Wednesday, December 29, 2010

നിമിത്തങ്ങള്‍-1

ഞാന്‍ വളര്‍ന്നത് തറവാട്ടില്‍ ആണെന്ന് മുന്‍പ് പറഞ്ഞിരുന്നുവല്ലോ, ആദ്യത്തെ ചെറുകുട്ടിയായത് കൊണ്ട് കുറച്ചു കൂടുതല്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് ഞാന്‍ അവിടെ വളര്‍ന്നത്‌‌. ആ ഒരു കാരണം കൊണ്ട് തന്നെ തറവാട്ടില്‍ ഉള്ള ആരോടും എനിക്ക് 'പറ്റില്ല' എന്ന് പറയുവാന്‍ കഴിയുമായിരിന്നില്ല. അതു കൊണ്ട് കടയുടെ കാര്യത്തില്‍ അച്ഛന്റെ അനുജനോട് വ്യക്തമായ ഒരു മറുപടി നല്‍കാതെ ആണ് ഞാന്‍ തിരികെ വീട്ടില്‍ വന്നത്. അച്ഛനോടും അമ്മയോടും ഞാന്‍ സൗദി റീടേണ്‍സിന്റെ ഭാവി പരിപാടിയെ കുറിച്ച് അറിയിച്ചു. ഇതുപോലൊരു വാഗ്ദാനം അദ്ദേഹം മുന്നേ തന്നിട്ടുള്ള അനുഭവം അറിയാവുന്നത് കൊണ്ട് രണ്ടുപേരും കൂടി മുന്‍കൈ എടുത്തു എങ്ങനെയെങ്ങിലും ഇത് എന്റെ തലയില്‍ നിന്നും ഒഴുവാക്കി തരണമെന്നും, അല്ലെങ്കില്‍ ഇത്ര വര്ഷം ടൂറിസം ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്തത് വെറുതെ ആകുമെന്നും പറഞ്ഞു, പക്ഷെ അച്ഛന് അനുജനോടുള്ള വിശ്വാസം, അമ്മക്ക് മകന്റെ ഭാവിയെ കുറിച്ചുള്ള വേവലാതിയും ഇത് രണ്ടുമാകണം കാരണം, രണ്ടുപേര്‍ക്കും ലതങ്ങു ബോധിച്ചു. പിന്നെ ഉള്ള ദിവസങ്ങളില്‍ എന്ത് തന്നെ സംസാരം തുടങ്ങിയാലും അവസാനം ചെന്ന് നില്‍ക്കുന്നത് ഒരു കട സ്വന്തമാക്കിയാല്‍ ഉള്ള നല്ല വശങ്ങളെ കുറിച്ചായിരിക്കും. സത്യത്തില്‍ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹവും പിന്നെ അവരുടെ സ്നേഹത്തോടെ ഉള്ള നിര്‍ബന്ധവും കാരണം ഒടുവില്‍ എനിക്ക് 'യെസ്' പറയേണ്ടി വന്നു.

അങ്ങനെ ഒരു മാസത്തെ നോട്ടീസ് കൊടുത്തു ടൂറിസം ഫീല്‍ഡ്നോട് ഞാന്‍ വിടപറഞ്ഞു. ഇത്തവണ സൗദികാരന്‍ തന്റെ തനിസ്വഭാവം കാണിക്കാതെ പറഞ്ഞത് പോലെ രണ്ടു ടു-വീലെര്‍ സ്പൈര്‍പാര്‍ട്സ് കടകള്‍ തുടങ്ങി. ഒന്ന് സിറ്റിയുടെ ഹൃദയഭാഗത്തും(അത് സാമാന്യം വലിയ ഒരു കട), മറ്റൊന്ന് സിറ്റിയുടെ പുറത്തും, എന്ന് പറഞ്ഞാല്‍ ഒരു ഓണംകേറാ മൂലയിലും.(ഇത് ഒരു ചെറിയ മുറുക്കാന്‍ കടയുടെ വലിപ്പത്തില്‍). ഫുള്‍ ടാങ്ക് പെട്രോളും അടിച്ചു ബൈക്കില്‍ കറങ്ങി നടന്ന ഞാന്‍ കട തുറന്നു രണ്ടാം ദിവസം മുതല്‍ ബസ്സിലായി യാത്ര. ദിവസവും രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മാത്രമേ ഒരു എട്ടു എട്ടരക്ക് എങ്കിലും കട തുറക്കാന്‍ പറ്റൂ. എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് കട അടച്ചു കര്പൂരവും കത്തിച്ചു, ഒന്‍പതു മണിക്ക് മുന്നേ സിറ്റിയില്‍ ഉള്ള കടയില്‍ ചെന്ന് അതാതു ദിവസത്തെ കണക്കുകള്‍ ഏല്പ്പി്ക്കണം. ദിവസവും പത്തു രൂപ തരും അടുത്ത ദിവസത്തെ വണ്ടി കൂലിയായി. അതും വാങ്ങി വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം പത്തു മണിയാകും. ഇതായിരിന്നു ദിനചര്യ. കൂട്ടുകാരെ പോലും കാണാന്‍ അവസരം കിട്ടുന്നത് ഞാറാഴ്ച ദിവസം ആയിരിന്നു, അല്ലെങ്ങില്‍ ഒരു ബന്ദോ ഹര്‍ത്താലോ വരണം. ഈ കടയില്‍ വെച്ചാണ് ഞാന്‍ ബിസിനസ്‌ന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്. നാക്കിന്റെ ബലത്തില്‍ മാത്രം പിടിച്ചു നില്ക്കാന്‍ പറ്റുന്ന ഒരു അങ്കതട്ട് ആണ് ഈ ബിസിനസ്‌ ലോകം എന്ന് ഞാന്‍ മനസ്സിലാക്കിയത് അവിടെ വെച്ചാണ്. പലതവണ കരുതിയതാണ്, എല്ലാം ഇട്ടെറിഞ്ഞു പോകണമെന്ന്, പക്ഷെ എന്നെ വിശ്വസിച്ചു ഏല്‍പിച്ച ഒരു കാര്യം, അത് ന്യായമായ കാര്യമില്ലാതെ ഒരു സുപ്രഭാതത്തില്‍ ചെന്ന് താക്കോല്‍ മുന്നിലേക്ക്‌ ഇട്ടു കൊടുത്തിട്ട് "എനിക്ക് ഇനി വയ്യാ, താന്‍ വേറെ ആളെ നോക്ക്" എന്ന് പറയാന്‍ കഴിയുമായിരിന്നില്ല. പിന്നെ മുകളില്‍ ഇരിക്കുന്ന അങ്ങേരു തലയില്‍ വരച്ചത് ഇതാണെങ്ങില്‍ പിന്നെ നമ്മള്‍ മസ്സില്‍ പിടിച്ചിട്ടു വല്ല കാര്യവും ഉണ്ടോ?.(മുകളില്‍ ഇരുന്നു കൊണ്ട് അങ്ങേര്‍ക്കു എന്തും ആകാമല്ലോ, ആരെയും പേടിക്കണ്ടല്ലോ) ഇങ്ങനെ ഒക്കെ ആയിരിന്നു എന്റെ ചിന്ത ഏതാണ്ട് ആദ്യ മൂന്ന് മാസം. പക്ഷെ എല്ലാം മാറി മറിഞ്ഞത് ഒരെറ്റ ദിവസം കൊണ്ടായിരിന്നു.

എല്ലാ ദിവസവും ഉച്ചക്കുള്ള ഭക്ഷണം അമ്മ രാവിലെ തന്നെ പൊതിഞ്ഞു തരും. വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് ഒരു ചായ കുടിക്കാനുള്ള നേരം കിട്ടിയാല്‍ ഭാഗ്യം. എന്റെ എട്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ തന്നെ പൊതിചോറ് കൊണ്ട് പോകുന്ന പരിപാടി നിര്‍ത്തി വെച്ചതാണ്, പക്ഷെ വീണ്ടും അത് ചുമക്കാന്‍ ആണ് വിധിയെങ്ങില്‍ പിന്നെ പിടിച്ചാ കിട്ടുമോ?? ദിവസവും കിട്ടുന്ന പത്തു രൂപയില്‍ നിന്നും രാവിലെയും വൈകിട്ടും പോയി വരുന്ന വണ്ടി കൂലിയും കഴിഞ്ഞു വല്ലതും മിച്ചം കാണും. മിക്കവാറും ഈ മിച്ചം പിടിക്കുന്ന കാശ് ആണ് രാവിലത്തെ ഭക്ഷണം കഴിക്കാന്‍ ഉപയോഗത്തില്‍ വരുന്നത്. കടയുടെ തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട്, ഒരു രൂപ കൊടുത്താല്‍ നാല് ചൂട് ദോശയും നല്ല സ്വാദേറിയ സാമ്പാറും കിട്ടും. വിശപ്പ്‌ തീരെ സഹിക്കാന്‍ പറ്റാത്ത ദിവസം ഈ ഹോട്ടല്‍ ആണ് ഏക ശരണം. കാരണം ' ബെഗ്ഗര്‍സ് കാന്റ് ബി ചൂസേര്‍സ്സ് ' എന്ന അവസ്ഥ. അങ്ങനെയിരിക്കെ ഒരു ദിവസം ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് തൊട്ടടുത്ത്‌ ഉണ്ടായിരുന്ന മേശയുടെ മുകളില്‍ കിടന്ന പുസ്തകം കണ്ടത്, കടയില്‍ വെറുതെ ഇരിക്കുമ്പോള്‍ വായിക്കാം എന്ന് കരുതി എടുത്തു നോക്കിയപ്പോള്‍ ആണ് മനസ്സിലായത്‌ അത് ഒന്നോ രണ്ടോ വര്‍ഷത്തെ മാത്രം പഴക്കമുള്ള ഒരു സ്കൂള്‍ മാഗസിനെ ആണെന്ന്. പ്രതേകിച്ചു ഒന്നും വായിക്കാന്‍ തോന്നിയില്ല. വെറുതെ രണ്ടു മൂന്ന് താളുകള്‍ മറിച്ചു നോക്കി, ആ താളുകളില്‍ ഒന്നില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഫോട്ടോ, ആ ഫോട്ടോയില്‍ ഞാന്‍ ആദ്യം കണ്ടത് അവാര്‍ഡു കൊടുക്കുന്ന പ്രായമായ സ്ത്രീയെയും അത് വാങ്ങാന്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെയും അല്ലായിരിന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ ദിവസവും രാവിലെ ഞാന്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന അതെ പാല്‍പുഞ്ചിരിയുമായി അവരുടെ ഇടയില്‍ നില്‍ക്കുന്ന ലച്ചുവിനെ ആണ്.




ഇവിടെ വന്ന് എന്‍റെ കത്തി സഹിക്കുന്ന എല്ലാവര്‍ക്കും, പിന്നെ ലച്ചുവിനും....
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Tuesday, December 14, 2010

ഡ്രീം ടൂര്‍സ്

"ഇപ്പ ശരിയാക്കി തരാം" എന്ന് പറഞ്ഞു പറഞ്ഞു വര്ഷം ആറ് കഴിഞ്ഞു. പുള്ളികാരന്‍ നാട്ടില്‍ ഓരോ തവണ വരുമ്പോഴും എന്റെ പ്രതീക്ഷകള്‍ ആകാശം മുട്ടെ പൊങ്ങും, മറുപടി കേള്‍ക്കുമ്പോള്‍ മൂടും തല്ലി താഴെ വീഴും. വിസയുടെ കാര്യം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി "ട്രാവെല്‍സിന്റെ പേപ്പര്‍ വര്‍ക്ക്‌ അവിടെ നടക്കുകയാണ്." (ഈ പേപ്പര്‍ വര്‍ക്കി കൊണ്ട് നടക്കുന്നത് എവിടെയാണാവോ എന്തോ??). അവസാനം ഇതിനൊരു തീരുമാനം ആയത് അദ്ദേഹത്തിന്റെ ഒരേ ഒരു പുന്നാര അളിയന് വിസ അയച്ചു കൊടുത്തപ്പോള്‍ ആണ്. എനിക്ക് വാഗ്ദാനം ചെയ്ത അതെ വിസ!!. ("മോനെ, സുഖമാണോടാ നിനക്ക്? എന്റെ കുഞ്ഞ് ഒത്തിരി ക്ഷീണിച്ചു പോയല്ലോ, നല്ല വരട്ടി എടുത്ത ചിക്കന്‍ കറി ഉണ്ട്, ചോറ് വിളമ്പട്ടെ നിനക്ക്?" എന്ന് എപ്പോഴും ചിരിച്ചു കൊണ്ട് ചോദിക്കുന്ന സ്നേഹനിധിയായ കുഞ്ഞമ്മയുടെ ശക്തമായ തലയണമന്ത്രം ഇതിനു പുറകില്‍ പ്രവര്ത്തിച്ചോ എന്ന് സംശയം ഉണ്ട്. കിച്ചന് എന്നും സംശയങ്ങള്‍ ബാക്കി അല്ലേ?) അവധിക്കു നാട്ടില്‍ വന്ന പുള്ളികാരന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞ ന്യായീകരണം "എടാ അവന്‍ ഡിഗ്രി കമ്പ്ലീട്റ്റ് ചെയ്തതാ, നീ ആണെങ്ങില്‍ വെറും പത്താം ക്ലാസും!!!"......"അതെന്താടോ, ആറ് മാസത്തെ ട്രാവല്‍ & ടൂറിസം കോഴ്സിനും, കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനും ഒരു വിലയും ഇല്ലേ??" എന്ന് ഞാന്‍ ചോദിക്കാനും, പഴയ മസ്സില്മാന്റെ കൈ എന്റെ മൃദുലമായ കരണത്തില്‍ വീഴാനും ഒരു സെക്കണ്ടില്‍ അധികം സമയം എടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്‌ മാത്രം നാവിന്റെ തുമ്പത്ത് വന്ന ആ വിലയേറിയ ചോദ്യം അപ്പാടെ അങ്ങട് വിഴുങ്ങി. സത്യത്തില്‍ പഠനത്തിന്റെ വില മനസ്സിലാക്കിയ ദിവസം ആയിരിന്നു അന്ന്. എന്നൊക്കെ പറയണമെങ്ങില്‍ കിച്ചന്‍ വേറെ ജനിക്കണം. കിച്ചന് ഇപ്പോള്‍ ഒരു ജോലി ഉണ്ട്, കൂടാതെ ആ ഫീല്‍ഡില്‍ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

വീണ്ടും അതെ ട്രവേല്സില്‍ ഒരു വര്ഷം കൂടി പണി ചെയ്തു. ഗസ്റ്റ് റിലേഷന്‍സ് ഓഫീസര്‍ ആയിട്ട് വര്‍ക്ക്‌ ചെയ്ത ഏഴു വര്ഷം കൊണ്ട് ടൂറിസം ഫീല്‍ഡ്-ലെ പല തരത്തിലുള്ള പുലികളെയും പരിചയപെടാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ എന്റെ മന്ഗ്ലിഷും കുറച്ചു മെച്ചപെട്ടു. ജോലി കിട്ടി ഒരാഴ്ചക്കുള്ളില്‍ കുറച്ചു പോസ്റ്റ്‌ കാര്‍ഡും, സ്റാംബുമായി എന്റെ മുന്നില്‍ വന്നു "ഡു യു ഹാവ് ഗ്ലു?" എന്ന് ചോദിച്ച മദാമ്മയോട്‌ ഒട്ടും ഗമ കുറക്കാതെ "ഗീവ് മി ദോസ് പോസ്റ്റ്‌ കാര്‍ഡ്സ്...ഐ വില്‍ പേസ്റ്റ് യു" എന്ന് പറഞ്ഞ ഞാന്‍ ഇന്ന് കൂടുതല്‍ തെറ്റില്ലാതെ മംഗ്ലീഷ് പറയാന്‍ കാരണം ആ ഏഴു വര്‍ഷമാണ്‌. (ഹിന്ദി പോലെ തന്നെ ഇംഗ്ലീഷും എനിക്ക് ഒരു ബാലി കേറാ മലയാണ്....(മലയാളവും...)) ടൂറിസം ഫീല്‍ഡില്‍ ഉള്ള സകലമാന കള്ളമാരെയും നേരിട്ടും അല്ലാതെയും പരിചയം ആയി, എങ്കില്‍ പിന്നെ എന്തുകൊണ്ട് സ്വന്തമായി ഒരു ട്രാവെല്‍സ് ആയികൂടാ??. വീട്ടില്‍ നിന്നും അനുവാദം വാങ്ങിയാല്‍ അച്ഛന്റെയും അമ്മയുടെയും ഗവ.ജാമ്യവും ഉള്ള കുറച്ചു പുരയിടം ഈടും കൂടി കൊടുത്താല്‍ ഒരു ലോണ്‍ തരപെടുത്തി എടുക്കാം. എത്രയും പെട്ടെന്ന് തന്നെ വീട്ടില്‍ നിന്നും വീട്ടുകാരെയും കൊണ്ട് പെരുവഴിയിലേക്ക്‌ ഇറങ്ങിയേക്കാം എന്ന് മുകളില്‍ ഇരിക്കുന്ന അങ്ങേര്‍ക്കു വാക്ക് പറഞ്ഞു, നേരെ ചെന്ന് അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു. ഡോളറിന്റെയും പൌണ്ടിന്റെയും രൂപത്തില്‍ വന്നു കയറാന്‍ പോകുന്ന ലക്ഷ്മിയെ കുറിച്ച് ഞാന്‍ ഒരു അലക്ക് അങ്ങ് അലക്കി . രണ്ടുപേരും എല്ലാം ക്ഷമയോടെ കേട്ടു, എന്നെ കുറിച്ച് നല്ല വൃത്തിയും വെടിപ്പുമായി അറിയാവുന്നത് കൊണ്ട് ആയിരിക്കും "മോനെ കിച്ചാ, നീ ഞങ്ങളെ രണ്ടുപേരും കൊണ്ട് പിച്ച ചട്ടി എടുപ്പിച്ചേ അടങ്ങു അല്ലേ??" എന്ന് ചോദിക്കുന്നതിനു പകരം "സ്വന്തമായിട്ട് ഒരു ട്രാവെല്‍സ്, ഉന്നുടെ ഐഡിയ റൊമ്പ നല്ലായിരുക്ക്, ആനാല്‍ കാല്‍ എനുടേത്. മോന്‍ തല്‍കാലം കാശിനു വേറെ വല്ല വഴിയും നോക്കു" എന്നാണു തമിള്‍സെല്‍വി (എന്റെ അമ്മ) പറഞ്ഞത്. (ഒരു വലിയ തമിള്‍ തറവാട്ടില്‍ പിറന്നതിന്റെ ഓരോരോ പ്രശനങ്ങളെ!!!.)

