്ട് അളിയന്റെ വീട്ടില്‍ കൊണ്ട് ചെന്നു വിട്...എന്നിട്ട് നിന്നെ ഞാന്‍ കൊണ്ട് പോയി വീട്ടില്‍ വിടാം...

രവി: ശരി ശരി നീ ബസ്സ്‌ സ്റ്റോപ്പില്‍ വെയിറ്റ് ചെയ്യ്‌....ഞാന്‍ ചേട്ടനെ വീട്ടിന്റെ മുന്നില്‍ വിട്ടിട്ടു വരാം....(അവന്‍ മനസ്സില്‍ പറഞ്ഞ തെറി അവന്‍ എന്നോട് പറഞ്ഞു...പക്ഷെ ഇവിടെ പറയാന്‍ പറ്റില്ല...ഗുംബ്ലീട്റ്റ് അടല്‍സ് ഒണ്‍ലി ആണ്)
അളിയന്‍: അപ്പൊ കിച്ചാ, നമ്മള്‍ക്ക് പിന്നെ കാണാം...നന്ദയോട് പറയരുത് കേട്ടോ??
കിച്ചന്‍: (ഫുള്‍ ഔട്ട്‌) ഷരി അളിഴ.....(കിച്ചന്‍ ചാരി....മതിലില്‍....റിമംബര്‍...കിച്ചന്‍ വീണിട്ടില്ല!!!!!)

രണ്ടു മൂന്ന് നിമിഷത്തേക്ക് അനക്കം ഒന്നും ഇല്ല....
രവി: എടാ എഴുനേല്‍ക്കു, നമ്മള്‍ക്ക് പോകാം....അളിയന്‍ ബൈക്കില്‍ വീട്ടിലേക്കു പോയി.....
കിച്ചന്‍: അതിനു ഇത്ര നേരം വേനമായിരിന്നോ ഡാ???

അവിടെന്നു രവിയുടെ വീട് വരെ ടിപ്പു സുല്‍ത്താന്റെ വാളും വെച്ച് കിച്ചന്റെ ചവിട്ടു നാടകം ആയിരിന്നു എന്ന് രവി പറയുന്നു...പക്ഷെ ഇന്ന് വരെ ഞാന്‍ സമ്മതിച്ചു കൊടുത്തിട്ടില്ല (എനിക്ക് നേരിട്ട് അനുഭവം ഇല്ലാത്ത കാര്യം ഞാന്‍ എങ്ങനെ സമ്മതിക്കും..)അങ്ങനെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ വാളും ആ രാത്രിയും രവിയുടെ കട്ടിലില്‍ ആണ് അവസാനിച്ചത്‌.....


പക്ഷെ അടുത്ത ദിവസം വീട്ടില്‍ എത്തിയ എന്നെ കാത്തിരുന്നത്...എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു മരണ വാര്‍ത്ത ആയിരിന്നു....

Tuesday, June 8, 2010

അളിയനോ അതോ കാലനോ??

നല്ല സുഹൃത്തുക്കള്‍ എന്ന് ദേവനന്ദ പറഞ്ഞത് ഞങ്ങള്‍ക്കിടയില്‍ ഒരു ലക്ഷ്മണരേഖ തീര്‍ക്കുവാനായിരുന്നു എന്നായിരുന്നു എന്റെ കൂട്ടുകാരുടെ അഭിപ്രായം (രമേശന്റെ അല്ല). നമ്മളെ പ്രേമിക്കാതെ, ലവളുമാരുടെ ബോഡിഗാര്‍ഡ് ആക്കാനുള്ള (ഇക്കാലത്ത് എ ടി എം, ചുമട്ടുകാരന്‍, ഡ്രൈവര്‍ അങ്ങനെ പലതും) ആക്കാനുള്ള പെണ്‍പിള്ളാരുടെ സ്ഥിരം നമ്പര്‍ ഇല്ലേ? ലതു തന്നെ ഇത് എന്നായിരുന്നു അവന്മാരുടെ പൊതുവായ അഭിപ്രായം. പക്ഷെ സത്യത്തില്‍ അവന്മാര്‍ക്ക് നന്ദയെ അറിയില്ലായിരുന്നു, എനിക്കും..