“ഡ്രീം ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്” പേര് കിട്ടി. പക്ഷേ എത്ര ആലോചിച്ചിട്ടും കാശിനുള്ള ഒരു വഴിയും കിട്ടുന്നില്ല. ഏതു വഴി ചിന്തിച്ചാലും അവസാനം ചെന്ന് നില്‍ക്കുന്നത്, ഉള്ള പതിനാറു സെന്‍റ് ഭൂമിയുടെയും അച്ഛന്റെയും അമ്മയുടെയും ഗവ ജാമ്യത്തിലും ആണ്. എപ്പോഴും കൂടെ നടക്കുന്ന വല്ല കുരിശിനെയും കൂട്ട് പിടിക്കാം എന്ന് വിചാരിച്ചതാണ്, പക്ഷെ ട്രാവെല്‍സ് തുടങ്ങി ഒരു മാസത്തിനകം മുന്‍വശത്തെ കതകില്‍ "ട്രാവെല്‍സ് ഷിഫ്റ്റ്‌ഡ് ടു നെക്സ്റ്റ് ബാര്‍" എന്ന ബോര്‍ഡ്‌ അവന്മാര് തൂക്കിയിരിക്കും എന്ന് നല്ല വിശ്വാസം ഉള്ളതു കൊണ്ട് ഒരു കൂട്ട് ബിസിനസ്‌ വേണ്ട എന്ന് വെച്ചു. “ഡ്രീം ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്” എന്റെ വെറുമൊരു ഡ്രീംസ് ആയി മാറുമോ എന്നു ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തു. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു തുടങ്ങിയ നേരത്താണ്, അച്ഛന്റെ അനുജന്‍ പെട്ടിയും കിടക്കയും എടുത്തു നാട്ടിലേക്കു മടങ്ങിയത്.(എനിക്ക് വിസ വാഗ്ദാനം ചെയ്ത അതെ മഹാന്‍ തന്നെ) ആരൊക്കെയോ ചേര്‍ന്ന് തന്നെ ചതിച്ചെന്നും, ഇനി അങ്ങോട്ട്‌ പോയാല്‍ അവിടത്തെ പോലീസുകാര്‍ പിടിച്ചു അകത്തിടുമെന്നും അത് കൊണ്ട് ശിഷ്ട്ടകാലം നാട്ടില്‍ ഒരു ബിസിനസ്‌ തുടങ്ങാന്‍ ‍പരിപാടി ഉണ്ടെന്നും അച്ഛനോട് പറഞ്ഞതായി ഞാന്‍ അറിയുന്നത്.

മനസ്സില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളച്ചു, ട്രാവെല്‍സിന്റെ കാര്യം പുള്ളിക്കാരനോട് പറയാം, പുള്ളികാരന്റെ കൂടെ ബിസിനസ്‌ തുടങ്ങിയാല്‍ സാമ്പത്തിക ഭദ്രത(ഗുള്‍ഫ് മണി) ഉണ്ടായിരിക്കും‍. കുറച്ചു നാള്‍ കഴിഞ്ഞാല്‍ പുള്ളികാരന്‍ ഇതൊക്കെ കളഞ്ഞിട്ടു അങ്ങ് പോകും, പിന്നെ എല്ലാം എന്റെ...എന്റെ മാത്രം സ്വന്തം!!! മനസ്സ് ബ്രേക്ക് പോയ ബൈക്ക് പോലെ പാഞ്ഞു. പിന്നെ ഒട്ടും അമാന്തിച്ചില്ല, ആ തലയില്‍ വല്ലവനും വേറെ കൊണസ്റ്റ് ബുദ്ധി കുത്തി തിരുകുന്നതിനു മുന്‍പ് അങ്ങേരെ മണി അടിച്ചു കാര്യം സാധിക്കണം. ബൈക്കുമെടുത്ത്‌ പാഞ്ഞു, പക്ഷെ ആക്രാന്തം പൂണ്ട് പുള്ളികാരന്റെ മുന്നില്‍ ചെന്ന് നിന്ന് ഞാന്‍ വാ തുറക്കുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം, "എടാ മോനെ, ഞാന്‍ രണ്ടു ടു-വീലെര്‍ സ്പൈര്‍പാര്‍ട്സ് കട തുടങ്ങാന്‍ തീരുമാനിച്ചു, അതില്‍ ഒരെണ്ണം സിറ്റിക്ക് പുറത്താണ്, അത് നീ വേണം നോക്കി നടത്താന്‍. ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞു അത് നിനക്ക് തന്നെ അങ്ങ് തന്നേക്കാം. കട നിന്റെ കയ്യിലോട്ട് മുഴുവനായി കിട്ടി കഴിഞ്ഞാല്‍ അത് നീ വളര്‍ത്തി വലുതാക്കി ഒരു വ്യവസായ പ്രമുഖനായി വളരെടാ. നിനക്ക് ഇനിയും അതിനുള്ള പ്രായം ബാക്കി കിടക്കുകയല്ലേ?"

Tuesday, November 23, 2010

ഏട്ടന്റെ മോനെ, ഗുള്‍ഫ് ഗുള്‍ഫ്...

കഴിഞ്ഞ കുറച്ചു നാളുകളായി പോക്കറ്റിനു റീസെഷന്‍ ബാധിച്ചത് കാരണം വീട്ടില്‍ നിന്നും മുങ്ങി നടക്കുകയായിരിന്നു. കടകാരെ കൊണ്ടുള്ള ശല്യം അത്രയ്ക്ക് ഉണ്ടേ.. ബാങ്ക് അക്കൗണ്ട്‌ പോലും ഫ്രീസ് ആയിപോയി.(വെള്ളം വരെ ഫ്രീസ് ആകും സീറോ ഡിഗ്രിയില്‍ പിന്നെ ആണോ ഒരു ബാങ്ക് അക്കൗണ്ട്‌!!!). അതിന്റെ ടെന്‍ഷന്‍ കാരണം കത്തിയുടെ(ബ്ലോഗിന്‍റെ) ബാക്കി എഴുതാനും കഴിഞ്ഞില്ല. ബ്ലോഗ്‌ പൂട്ടി താക്കോല്‍ വല്ല കടലിലോ കായലിലോ എറിയാം എന്ന് കരുതിയതാണ് പക്ഷെ കത്തി വെക്കാനുള്ള എന്‍റെ അപാരമായ കഴിവ് വെറുതെ പാഴാക്കി കളയണ്ട എന്ന് കരുതി മാത്രം ബാക്കി കൂടി എഴുതുന്നു.

കഥ തുടരുന്നു...
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ വീണത് പോലെ എന്‍റെ രണ്ടാമത്തെ പ്രണയവും മൂക്കുകുത്തി വീണു അതോടുകൂടി കമ്പ്ലീറ്റ്‌ തരികിടകള്‍ക്കും ബൈ ബൈ പറഞ്ഞു. വീട്ടില്‍ നിന്നും പുറത്തേക്കു ഇറങ്ങാതെ ഏതാണ്ട് ഒരു വര്ഷം, വീട്ടില്‍ വരുത്തുന്ന ദിനപത്രം തൂക്കി വിറ്റും, അമ്മ മസാല പെട്ടിയില്‍ ഒളിപ്പിച്ചു വെക്കുന്ന ചില്ലറ പൊക്കിയും സസുഖം വാഴുന്ന കാലത്താണ്, അച്ഛന്റെ സൌദിയില്‍ ജോലിയുള്ള അനുജന്‍ വീട്ടില്‍ വന്നത്, ഞാന്‍ പത്താം ക്ലാസ്സ്‌ സര്‍ട്ടിഫിക്കറ്റ്-ഉം വെച്ച് ഗുസ്തിക്ക് പഠിക്കുന്നത് കണ്ട്, സ്നേഹം കൊണ്ടോ അതോ സഹതാപം കൊണ്ടോ അതോ അച്ഛനോടുള്ള കടപ്പാട്(ആദ്യമായിട്ടു സൌദിക്ക് പോകാനുള്ള വിസയ്ക്ക് കാഷ് ലോണ്‍ എടുത്തു കൊടുത്തത്) കൊണ്ടോ എന്താണെന്ന് അറിയില്ല, എന്നെ എത്രയും പെട്ടെന്ന് തന്നെ ഒരു ഗുല്‍ഫ്കാരന്‍ ആക്കാം എന്ന് പറഞ്ഞത്. താന്‍ തിരിച്ചു ചെന്നാല്‍ ഉടന്‍ തന്നെ ഒരു ട്രാവെല്‍സ് തുടങ്ങുമെന്നും, അതിന്റെ പൂര്‍ണ്ണ ചുമതല ഇവനെ എല്പിക്കാം എന്നും അച്ഛനോട് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഗോരി തരിച്ചു പോയി. കുറച്ചു നാള്‍ മാറി നില്‍ക്കുന്നതാണ് നല്ലത് എന്ന് എനിക്കും തോന്നി. പക്ഷെ അതിനു ആദ്യം ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കോഴ്സ് പഠിക്കണം. എന്റെ നല്ല കാലത്തിന് അന്ന് പത്താം ക്ലാസ്സ്‌ മതി കോഴ്സ് പഠിക്കാന്‍. ആറ് മാസം കഴിഞ്ഞു മകന്‍ ഒരു ഗുള്‍ഫ്കാരന്‍ ആകും എന്ന പ്രതീഷയോടെ അടുത്ത ദിവസം തന്നെ അച്ഛനും അമ്മയും കൂടി ആ കോഴ്സ് പഠിപ്പിക്കുന്ന ഇന്‍സ്റ്റിട്ട്യുട്ട് കണ്ടുപിടിച്ചു അഡ്മിഷന്‍ ഫോമും വാങ്ങി വന്നു.

അച്ഛന്റെയും അമ്മയുടെയും പ്രതീഷകള്‍ ഞാന്‍ ആയിട്ട് വീണ്ടും തകര്‍ക്കണ്ട എന്ന് കരുതി പുതിയ ബാച്ചില്‍ ചേര്‍ന്ന് പഠനം തുടങ്ങി. വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ആറ് മാസത്തെ കോഴ്സ് കമ്പ്ലീറ്റ്‌ ചെയ്തു. സര്‍ട്ടിഫിക്കറ്റ് കിട്ടിയതിന്റെ അന്ന് തന്നെ ഞാന്‍ അച്ഛന്റെ അനുജനെ ഫോണ്‍ ചെയ്തു വിവരം ധരിപിച്ചു. തല്‍കാലം നാട്ടിലെ ഏതെങ്കിലും ഒരു ട്രാവെല്‍സ്സില്‍ എക്സ്പീരിയന്‍സ് കിട്ടാന്‍ വേണ്ടി മാത്രം ജോലിക്ക് കയറാന്‍ പറഞ്ഞു...ഗോസ്സ് കഴിഞ്ഞാല്‍ ഉടന്‍ എന്നെ ഒരു ഗുള്‍ഫ്കാരന്‍ ആക്കി തരാം എന്ന് പറഞ്ഞത് മുതല്‍, സൗദിയില്‍ ചെന്ന് ഇറങ്ങുന്നതും, പുതിയ എം ഡിയെ വരവേല്‍ക്കാന്‍ ട്രവേല്സിലെ സ്റ്റാഫ്‌ മൊത്തം എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നതും അവര്‍ "സര്‍, ഗ്ലാട്ടു മീറ്റ്‌ യു, വെല്‍ക്കം ടു സൗദി" എന്ന് പറയുന്നതും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ പറയുന്നു നാട്ടില്‍ ജോലി കണ്ടുപിടിക്കാന്‍. അങ്ങേര്‍ക്കു അവിടെ ഇരുന്നു അത് പറയാം, ഒരു ഇന്റര്‍നാഷണല്‍ ട്രാവെല്‍സിന്റെ എം ഡി ആയിട്ട് ജോലി ചെയ്യേണ്ട ഞാന്‍ വെറും ലോക്കല്‍ ട്രവെല്സില്‍!!!!! രണ്ടു ദിവസത്തിനകം അച്ഛന്റെ പരിചയത്തില്‍ ഉള്ള ഒരു ട്രവെല്സില്‍ ജോലി തരപെടുത്തി തന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടില്‍ ആയിരിന്നു ഈ പറഞ്ഞ ട്രാവെല്‍സ്. വീട്ടില്‍ നിന്നും ഒരു പത്തു ഇരുപതു കിലോമീറ്റര്‍ അകലെ ആണ്, ..വീട്ടില്‍ കുറച്ചു ബഹളം വെച്ചപ്പോള്‍ അച്ഛന്റെ മറ്റൊരു അനുജന്റെ(ദുഫയികാരന്റെ) ബൈക്ക്(ഹോണ്ട സീഡി100) ഉപയോഗിക്കാനുള്ള അനുവാദം വാങ്ങി തന്നു(അച്ഛന്‍ മറ്റൊരു ബൈക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടാകണം).

"ഗസ്റ്റ് റിലേഷന്‍സ് ഓഫീസര്‍" ശമ്പളം കുറവാനെങ്ങിലും, ജോലി ഇഷ്ട്ടപെട്ടു. കൂടുതല്‍ നേരവും ഓഫീസില്‍ തന്നെ ഇരുന്നുള്ള പണി ആണ്. വിദേശികള്‍ വിമാനത്തില്‍ വന്നു ഇറങ്ങുന്നത് മുതല്‍ തിരിച്ചു വിമാനത്തില്‍ കയറുന്നത് വരെ അവരുടെ യാത്ര, താമസം, ആന സവാരി, ഹൗസ് ബോട്ട് യാത്ര, എന്ന് വേണ്ട എല്ലാ കിടുപിടി പരിപാടികളും(സോറി, നിങ്ങള്‍ ചിന്തിച്ചത് ഇതില്‍ പെടില്ല..) പ്ലാന്‍ ചെയ്യണം. പ്ലാനിങ്ങിന്റെ കാര്യത്തില്‍ പണ്ടേ നുമ്മ പുലി അല്ലേ. അവര്‍ക്ക് നമ്മുടെ അറേഞ്ച്മെന്റ്സ് ഇഷ്ട്ടപെട്ടാല്‍ തിരിച്ചു പോകുന്നതിനു മുന്‍പ് ടിപ്സ് എന്ന പേരില്‍ ഡോളര്‍ ആയിട്ടോ, പൗണ്ട് ആയിട്ടോ കയ്യില്‍ വെച്ച് തരും. കയ്യില്‍ ക്യാഷ് വന്നപ്പോള്‍ ഫ്രണ്ട്സ്ന്റെ(കുരിശുകളുടെ) എണ്ണവും കൂടി. എന്തിനതികം പറയുന്നു, ജോലി സ്ഥലത്ത് നിന്നും അത്യാവശ്യമാണെന്ന് പറഞ്ഞു ഒരു ബാറിലേക്ക് വിളിച്ചു വരുത്തി ബില്ല് കൊടുപ്പിച്ച വിരുതന്മാര്‍ വരെ ഉണ്ട് ആ കൂട്ടത്തില്‍. ആറ് മാസത്തെ ട്രെയിനിംഗ് ആണ് പറഞ്ഞിരുന്നത്..അച്ഛന്റെ അനുജന്‍ പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്യുന്ന ആള്‍ ആയതുകൊണ്ട് ആറ് മാസം ആറ് വര്ഷം ആയി മാറിയത് ഞാന്‍ അറിഞ്ഞതേ ഇല്ല...പക്ഷെ അച്ഛന്റെ അനുജന്‍ അന്ന് തന്ന വാഗ്ദാനത്തിനു എന്റെ ആദ്യ പ്രണയത്തിന്റെ ഒറിജിനല്‍ ക്ലൈമാക്സ്‌സുമായി ബന്ധമുണ്ടാകും എന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല.

PS: സിഗരറ്റും മദ്യവും അല്ലാതെ മറ്റൊരു ലഹരി വസ്തുവും ഞാന്‍ ഇന്നേവരെ ഉപയോഗിച്ചിട്ടില്ല, അമ്മച്ചിയാണേ പേടിച്ചിട്ടല്ല കേട്ടാ. ചിലരുടെ തെറ്റ്ധാരണ മാറ്റുവാന്‍ വേണ്ടിയാണ് ഈ കാര്യം എടുത്തു പറഞ്ഞത്.
PS: ഞാന്‍ വീട്ടില്‍ നിന്നും "മോഷ്ട്ടിച്ചു" എന്ന് ചിന്തിക്കുന്നവരോട്, അന്യന്റെ മുതല്‍ എടുത്താല്‍ മാത്രമേ മോഷണം എന്ന് പറയാന്‍ പറ്റു, സ്വന്തം വീട്ടില്‍ നിന്നും അച്ഛനും അമ്മയും അറിയാതെ എടുക്കുന്നത് നമ്മള്‍ ഇസ്കി, പൊക്കി, കമഴ്ത്തി എന്നൊക്കെ പറയും പക്ഷെ ഒരിക്കലും മോഷണം എന്ന് പറയില്ല. (അനുജന്റെ റൂമില്‍ നിന്നും എന്ത് എടുത്താലും അത് നമ്മള്‍ ചേട്ടന്മാരുടെ അവകാശമാണ്)

Sunday, September 5, 2010

'ബ്ലാക്ക്‌ ഔട്ട്!!!!‌'

തല്‍കാലം തുടര്‍ക്കഥ അവിടെ നില്‍ക്കട്ടെ, നമ്മള്‍ക്ക് കുറച്ചു വര്‍ഷങ്ങള്‍ മുന്നോട്ടു പോകാം...ഈ പോസ്റ്റ്‌ നല്ലവരായ ചെറുതും വലുതുമായ മദ്യപാന്മാര്‍ക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. ബ്ലാക്ക്‌ ഔട്ട്നെ കുറിച്ച് ഞാന്‍ ജൂണ്‍ മാസത്തെ ഒരു പോസ്റ്റില്‍ പറഞ്ഞിരിന്നു, രണ്ടു മാസത്തിനകം വീണ്ടും എന്റെ ബ്ലാക്ക്‌ ഔട്ട്നെ കുറിച്ച് മാത്രം ഒരു പോസ്റ്റ്‌ എഴുതേണ്ടി വരുമെന്ന് ഞാന്‍ സ്വപ്നേപി (അങ്ങനെ എന്തോ) പോലും കരുതിയില്ല...

വര്ഷം 2010 ഓഗസ്റ്റ്‌ 28 ശനിയാഴ്ച....രാവിലെ എട്ടു മണിയോട് അടുപ്പിച്ചു ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞു ഒരു സ്പെഷ്യല്‍ ചായയും കുടിച്ചു, ഈ വീക്ക്‌ ഏന്‍ഡ് ആരെ കൊണ്ട് സ്പോന്‍സര്‍ ചെയ്യിക്കും എന്ന് തലപുകഞ്ഞു ആലോചിക്കുമ്പോള്‍ ആണ് മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. രാവിലെ ആരാണാവോ ഈ പുണ്യത്മാവിനെ കുറിച്ച് ഓര്‍ത്തത്‌ എന്ന് ചിന്തിച്ചു കൊണ്ട് ഫോണ്‍ എടുത്തു..അങ്ങേതലക്കല്‍ നിന്നും മഴ വരുമ്പോള്‍ മാക്രി വിളിക്കും പോലുള്ള ശബ്ദം....
രവി: എന്താടാ ഇതുവരെ കണ്ണ് തുറന്നില്ലേ??
ഞാന്‍: നിനക്കൊന്നും ഒരു പണിയും ഇല്ലേ?? രാവിലെ തന്നെ മനുഷ്യനെ ശല്യപെടുത്താന്‍....
രവി: എടാ നീ ഒരു പൊടിക്ക് അടങ്ങ്‌...ഇന്നത്തെ സ്പോന്‍സര്‍ വന്നു ചാടിയിട്ടുണ്ട്‌..
ഞാന്‍: ആര്??
രവി: നമ്മുടെ മോനിച്ചന്‍..ഇന്നത്തെ സ്പോന്‍സര്‍ അവനാണ്...
ഞാന്‍: ഓ.അവന്റെ കാര്യം ഞാന്‍ മറന്നു..നീ ഒരു പത്തു മണി ആകുമ്പോള്‍ അവനെയും കൂട്ടി ഇങ്ങോട്ടേക്കു വന്നോ, അപ്പോഴേക്കും ഞാന്‍ റെഡി ആയി നില്‍ക്കാം...

സെക്കന്റ്‌ ഹാന്‍ഡ്‌ വാങ്ങിയ പഴയ യെസ്ഡിയില്‍ റോഡിന്‍റെ ഓരം പറ്റി പോകുമ്പോള്‍, പുറകില്‍ വന്നു നല്ല ഇമ്പമാര്‍ന്ന ഹോണ്‍ മുഴക്കി, ഒരു ചെറിയ അസൂയക്കുള്ള വകയും നല്‍കി, രാജകലയില്‍ നിരത്ത് നിറഞ്ഞു പറന്നു പോകുന്ന 'ഹോണ്ട സിവിക്'...അതാണ്‌ മോനിച്ചന്‍ വാങ്ങിയ പുതിയ കാര്‍...അത് വാങ്ങിയതിന്റെ പാര്‍ട്ടി ആണ്. ഇവിടെ മനുഷ്യന്‍ കഞ്ഞി കുടിക്കാനുള്ള വക ഒപ്പിക്കാന്‍ പാടുപെടുമ്പോള്‍ ആണ്...ഹാ..ഓരോത്തമാരുടെ ഓരോരോ യോഗങ്ങളെ....(നല്ല കാലത്ത് അവന്റെ അച്ഛന്‍ കുടിയന്മാരെ മാത്രം സേവിക്കാന്‍ അബ്കാരി ആയപ്പോള്‍ ജനങ്ങളെ മൊത്തത്തില്‍ സേവിക്കാന്‍ എന്റെ അച്ഛന്‍ സര്‍ക്കാര്‍ ജോലികാരന്‍ ആയി...ഇപ്പം അവന്‍ കാറിലും ഞാന്‍ ബൈക്കിലും..അത്രയേ ഉള്ളു വ്യത്യാസം) എന്തായാലും ഇന്ന് അവന്റെ ക്യാഷില്‍ നാലെണ്ണം കൂടുതല്‍ അകത്താക്കണം. അത് കഴിഞ്ഞു വേണം ഹോണ്ട സിവികില്‍ നഗരം മൊത്തത്തില്‍ ഒന്ന് കറങ്ങി കാണാന്‍.

ഏതാണ്ട് ഒരു പത്തു മണിക്ക് വീടിന്റെ മുന്നില്‍ ഒരു ഹോണ്‍ കേട്ടു. ഊഹം തെറ്റിയില്ല, മോനിച്ചനും രവിയും തന്നെ. കാലില്‍ ചെരുപ്പും കുത്തി തിരുകി നേരെ ചെന്ന് പുറകിലെ ഡോര്‍ തുറന്നു അകത്തു കയറി ഇരുന്നു. വീട്ടില്‍ നിന്നും കുറച്ചു അകലെ ഉള്ള ബാറിലേക്ക് ആണ് ഞങ്ങള്‍ പോയത്. ആ ബാര്‍ മതി എന്ന് പറഞ്ഞതും ഞാന്‍ തന്നെ ആണ് (അതുവരെ എസീയില്‍ ഇരിക്കാമല്ലോ...) യാത്രക്കിടയില്‍ പുതിയ കാറ് വാങ്ങുന്നതിന് മുന്‍പ് കാറുകളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളും, പരീക്ഷണങ്ങളും പറഞ്ഞു അവന്‍ ഞങ്ങളുടെ ക്ഷമയെ നല്ലവണ്ണം പരീഷിച്ചു...അന്നത്തെ സ്പോന്‍സര്‍ ആയതു കൊണ്ട് മാത്രം ഞങ്ങളും ക്ഷമിച്ചു...

ബാറില്‍ എത്തുമ്പോള്‍, കരിമൂര്‍ക്കന്‍, ശംഖുവരയന്‍, എട്ടടിവീരന്‍ എന്നീ കൂടിയ ഇനങ്ങള്‍ തങ്ങളുടെ അതിരാവിലത്തെ വിറയല്‍ മാറ്റാന്‍ മത്സരിക്കുണ്ടായിരിന്നു‍. നമ്മള്‍ ഒരു ഒഴിഞ്ഞ കോണില്‍ സ്ഥാനം പിടിച്ചു. മോനിച്ചന്‍ മൊത്തത്തില്‍ സ്പോന്‍സര്‍ ചെയുന്നതിനാലും, അവന്റെ പോക്കറ്റിന്റെ വലിപ്പം അറിയാവുന്നത് കൊണ്ടും...വില കൂടിയ വിസ്കിയില്‍ തന്നെ കയറി പിടിച്ചു. ഒരു ഫുള്‍ മൂന്നുപേര്‍...ഇതിനിടയില്‍ രവി ഫുഡ്‌ പറയുന്നത് കേട്ടു....സാധനം തീര്‍ന്നത് നമ്മള്‍ അറിഞ്ഞില്ല. നമ്മുടെ വിഷമം മനസ്സിലാക്കിയ മോനിച്ചന്‍ അത് മാറ്റാന്‍ ആറ് കുപ്പി ബിയര്‍ കൂടി പറഞ്ഞു...അത് കൂടി കഴിഞ്ഞപ്പോള്‍ ആണെന്ന് തോന്നുന്നു ആ അത്ഭുത പ്രതിഭാസം നടന്നത്...."ബ്ലാക്ക്‌ ഔട്ട്!!!!‌"

ഞാന്‍ നല്ല ഉറക്കത്തിലാണ്, കൈ കുഴകള്‍ക്ക് നല്ല വേദന, ആരോ മുറുകെ പിടിച്ചിരിക്കും പോലെ, എത്ര ശ്രമിച്ചിട്ടും ആ പിടിത്തം വിടുവിക്കാന്‍ കഴിയുന്നില്ല. സ്വപ്നത്തിനു ഇത്ര ഒര്‍ജിനാലിറ്റിയോ?? ആരൊക്കെയോ എന്തൊക്കെയോ പറയുന്നു പക്ഷെ ഒന്നും വ്യക്തമാകുന്നില്ല. കണ്ണ് തുറന്നാല്‍ സ്വപ്നത്തില്‍ നിന്നും ഉണരും, സ്വപ്നത്തിന്റെ ബാക്കി കൂടി കണ്ടിട്ട് കണ്ണ് തുറക്കാം...പെട്ടെന്ന് കൈകളിലെ പിടിത്തം അയഞ്ഞതു പോലെ. ചുറ്റും ഇരുട്ട്...സ്വപ്നം ഇത്ര പെട്ടെന്നു കഴിഞ്ഞോ?..ആരോ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു, രണ്ടു കൈകളും കൊണ്ട് കണ്ണ് തിരുമി തുറന്നു നോക്കുമ്പോള്‍ തൊട്ടു മുന്നില്‍ കൈവിലങ്ങ് അണിഞ്ഞ മോനിച്ചന്‍!!!

അടിവയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി, ആകെ ഒരു പരവേശം, എന്താ പറ്റിയത്?.."മോനിച്ചാ, നമ്മള്‍ എവിടെയാ?? രവി എവിടെ??" എന്റെ ചോദ്യത്തിന് ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരിന്നു മറുപടി...ഒരിക്കല്‍ കൂടി ചോദിക്കാനുള്ള ധൈര്യം അമ്മച്ചിയാണേ ഇല്ലായിരിന്നു...എവിടെയോ ഒരു സ്പെല്ലിംഗ് മിസ്സ്‌ടേക്ക്, പക്ഷെ എത്ര ആലോചിച്ചിട്ടും ഒരു ഓര്‍മയും വരുന്നില്ല....നമ്മള്‍ മൂവരും ബാറില്‍ ആയിരിന്നു, അത് കഴിഞ്ഞു എന്താ സംഭവിച്ചത്??? നമ്മള്‍ എങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തി?? നമ്മള്‍ എന്ത് തെറ്റാണ് ചെയ്തത്?? ഉത്തരങ്ങള്‍ അറിയാവുന്ന മോനിച്ചന്‍ അവസരം കിട്ടിയാല്‍ എന്നെ തട്ടും എന്ന മട്ടും...രവിയെ കാണാനുമില്ല...വീണ്ടും ഡോര്‍ തുറക്കുന്ന ശബ്ദം..."എടോ താന്‍ ഒന്ന് പുറത്തേക്കു വന്നേ" ഒരു പോലീസുകാരന്‍ പറഞ്ഞു...ആരാ? എന്താ? എന്തിനാ? എന്നൊക്കെ ചോദിക്കണം എന്ന് മനസ്സില്‍ തോന്നിയെങ്ങിലും നാവു പൊങ്ങുന്നില്ല...മൊബൈല്‍ ഫോണും, ക്യാഷ് സൂഷിക്കുന്ന സാധനം(ആ വാക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല), വീടിന്റെ താക്കോല്‍ ഇവയെല്ലാം ആ പോലീസുകാരന്‍ തന്നു, പക്ഷെ കാലില്‍ കിടന്ന ചെരുപ്പ് മാത്രം തന്നില്ല, ചുറ്റും നോക്കി എവിടെയും ഇല്ല...."വേഗം സ്ഥലം വിട്ടോണം..ഇനി മേലാല്‍ ഇതുപോലെ ഒന്നും കാണരുത് കേട്ടോ?" ഇതും പറഞ്ഞു ആ പോലീസുകാരന്‍ എന്നെ പതുക്കെ സ്റ്റേഷന്‍നു പുറത്തേക്കു കൊണ്ടുപോയി, മോനിച്ചന്റെ ചേട്ടനും കൂട്ടുകാരും പുറത്തു നില്പുണ്ടായിരിന്നു...ആരോടും ഒന്നും പറയാനോ ചോദിക്കാനോ നില്‍ക്കാതെ പോലീസ് സ്റ്റേഷന്‍ന്റെ കോമ്പോണ്ടിനു പുറത്തു കടന്നു, ആദ്യം കണ്ട ഓട്ടോ പിടിച്ചു നേരെ വീട്ടിലേക്ക്...

രാവിലെ ഉറക്കം ഉണര്‍ന്നതും രവിയെ വിളിച്ചു...അവന്‍ എന്റെ ബ്ലാങ്ക്സ് ഫില്‍ ചെയ്തു....അതായത് എന്റെ ബ്ലാക്ക്‌ ഔട്ട്‌നു ശേഷം ഉണ്ടായ കാര്യങ്ങള്‍ ചുരുക്കത്തില്‍...
ബാറില്‍ നിന്നും നല്ല കണ്ടീഷനില്‍ ആയ നമ്മള്‍ നേരെ പോയത് അടുത്ത ബാറിലേക്ക്..അവിടെന്നു വാങ്ങിയ ബ്രാണ്ടി രണ്ടു മൂന്ന് ലാര്‍ജ് വെള്ളം ഒഴിക്കാനുള്ള എന്റെ മടി കാരണം വെള്ളമില്ലാതെ എടുത്തു അങ്ങ് കമഴ്ത്തി...അത് കണ്ടു ഞെട്ടിയ രണ്ടുപേരും കൂടി എന്നെ പൊക്കി എടുത്തു കാറിനുള്ളില്‍ ഇട്ടു. അവിടെന്നു മോനിച്ചന്‍ കാര്‍ പുറത്തേക്കു എടുത്തതും മറ്റൊരു കാറില്‍ തട്ടിയതും ഒരുമിചായിരിന്നു...ആ കാറിലെ യാത്രക്കാര്‍ കലിപ്പിനായി ഇറങ്ങി. പക്ഷെ കിച്ചന്‍ ഫോമില്‍ ആയിരിക്കുമ്പോ മറ്റേ കാറുകാര്‍ക്ക് മിണ്ടാന്‍ അവസരം കൊടുക്കുമോ? നുമ്മ പുറത്തേക്കിറങ്ങി ലവന്മാരുടെ നെഞ്ചത്ത് ഒരു അഗ്നി കാവടി അങ്ങ് നടത്തി, അല്ല പിന്നെ. പക്ഷെ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ ഇല്ലാത്ത അവന്മാര്‍ പോലീസിനെ വിളിച്ചു കളഞ്ഞു. പോലീസ് വണ്ടി വന്നതും രവി ഓടി, കൂടെ ഓടാനുള്ള പരിശ്രമത്തില്‍ എന്റെ ചെരുപ്പ് തെറിച്ചു പോയി..അതെടുക്കുവാന്‍ തിരിഞ്ഞ എന്നെ പോലീസുകാര്‍ പൊക്കിയെടുത്തു ജീപിന്റെ പുറകിലേക്ക് ഇട്ടു, കൂടെ മോനിച്ചനെയും..ഏതാണ്ട് ഒരു മണിയോടെ പോലീസ് പിടിയിലായ എന്റെ 'ബ്ലാക്ക്‌ ഔട്ട്‌' മാറുന്ന സമയം ഏതാണ്ട് രാത്രി ഒന്‍പതു മണിക്ക്...മോനിച്ചന്റെ കാറിന്റെ വലിപ്പം കണ്ടിട്ടാവും പോലീസ് രണ്ടുപേരെയും കൈ വെച്ചില്ല (ഇനി അഥവാ അവര്‍ കൈ വെച്ചിട്ടുന്ടെങ്ങില്‍ തന്നെ അത് എന്നെ അല്ല, ആ "ബ്ലാക്ക്‌ ഔട്ട്‌ കിച്ചനെ" ആയിരിക്കും)...എന്റെ നോണ്‍ സ്റ്റോപ്പ്‌ സംസാരം സഹിക്കാന്‍ പറ്റാത്തത് കൊണ്ടാവും ആദ്യം ഇറക്കി വിട്ടത്...അത് കഴിഞ്ഞു രണ്ടായിരം രൂപ പെറ്റിയും അടപ്പിച്ചു ഒരു മണികൂര്‍ കൂടി കഴിഞ്ഞാണ് മോനിച്ചനെ വിട്ടത്...(രാവിലെ മോനിച്ചന്‍ രവിയെ വിളിച്ചു പറഞ്ഞത് ഇവിടെ ഞാന്‍ പറയൂലാ...ഭാഗ്യം, അവന്‍ എന്നെ ഇതുവരെ വിളിച്ചില്ല..)

സത്യമായിട്ടും ഞാന്‍ മദ്യപാനം നിര്‍ത്തി, ഓര്‍ക്കുട്ട് പ്രൊഫൈലില്‍ 'ദ്രിങ്കിംഗ് - നോ' എന്ന് അപ്ഡേറ്റ് ചെയ്തു...ഇനിയുള്ള കാലമെങ്ങിലും ഒരു നല്ല 'പച്ചയായ" മനുഷ്യനായിട്ട്‌ ജീവിക്കണം എന്നാണു ആഗ്രഹം...സാധിക്കുമായിരിക്കും അല്ലേ??

Wednesday, August 25, 2010

മടിയന്റെ ആശംസകള്‍

എന്റെ കൂട്ടുകാരുടെയും ബ്ലോഗിലെ പരിചയക്കാരെയും കൊണ്ട് ഞാന്‍ തോറ്റു. ഇത്തവണത്തെ ഓണത്തിന് എന്താ ഇത്ര പ്രതേകത?? തിരുവോണനാളില്‍ ഇന്‍ബോക്സില്‍ മെയിലുകള്‍ കൊണ്ട് നിറയുന്നു, സ്ക്രാപ്പുകള്‍ വായിക്കുവാന്‍ സമയം കിട്ടുന്നില്ല. ഇതിനെല്ലാം പുറമേ ചിലര്‍ രാവിലെ തന്നെ ഫോണില്‍ വിളിച്ചു ആശംസകള്‍ നേരുന്നു..സ്വന്തമായി ഒരു ചെറിയ ബ്ലോഗ്‌ ഉണ്ട്..അതില്‍ അവസാനത്തെ പോസ്റ്റില്‍ കമന്റ്സ്ന്റെ മഹാപ്രളയം..എല്ലാം ഓണാശംസകള്‍..എന്നെ മറന്നു എന്ന് ഞാന്‍ കരുതിയ പലരും കമന്റ്‌ ഇട്ടു കഴിഞ്ഞു. മൊബൈല്‍ ഫോണില്‍ മെസ്സേജ്സ് വരുന്നതിന്റെ ടോണ്‍ നില്‍ക്കാതെ അടിക്കുന്നു..ട്യൂബ് ലൈറ്റ് നാലഞ്ച് മിന്നു മിനി ആണ് കത്തിയത് മൊബൈലില്‍ മെസ്സേജ് വരുന്നതിന്റെ ടോണ്‍ ഇതല്ലാലോ...എപ്പോഴാ ടോണ്‍ മാറ്റി ഇട്ടത്??....അയ്യോ...ഇത് സ്ഥിരം രാവിലെ ആറ് മണിക്ക് അലാറം അടിക്കുന്ന ശബ്ദം ആണല്ലോ??. ഇതൊരു സ്വപ്നം ആയിരിക്കല്ലേ എന്റെ കുടുംബവീടിന്റെ അടുത്തുള്ള കാവിലമ്മേ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് കണ്ണ് തുറന്നു, തൊട്ടടുത്ത്‌ മേശമേല്‍ ഇരുന്ന മൊബൈല്‍ എടുത്തു നോക്കി...ഇന്‍ബോക്സ്‌ കാലി...കാള്‍ ലോഗില്‍ അവസാനം വന്ന കാള്‍ ഒരാഴ്ചക്ക് മുന്‍പ് "സാര്‍, സാറിന്റെ മൊബൈലില്‍ ഇന്‍കമിംഗ് കാള്‍ ഫ്രീ ആണ്, പക്ഷെ ദയവു ചെയ്തു വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പത്തു രൂപയ്ക്കു എങ്കിലും ചാര്‍ജ് ചെയ്യണം" എന്നും പറഞ്ഞു കസ്റ്റമര്‍ സര്‍വീസില്‍ നിന്നും വന്നത്...ചാടി എഴുനേറ്റ് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു (ജാംബവാന്റെ കയ്യില്‍ നിന്നും സെക്കന്റ്‌ ഹാന്‍ഡ്‌ വാങ്ങിയതാ, ഇതിനു മുന്‍പ് ഉപയോഗിച്ചു വന്നിരുന്ന ഗംബുട്ടെര്‍ കമ്പ്ലീറ്റ്‌ ആയിട്ട് പണി മുടക്കി...അടിസ്ഥാനം വരെ ഇളക്കി നോക്കിയിട്ടും ഒരു പിടിയും കിട്ടുന്നില്ല എന്താ കാര്യം എന്ന്...ആദ്യമേ കുറച്ചു പിണക്കങ്ങള്‍ ഉണ്ടായിരുന്നു. എന്റെ അറിവിന്റെ കൂടുതല്‍ കൊണ്ടായിരിക്കും എന്നാ അപ്പോ കരുതിയത്‌. എന്തായാലും അവനെ സ്ക്രാപ്പുകാര്‍ക്ക് കൊടുത്തു ). പുതിയ പുലി ഫട ഫടാ എന്നും പറഞ്ഞു ഓണ്‍ ആകും എന്ന് അറിയാവുന്നത് കൊണ്ട് ടവലും എടുത്തു കുളിമുറിയിലേക്ക് കയറി. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു വന്നപ്പോള്‍, അവന്‍ ഡെസ്ക്ടോപ്പ് കാണിച്ചു കൊണ്ട് ഇരിപ്പുണ്ട്. ഉടന്‍ തന്നെ മെയില്‍ ഓപ്പണ്‍ ചെയ്തു...ഇന്‍ബോക്സില്‍ മെയില്‍ പോയിട്ട് ഒരു സ്കാം പോലും വന്നിട്ടില്ല. ബ്ലോഗ്ഗില്‍ കയറി നോക്കി ഓണാശംസ പോയിട്ട് ഒരു തെറി വിളി പോലും ഇല്ല. എല്ലാരും എന്നെ മറന്നോ?? അല്ല..എങ്ങനെ മറക്കാതിരിക്കും..വല്ലപ്പോഴും ഒരു മെയില്‍, ഒരു സ്ക്രാപ്പ്, അല്ലെങ്ങില്‍ ഒരു എസ് എം എസ് അതെല്ലാം പോട്ടേ, ഒരു ബ്ലോഗ്ഗില്‍ കയറിയാല്‍ മൊത്തം ഇരുന്നു വായിക്കുകയല്ലാതെ ഒരു കമന്റ്‌ പോലും ഇടാറില്ല...ഇഷ്ടപെടാത്തത് കൊണ്ടല്ല. (മടി...മടി എന്ന് പറഞ്ഞാല്‍ ഗ്ലാസില്‍ ലാര്‍ജ് ഒഴിച്ചിട്ടു അടുക്കളയില്‍ ഇരിക്കുന്ന ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്തു കൊണ്ടു വന്നു ഒഴിക്കാന്‍ മടിച്ചു വെള്ളമില്ലാതെ എടുത്തു കമഴ്തുന്ന മടി). ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ അല്ലേ എല്ലാപേരും അറിയൂ ഇങ്ങനെ ഒരു ആള്‍ ജീവിച്ചിരിപ്പുള്ള കാര്യം...അപ്പോ മടി കാരണം ആണ് ഇതൊന്നും ചെയ്യാതിരിക്കുന്നത് (സോ, പ്ലീസ്‌, ഡോണ്ട് മിസ്‌ അണ്ടര്‍സ്റ്റാന്റ്).