വളരെ ചുരുക്കം നാളുകളില്‍ ഞാനും നന്ദയും തമ്മില്‍ നല്ല സൗഹൃദം വളര്‍ന്നു. താമസിയാതെ സൗഹൃദം എന്ന് അവള്‍ വരച്ച ആ നേര്‍ത്ത രേഖ അവള്‍ തന്നെ മായ്ക്കുകയും ചെയ്തു. ഞാന്‍ അതിലൊക്കെ ഭാഗ്യവാനായ വെറും കാഴ്ച്ചക്കാരന്‍ മാത്രമായിരുന്നു എന്നത് വിനയം കൊണ്ട് പറയുകയല്ല, അമ്മച്ചിയാണേ മദര്‍ പ്രോമിസ്..

ഒരിക്കല്‍ അമ്മയുടെ ഓഫീസില്‍ ഞാന്‍ നന്ദയെ കൊണ്ട് പോയിരിന്നു പരിചയപ്പെടുത്താന്‍...പക്ഷെ ഫ്രണ്ട് ആണ് എന്ന് മാത്രം പറഞ്ഞു...("ഇതെന്റെ പ്രാണസഖി" എന്ന് വല്ലതും പറഞ്ഞിരുന്നു എങ്കില്‍ ചിലപ്പോള്‍ ഇന്ന് ഇത് എഴുതാന്‍ എന്റെ പ്രാണന്‍ ഉണ്ടാവുമായിരിന്നില്ല..അവര്‍ എന്നെ അന്നേ തട്ടിയേനെ)....ഞാനും നന്ദയും ഒരുപാട് കത്തുകള്‍ പരസ്പരം (ബൈ പോസ്റ്റ്‌)അയക്കുമായിരിന്നു...നന്ദയുടെ ഐഡിയ ആയിരിന്നു ഇത് ...നമ്മുടെ മനസ്സില്‍ ഉള്ളത് തുറന്നു പറയാന്‍ കത്തുകള്‍ ആണ് കൂടുതല്‍ നല്ലത് എന്ന് നന്ദ പറയുമായിരിന്നു...ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്......നന്ദയുടെ അച്ഛന്‍ ഹോമിയോ ഡോക്ടര്‍, അമ്മ ഹൌസ് വൈഫ്‌, ചേട്ടന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു...ഒരു ദിവസം കലാലയത്തില്‍ നന്ദ വന്നത് ചേട്ടനോടൊപ്പം ആയിരിന്നു...എന്നെ പരിചയപ്പെടുത്തിയത് "ചേട്ടാ, ഇതാ ഞാന്‍ പറഞ്ഞ കിച്ചന്‍..." എന്ന് ആയിരിന്നു...സത്യത്തില്‍ അടി ആണ് ഞാന്‍ പ്രതീഷിച്ചത്...ഭാഗ്യം കൊണ്ട് അടിക്ക് ചിരിയുടെ രൂപം ആയിരിന്നു...വളരെ നല്ല രീതിയില്‍ ആണ് എന്നോട് പുള്ളിക്കാരന്‍ സംസാരിച്ചത്...നന്ദയോടപ്പം ഒരു ദിവസം വീട്ടിലേക്കു വരണം എന്ന് പറഞ്ഞാണ് പിരിഞ്ഞത്...ചേട്ടന്‍ പോയതിനു ശേഷം ഞാന്‍ നന്ദയോട് ചോദിച്ചു "എന്താ എന്നെക്കുറിച്ച് ചേട്ടനോട് പറഞ്ഞത്??"...."എന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ഒരു തല്ലിപൊളിയെ കാണിച്ചു തരാം എന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് വന്നത്"...."അപ്പോള്‍ അടി വാങ്ങി തരാനുള്ള പരിപ്പാടി ആയിരിന്നു അല്ലേ?."........"അത് വീട്ടില്‍ വെച്ച് തരാന്‍ ആയിരിക്കും വീട്ടിലേക്കു ക്ഷണിച്ചത്"..ഇതും പറഞ്ഞു നന്ദ ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയി...ഒരു അവധി ദിവസം വീട്ടിലേക്കു വരാന്‍ നന്ദ പറഞ്ഞു...അച്ഛനെയും അമ്മയെയും കാണുകയും പരിചയപ്പെടുകയും ചെയ്യാം എന്ന് പറഞ്ഞു.......

അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട് ഞാനും (എന്റെ പഴയ ക്ലാസ്സ്‌മേറ്റ്‌) രവിയും കൂടി നന്ദയുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു....രവിയെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പെടാപ്പാട് ദൈവം തമ്പുരാന്‍ പോലും പൊറുക്കില്ല കേട്ടാ...അവസാനം 'എന്നെ കൊന്നിട്ടെ നിന്നെ തൊടൂ' എന്ന് വാക്ക് കൊടുത്തതിനു ശേഷം ആണ് അവന്‍ വരാം എന്ന് സമ്മതിച്ചത് ..തലേ ദിവസം കലാലയത്തില്‍ വെച്ച് നന്ദയോട് വീട്ടിലേക്കു എത്തേണ്ട വഴി എല്ലാം ചോദിച്ചു മനസ്സിലാക്കി..നമ്മള്‍ വൈകുനേരം ആയിരിക്കും വരുന്നത് എന്ന് നന്ദയെ അറിയിച്ചു...അടുത്ത ദിവസം വൈകിട്ട് സ്വയം മരണം വരിക്കാന്‍ പോകുന്ന രണ്ടു ധീരയോദ്ധാക്കളെ പോലെ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ ചെന്നു...അമ്മയുടെ വക നല്ല വരവേല്‍പ്പ് ലഭിച്ചു, പക്ഷെ നന്ദയുടെ അച്ഛന്‍ ഒരു തണുപ്പന്‍ മനോഭാവം ആണ് കാണിച്ചത്‌..അദേഹത്തെ, നമ്മള്‍ കൂടെ പഠിക്കുന്നവര്‍ ആണെന്നും അത് വഴി പോയപ്പോള്‍ കയറിയത് ആണ് എന്ന് പറഞ്ഞു ഫലിപ്പിച്ചു...(തന്തപടി അത് വിശ്വസിച്ചോ ഇല്ലയോ...ഒരു പിടിയും ഇല്ല) അമ്മയോട് നന്ദ എന്നെ കുറിച്ച് കൂടുതല്‍ വിവരണം നല്കിയിരിന്നു എന്ന് എനിക്ക് മനസ്സിലായത്‌ പുള്ളികാരിയുടെ സ്പെഷ്യല്‍ ഉപദേശങ്ങള്‍ കേട്ടപ്പോള്‍ ആണ്....ചായയും വിവിധതരം പലഹാരങ്ങളും കഴിച്ചു കുറച്ചു നാട്ടുവര്‍ത്തമാനവും കലാലയ ജീവിതത്തെ കുറിച്ച് കുറച്ചു കത്തി ഒക്കെ വെച്ച് ഒരു രണ്ടു മണികൂര്‍ അവിടെ ചിലവഴിച്ചു...