വൈകിപോയി എന്ന് അറിയാം എന്നാലും ഇരിക്കട്ടെ ഒരെണ്ണം കിച്ചന്റെ വക..

എല്ലാപേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

Wednesday, July 14, 2010

ഓര്‍മ്മയില്‍ മായാതെ....

എന്റെ രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീഷയില്‍ എല്ലാ വിഷയത്തിനും മാര്‍ക്ക്‌ ലിസ്റ്റില്‍ വലിയ ഒരു 'എ' ഉണ്ടാക്കി എടുക്കാന്‍ എന്തുമാത്രം കഷ്ട്ടപ്പെട്ടു എന്ന് എനിക്ക് മാത്രമേ അറിയൂ. ('എ' ഫോര്‍ 'അബ്സെന്റ്‌')...ഏതായാലും അതോടെ എന്റെ കലാലയ പഠനം ഒരു ഓര്‍മ്മയായി മാറി...പത്താം ക്ലാസ്സും മുങ്ങലും വെച്ച് ജോലി തപ്പി ഇറങ്ങിയാല്‍ ആ തപ്പല്‍ തന്നെ ഒരു ജോലി ആയി മാറും എന്ന് ഉറപ്പു ഉള്ളതു കൊണ്ട് എവിടെയും തപ്പാന്‍ പോയില്ല...വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ തരുന്ന പൈസയില്‍ നിന്നും അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പുമായി വിലസി നടന്നു...അങ്ങനെ വാറ്റും കഞ്ഞിയുമായി നടക്കുന്ന ഒരു സുപ്രഭാതത്തില്‍ 'ക്വിക്ക് മണി' എന്ന സ്പെഷ്യല്‍ ഓഫര്‍ പ്ലേറ്റ് രവി എന്റെ മുന്നില്‍ വെച്ചു...അവന്റെ പരിചയത്തില്‍ ഒരു സെറ്റപ്പ് ഉണ്ടെന്നും അത് വഴി കുറച്ചു ക്യാഷ് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍...വാറ്റും കഞ്ഞിയും കളഞ്ഞിട്ട് ഇനി അങ്ങോട്ട്‌ ഓള്‍ഡ്‌ കാസ്ക്കും കോയി ബിരിയാണിയും ആകാം എന്ന് കരുതി കൂടുതല്‍ ചോദിക്കാതെയും പറയാതെയും കേറി അങ്ങ് ഏറ്റു ('ഫു'എന്നു കേട്ടാല്‍ ഗ്ലാസ്‌ എടുത്തു മുന്നില്‍ വെക്കുന്ന സ്വഭാവം പണ്ടേ ഉണ്ടല്ലോ)...അതിനു ശേഷം ആണ് ഓഫര്‍ പ്ലേറ്റില്‍ അവന്‍ ഡിടൈല്‍സ് വിളമ്പിയത്...എ സ്മാള്‍ കൊട്ടേഷന്‍...ഐ മീന്‍, ഒരു ചെറിയ കൂലി തല്ല്...ഒരു കലാലയ വിദ്യാര്‍ഥിയുടെ മുട്ടിനു താഴെ ഒരു ചെറിയ മുറിവ് വേണം, അത്രെയേ ഉള്ളൂ. എപ്പോള്‍? എങ്ങനെ? എന്ന് അവര്‍ പറയും. അവര്‍ എന്ന് ഉദേശിച്ചത്‌, ഒരു ചെറിയ ഗുണ്ടയുടെ വലിയ ഗാങ്ങിനെയാണ്..."സെറ്റപ്പ് ഉണ്ടെന്നും, കൂടെ നിന്നാല്‍ മതി, നീ ഒന്നും അറിയണ്ട." എന്ന് രവി ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ കരുതി...(അത് തന്നെ..നിങ്ങള്‍ വിചാരിച്ച അതെ കാര്യം തന്നെ) ആണെന്ന്. സ്വയം നശിക്കാന്‍ ഇറങ്ങി തിരിച്ചവന് എന്ത് മാനം? എന്ത് നാണം??...ഇങ്ങനെ ഒക്കെ ചിന്തിച്ചാണ് ഞാന്‍ ഏറ്റത്..പക്ഷെ കൊട്ടേഷന്‍ എന്ന് കേട്ടതും കൈകാലുകളില്‍ ചെറിയ വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി, കണ്ടവന്റെ കത്തി പള്ളക്ക് കയറ്റി ഉള്ള സ്വയം നശിക്കല്‍, ഏയ്‌..എന്തായാലും കിച്ചന്‍ അത്രയ്ക്ക് ഒന്നും വളര്‍ന്നിട്ടില്ല ....പക്ഷെ കോയി ബിരിയാണിയും, ഓള്‍ഡ്‌ കാസ്ക്കും പിന്നെ ചുമ്മാ നിന്നാല്‍ മതി എന്നുള്ള ഗ്യാരന്റിയും....പുറകിലേക്ക് വലിച്ച കാല് ശക്തിയായിട്ട് മുന്നോട്ടു വെച്ചു...ഓടാന്‍ കാലുകള്‍ക്ക് നല്ല നീളം ദൈവം (അങ്ങേര്‍ക്ക് ഉള്ളത് ഞാന്‍ അവിടെ ചെന്നിട്ട്) കനിഞ്ഞു തന്നിട്ടുള്ളത് ഇതുപോലുള്ള അവസരത്തില്‍ ഉപകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരിന്നു....

പക്ഷെ കാര്യങ്ങളുടെ കിടപ്പ് മൊത്തത്തില്‍ ടോട്ടലായിട്ട് കേട്ടപ്പോള്‍ കൈകാലുകളുടെ വിറയല്‍ ശരീരം ഗംബ്ലീറ്റ് വ്യാപിച്ചു...തല്ലു കൊള്ളാന്‍ പോകുന്ന ആ കലാലയ വിദ്യാര്‍ഥിയുടെ വീട് ഒരു പക്ഷെ കേരളകരയില്‍ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു കോളനിയില്‍ ആണ്...കൂടാതെ ഒരു ചെറിയ പാര്‍ട്ടിയുടെ ചോട്ടാ നേതാവും...എന്തെങ്ങിലും കാരണവശാല്‍ ഈ ഓപറേഷന്‍ നടക്കുമ്പോള്‍ ഈ പറഞ്ഞ നേതാവ് എന്റെ മുഖം എങ്ങാനും കണ്ടാല്‍...പിന്നെ റോഡില്‍ കൂടി നടക്കുമ്പോള്‍ തല കാണില്ല, തല ആണുങ്ങള്‍ ഗൊണ്ട് പോകും...ഇനി ഇപ്പോള്‍ മുന്നോട്ടു വെച്ച കാല്‍ പുറകിലോട്ടു വലിക്കാം എന്ന് വെച്ചാലോ, ആ കാല് കൊട്ടേഷന്‍ തന്നവന്മാര്‍ കൊണ്ടുപോകും...തല്‍ക്കാലം മുന്നോട്ടു വെച്ച കാല് അവിടെ തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു...

അവര്‍ അറിയിച്ചത് പോലെ ഞാനും രവിയും പിന്നെ അവന്റെ രണ്ടു കൂട്ടുകാരും കൂടെ രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ ഒരു ചെറിയ ക്ഷേത്രത്തിനു പിന്നില്‍ പിന്നില്‍ ഉള്ള കുളകടവില്‍ എത്തി..അവിടെ നമ്മളെ കൂടാതെ ഒരു പത്തു പന്ത്രണ്ട് പേര്‍ വേറെയും ഉണ്ടായിരിന്നു, മിക്കവരും നഗരത്തിലെ അറിയപെടുന്ന ഗുണ്ടകള്‍..ആദ്യമായിട്ടാണ് അവരെ ഒക്കെ കാണുന്നത് തന്നെ(പേര് മാത്രമേ കേട്ടിട്ടുള്ളൂ), എല്ലാരേയും പരിചയപെട്ടു...ഗൊട്ടേഷന്‍ ഗേസ്സിനു പോകാന്‍ വന്നതല്ലേ വില കളയാന്‍ പറ്റുമോ? അവരോടൊപ്പം നിന്ന് രണ്ട് സിഗറെറ്റ് ഒക്കെ വലിച്ച്, അവരുടെ പ്ലാന്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കി...ചില 'സജഷന്‍സ്' ഒക്കെ കൊടുത്തു....രാവിലെ നമ്മുടെ നേതാവ് കലാലയത്തില്‍ പോകാന്‍ ഈ ക്ഷേത്രത്തിനു അടുത്തുള്ള ബസ്സ്‌ സ്റ്റോപ്പില്‍ വരും, അവിടെ വെച്ചാണ് ഓപറേഷന്‍ നടത്താന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്...ഞാനും രവിയും ബസ്സ്‌ സ്റ്റോപ്പില്‍ നിന്നാല്‍ മതിയെന്നും കലാപരിപ്പാടി നടക്കുമ്പോള്‍ എന്തെങ്ങിലും പ്രശ്നം ഉണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതി എന്നും പറഞ്ഞു, നമ്മുടെ കൂടെ വന്നവരെ 'നേതാവ്' വരുന്ന വഴിയില്‍ നില്‍ക്കാനും, അദ്ദേഹം അവരെ കടന്നു പോയതിനു ശേഷം പിന്തുടര്‍ന്ന് വരാനും പറഞ്ഞു ഏല്‍പ്പിച്ചു...ഒരു എട്ടരയോടെ ഞാനും രവിയും ബസ്സ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നു...ബസ്സ്‌ സ്റ്റോപ്പില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആയിരിന്നു..പെട്ടെന്ന് പുറകില്‍ നിന്നും "കിച്ചാ" എന്നുള്ള വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഗീതു...

നമ്മുടെ പുതിയ തൊഴിലിനെ കുറിച്ചു ഗീതുവിനെ അറിയിക്കാന്‍ പറ്റില്ലല്ലോ. മോശമല്ലേ? അത് കൊണ്ട് ഞാന്‍ മെല്ലെ മുന്നോട്ടു നടന്നു അവളുടെ അടുത്തെത്തി. "സുഖമാണോ കിച്ചാ?" ഗീതുവിന്റെ ചോദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു. പിന്നെ കൊട്ടേഷന്‍ സംഘത്തിലെ ന്യൂ മെമ്പര്‍ ആയി ആപ്പോയിന്‍റ്മെന്‍റ് കിട്ടിയ നമുക്ക് പരമാനന്ദമല്ലേ. എങ്കിലും "സുഖം" എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു...ഗീതുവിനോട് വിശേഷങ്ങള്‍ ചോദിക്കുന്ന തിരക്കില്‍ കൊട്ടഷേന്റെ കാര്യമേ ഞാന്‍ മറന്നു. നന്ദയുടെ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് തിടുക്കമായിരുന്നു..
"നന്ദ...??"
"ഞാനും ഒരുപാട് വൈകിയാ കിച്ചാ അറിഞ്ഞത്. നാല് മാസം ഞാന്‍ പാലക്കാടായിരുന്നു. വന്നപ്പോഴാണ്...."
ഞാന്‍ ഒന്നും പറയാതെ വെറുതെ ചിരിച്ചു
"എന്നാലും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു അവള്‍ക്ക്. അവളുടെ കല്യാണം കഴിഞ്ഞതിനു ശേഷം എപ്പോഴൊക്കെ ഞാന്‍ കാണാന്‍ ചെന്നിട്ടുണ്ടോ അപ്പോഴൊക്കെ അവള്‍ നിന്നെക്കുറിച്ചു പറയുമായിരുന്നു"
ഞാന്‍ ഒന്നും മനസ്സിലാകാതെ ഗീതുവിനെ നോക്കി....
"ചടങ്ങുള്‍ക്ക് പോലും നീ ചെന്നില്ല എന്ന് നമ്മുടെ ഹരി പറഞ്ഞു."
"എന്ത് ചടങ്ങുകള്‍?"
അപ്പോള്‍ ആയിരിക്കാം ഗീതു എന്റെ മുഖം ശ്രദ്ധിച്ചത്.
"കിച്ചാ...നീ അറിഞ്ഞില്ല അല്ലെ? ദൈവമേ!!!...അത് ഞാന്‍ ..."
"എന്ത് അറിഞ്ഞില്ലേ എന്ന്?"

ഗീതുവിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ കൃത്യമായി എനിക്ക് ഓര്‍മയില്ല. ഒരു കുടുംബ സുഹൃത്തിന്റെ മകനുമായി നന്ദയുടെ വിവാഹം കഴിഞ്ഞതും, വിവാഹം കഴിഞ്ഞു ഒരു മാസം തികഞ്ഞപ്പോള്‍ നന്ദ ഗര്‍ഭിണിയായ സന്തോഷത്തില്‍ നന്ദയുടെ വീട്ടുകാര്‍ അവളുടെ ഭര്‍ത്താവിനു ഒരു ബൈക്ക് വാങ്ങി കൊടുത്തതും, ഒരാഴ്ച്ച കഴിഞ്ഞു ആ ബൈക്കും ഒരു ലോറിയുമായി കൂട്ടിയിടിച്ചു നന്ദയുടെ ഭര്‍ത്താവ് മരിച്ചതും, ഒരു ചെറിയ പനിയില്‍ തുടങ്ങിയ അസുഖം ഒരു മാസം പോലും പ്രായമാകാത്ത നന്ദയുടെ കുഞ്ഞിന്റെ ജീവന്‍ അപഹരിച്ചതും ഒക്കെ ഗീതു പറഞ്ഞത് മൂടല്‍ മഞ്ഞിനപ്പുറം വളരെ അകലെ നിന്നും ആരോ പറയുന്നത് പോലെയാണ് ഞാന്‍ കേട്ടത്. അതോടെയാണ് ആ പാവം തകര്‍ന്ന് പോയത്. 'അവളുടെ ജാതകദോഷം' എന്ന് പറഞ്ഞു കുറ്റപ്പെടുത്താന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ക്കും കുറവില്ലല്ലോ. ചൊവ്വദോഷവും, കുറ്റപ്പെടുത്തലും ഇല്ലാത്ത ലോകത്തേക്ക് പോകുവാന്‍ നന്ദ തീരുമാനിച്ചത് കുഞ്ഞിന്റെ മരണത്തോടെയാവണം. സാരിത്തുമ്പിലെ കുടുക്കില്‍ അവസാനിച്ച എന്‍റെ നന്ദയുടെ മുഖം മനസ്സില്‍ നിറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി.

ഗീതു യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും, രവി വന്നു എന്നെ അവിടെന്ന് ഒരു ഓട്ടോയില്‍ കൂട്ടികൊണ്ട് പോകുമ്പോഴും എന്റെ മനസ്സ് മുഴുവന്‍ നന്ദയുടെ മുഖം ആയിരിന്നു.....

Sunday, June 27, 2010

താളപ്പിഴകള്‍..

പ്രിയപ്പെട്ട കിച്ചന്,
ഇന്നലെ നീ അമ്പലത്തില്‍ ഒരുപാട് നേരം എന്നെ കാത്തു നിന്ന് കാണുമെന്നു എനിക്കറിയാം. അമ്പലത്തിലേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആണ് കിച്ചന്റെ അമ്മ വീട്ടില്‍ വന്നത്. ആന്റിയെ കണ്ടപ്പോള്‍ തന്നെ എന്‍റെ അമ്മയുടെയും ചേട്ടന്റെയും ഭാവം മാറി. ഒരു വിധം അവരെ പറഞ്ഞു സമാധാനിപ്പിച്ചു. ആന്റിയും ഞാനും ഒരുപാട് നേരം സംസാരിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിനക്ക് ഒരു തരത്തിലും ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്ന് എനിക്കറിയാം. പക്ഷെ കിച്ചന്റെ നന്മക്ക് വേണ്ടി, ഞാന്‍ പറയുന്ന കാര്യങ്ങള്‍ കിച്ചന്‍ അനുസരിച്ചേ മതിയാവു...ജീവിതത്തില്‍ എന്‍റെ ആയുസ്സിന്റെ പാതി കൂടി കിച്ചന് തരണം എന്നേ ഞാന്‍ ഇതുവരെ ദേവിയോട് പ്രാര്‍ത്ഥിച്ചിട്ടുള്ളൂ. അങ്ങനെയുള്ള ഞാന്‍ തന്നെ കിച്ചന്റെ ജീവിതത്തില്‍ ഒരു ശാപമാകുന്നതിനെ കുറിച്ചു എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ഇതിനെക്കുറിച്ചു നമ്മള്‍ തമ്മില്‍ നേരത്തെ സംസാരിച്ചതാണ്. അന്ന് ഞാന്‍ സമ്മതിച്ചതുമാണ് കിച്ചന്‍ പറയും പോലെ ചെയ്യാം എന്ന്. പക്ഷേ, ഇപ്പോള്‍ എന്‍റെ മനസ്സില്‍ പേടിയല്ലാതെ മറ്റൊന്നും ഇല്ല. വന്നു കയറുന്ന പെണ്ണിന്റെ ജാതക ദോഷം കൊണ്ട് ജീവനും, ജീവിതവുമൊക്കെ ഇല്ലാതായ ഒരുപാട് കഥകള്‍ നമുക്ക് ചുറ്റും ഉള്ളത് എങ്ങനെ ഞാന്‍ കണ്ടില്ല എന്ന് നടിക്കും? അതും ഞാന്‍ കാരണം ആപത്ത്‌ വരുന്നത് നിനക്കാകുമ്പോള്‍?...എന്റെ ജീവനാണ് അപകടത്തിലാവുക എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ നിന്നോടൊപ്പം ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം ജീവിക്കാന്‍ ഞാന്‍ അത് വലിച്ചെറിയാന്‍ ഒരുക്കമാണ്. പക്ഷെ നിനക്കെന്തെങ്കിലും സംഭവിക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത് അന്ധവിശ്വാസമാകാം, അല്ലെങ്കില്‍ സത്യമാകാം. അതൊന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ നിന്റെ ജീവിതത്തില്‍ നിന്നും കഴിയുന്നത്ര ദൂരേക്ക്‌ പോവുക എന്നത് മാത്രമാണ്. എന്നെ നീ മറക്കണം എന്ന് ഞാന്‍ പറയില്ല. നിനക്ക് തന്ന വാക്ക് തെറ്റിച്ച എന്നെ വെറുക്കാനുള്ള ശക്തി ദേവി തരട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല..