നന്ദയോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം, നന്ദയുടെ ചേട്ടന്‍ എന്റെ അടുത്ത് വന്നു രഹസ്യമായിട്ടു പറഞ്ഞു.."കിച്ചാ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കണം...ഞാന്‍ അഞ്ചു മിനിട്ട് കഴിഞ്ഞു വരാം...ഞാന്‍ വന്നിട്ട് പോയാല്‍ മതി കേട്ടോ??"...വയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി.....അനിയത്തിയുടെ മുന്നില്‍ മര്യാദരാമന്‍ ആയി അഭിനയിച്ചിട്ട് എന്നെ ഒറ്റെക്ക് കിട്ടുമ്പോള്‍ തട്ടാന്‍ ആണോ ഭാവം??....നന്ദയുടെ ചേട്ടനോട് പറ്റില്ല എന്ന് പറയാന്‍ പറ്റുമോ??..രണ്ടുപേരുടെ തലവര ആ ബസ്സ്‌ സ്റ്റോപ്പ്‌ വരെ മാത്രമേ പറഞ്ഞിട്ടുള്ളൂ എങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍.."ശരി" എന്ന് പറഞ്ഞു നമ്മള്‍ ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു...രവിയോട് ഞാന്‍ നന്ദയുടെ ചേട്ടന്‍ പറഞ്ഞ കാര്യം പറഞ്ഞു...

രവി ഒരുതരത്തിലും നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല...അവന്‍ അപകടം മണത്തു പിടിച്ച പോലെ നിന്ന് മുരളുന്നു...പിന്നെ വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി നില്‍ക്കുമ്പോള്‍ ആണ് ദൂരെ നിന്നും നന്ദയുടെ ചേട്ടന്‍ തന്റെ മോട്ടോര്‍ ബൈക്കില്‍ ഒരു തടിമാടനെയും കൂട്ടി വരുന്നത് കണ്ടത്....രവി എന്റെ പുറകിലേക്ക് ഒന്ന് മാറിയോ എന്ന് ഒരു സംശയം...തിരിഞ്ഞു നോക്കിയപ്പോള്‍ ശരി തന്നെ...എടുത്തു ചാടി ഓടാന്‍ അവിടുത്തെ വഴികള്‍ നല്ല പരിചയം ഇല്ലല്ലോ എന്ന ചിന്ത മനസ്സില്‍ വന്നിട്ടാണോ എന്നറിയില്ല, രവി ചുറ്റും നോക്കി. പിന്നെ എന്‍റെ മുഖത്തേക്കും. അവനെ വിളിച്ചു കൊണ്ടുവന്നപ്പോള്‍ 'എന്നെ കൊന്നിട്ടെ അവര്‍ നിന്നെ തൊടു' എന്നോ മറ്റോ (സത്യമായിട്ടും മറന്നു പോയി) ഞാന്‍ കൊടുത്ത വാക്ക് വിശ്വസിച്ചു കൂടെ വന്നതിന് നന്ദയുടെ ചേട്ടന്റെയും കൂട്ടുകാരന്റെയും കയ്യില്‍ നിന്നും രണ്ടിടി കൂടുതല്‍ ചോദിച്ചു വാങ്ങിക്കണം എന്ന് രവി തീരുമാനിച്ചു കാണണം. ഉഷ്ണിച്ച വിയര്‍പ്പു പോലും ആവിയാകുന്ന പരുവത്തില്‍ വിരണ്ടു നില്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍..

Thursday, June 3, 2010

ജസ്റ്റ് ഫ്രണ്ട്സ്???

ഹംസം നളനാവുകയോ??? ഞാന്‍ ആ കുട്ടിയോട് രമേശന്റെ കാര്യം തന്നെ അല്ലേ സംസാരിച്ചത്, പിന്നെ ഇതെങ്ങനെ സംഭവിച്ചു?...ഇനി ഇപ്പൊ ഗീതുവും രമേശനും കൂടി എന്നെ കുരങ്ങ് കളിപ്പിക്കുകയാണോ?? എങ്കില്‍ രണ്ടിന്റെയും കൊലപാതകം, ശവമടക്ക്, അടിയന്ദരം, കഞ്ഞി വീഴ്ത്, ആണ്ടുബലി ഇതെല്ലാം കൂടി ഞാന്‍ ഒറ്റ ദിവസം കൊണ്ട് നടത്തും...പക്ഷെ അവന്റെ ആ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അവന്‍ കള്ളം പറഞ്ഞതല്ല എന്ന് എനിക്ക് തോന്നി...എത്ര ആലോചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല....ഇതൊക്കെ ചിന്തിക്കുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ ബസ്സ്‌ സ്റ്റോപ്പ്‌ മുഴുവന്‍ സ്കാന്‍ ചെയ്യുകയായിരിന്നു...അവിടെ എങ്ങും നന്ദയെ കാണുന്നില്ല..രമേശനോട് ചോദിക്കാനും വയ്യാത്ത അവസ്ഥ...എന്തായാലും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയേ പറ്റു...പക്ഷെ അതിനു നന്ദയെ കാണണം...

രമേശനോട് ഒന്നും പറയാതെ നേരെ നടന്നു ഗീതുവിന്റെ കൂട്ടുകാരികളുടെ അടുത്ത് ചെന്നു ചോദിച്ചു "ഗീതു എവിടെ??" കൂട്ടത്തില്‍ ഒരുത്തി കിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു "ഗീതു ഉച്ചക്ക് തന്നെ വീട്ടില്‍ പോയി, എന്താ കിച്ചാ കാര്യം??" ...അവളുടെ ചിരി കണ്ടപ്പോള്‍ ചെവിക്കു പിടിച്ചു കിഴുക്ക്‌ കൊടുക്കാന്‍ ആണ് തോന്നിയത്..എന്നെ ഞാന്‍ തന്നെ കണ്ട്രോള്‍ ചെയ്തു കൊണ്ട് വീണ്ടും ചോദിച്ചു "ആ പുതിയ കുട്ടിയും പോയോ?? എന്താ അതിന്റെ പേര്..ദേവ എന്നോ നന്ദ എന്നോ അല്ലെ?"..തലയില്‍ കൂടം കൊണ്ട് അടിച്ച പോലെ തോന്നി മറുപടി കേട്ടപ്പോള്‍ "ആ കുട്ടിയെ അതിന്റെ ചേട്ടന്‍ വന്ന് കൂട്ടികൊണ്ട് പോയി".......നല്ല കാലം വരും നല്ല കാലം വരും എന്ന് പറയുന്നത് ഇതിനെ ആണ്...ഒരു വശത്ത് ആല്‍മാര്‍ത്ത സുഹൃത്ത്‌ എന്നെ തട്ടാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നു മറ്റൊരു വശത്ത് എന്നെ ഇഷ്ടമാണെന്ന് പറയുന്ന പെണ്‍കുട്ടിക്ക് ഒരു ചേട്ടനും....മരണം എന്നെ കൈയും കാലും നീട്ടി വിളിക്കുന്നത്‌ പോലെ തോന്നി. നാല് കുപ്പി കള്ളിന് എന്റെ ജീവന്‍ വിലയായി കൊടുക്കേണ്ടി വരുമോ???.