എന്ന് സ്നേഹത്തോടെ
നന്ദ

എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് കരുതി, നന്ദയെ സ്നേഹിച്ചു ,ജീവിതം ഒരു ആഘോഷമായി മുന്നോട്ടു പോകവേ , ഇങ്ങനെ ഒരു കത്ത് നന്ദ എനിക്കയക്കാനുള്ള യഥാര്‍ത്ഥ കാരണം ഒരു ഊഹം മാത്രമായേ എനിക്കറിയൂ. ഞങ്ങളുടെ പ്രണയം പൂര്‍വ്വാധികം ശക്തമായി മുന്നോട്ടു പോകുന്നത് എന്റെ അമ്മ എങ്ങനെയോ അറിയുന്നു. ചൊവ്വാദോഷം മകന്റെ ജീവന്‍ അപകടത്തിലാക്കാതിരിക്കാന്‍ ലവന്റെ ജീവിതം കട്ട പൊക ആക്കാം എന്ന പ്രമാണം മുറുകെ പിടിച്ചു എന്റെ മമ്മി ഡിയറെസ്റ്റ് നേരെ വെച്ചു പിടിക്കുന്നു നന്ദയുടെ വീട്ടിലേക്ക്. കെട്ടിയ പെണ്ണിന്റെ ചൊവ്വ ദോഷം കാരണം തട്ടിപോയ അലിഭായി പിള്ളയുടെയും, മാത്യു രാജശേഖരന്റെയും ഒക്കെ കരളലിയിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തി എന്റെ നന്ദയെ സെന്റിമെന്റല്‍ അലക്ക് അലക്കി കാണും. സത്യസന്ധമായി ഒരുത്തനെ സ്നേഹിക്കുന്ന ഏതൊരു പാവം പെണ്ണും ആടി പോകും എന്നത് മൂന്നുതരം.

ഈ കത്ത് വന്നതിനു ശേഷം നന്ദയെ കാണുവാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു...വിവരം തിരക്കുവാന്‍ പോയ രവിയെ പോലും കാണാന്‍ നന്ദ കൂട്ടാക്കിയില്ല...കലാലയത്തില്‍ പോകുന്നത് തന്നെ നന്ദ വന്നാല്‍ കാണാമല്ലോ എന്ന പ്രതീഷയില്‍ ആയിരിന്നു, പക്ഷെ പിന്നെ ഒരിക്കല്‍ പോലും നന്ദ കലാലയത്തില്‍ വന്നില്ല...എന്നില്‍ നിന്നും നന്ദ എന്നന്നേക്കുമായി അകലുകയായിരിന്നു...തീര്‍ത്തും ഒറ്റപെട്ടത്‌ പോലെ ആയിരിന്നു എന്റെ അവസ്ഥ...തിരികെ വീട്ടില്‍ വന്നാല്‍ മുറി അടച്ചു ഒരേ ഇരിപ്പാണ്...കൂട്ടുകാരെ കാണാന്‍ പോലും പോകാതെ ആയി...അമ്മയോട് ആയിരിന്നു എന്റെ ദേഷ്യം മുഴുവന്‍....അമ്മ കഷ്ട്ടപെട്ടു ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുന്നത്‌ പോലും വിഷം കഴിക്കുന്നത്‌ പോലെ ആയിരിന്നു...

മാസങ്ങള്‍ പലതു കടന്നു പോയി...കലാലയ ജീവിതം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ പഠനവും ഏറെക്കുറെ കഴിഞ്ഞിരിന്നു...ഒരു ദിവസം വീട്ടില്‍ വരുത്തുന്ന ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത‍.."ഇവര്‍ വിവാഹിതരാവുന്നു"..താഴെ നന്ദയുടെയും ഒരു ചെക്കന്റെയും ഫോട്ടോ...അന്നേ ദിവസം നന്ദയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ വെച്ച് ഇവരുടെ വിവാഹം...കുറച്ചു നേരം പത്രവും കയ്യില്‍ പിടിച്ചു അവിടെ തന്നെ നിന്നു, "എന്താടാ?" എന്ന് ചോദിച്ച അമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു നേരെ റൂമിനുള്ളില്‍ കയറി കതകടച്ചു...ഈ ലോകം മുഴുവന്‍ എനിക്ക് എതിരാണ് എന്ന് തോന്നി...ഇങ്ങനെ ഒരു ജന്മം കിട്ടിയ എന്നോട് എനിക്ക് തന്നെ വെറുപ്പ്‌ തോന്നി...എല്ലാം കൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥ...അമ്മയോട് മാത്രമല്ല, ഈ ലോകത്തിനോടു തന്നെ വെറുപ്പ്‌ തോന്നി...ഒരു ഭീരു ആയതു കൊണ്ട് ആയിരിക്കാം ആത്മഹത്യ ചെയ്യുവാനുള്ള ധൈര്യം ഉണ്ടായിരിന്നില്ല...എല്ലാം നശിപ്പിക്കണം അല്ലെങ്ങില്‍ സ്വയം നശിക്കണം ഇതായിരിന്നു മനസ്സ് മുഴുവന്‍...എല്ലാരും എന്നെ വെറുക്കണം, എന്റെ അമ്മക്ക് തോന്നണം, ചെയ്തത് തെറ്റായി പോയി എന്ന്...അതിനു വേണ്ടി എന്ത് ഹീനമായ പ്രവര്‍ത്തി ചെയ്യാനും എന്റെ മനസ്സിനെ തയ്യാര്‍ ആക്കുകയായിരിന്നു ആ മുറിക്കുള്ളില്‍ കഴിച്ചു കൂട്ടിയ ഓരോ നിമിഷവും...പക്ഷേ, എന്റെ മനസ്സിലെ പകയെ വിധി നേരിട്ടത് മഹാദുരന്തങ്ങള്‍ കൊണ്ടായിരുന്നു...പല ജീവിതങ്ങള്‍ ബാധിക്കപ്പെട്ട ദുരന്തങ്ങള്‍...

അച്ചുവിനോട്, "അച്ചു" എന്ന പേര് എനിക്ക് ഏറ്റവും പ്രിയപെട്ടതാണ്...അതിനുള്ള കാരണം വഴിയെ പറയാം...

Monday, June 21, 2010

കിച്ചന്‍ പുലിയാ..

അടി കിട്ടുന്നതിനു മുന്‍പ് നന്ദയോട് സംസാരിക്കണം...ലത് മാത്രം ആയിരുന്നു എന്റെ മനസ്സ് മുഴുവന്‍...ഒരെണ്ണം എന്തായാലും കിട്ടും..ഒരു തവണ പെണ്ണ് കേസ്സിന് തല്ലു കൊണ്ടതാ...പക്ഷെ ലത് ഒറ്റവരി പാത ആയിരിന്നു (ഒറ്റവരി പാത ആയിരിന്നോ അല്ലയോ എന്ന് ഇന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല കേട്ടോ...കിച്ചന് ഇന്നും സംശയങ്ങള്‍ ബാക്കി)..ഇത് ടൂവേ ആണ്, പക്ഷെ ട്രാഫിക്‌ ജാമില്‍ പെട്ട് കിടക്കുകയാണ് കൂടാതെ ഇത് സംഭവിക്കുന്നത്‌ നഗരഹൃദയത്തില്‍ വെച്ചാണ്...വീട്ടുക്കാര്‍ പോയിട്ട് നാട്ടുകാര്‍ പോലും സഹായിക്കാന്‍ ഇല്ല ..(ചുറ്റും നുമ്മ മലയാളീസ് അല്ലേ...ഒരുത്തന്‍ അടി വാങ്ങുന്നത് കണ്ടാല്‍ നോക്കി ചിരിക്കും അല്ലാതെ അവനെ രക്ഷിക്കാന്‍ ആര്‍ക്കാ സമയം ഉള്ളത്..പക്ഷെ എന്നെ രക്ഷിക്കാന്‍..വെറും ലോക്കല്‍സ് എന്ന് എല്ലാരും പറയുന്ന കുറച്ചു മലയാളീസ് ലവിടെ ഉണ്ടായിരിന്നു...)

എപ്പോള്‍ വേണമെങ്കിലും അടി വീഴാം എന്ന പേടി ഒളിച്ചു വെച്ച് നന്ദയോട് ചോദിച്ചു.."നന്ദാ, നന്ദയ്ക്ക് എന്താ പറ്റിയത് ??.. എന്താ ഇങ്ങനെ ഒക്കെ എന്നോട് പെരുമാറുന്നത് ??"...നന്ദയുടെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു...പരിചയപ്പെട്ടതിനു ശേഷം ആദ്യമായിട്ട് ആണ് എന്റെ നന്ദയുടെ കണ്ണുകള്‍ നിറയുന്നത്...പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ നമ്മുടെ ഇടയിലേക്ക് വന്ന് എന്റെ ഷര്‍ട്ടില്‍ കയറി പിടിച്ചിട്ടു ചോദിച്ചു "എന്താടാ നിനക്ക് വേണ്ടത്? നിന്നോട് പറഞ്ഞതല്ലേ.."...അന്ന് വരെ എനിക്ക് ഉണ്ടാവാത്ത ദേഷ്യം...എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല...നന്ദയുടെ ചേട്ടന്റെ കൈ ഞാന്‍ ശക്തിയോടെ തട്ടി തെറിപ്പിച്ചിട്ട് തിരിഞ്ഞു നന്ദയുടെ മുഖത്തേക്ക് നോക്കി...നന്ദ പേടിച്ചത് പോലെ തോന്നി..."നന്ദാ, ഞാന്‍ പ്രശ്നം ഉണ്ടാകാന്‍ വന്നതല്ല...നന്ദയുടെ ചേട്ടന്‍ ആവശ്യമില്ലാതെയാണ് ഒരു സീന്‍ ഉണ്ടാക്കുന്നത്‌.."...."ചേട്ടാ, വെറുതെ എന്റെ പേരില്‍ ഒരു വഴക്ക് വേണ്ട..കിച്ചനോട് ഞാന്‍ സംസാരിക്കാം" എന്നെ പുറകില്‍ നിന്നും അടിക്കാന്‍ വന്ന ചേട്ടനെ തടഞ്ഞു കൊണ്ട് നന്ദ പറഞ്ഞു..പക്ഷെ അപ്പോഴേക്കും നന്ദയുടെ ചേട്ടന്റെ കൈ എന്റെ പുറക്കില്‍ വീണു കഴിഞ്ഞിരിന്നു...പ്രതീഷിക്കാതെ കിട്ടിയ അടി ആയതു കൊണ്ട് അമ്മച്ചിയാണേ നല്ലവണ്ണം വേദനിച്ചു...പക്ഷെ സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നില്‍ നിന്ന് കരയാന്‍ പറ്റുമോ??..വേദന കടിച്ചമര്‍ത്തി ഞാന്‍ നന്ദയെ നോക്കി...നന്ദ കരയാന്‍ തുടങ്ങി കഴിഞ്ഞിരിന്നു...ഞാന്‍ തിരിഞ്ഞു നന്ദയുടെ ചേട്ടനോട് പറഞ്ഞു "ആരെയും ബുദ്ധിമുട്ടിക്കാന്‍ വന്നതല്ല ഞാന്‍, എനിക്ക് നന്ദയോട് ഒന്ന് സംസാരിക്കണം."...ഞാന്‍ കൈ തട്ടി തെറിപ്പിച്ചതിന്റെ ദേഷ്യവും കൂടെ ഉള്ള ഗുണ്ടയുടെ മുന്നില്‍ മാനം രക്ഷിക്കാനും വേണ്ടി നന്ദയുടെ ചേട്ടന്‍ വീണ്ടും അടിക്കാന്‍ കൈ വീശി...പക്ഷെ ഇത്തവണ അത് തടഞ്ഞത് കുറച്ചു നേരമായി ഇതെല്ലാം കണ്ടു കൊണ്ട് നിന്ന കുറച്ചു വഴിയോര കച്ചവടക്കാര്‍ ആയിരിന്നു. നന്ദയുടെ ചേട്ടനെയും കൂടെ നിന്ന ഗുണ്ടയെയും പിടിച്ചു മാറ്റിയിട്ടു അവര്‍ എന്നോട് പറഞ്ഞു "അനിയന്‍ ഒരു ഓട്ടോ പിടിച്ചു ആ കുട്ടിയേയും കൊണ്ട് പൊയ്ക്കോ, ഇവന്മാരുടെ കാര്യം നമ്മള്‍ ഏറ്റു." ഒരു നിമിഷം എന്താ വേണ്ടത് എന്ന് ഒരു പിടിയും കിട്ടിയില്ല.

ഭാവി അളിയനെ സഹായിക്കണോ അതോ കിട്ടിയ അവസരം ഉപയോഗിച്ച് നന്ദയെ പറഞ്ഞു മനസ്സിലാക്കണോ?? രണ്ടാമത് ചിന്തിച്ചതാണ് ഉചിതം എന്ന് എന്റെ മനസ്സ് പറഞ്ഞു. അത് വഴി പോയ ഒരു ഓട്ടോ കൈ കാണിച്ചു നിര്‍ത്തി, നന്ദയുടെ ചേട്ടന്റെ കാര്യം എന്റെ കൂട്ടുകാരന്‍ നോക്കും എന്ന് വാക്ക് കൊടുത്തിട്ടാണ് നന്ദ ഓട്ടോയില്‍ കയറാന്‍ തയാര്‍ ആയത്...എങ്ങോട്ട് പോകണം എന്ന് ഒരു നിശ്ചയവും ഉണ്ടായിരിന്നില്ല, പക്ഷെ ഞാനും നന്ദയും മുമ്പൊരിക്കല്‍ പോയിട്ടുള്ള ഒരു കോഫി ഷോപ്പിലേക്ക് ആണ് ഞാന്‍ ഓട്ടോ ഡ്രൈവറോട് പോകാന്‍ പറഞ്ഞത്..

നാട്ടുകാര്‍ കരുതിയത്‌, മര്യാദക്ക് കോളേജില്‍ പോകാന്‍ നിന്ന ഞങ്ങള്‍ രണ്ടു നല്ല കുട്ടികളെ ശല്യപ്പെടുത്താന്‍ വന്ന കാപാലികരാണ്‌ നന്ദയുടെ ചേട്ടനും കൂട്ടുകാരനും എന്നാണ്. എന്റെ തടി ഭാവി അളിയന്റെ തടിയെക്കാള്‍ എനിക്ക് വിലപ്പെട്ടതായതിനാല്‍ ഞാന്‍ അത് തിരുത്താനും പോയില്ല. എന്തിനാ വെറുതെ? നന്ദ കുറച്ചു നാളുകള്‍ക്കു ശേഷം എന്നെ കണ്ട സന്തോഷത്തിലും, ഉള്ളിലെ വിഷമത്തിന്റെ ആധിക്യത്തിലും ചേട്ടനെ മറന്നു പോയത് പോലെ തോന്നി. പിന്നെ എന്റെ കൂട്ടുകാരന്‍ 'ചേട്ടനെ ഹെല്‍പ്പും' എന്ന് ഞാന്‍ പറയുകയും ചെയ്തിരുന്നല്ലോ. അതെന്തായാലും നന്ദയുടെ ചേട്ടന്റെയും, കൂട്ടുകാരന്റെയും ബോഡികളില്‍ നാട്ടുകാര്‍ നാഷണല്‍ ഹൈവേയുടെ പണി തുടങ്ങുന്നതിനു മുന്‍പ് ഞാന്‍ നന്ദയും കൂട്ടി അവിടുന്ന് സ്ഥലം കാലിയാക്കി.

കോഫി ഷോപ്പില്‍ വെച്ചു അമ്മയുടെ തീരുമാനം നന്ദയെ എത്രത്തോളം വേദനിപ്പിച്ചു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവളുടെ ചൊവ്വാദോഷം എന്നെ കട്ട പൊകയാക്കുമോ എന്ന പേടി വേറെയും. റ്റൂസ്ഡേ പ്രോബ്ലം എനിക്ക് വെറും ചീള് കേസാണ് എന്നും. ഇനി ചൊവ്വ മാത്രമല്ല, തിങ്കള്‍ മുതല്‍ ഞായര്‍ വരെയുള്ള സകല പ്രോബ്ലംസും നന്ദ ഒപ്പമുണ്ടെങ്കില്‍ ഗ്രാസ്സായി നേരിടാന്‍ കിച്ചന്‍ റെഡി എന്നും നല്ല ഒന്നാന്തരം പൈങ്കിളി ഭാഷയില്‍ ഞാന്‍ നന്ദയെ പറഞ്ഞു മനസിലാക്കി. രണ്ടു മൂന്നു മണിക്കൂര്‍ ഞാന്‍ ഘോര ഘോരം പ്രസംഗിച്ചത് കേട്ട് സഹികെട്ടിട്ടാവണം 'ഇനിയുള്ള ജീവിതം നിന്റെ കൂടെ പണ്ടാരമടക്കാം' എന്ന് നന്ദ സമ്മതിച്ചു. ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എനിക്കപ്പോള്‍. പക്ഷെ നമ്മുടെ നാട്ടില്‍ അന്നത്തെ കാലത്ത്, കൌമാരം ജസ്റ്റ് കഴിഞ്ഞ ചെറുക്കന്‍ ലോകം വെട്ടിപ്പിടിച്ചാല്‍, ലോകര്‍ മുഴുവന്‍ ലവന്റെ മാതാശ്രിയുടെ മഹനീയ നേതൃത്വത്തില്‍ ലവനെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കും എന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു (ഇന്ന് നല്ല ഭേഷായിട്ടു അറിയാം).

അടികുറിപ്പ്: ഈ കത്തി മൊത്തത്തില്‍ ടോട്ടലായിട്ട് ഒറ്റ പോസ്റ്റില്‍ തന്നെ പറഞ്ഞു തീര്‍ക്കണം എന്ന് തന്നെ ആണ് എന്റെയും ആഗ്രഹം, പക്ഷെ മലയാള ഭാഷയില്‍ എനിക്കുള്ള പ്രതേക നൈപുണ്യം കാരണം, റഫ് കോപ്പി, എഡിറ്റെഡ് കോപ്പി, ഫൈനലിന് മുന്നേ ഉള്ള കോപ്പി, മനുഷ്യര്‍ക്ക്‌ വായിക്കാന്‍ കഴിയുന്ന പരുവത്തിലുള്ള കോപ്പി, പിന്നെ എന്റെ മനസമാധാനത്തിനുള്ള കോപ്പി ...ഇത്രെയും ഒക്കെ ഒപ്പിച്ചു കഴിയുമ്പോള്‍‍ ചിലപ്പോള്‍ പണി (ജോലി സ്ഥലത്തെ) പകുതി പെന്ടിംഗ് ആയിരിക്കും...ലത് കൊണ്ട് ആണ് ഉള്ളത് കുറച്ചാണ് എങ്കിലും വലിയ അക്ഷര തെറ്റ് ഇല്ലാതെ ഇവിടെ പോസ്റ്റാന്‍ പറ്റുന്നത്....അമ്മച്ചിയാണേ ഇനി അടി കിട്ടുന്ന സീനില്‍, ലത് കിട്ടിയതിനു ശേഷമേ സ്റ്റില്‍ അടിക്കു...ദയവു ചെയ്യുത്‌ എല്ലാവരും ഒന്ന് ഷെമി...(കിച്ചന് അടി കിട്ടിയോ എന്ന് അറിയാനുള്ള മനുഷ്യരുടെ ഒരു പൂതിയെ???)

Thursday, June 17, 2010

റ്റൂസ്ഡേ പ്രോബ്ലം

അടുത്ത ദിവസം നന്ദയുടെ വീട്ടില്‍ പോയി വന്ന രവി തന്ന വിവരങ്ങള്‍ കേട്ട് ഞാന്‍ അറിയാതെ തലയില്‍ കൈ വെച്ച് പോയി...എന്റെ ഒന്ന് ഒന്നര കിലോ ചോദ്യങ്ങള്‍ക്ക് മൂന്ന് മൂന്നര ടണ്‍ ഉത്തരങ്ങള്‍...വീടിനു പുറത്തു പോകരുത് എന്ന് പറഞ്ഞ കാരണവന്മാരുടെ വീട് കയറി ചീത്ത പറയണമോ?? അതോ എനിക്കിട്ടു പണി തന്ന അമ്മയുടെ ചെവിക്കിട്ട് കിഴുക്കു കൊടുക്കണോ?? അതോ 'സത്യത്തില്‍ ഇതാണെടാ വിധിയുടെ വിളയാട്ടം' എന്ന് പറഞ്ഞ രവിയെ നിലത്തിട്ടു ചവിട്ടാണോ?? എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ ചിന്തിച്ചു എങ്കില്‍ ലത്‌ എന്റെ കുറ്റം അല്ല...പണി കിട്ടും, പക്ഷെ കിട്ടുമ്പോള്‍ എല്ലാം ഒരുമിച്ചു കിട്ടും എന്ന് പറഞ്ഞാല്‍ ഇതാണ്..

നന്ദയുടെ അമ്മ രവിയോട് പറഞ്ഞത് കഥ:
നന്ദയുടെ നിര്‍ബന്ധം കാരണം നന്ദയോടൊപ്പം അവര്‍ എന്റെ അമ്മയെ കാണുവാന്‍ പോയി...ആ സമയത്ത് ഓഫീസില്‍ ഉണ്ടായിരിന്നു അമ്മയോട് നന്ദയുടെ നിര്‍ബന്ധം കാരണം ആണ് എന്റെ കാര്യം തിരക്കുവാന്‍ വന്നത് എന്ന് പറയുന്നു (വേറെ എന്തൊക്കെ ഉണ്ട് ഈ ലോകത്ത് പറയുവാന്‍..ലവര്‍ക്ക് ഇതുമാത്രമേ കണ്ടോള്ളൂ പറയാന്‍???...ഇതേ ചോദ്യം ഞാന്‍ എന്നോട് തന്നെ പലതവണ ചോദിച്ചിട്ടുണ്ട്)...എന്റെ അമ്മ അപ്പോള്‍ മാത്രമാണ് അറിയുന്നത് ഞാനും നന്ദയും ജസ്റ്റ്‌ ഫ്രണ്ട്സ്-ല്‍ നിന്നും പ്രമോഷന്‍ ആയി സ്നേഹം എന്ന പോസ്സിഷനില്‍ എത്തിയെന്ന്...അമ്മ അവരെ രണ്ടുപേരെയും കാന്റീനില്‍ കൂട്ടി കൊണ്ട് പോകുന്നു...അവിടെ വെച്ച് കൊച്ചുമാമന്‍ മരിച്ച കാര്യവും അതിനു കാരണം മാമിയുടെ 'റ്റൂസ്ഡേ പ്രോബ്ലം' ആണെന്നും പറയുന്നു...അപ്പോള്‍ ആണ് നന്ദയുടെ അമ്മ തന്റെ മകള്‍ക്കും ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഉണ്ടെന്നു ഓര്‍കുന്നതും, എന്റെ അമ്മയോട് ആ രഹസ്യം പറയുന്നതും,( ലിവിടെ ആണ് ഈ പ്രണയകഥ തിരിയുന്നതും അല്ലെങ്ങില്‍ തിരിച്ചതും)...എന്തായാലും ഇത് കേട്ടയുടനെ എന്റെ അമ്മയില്‍ ഉറങ്ങി കിടന്ന അമ്മ മനസ്സ് സടകുടഞ്ഞു ചാടി എഴുന്നേറ്റു നന്ദയുടെയും അമ്മയുടെയും മുന്നില്‍ വെച്ച് ഒരു ഉഗ്ര ശപഥം എടുത്തു "എന്റെ മകന് ഈ പറഞ്ഞ 'റ്റൂസ്ഡേ പ്രോബ്ലം' ഇല്ല...അതുകൊണ്ട് എന്റെ അനുജന് ഉണ്ടായ ദുര്യോഗം എന്റെ മകന് സംഭവിക്കാന്‍ ഞാന്‍ ജീവനോടെ ഇരിക്കുമ്പോള്‍ സമ്മതിക്കില്ല..." (സാരാംശം: എന്റെ മ്യോന്റെ ഭാവി ജീവിതം കട്ടപൊക ആയാലും വേണ്ടില്ല ലവന്റെ ജീവന്‍ ഞാന്‍ സംരക്ഷിക്കും..എന്റെ അമ്മയുടെ ഒരു സ്നേഹമേ??)..ഇത് കേട്ട് നന്ദ അമ്മയുടെ മുന്നില്‍ ഇരിന്ന് കരയുവാന്‍ തുടങ്ങി..(പക്ഷെ എന്റെ അമ്മയുടെ മനസ്സ് അലിയിക്കാനുള്ള ശക്തി എന്റെ നന്ദയുടെ കണ്ണുനീരിന്നു ഇല്ലായിരിന്നു..)..നന്ദയുടെ അമ്മ ദേഷ്യത്തില്‍ നന്ദയെയും കൂട്ടി അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു..ഒന്ന് തിരിച്ചു വിളിക്കാന്‍ പോലുമുള്ള മനസ്സ് എന്റെ അമ്മ കാണിച്ചുമില്ല...അതുകൊണ്ട് ഈ ബന്ധത്തില്‍ അവരുടെ വീട്ടില്‍ ആര്‍ക്കും താല്പര്യമില്ല...ദയവു ചെയ്തു കിച്ചനോട് പറയണം...എന്റെ മകളെ ഇനി ഒരു കാരണവശാലും ശല്യപ്പെടുത്തരുത് എന്ന്...

ഇതറിഞ്ഞ നന്ദയുടെ ചേട്ടന്‍ വയലന്റ്..ഇനി എന്നെയോ എന്റെ കൂട്ടുകാരെയോ വീടിന്റെ പരിസരത്ത് എങ്ങാനും കണ്ടാല്‍ കാലു വെട്ടി എടുക്കും എന്ന് ഭീഷണി മുഴക്കിയിരിക്കുന്നു(ഒരു തവണ ഇത് പോലൊരു ഭീഷണി പണ്ട് കിട്ടിയതാ...വീട്ടുക്കാര്‍ ചെയ്ത പുണ്യമോ എന്തോ അന്ന് കാലു പോയില്ല...പക്ഷെ അതെ വീട്ടുകാര്‍ കാരണം എന്റെ കാലുക്കള്‍ക്ക് വീണ്ടും ഭീഷണി!!!)...നന്ദയുടെ സ്പെഷ്യല്‍ റെക്കമെന്‍റ്റഷന്‍ കാരണം ആണ് രവിയുടെ കാലു പോകാതെ തിരിച്ചു വന്നത്...പക്ഷെ കൂടുതല്‍ വിഷമം തോന്നിയത് നന്ദയുടെ പിടിവാശി കേട്ടപ്പോള്‍ ആണ്...നന്ദയ്ക്ക് എന്നോട് സംസാരിക്കാന്‍ താല്പര്യം ഇല്ലെന്നും, അതുകൊണ്ട് ഇനി ഒരിക്കലും ഞാന്‍ നന്ദയെ കാണുവാന്‍ ശ്രമിക്കരുതെന്നും രവിയോട് പ്രതേകം പറഞ്ഞു വിട്ടു...(ഇതും കേട്ട് ഒന്നും മിണ്ടാതെ വന്ന ലവനെ ചവിട്ടി കൂട്ടണ്ടേ??..ഞാന്‍ ഒരു പാവം ആയതു അവന്റെ ഭാഗ്യം...)

അന്ന് മുതല്‍ നന്ദയെ കാണുവാനുള്ള എന്റെ പല വഴികളില്‍ കൂടിയുള്ള പരിശ്രമങ്ങളെ തന്റെ കൂട്ടുകാരുടെയും കുട്ടി ഗുണ്ടക്കളുടെയും സഹായത്തോടെ നന്ദയുടെ ചേട്ടന്‍ പരാജയപ്പെടുത്തി കൊണ്ടിരിന്നു, ഞാന്‍ പറഞ്ഞു വിട്ട ദൂതന്മാരെ പോലും അദ്ദേഹം പാന്റ് നനയിച്ചാണ് വിട്ടത്...തന്റെ വീടും വീട്ടുകാരെയും എന്നില്‍ നിന്നും മറച്ചു പിടിച്ചു അദ്ദേഹം വിജയഭേരി മുഴക്കി കൊണ്ടിരിക്കുന്ന ഒരു ദിനത്തില്‍, ഒരു കൂട്ടുകാരന്റെ ബൈകിന്റെ പുറകില്‍ ഇരിന്നു അടുത്ത നീക്കം 'എന്ത്? എപ്പോള്‍? എങ്ങനെ?' എന്ന് തലപുകച്ചു കൊണ്ട് യാത്ര ചെയ്യുമ്പോള്‍ ആണ് റോഡിന്‍റെ അങ്ങേ കരയില്‍ നഗരത്തിലെ പ്രധാന ബസ്സ്‌ സ്റ്റാന്‍ഡില്‍ കൂട്ടുകാരിയോടൊപ്പം നന്ദ നില്‍ക്കുന്നത് കണ്ടത്...കണ്ട പാതി കാണാത്ത പാതി..."ചവിട്ടടാ ബ്രേക്ക്" എന്ന് വിളിച്ചു കൂവികൊണ്ട്‌ ബൈക്കില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി (സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ ശ്രീനിവാസന്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങും പോലെ...) കുറച്ചു ദൂരം ഭൂമി ദേവിയെ ഇപ്പൊ ചുംബിക്കും..ഇപ്പൊ ചുംബിക്കും എന്ന് പറഞ്ഞു കൊണ്ട് കുറച്ചു ദൂരം മുന്നോട്ടു പോയി ബ്രേക്ക് ഇട്ടു നിന്നു...റോഡ്‌ ക്രോസ് ചെയ്തു നേരെ നന്ദയുടെ അടുത്ത് ചെന്നു..എന്നെ കണ്ടു നന്ദ ഞെട്ടി...നന്ദയോട് ആഭിമുഖ്യം പുലര്‍ത്താന്‍ എന്ന വണ്ണം ഇരട്ടി ശക്തിയില്‍ ഞാനും ഞെട്ടി, പ്ലാന്‍ ചെയ്തതല്ല, അമ്മച്ചിയാണെ ഞെട്ടി പോയാതാണ് ...കണ്ട പാതി നന്ദയെയും കൂട്ടുകാരിയെയും, കാണാത്ത പാതി നന്ദയുടെ ചേട്ടനെയും കുട്ടി ഗുണ്ടയും ആയിരിന്നു...സ്ക്രീനിന്റെ മറുവശത്ത് നിന്നും നന്ദയുടെ ചേട്ടനും ഒരു കുട്ടി ഗുണ്ടയും മെയിന്‍ ഫ്രെയിമിലേക്ക് പ്രവേശിച്ചു...

തിരിഞ്ഞു ഓടിയാല്‍, സ്നേഹിച്ച പെണ്ണിനെ കിട്ടില്ല എന്ന് മാത്രമല്ല...പിന്നെ ഈ ശരീരം വല്ല പാണ്ടി ലോറിക്കും അട വെക്കുന്നതായിരിക്കും നല്ലത്....നിന്ന് വാങ്ങാനുള്ളത് വാങ്ങിയിട്ട് തന്നെ കാര്യം....തല്ലു കൊള്ളുന്നു എങ്കില്‍ നല്ല അന്തസായിട്ട് ആണുങ്ങളെ പോലെ നിന്ന് വാങ്ങുക...നന്ദയുടെ ചേട്ടന്റെ കൂടെ ഉണ്ടായിരിന്ന ഗുണ്ടയുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി വിരിയുന്നത് ഞാന്‍ കണ്ടു....ഇത്തവണ കിച്ചന്‍ നിന്നും കിടന്നും ഇരിന്നും വാങ്ങിക്കും എന്ന് കിച്ചന് തന്നെ ഉറപ്പായി...

Tuesday, June 15, 2010

വൈകി കിട്ടിയ കത്ത്

വിവാഹ ജീവിതത്തിനു ആറ് മാസം മാത്രം ആയുസ്സ് കൊടുത്തു ദൈവം തിരിച്ചെടുത്ത എന്റെ കൊച്ചുമാമന്റെ മരണ വാര്‍ത്ത ആയിരിന്നു അത്...തലച്ചോറില്‍ രക്തസ്രാവം ഉണ്ടായാണ് മാമന്‍ മരിക്കുന്നത്...പക്ഷെ കാരണവന്മാര്‍ക്ക് അത് ഒരു സാധാരണ മരണം ആയി കാണുവാന്‍ താല്പര്യം ഇല്ലായിരിന്നു, മാമിക്ക് ജാതകത്തില്‍ ചൊവ്വദോഷം ഉണ്ടെന്നും അതിന്റെ അനന്തര ഫലം ആണ് ഈ മരണം എന്നതായിരിന്നു അവരുടെ കണ്ടുപിടിത്തം...പക്ഷെ ആ മരണം എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റൊരു മുറിപ്പാട് കൂടി തരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല...

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം ആണ്..നന്ദയുടെ വീട്ടില്‍ ലാന്‍ഡ്‌ ലൈനും ഇല്ല..ആ ദിവസങ്ങളില്‍ ഒരു എഴുത്ത് എഴുതാന്‍ ഉള്ള മാനസ്സികാവസ്ഥയോ സാഹചര്യമോ ഇല്ലായിരിന്നു..കൂട്ടത്തില്‍ കാരണവന്മാരുടെ വക 'മരണ വീട്ടില്‍ നിന്നും പുറത്തു പോകരുത്' എന്നുള്ള കര്‍ശന നിര്‍ദേശവും...അത് കാരണം എനിക്ക് നന്ദയെ ഇതൊന്നും അറിക്കുവാനും സാധിച്ചില്ല...ഒടുവില്‍ ചടങ്ങുക്കള്‍ ഒക്കെ കഴിഞ്ഞു, ഒന്‍പതാം ദിവസമാണ് എനിക്ക് പുറത്തേക്കു ഇറങ്ങുവാന്‍ ഒരു അവസരം ഉണ്ടായത്...തിങ്കളാഴ്ച ദിവസം രാവിലെ അമ്മക്ക് ഓഫീസില്‍ ചെന്ന് ലീവ് എഴുതി കൊടുക്കണമെന്നും കൂടെ ഞാന്‍ പോകണമെന്നും പറഞ്ഞു...അങ്ങനെ അന്ന് രാവിലെ ഒരു ഒന്പതരക്ക് ബൈക്കില്‍ അമ്മയെ ഓഫീസില്‍ കൊണ്ട് വിട്ടു, അമ്മയില്‍ നിന്നും വീട്ടിലേക്കു പോകാനുള്ള അനുവാദം വാങ്ങി, ഒരു പത്തര പതിനൊന്നു മണിയോടെ വീട്ടില്‍ എത്തി. നന്ദയുടെ കത്തുകള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് പോസ്റ്റ്‌ ബോക്സില്‍ നോക്കി... നന്ദ അയച്ച ഒരു കത്ത്, അന്ന് രാവിലെ വന്നത്...അത് തുറന്നു വായിച്ച എനിക്ക് സത്യത്തില്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി എന്നെ കുറിച്ചുള്ള ഒരു വിവരവും ഇല്ലാത്തതിനാല്‍ എന്റെ അമ്മയുടെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നന്ദ അമ്മയോടൊപ്പം വരും, അപ്പോള്‍ ഞാന്‍ അവിടെ ഉണ്ടാവണം എന്നായിരിന്നു കത്തിലെ ഉള്ളടക്കം...വെള്ളിയാഴ്ച പോസ്റ്റ്‌ ചെയ്ത കത്ത് ആയിരിന്നു അത്...പക്ഷെ രണ്ടാം ശനിയാഴ്ച ആയതു കാരണം രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ആണ് കത്ത് വീട്ടില്‍ എത്തിയത്...

അമ്മയുടെ ഓഫീസിലേക്ക് തിരിച്ചു ബൈക്കില്‍ പോകുമ്പോള്‍ നന്ദ അമ്മയുടെ ഓഫീസില്‍ തന്നെ എനിക്ക് വേണ്ടി കാത്തു നില്‍ക്കും എന്ന് തന്നെ ആയിരിന്നു എന്റെ പ്രതീഷ. പക്ഷെ അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ അമ്മ മാത്രമേ ഉള്ളു..അമ്മയോട് നന്ദ വന്നിരിന്നോ എന്ന് ചോദിച്ചതിനു ഇല്ല എന്ന മറുപടി ആണ് കിട്ടിയത്..പിന്നെ അമ്മ അതിനെ കുറിച്ച് ഒന്നും സംസാരിച്ചതും ഇല്ല.....നന്ദ വരും എന്ന് കത്തില്‍ എഴുതിട്ടുണ്ട്...അപ്പോള്‍ വന്നിട്ടുണ്ടാവണം...അങ്ങനെ എങ്കില്‍ അമ്മ എന്തിനു കള്ളം പറയണം??..അമ്മയോട് ഈ അവസ്ഥയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും കഴിയില്ല. അടുത്ത ദിവസം റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാനുണ്ടെന്നു ഒരു കളവ് പറഞ്ഞു രാവിലെ തന്നെ കലാലയത്തില്‍ എത്തി..നന്ദ ക്ലാസ്സില്‍ വന്നിട്ടില്ല..കൂട്ടുകാരോട് ചോദിച്ചു, അവര്‍ ആരും തന്നെ നന്ദയെ അന്നേ ദിവസം കണ്ടിട്ടില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു.."കഴിഞ്ഞ ആഴ്ച നന്ദ കിച്ചനെ തിരക്കി നടന്നു...ഇപ്പോള്‍ കിച്ചന്‍ നന്ദയെ തിരക്കി നടക്കുന്നു. എന്താ കിച്ചാ പ്രശ്നം??"...