അടുത്ത ദിവസം രാവിലെ തന്നെ കലാലയത്തില്‍ എത്തി...ആദ്യം ഗീതുവിനെ കണ്ടുപിടിച്ചു...ഉണ്ടായ സംഭവം അവളോട്‌ പറഞ്ഞു...അവള്‍ ഒരു തമാശക്ക് വേണ്ടി ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എന്ന് പറഞ്ഞു തല ഊരി....'അവളുടെ ഒരു ധമാഷ'....മനുഷ്യന്റെ ഉറക്കവും പോയി, മനസമാധാനവും പോയി, രാത്രി ഇടയ്ക്കു ഇടയ്ക്കു ഉണരുന്നത് കൂടുകയും ചെയ്തു(തെറ്റുധരിക്കണ്ട ദുസ്വപ്നം കണ്ടിട്ടല്ല കേട്ടോ)..........ഗീതുവിനെ കുറ്റം പറയാനും പറ്റില്ല, ഇതൊന്നും അവളുടെ അറിവോടെ അല്ലല്ലോ.....ഇതുവരെ നന്ദ വന്നിട്ടുമില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു.....നന്ദയെ കണ്ടതിനു ശേഷം രമേശനോട് സംസാരിക്കാം എന്ന് കരുതി അവന്റെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു....പക്ഷെ നന്ദയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിന് ഒരു അറുതി വന്നത് മൂന്നാം ദിവസം ആണ്(സംശയിക്കണ്ട..യേശു ക്രിസ്തു ഒന്നും അല്ല....) നായിക കലാലയത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ ചാരന്മാര്‍ വിവരം അറിയിച്ചു....ക്ലാസ്സില്‍ കയറുന്നതിനു തൊട്ടു മുന്‍പ് തന്നെ നന്ദയെ കണ്ടു....എന്നെ കണ്ടയുടനെ "കിച്ചാ എനിക്ക് ക്ലാസ്സില്‍ കയറണം..നമ്മള്‍ക്ക് ഉച്ചക്ക് ബ്രേക്ക്‌ ടൈമില്‍ സംസാരിക്കാം" ഇതും പറഞ്ഞു നന്ദ ക്ലാസ്സിലേക്ക് കയറി....

"പണ്ടാരം അടങ്ങാന്‍, ലവള് എന്താ ആളെ കളി ആക്കുകയാണോ??? ലതിന് ഇപ്പൊ ഈ ക്ലാസ്സില്‍ കയറിയേ പറ്റു പോലും, ആരെ തോല്പ്പിക്കാനാ ഇങ്ങനെ പഠിക്കുന്നത്?? മനുഷ്യന് ഇവിടെ ഉറക്കം പോയിട്ട് ദിവസം കുറച്ചായി."...ഉള്ളില്‍ തിളച്ചു പൊന്തി വന്ന കലി ക്ലാസ്സിന്റെ പുറത്തുള്ള ചുവരില്‍ ഞാന്‍ തീര്‍ത്തേനെ...എന്റെ കൈ ആണല്ലോ എന്ന് ഓര്‍ത്തു മാത്രം ഞാന്‍ അങ്ങ് ക്ഷമിച്ചു....അവള്‍ക്ക് എന്താ പറയാനുള്ളത് എന്ന് കേള്‍ക്കാം...ഈ ഉച്ചവരെ ഉള്ള കാത്തിരിപ്പ്‌...നമ്മുടെ ക്ഷമയുടെ ഗൂസ്ബെറി പ്ലേറ്റ് വരെ കണ്ടു കഴിഞ്ഞു...ഇനി അങ്ങോട്ട്‌ ഇല്ല എന്ന് സൈറന്‍ അടിച്ചതും ബ്രേക്ക്‌ ടൈം ബെല്‍ കേട്ടതും ഒരുമിച്ചായിരിന്നു.....നന്ദയുടെ ക്ലാസ്സിലേക്ക് പോകുന്ന വഴിയില്‍ രമേശന്‍ നില്‍ക്കുന്നത് കണ്ട് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു.."രമേശാ, എടാ അവള് ചിലപ്പോള്‍ നിന്നെ ഒന്ന് കളിപ്പിച്ചതായിരിക്കും..എന്തായാലും ഞാന്‍ ഒന്ന് പോയി സംസാരിക്കട്ടെ..നീ ഒന്ന് ക്ഷമി"....."തമാശയും കാര്യവും കണ്ടാല്‍ തിരിച്ചറിയാനുള്ള വിവരം എനിക്ക് ഉണ്ട്..അതുകൊണ്ട് നീ അത് വിട് കിച്ചാ"..ഇവന്‍ ഇപ്പോഴും എന്നെ തട്ടാന്‍ തന്നെ ആണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ ഒന്നും സംസാരിക്കാന്‍ നില്‍കാതെ നേരെ നന്ദയുടെ ക്ലാസ്സിലേക്ക് ചെന്നു...

നന്ദയും ഗീതുവും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എത്തുമ്പോള്‍..എന്നെ കണ്ടതും ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച്‌ ഗീതു പുറത്തേക്കു ഇറങ്ങി..അന്നത്തെ പോലെ കസേര നീക്കി നന്ദയുടെ മുന്നില്‍ ഇരിന്നു...നന്ദ മുഖത്ത് ഒരു ചെറിയ ചിരി വരുത്തി..

ഞാന്‍: രണ്ടു ദിവസം എവിടെ ആയിരിന്നു??
നന്ദ: പനി പിടിച്ചു..(ഒരല്‍പ്പം പേടിച്ചോ എന്ന് ഒരു സംശയം)

ഞാന്‍: പനി ആരെ പിടിച്ചെന്ന്??
നന്ദ: അത്....എനിക്ക് പനി ആയിരിന്നു...അതാ കോളേജില്‍ വരാത്തത് ...

ഞാന്‍: ശരി അത് പോട്ടെ, ഞാന്‍ ഇപ്പോള്‍ വന്നത് എന്തിനാ എന്ന് മനസ്സില്ലയോ??
നന്ദ: അറിയാം...

ഞാന്‍: താന്‍ എന്തിനാ രമേശനോടു അന്ന് അങ്ങനെ പറഞ്ഞത്???
നന്ദ: അത് ഞാന്‍...ശല്യം ഒഴിവാക്കാന്‍ വേണ്ടി ആണ് കിച്ചന്റെ പേര് പറഞ്ഞത്...സോറി..(അമ്മച്ചിയാണേ ഞാന്‍ വിചാരിച്ചു എന്റെ ഗ്ലാമര്‍ കണ്ട് പെണ്ണ് വീണതാവും എന്ന്...എന്നിട്ട് ഇപ്പൊ എന്റെ പേരും പറഞ്ഞു ലവള് ആളെ പേടിപ്പിക്കുന്നു..ഇവള് ആള് കൊള്ളാമല്ലോ)

ഞാന്‍: കൊള്ളാം വേറൊരു പേരും തനിക്കു കിട്ടിയില്ലേ പറയാന്‍????
നന്ദ: കിച്ചന്റെ പേര് പറഞ്ഞാല്‍ പിന്നെ വേറെ ആരും ശല്യത്തിന് വരില്ല എന്ന് അറിയാവുന്നത് കൊണ്ട് പറഞ്ഞു പോയതാ..ഞാന്‍ സോറി പറഞ്ഞില്ലേ കിച്ചാ?(സത്യത്തില്‍ ഒരല്‍പ്പം വെഷമം തോന്നി കേട്ടോ)

എന്താ പറയേണ്ടത് എന്ന് ഒരു പിടിയും ഇല്ല...ഇനി ഇപ്പോള്‍ രമേശനോട് ഞാന്‍ എന്ത് പറയും..അവന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ആണ് നന്ദ എന്റെ പേര് പറഞ്ഞത് എന്ന് അറിഞ്ഞാല്‍ വയലന്റ് ആകും, ലവന്‍ എന്നെ തട്ടും ഉറപ്പാ..

കുറച്ചു നേരം നന്ദയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിന്നിട്ട് ഞാന്‍ പതുക്കെ എഴുനേറ്റ് പുറത്തേക്കു നടക്കാന്‍ തുടങ്ങി.....നന്ദ പുറകില്‍ നിന്നും വിളിച്ചു, ഞാന്‍ തിരിഞ്ഞു നോക്കി . നന്ദയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി . പക്ഷേ കണ്ണുകളില്‍ ഒരു കുസൃതിയുടെ തിളക്കവും.."കിച്ചാ നമ്മള്‍ക്ക് നല്ല ഫ്രണ്ട്സ് ആയിട്ടിരിക്കാം..എന്താ??"