അന്നേ ദിവസം നന്ദ ക്ലാസ്സിലേക്ക് വന്നതേ ഇല്ല...എന്താ നന്ദയ്ക്ക് പറ്റിയത്??...വൈകിട്ട് രവിയെ കണ്ടു കാര്യം അറിയിച്ചപ്പോള്‍ അവന്‍ എന്റെ കൂടെ നന്ദയുടെ വീട്ടിലേക്കു വരാം എന്ന് പറഞ്ഞു. അങ്ങനെ നമ്മള്‍ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ എത്തി...നന്ദയുടെ അമ്മയാണ് പുറത്തേക്ക് വന്നത്..."ആന്റി, നന്ദ ഉണ്ടോ??". എന്റെ ചോദ്യത്തിനു ഒരു മറുപടി പോലും തരാതെ അവര്‍ വീട്ടിനുള്ളിലേക്ക് പോയി..ഞാനും രവിയും പരസ്പരം നോക്കി..എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി..പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ പുറത്തേക്കു ഇറങ്ങി വന്നു, മദ്യപിച്ചിട്ടുണ്ട്‌ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.."കിച്ചന്‍ വാ, നമ്മള്‍ക്ക് പുറത്തു നിന്നും സംസാരിക്കാം.." ഇതും പറഞ്ഞു നന്ദയുടെ ചേട്ടന്‍ നമ്മളെ ഗേറ്റിനു പുറത്തേക്കു കൊണ്ട് പോയി...."എനിക്ക് നന്ദയെ ഒന്ന് അത്യാവശ്യമായിട്ട് കാണണം..എന്റെ മാമന്‍ മരിച്ചുപോയി...കുറച്ചു ദിവസം അവിടെ ആയിരിന്നു...അതാ..." എന്നെ മുഴുവന്‍ പറയാന്‍ അനുവദിക്കാതെ നന്ദയുടെ ചേട്ടന്‍ പറഞ്ഞു..."കിച്ചന്‍ ഇനി ഇവിടെ വരരുത്, ദയവു ചെയ്തു അവളെ അവളുടെ വഴിക്ക് വിട്..." ഞാന്‍ ശരിക്കും ഞെട്ടി.."എന്താ?? എന്താ പ്രശ്നം??...നന്ദ എവിടെ?? നന്ദ പറയട്ടെ എന്താ പ്രശ്നമെന്ന്?? നന്ദയെ ഒന്ന് വിളിക്കുമോ?? എനിക്ക് നേരിട്ട് ഒന്ന് സംസാരിക്കണം" എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരിന്നു ..."കിച്ചനെ ഇനി ഒരിക്കലും കാണണ്ട എന്ന് നന്ദ പറഞ്ഞു...ഇനി അവള്‍ പഠിക്കാനും വരുന്നില്ല...ഇതുവരെ ഞാന്‍ നന്ദയെ ഓര്‍ത്താണ് മാന്യമായിട്ടു സംസാരിച്ചത്..കിച്ചന്‍ ഇനി ഇവിടെ നിന്നാല്‍ പ്രശ്നം ആകും"..നന്ദയുടെ ചേട്ടന്റെ സ്വരം ഉച്ചത്തില്‍ ആയി..ഒരാഴ്ച മുന്‍പ് എന്നോട് കളി തമാശ പറഞ്ഞു ഇരുന്ന നന്ദയുടെ ചേട്ടനാണ് ഇപ്പോള്‍ ഒരു പരിചയവും ഇല്ലാത്തതു പോലെ സംസാരിക്കുന്നത്..എന്റെ നില്‍പ്പും ഭാവും കണ്ടിട്ടാകും രവി എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു..."കിച്ചാ ദയവു ചെയ്തു നീ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്..വേറെ എന്തെങ്ങിലും കാരണം കാണും അതാ പുള്ളിക്കാരന്‍ അങ്ങനെ ഒക്കെ പറയുന്നത്"..ഞാന്‍ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ചോദിച്ചു.."ഞാന്‍ ഇനി എന്താടാ വേണ്ടത്??"......"വാ നമ്മള്‍ക്ക് ഇപ്പോള്‍ ഇവിടെന്ന് പോകാം, നാളെ ഞാന്‍ വന്നു നന്ദയെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിട്ട് നമ്മള്‍ക്ക് തീരുമാനിക്കാം." എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആണ് രവി അത് പറഞ്ഞത്...പെട്ടെന്ന് ഗേറ്റില്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍..നന്ദയുടെ ചേട്ടന്‍ ഗേറ്റും അടച്ചു അകത്തേക്ക് നടക്കുന്നതാണ് കണ്ടത്...ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് മനസ്സിലായി...

ഒരാഴ്ച്ച കൊണ്ട് എന്ത് മാറ്റമാണ് നന്ദയില്‍ സംഭവിച്ചത്?? ഇനി എന്‍റെ അമ്മ, തലേന്ന് നന്ദയെ കാണുകയും, വല്ലതും അനിഷ്ടമായി പറയുകയും ചെയ്തോ?? ഒരാഴ്ച മുന്‍പ് എന്‍റെ കൂടെ പാമ്പായി ഇഴഞ്ഞ നന്ദയുടെ ചേട്ടന്റെ പെരുമാറ്റം ഇത്ര പെട്ടെന്ന് അപരിചിതമായത് ഞാന്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടാണോ? അങ്ങനെ ഒരു നൂറു നൂറു ചോദ്യങ്ങളുടെ തേനീച്ചകള്‍ എന്‍റെ തലച്ചോറില്‍ മൂളി പറക്കുകയായിരുന്നു..അവയുടെ ഉത്തരങ്ങള്‍ എനിക്ക് ലഭിച്ചത് അടുത്ത നാള്‍ രവിയില്‍ നിന്നുമായിരുന്നു....

Thursday, June 10, 2010

അളിയനാണ് അളിയാ അളിയന്‍!!!!

ബൈക്ക് നമ്മുടെ മുന്നില്‍ വന്നു നിന്നു.........സിനിമ സ്റ്റൈലില്‍ ബൈക്കില്‍ നിന്നും ചാടി ഇറങ്ങി അടി തുടങ്ങും എന്ന് കരുതി, അതിനുള്ള തയാറെടുപ്പുകള്‍ ശരീരത്തില്‍ നടത്തി...ഒരല്‍പം ചരിഞ്ഞു നിന്നു(നേരിട്ടുള്ള ഇടി അത് ഇനി എത്ര ചെറുതായാലും വലുതായാലും കൂമ്പില്‍ വാങ്ങുന്നത് ഭാവി ജീവിതത്തില്‍ ഒരുപ്പാട്‌ ദോഷം ചെയ്യും) ശ്വാസം ഒക്കെ അടക്കി പിടിച്ചു വെച്ചു തയാര്‍ ആയി നിന്നു(എവിടെയോ കേട്ടിടുണ്ട് ശ്വാസം പിടിച്ചു വെച്ചാല്‍ അടി കിട്ടുമ്പോള്‍ വേദനിക്കില്ല എന്ന്)......ബൈകിന്റെ പുറകില്‍ ഇരുന്ന തടിമാടന്‍ ബൈക്കില്‍ നിന്നും ഇറങ്ങി നന്ദയുടെ ചേട്ടനോട് "അപ്പോള്‍ രാത്രി കാണാം" എന്ന് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ പിടിച്ചു വെച്ച ശ്വാസം വിട്ടത്.....ബൈക്ക് ഒരു കടയുടെ മുന്നില്‍ വെച്ച് ലോക്ക് ചെയ്തിട്ട് നന്ദയുടെ ചേട്ടന്‍ അടുത്ത് വന്ന് നമ്മോടായി പറഞ്ഞു "കിച്ചാ, നമ്മള്‍ക്ക് ഒന്ന് മിന്നിയിട്ട് പോകാം.."..എന്റെ കണ്ണ് നിറഞ്ഞു പോയി..ഭാവി അളിയന്‍ ഇത്രയും സ്നേഹം ഉള്ള വ്യക്തി ആണെന്ന് എനിക്ക് അറിയില്ലയിരിന്നല്ലോ??...രവിയുടെ അഭിപ്രായം അറിയാന്‍ വേണ്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ കണ്ടത്...വിശന്നു വലഞ്ഞു നില്‍ക്കുന്ന ഒരു പിച്ചകാരനെ ബിരിയാണി കഴിക്കാന്‍ ക്ഷണിക്കുമ്പോള്‍ കാണുന്ന മുഖഭാവവുമായി നില്‍ക്കുന്ന രവിയെ ആണ് .....

പിന്നെ ഒട്ടും അമാന്തിച്ചില്ല...മൂന്നുപേരും കൂടി ഒരു ഓട്ടോ പിടിച്ചു നേരെ അടുത്തുള്ള ബാറിലേക്ക് ചെന്നു....ഒരു ഫുള്‍ ബോട്ടില്‍ മൂന്നുപേര്‍....രണ്ടു മണികൂര്‍ കഴിഞ്ഞു കുപ്പി ഒഴിഞ്ഞപ്പോള്‍ ഒരാള്‍ ഫ്ലാറ്റ്....(ആര് എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ അല്ലേ??) ഓട്ടോ പിടിക്കാം എന്ന് പറഞ്ഞ അളിയനെ നടക്കാം എന്ന് പറഞ്ഞു വിരട്ടി..(സോറി ഫ്ലാറ്റ് ആയാല്‍ അളിയനായാലും ശരി അമ്മാവനായാലും ശരി...കിച്ചന്‍ പറയുന്നത് അങ്ങ് കേട്ടാല്‍ മതി...ഇങ്ങോട്ട് കണ്ട്രാക്ക് വിടണ്ട)..അവിടെന്നു ഏതാണ്ട് ഒരു നാല് കിലോമീറ്റര്‍ നടക്കണം നന്ദയുടെ വീട്ടിലേക്ക്...തനിയെ പോകാം എന്ന് പറഞ്ഞ അളിയനെ വീട്ടില്‍ തന്നെ കൊണ്ട് വിടണം എന്ന് ഈ അളിയന് വാശി....ചെകുത്താനും കടലിനും ഇടയില്‍ പെട്ട പോലെ രവിയും.....

ഇനി അങ്ങോട്ട്‌ രവി മറ്റൊരു അവസരത്തില്‍ ബ്ലാങ്ക്സ് ഫില്‍ ചെയ്തത്(ഇപ്പോഴും എന്റെ അടുത്ത കൂട്ടുകാര്‍ ബ്ലാങ്ക്സ് ഫില്‍ ചെയ്യാറുണ്ട്)
('ബ്ലാക്ക്‌ ഔട്ട്‌' ഒരു രോഗം അല്ല...അത് ഒരു സ്വപ്നാവസ്ഥയാണ്...വേണമെങ്ങില്‍ ഗൂഗ്ലിയോടു ചോദിക്കാം)

കിച്ചന്‍: അളിയാ, അളിയനെ പോലൊരു അളിയനെ കിട്ടിയതാ അളിയാ ഈ അളിയന്റെ ഒരു ഭാഗ്യം.
അളിയന്‍: ഇല്ല അളിയാ, ഇത് എന്റെ ഭാഗ്യം ആണ് അളിയാ..

കിച്ചന്‍: അളിയന് എന്നോട് ദേഷ്യം വല്ലതും ഉണ്ടോ?? ഉണ്ടെങ്കില്‍ ഇപ്പം പറയണം...പിന്നെ പറഞ്ഞാല്‍ സമ്മതിക്കില്ല...സത്യമായിട്ടും സമ്മതിക്കില്ല..
അളിയന്‍: എനിക്ക് ഒരു ദേഷ്യവും ഇല്ല കിച്ചാ....

കിച്ചന്‍: അളിയാ ഇത് എന്റെ ആല്‍മാര്‍ത്ത ഫ്രണ്ട് ആണ്...എന്നെ ഏറ്റവും കൂടുതല്‍ അറിയാവുന്നത് ഇവനാണ്....അളിയന്‍ ഇവനോട് ചോദിച്ചു നോക്ക്...ഇവന്‍ പറഞ്ഞു തരും എന്നെ കുറിച്ച്...
സംഭാഷണത്തിന്റെ ഇടയ്ക്കു കയറി...

രവി: കിച്ചാ, എടാ നീ കുറച്ചു ഓവര്‍ ആണ് കേട്ടോ...വാ നമ്മള്‍ക്ക് പോകാം, ഒരുപ്പാട്‌ ലേറ്റ് ആയി..
കിച്ചന്‍: എടാ രവി ഈ രാത്രി എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലടാ...(അത് ഞാന്‍ പറയുമ്പോള്‍ ഒരിക്കലും ഓര്‍ത്തില്ല എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു രാത്രി ആയി അത് മാറും എന്ന്..)

അളിയന്‍: കിച്ചാ, ഇനി നീ വീട്ടിലോട്ടു പൊയ്ക്കോ...നിന്നെ ഈ കണ്ടീഷനില്‍ നന്ദ കാണണ്ട......രവി, കിച്ചനെ വീട്ടില്‍ കൊണ്ട് വിടണേ....
കിച്ചന്‍: (ഔട്ട്‌ ആയി കഴിഞ്ഞു) എടാ രവി, എന്റെ അളിയന്‍ പറയും പോലെ ചെയ്യടാ...നീ ആദ്യം അളിയനെ കൊണ്ട് അളിയന്റെ വീട്ടില്‍ കൊണ്ട് ചെന്നു വിട്...എന്നിട്ട് നിന്നെ ഞാന്‍ കൊണ്ട് പോയി വീട്ടില്‍ വിടാം...

രവി: ശരി ശരി നീ ബസ്സ്‌ സ്റ്റോപ്പില്‍ വെയിറ്റ് ചെയ്യ്‌....ഞാന്‍ ചേട്ടനെ വീട്ടിന്റെ മുന്നില്‍ വിട്ടിട്ടു വരാം....(അവന്‍ മനസ്സില്‍ പറഞ്ഞ തെറി അവന്‍ എന്നോട് പറഞ്ഞു...പക്ഷെ ഇവിടെ പറയാന്‍ പറ്റില്ല...ഗുംബ്ലീട്റ്റ് അടല്‍സ് ഒണ്‍ലി ആണ്)
അളിയന്‍: അപ്പൊ കിച്ചാ, നമ്മള്‍ക്ക് പിന്നെ കാണാം...നന്ദയോട് പറയരുത് കേട്ടോ??
കിച്ചന്‍: (ഫുള്‍ ഔട്ട്‌) ഷരി അളിഴ.....(കിച്ചന്‍ ചാരി....മതിലില്‍....റിമംബര്‍...കിച്ചന്‍ വീണിട്ടില്ല!!!!!)

രണ്ടു മൂന്ന് നിമിഷത്തേക്ക് അനക്കം ഒന്നും ഇല്ല....
രവി: എടാ എഴുനേല്‍ക്കു, നമ്മള്‍ക്ക് പോകാം....അളിയന്‍ ബൈക്കില്‍ വീട്ടിലേക്കു പോയി.....
കിച്ചന്‍: അതിനു ഇത്ര നേരം വേനമായിരിന്നോ ഡാ???

അവിടെന്നു രവിയുടെ വീട് വരെ ടിപ്പു സുല്‍ത്താന്റെ വാളും വെച്ച് കിച്ചന്റെ ചവിട്ടു നാടകം ആയിരിന്നു എന്ന് രവി പറയുന്നു...പക്ഷെ ഇന്ന് വരെ ഞാന്‍ സമ്മതിച്ചു കൊടുത്തിട്ടില്ല (എനിക്ക് നേരിട്ട് അനുഭവം ഇല്ലാത്ത കാര്യം ഞാന്‍ എങ്ങനെ സമ്മതിക്കും..)അങ്ങനെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ വാളും ആ രാത്രിയും രവിയുടെ കട്ടിലില്‍ ആണ് അവസാനിച്ചത്‌.....


പക്ഷെ അടുത്ത ദിവസം വീട്ടില്‍ എത്തിയ എന്നെ കാത്തിരുന്നത്...എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു മരണ വാര്‍ത്ത ആയിരിന്നു....

Tuesday, June 8, 2010

അളിയനോ അതോ കാലനോ??

നല്ല സുഹൃത്തുക്കള്‍ എന്ന് ദേവനന്ദ പറഞ്ഞത് ഞങ്ങള്‍ക്കിടയില്‍ ഒരു ലക്ഷ്മണരേഖ തീര്‍ക്കുവാനായിരുന്നു എന്നായിരുന്നു എന്റെ കൂട്ടുകാരുടെ അഭിപ്രായം (രമേശന്റെ അല്ല). നമ്മളെ പ്രേമിക്കാതെ, ലവളുമാരുടെ ബോഡിഗാര്‍ഡ് ആക്കാനുള്ള (ഇക്കാലത്ത് എ ടി എം, ചുമട്ടുകാരന്‍, ഡ്രൈവര്‍ അങ്ങനെ പലതും) ആക്കാനുള്ള പെണ്‍പിള്ളാരുടെ സ്ഥിരം നമ്പര്‍ ഇല്ലേ? ലതു തന്നെ ഇത് എന്നായിരുന്നു അവന്മാരുടെ പൊതുവായ അഭിപ്രായം. പക്ഷെ സത്യത്തില്‍ അവന്മാര്‍ക്ക് നന്ദയെ അറിയില്ലായിരുന്നു, എനിക്കും..

വളരെ ചുരുക്കം നാളുകളില്‍ ഞാനും നന്ദയും തമ്മില്‍ നല്ല സൗഹൃദം വളര്‍ന്നു. താമസിയാതെ സൗഹൃദം എന്ന് അവള്‍ വരച്ച ആ നേര്‍ത്ത രേഖ അവള്‍ തന്നെ മായ്ക്കുകയും ചെയ്തു. ഞാന്‍ അതിലൊക്കെ ഭാഗ്യവാനായ വെറും കാഴ്ച്ചക്കാരന്‍ മാത്രമായിരുന്നു എന്നത് വിനയം കൊണ്ട് പറയുകയല്ല, അമ്മച്ചിയാണേ മദര്‍ പ്രോമിസ്..

ഒരിക്കല്‍ അമ്മയുടെ ഓഫീസില്‍ ഞാന്‍ നന്ദയെ കൊണ്ട് പോയിരിന്നു പരിചയപ്പെടുത്താന്‍...പക്ഷെ ഫ്രണ്ട് ആണ് എന്ന് മാത്രം പറഞ്ഞു...("ഇതെന്റെ പ്രാണസഖി" എന്ന് വല്ലതും പറഞ്ഞിരുന്നു എങ്കില്‍ ചിലപ്പോള്‍ ഇന്ന് ഇത് എഴുതാന്‍ എന്റെ പ്രാണന്‍ ഉണ്ടാവുമായിരിന്നില്ല..അവര്‍ എന്നെ അന്നേ തട്ടിയേനെ)....ഞാനും നന്ദയും ഒരുപാട് കത്തുകള്‍ പരസ്പരം (ബൈ പോസ്റ്റ്‌)അയക്കുമായിരിന്നു...നന്ദയുടെ ഐഡിയ ആയിരിന്നു ഇത് ...നമ്മുടെ മനസ്സില്‍ ഉള്ളത് തുറന്നു പറയാന്‍ കത്തുകള്‍ ആണ് കൂടുതല്‍ നല്ലത് എന്ന് നന്ദ പറയുമായിരിന്നു...ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്......നന്ദയുടെ അച്ഛന്‍ ഹോമിയോ ഡോക്ടര്‍, അമ്മ ഹൌസ് വൈഫ്‌, ചേട്ടന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു...ഒരു ദിവസം കലാലയത്തില്‍ നന്ദ വന്നത് ചേട്ടനോടൊപ്പം ആയിരിന്നു...എന്നെ പരിചയപ്പെടുത്തിയത് "ചേട്ടാ, ഇതാ ഞാന്‍ പറഞ്ഞ കിച്ചന്‍..." എന്ന് ആയിരിന്നു...സത്യത്തില്‍ അടി ആണ് ഞാന്‍ പ്രതീഷിച്ചത്...ഭാഗ്യം കൊണ്ട് അടിക്ക് ചിരിയുടെ രൂപം ആയിരിന്നു...വളരെ നല്ല രീതിയില്‍ ആണ് എന്നോട് പുള്ളിക്കാരന്‍ സംസാരിച്ചത്...നന്ദയോടപ്പം ഒരു ദിവസം വീട്ടിലേക്കു വരണം എന്ന് പറഞ്ഞാണ് പിരിഞ്ഞത്...ചേട്ടന്‍ പോയതിനു ശേഷം ഞാന്‍ നന്ദയോട് ചോദിച്ചു "എന്താ എന്നെക്കുറിച്ച് ചേട്ടനോട് പറഞ്ഞത്??"...."എന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ഒരു തല്ലിപൊളിയെ കാണിച്ചു തരാം എന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് വന്നത്"...."അപ്പോള്‍ അടി വാങ്ങി തരാനുള്ള പരിപ്പാടി ആയിരിന്നു അല്ലേ?."........"അത് വീട്ടില്‍ വെച്ച് തരാന്‍ ആയിരിക്കും വീട്ടിലേക്കു ക്ഷണിച്ചത്"..ഇതും പറഞ്ഞു നന്ദ ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയി...ഒരു അവധി ദിവസം വീട്ടിലേക്കു വരാന്‍ നന്ദ പറഞ്ഞു...അച്ഛനെയും അമ്മയെയും കാണുകയും പരിചയപ്പെടുകയും ചെയ്യാം എന്ന് പറഞ്ഞു.......

അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട് ഞാനും (എന്റെ പഴയ ക്ലാസ്സ്‌മേറ്റ്‌) രവിയും കൂടി നന്ദയുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു....രവിയെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പെടാപ്പാട് ദൈവം തമ്പുരാന്‍ പോലും പൊറുക്കില്ല കേട്ടാ...അവസാനം 'എന്നെ കൊന്നിട്ടെ നിന്നെ തൊടൂ' എന്ന് വാക്ക് കൊടുത്തതിനു ശേഷം ആണ് അവന്‍ വരാം എന്ന് സമ്മതിച്ചത് ..തലേ ദിവസം കലാലയത്തില്‍ വെച്ച് നന്ദയോട് വീട്ടിലേക്കു എത്തേണ്ട വഴി എല്ലാം ചോദിച്ചു മനസ്സിലാക്കി..നമ്മള്‍ വൈകുനേരം ആയിരിക്കും വരുന്നത് എന്ന് നന്ദയെ അറിയിച്ചു...അടുത്ത ദിവസം വൈകിട്ട് സ്വയം മരണം വരിക്കാന്‍ പോകുന്ന രണ്ടു ധീരയോദ്ധാക്കളെ പോലെ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ ചെന്നു...അമ്മയുടെ വക നല്ല വരവേല്‍പ്പ് ലഭിച്ചു, പക്ഷെ നന്ദയുടെ അച്ഛന്‍ ഒരു തണുപ്പന്‍ മനോഭാവം ആണ് കാണിച്ചത്‌..അദേഹത്തെ, നമ്മള്‍ കൂടെ പഠിക്കുന്നവര്‍ ആണെന്നും അത് വഴി പോയപ്പോള്‍ കയറിയത് ആണ് എന്ന് പറഞ്ഞു ഫലിപ്പിച്ചു...(തന്തപടി അത് വിശ്വസിച്ചോ ഇല്ലയോ...ഒരു പിടിയും ഇല്ല) അമ്മയോട് നന്ദ എന്നെ കുറിച്ച് കൂടുതല്‍ വിവരണം നല്കിയിരിന്നു എന്ന് എനിക്ക് മനസ്സിലായത്‌ പുള്ളികാരിയുടെ സ്പെഷ്യല്‍ ഉപദേശങ്ങള്‍ കേട്ടപ്പോള്‍ ആണ്....ചായയും വിവിധതരം പലഹാരങ്ങളും കഴിച്ചു കുറച്ചു നാട്ടുവര്‍ത്തമാനവും കലാലയ ജീവിതത്തെ കുറിച്ച് കുറച്ചു കത്തി ഒക്കെ വെച്ച് ഒരു രണ്ടു മണികൂര്‍ അവിടെ ചിലവഴിച്ചു...

നന്ദയോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം, നന്ദയുടെ ചേട്ടന്‍ എന്റെ അടുത്ത് വന്നു രഹസ്യമായിട്ടു പറഞ്ഞു.."കിച്ചാ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കണം...ഞാന്‍ അഞ്ചു മിനിട്ട് കഴിഞ്ഞു വരാം...ഞാന്‍ വന്നിട്ട് പോയാല്‍ മതി കേട്ടോ??"...വയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി.....അനിയത്തിയുടെ മുന്നില്‍ മര്യാദരാമന്‍ ആയി അഭിനയിച്ചിട്ട് എന്നെ ഒറ്റെക്ക് കിട്ടുമ്പോള്‍ തട്ടാന്‍ ആണോ ഭാവം??....നന്ദയുടെ ചേട്ടനോട് പറ്റില്ല എന്ന് പറയാന്‍ പറ്റുമോ??..രണ്ടുപേരുടെ തലവര ആ ബസ്സ്‌ സ്റ്റോപ്പ്‌ വരെ മാത്രമേ പറഞ്ഞിട്ടുള്ളൂ എങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍.."ശരി" എന്ന് പറഞ്ഞു നമ്മള്‍ ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു...രവിയോട് ഞാന്‍ നന്ദയുടെ ചേട്ടന്‍ പറഞ്ഞ കാര്യം പറഞ്ഞു...

രവി ഒരുതരത്തിലും നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല...അവന്‍ അപകടം മണത്തു പിടിച്ച പോലെ നിന്ന് മുരളുന്നു...പിന്നെ വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി നില്‍ക്കുമ്പോള്‍ ആണ് ദൂരെ നിന്നും നന്ദയുടെ ചേട്ടന്‍ തന്റെ മോട്ടോര്‍ ബൈക്കില്‍ ഒരു തടിമാടനെയും കൂട്ടി വരുന്നത് കണ്ടത്....രവി എന്റെ പുറകിലേക്ക് ഒന്ന് മാറിയോ എന്ന് ഒരു സംശയം...തിരിഞ്ഞു നോക്കിയപ്പോള്‍ ശരി തന്നെ...എടുത്തു ചാടി ഓടാന്‍ അവിടുത്തെ വഴികള്‍ നല്ല പരിചയം ഇല്ലല്ലോ എന്ന ചിന്ത മനസ്സില്‍ വന്നിട്ടാണോ എന്നറിയില്ല, രവി ചുറ്റും നോക്കി. പിന്നെ എന്‍റെ മുഖത്തേക്കും. അവനെ വിളിച്ചു കൊണ്ടുവന്നപ്പോള്‍ 'എന്നെ കൊന്നിട്ടെ അവര്‍ നിന്നെ തൊടു' എന്നോ മറ്റോ (സത്യമായിട്ടും മറന്നു പോയി) ഞാന്‍ കൊടുത്ത വാക്ക് വിശ്വസിച്ചു കൂടെ വന്നതിന് നന്ദയുടെ ചേട്ടന്റെയും കൂട്ടുകാരന്റെയും കയ്യില്‍ നിന്നും രണ്ടിടി കൂടുതല്‍ ചോദിച്ചു വാങ്ങിക്കണം എന്ന് രവി തീരുമാനിച്ചു കാണണം. ഉഷ്ണിച്ച വിയര്‍പ്പു പോലും ആവിയാകുന്ന പരുവത്തില്‍ വിരണ്ടു നില്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍..

Thursday, June 3, 2010

ജസ്റ്റ് ഫ്രണ്ട്സ്???

ഹംസം നളനാവുകയോ??? ഞാന്‍ ആ കുട്ടിയോട് രമേശന്റെ കാര്യം തന്നെ അല്ലേ സംസാരിച്ചത്, പിന്നെ ഇതെങ്ങനെ സംഭവിച്ചു?...ഇനി ഇപ്പൊ ഗീതുവും രമേശനും കൂടി എന്നെ കുരങ്ങ് കളിപ്പിക്കുകയാണോ?? എങ്കില്‍ രണ്ടിന്റെയും കൊലപാതകം, ശവമടക്ക്, അടിയന്ദരം, കഞ്ഞി വീഴ്ത്, ആണ്ടുബലി ഇതെല്ലാം കൂടി ഞാന്‍ ഒറ്റ ദിവസം കൊണ്ട് നടത്തും...പക്ഷെ അവന്റെ ആ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അവന്‍ കള്ളം പറഞ്ഞതല്ല എന്ന് എനിക്ക് തോന്നി...എത്ര ആലോചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല....ഇതൊക്കെ ചിന്തിക്കുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ ബസ്സ്‌ സ്റ്റോപ്പ്‌ മുഴുവന്‍ സ്കാന്‍ ചെയ്യുകയായിരിന്നു...അവിടെ എങ്ങും നന്ദയെ കാണുന്നില്ല..രമേശനോട് ചോദിക്കാനും വയ്യാത്ത അവസ്ഥ...എന്തായാലും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയേ പറ്റു...പക്ഷെ അതിനു നന്ദയെ കാണണം...

രമേശനോട് ഒന്നും പറയാതെ നേരെ നടന്നു ഗീതുവിന്റെ കൂട്ടുകാരികളുടെ അടുത്ത് ചെന്നു ചോദിച്ചു "ഗീതു എവിടെ??" കൂട്ടത്തില്‍ ഒരുത്തി കിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു "ഗീതു ഉച്ചക്ക് തന്നെ വീട്ടില്‍ പോയി, എന്താ കിച്ചാ കാര്യം??" ...അവളുടെ ചിരി കണ്ടപ്പോള്‍ ചെവിക്കു പിടിച്ചു കിഴുക്ക്‌ കൊടുക്കാന്‍ ആണ് തോന്നിയത്..എന്നെ ഞാന്‍ തന്നെ കണ്ട്രോള്‍ ചെയ്തു കൊണ്ട് വീണ്ടും ചോദിച്ചു "ആ പുതിയ കുട്ടിയും പോയോ?? എന്താ അതിന്റെ പേര്..ദേവ എന്നോ നന്ദ എന്നോ അല്ലെ?"..തലയില്‍ കൂടം കൊണ്ട് അടിച്ച പോലെ തോന്നി മറുപടി കേട്ടപ്പോള്‍ "ആ കുട്ടിയെ അതിന്റെ ചേട്ടന്‍ വന്ന് കൂട്ടികൊണ്ട് പോയി".......നല്ല കാലം വരും നല്ല കാലം വരും എന്ന് പറയുന്നത് ഇതിനെ ആണ്...ഒരു വശത്ത് ആല്‍മാര്‍ത്ത സുഹൃത്ത്‌ എന്നെ തട്ടാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നു മറ്റൊരു വശത്ത് എന്നെ ഇഷ്ടമാണെന്ന് പറയുന്ന പെണ്‍കുട്ടിക്ക് ഒരു ചേട്ടനും....മരണം എന്നെ കൈയും കാലും നീട്ടി വിളിക്കുന്നത്‌ പോലെ തോന്നി. നാല് കുപ്പി കള്ളിന് എന്റെ ജീവന്‍ വിലയായി കൊടുക്കേണ്ടി വരുമോ???.

അടുത്ത ദിവസം രാവിലെ തന്നെ കലാലയത്തില്‍ എത്തി...ആദ്യം ഗീതുവിനെ കണ്ടുപിടിച്ചു...ഉണ്ടായ സംഭവം അവളോട്‌ പറഞ്ഞു...അവള്‍ ഒരു തമാശക്ക് വേണ്ടി ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എന്ന് പറഞ്ഞു തല ഊരി....'അവളുടെ ഒരു ധമാഷ'....മനുഷ്യന്റെ ഉറക്കവും പോയി, മനസമാധാനവും പോയി, രാത്രി ഇടയ്ക്കു ഇടയ്ക്കു ഉണരുന്നത് കൂടുകയും ചെയ്തു(തെറ്റുധരിക്കണ്ട ദുസ്വപ്നം കണ്ടിട്ടല്ല കേട്ടോ)..........ഗീതുവിനെ കുറ്റം പറയാനും പറ്റില്ല, ഇതൊന്നും അവളുടെ അറിവോടെ അല്ലല്ലോ.....ഇതുവരെ നന്ദ വന്നിട്ടുമില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു.....നന്ദയെ കണ്ടതിനു ശേഷം രമേശനോട് സംസാരിക്കാം എന്ന് കരുതി അവന്റെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു....പക്ഷെ നന്ദയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിന് ഒരു അറുതി വന്നത് മൂന്നാം ദിവസം ആണ്(സംശയിക്കണ്ട..യേശു ക്രിസ്തു ഒന്നും അല്ല....) നായിക കലാലയത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ ചാരന്മാര്‍ വിവരം അറിയിച്ചു....ക്ലാസ്സില്‍ കയറുന്നതിനു തൊട്ടു മുന്‍പ് തന്നെ നന്ദയെ കണ്ടു....എന്നെ കണ്ടയുടനെ "കിച്ചാ എനിക്ക് ക്ലാസ്സില്‍ കയറണം..നമ്മള്‍ക്ക് ഉച്ചക്ക് ബ്രേക്ക്‌ ടൈമില്‍ സംസാരിക്കാം" ഇതും പറഞ്ഞു നന്ദ ക്ലാസ്സിലേക്ക് കയറി....

"പണ്ടാരം അടങ്ങാന്‍, ലവള് എന്താ ആളെ കളി ആക്കുകയാണോ??? ലതിന് ഇപ്പൊ ഈ ക്ലാസ്സില്‍ കയറിയേ പറ്റു പോലും, ആരെ തോല്പ്പിക്കാനാ ഇങ്ങനെ പഠിക്കുന്നത്?? മനുഷ്യന് ഇവിടെ ഉറക്കം പോയിട്ട് ദിവസം കുറച്ചായി."...ഉള്ളില്‍ തിളച്ചു പൊന്തി വന്ന കലി ക്ലാസ്സിന്റെ പുറത്തുള്ള ചുവരില്‍ ഞാന്‍ തീര്‍ത്തേനെ...എന്റെ കൈ ആണല്ലോ എന്ന് ഓര്‍ത്തു മാത്രം ഞാന്‍ അങ്ങ് ക്ഷമിച്ചു....അവള്‍ക്ക് എന്താ പറയാനുള്ളത് എന്ന് കേള്‍ക്കാം...ഈ ഉച്ചവരെ ഉള്ള കാത്തിരിപ്പ്‌...നമ്മുടെ ക്ഷമയുടെ ഗൂസ്ബെറി പ്ലേറ്റ് വരെ കണ്ടു കഴിഞ്ഞു...ഇനി അങ്ങോട്ട്‌ ഇല്ല എന്ന് സൈറന്‍ അടിച്ചതും ബ്രേക്ക്‌ ടൈം ബെല്‍ കേട്ടതും ഒരുമിച്ചായിരിന്നു.....നന്ദയുടെ ക്ലാസ്സിലേക്ക് പോകുന്ന വഴിയില്‍ രമേശന്‍ നില്‍ക്കുന്നത് കണ്ട് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു.."രമേശാ, എടാ അവള് ചിലപ്പോള്‍ നിന്നെ ഒന്ന് കളിപ്പിച്ചതായിരിക്കും..എന്തായാലും ഞാന്‍ ഒന്ന് പോയി സംസാരിക്കട്ടെ..നീ ഒന്ന് ക്ഷമി"....."തമാശയും കാര്യവും കണ്ടാല്‍ തിരിച്ചറിയാനുള്ള വിവരം എനിക്ക് ഉണ്ട്..അതുകൊണ്ട് നീ അത് വിട് കിച്ചാ"..ഇവന്‍ ഇപ്പോഴും എന്നെ തട്ടാന്‍ തന്നെ ആണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ ഒന്നും സംസാരിക്കാന്‍ നില്‍കാതെ നേരെ നന്ദയുടെ ക്ലാസ്സിലേക്ക് ചെന്നു...

നന്ദയും ഗീതുവും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എത്തുമ്പോള്‍..എന്നെ കണ്ടതും ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച്‌ ഗീതു പുറത്തേക്കു ഇറങ്ങി..അന്നത്തെ പോലെ കസേര നീക്കി നന്ദയുടെ മുന്നില്‍ ഇരിന്നു...നന്ദ മുഖത്ത് ഒരു ചെറിയ ചിരി വരുത്തി..

ഞാന്‍: രണ്ടു ദിവസം എവിടെ ആയിരിന്നു??
നന്ദ: പനി പിടിച്ചു..(ഒരല്‍പ്പം പേടിച്ചോ എന്ന് ഒരു സംശയം)

ഞാന്‍: പനി ആരെ പിടിച്ചെന്ന്??
നന്ദ: അത്....എനിക്ക് പനി ആയിരിന്നു...അതാ കോളേജില്‍ വരാത്തത് ...

ഞാന്‍: ശരി അത് പോട്ടെ, ഞാന്‍ ഇപ്പോള്‍ വന്നത് എന്തിനാ എന്ന് മനസ്സില്ലയോ??
നന്ദ: അറിയാം...

ഞാന്‍: താന്‍ എന്തിനാ രമേശനോടു അന്ന് അങ്ങനെ പറഞ്ഞത്???
നന്ദ: അത് ഞാന്‍...ശല്യം ഒഴിവാക്കാന്‍ വേണ്ടി ആണ് കിച്ചന്റെ പേര് പറഞ്ഞത്...സോറി..(അമ്മച്ചിയാണേ ഞാന്‍ വിചാരിച്ചു എന്റെ ഗ്ലാമര്‍ കണ്ട് പെണ്ണ് വീണതാവും എന്ന്...എന്നിട്ട് ഇപ്പൊ എന്റെ പേരും പറഞ്ഞു ലവള് ആളെ പേടിപ്പിക്കുന്നു..ഇവള് ആള് കൊള്ളാമല്ലോ)

ഞാന്‍: കൊള്ളാം വേറൊരു പേരും തനിക്കു കിട്ടിയില്ലേ പറയാന്‍????
നന്ദ: കിച്ചന്റെ പേര് പറഞ്ഞാല്‍ പിന്നെ വേറെ ആരും ശല്യത്തിന് വരില്ല എന്ന് അറിയാവുന്നത് കൊണ്ട് പറഞ്ഞു പോയതാ..ഞാന്‍ സോറി പറഞ്ഞില്ലേ കിച്ചാ?(സത്യത്തില്‍ ഒരല്‍പ്പം വെഷമം തോന്നി കേട്ടോ)

എന്താ പറയേണ്ടത് എന്ന് ഒരു പിടിയും ഇല്ല...ഇനി ഇപ്പോള്‍ രമേശനോട് ഞാന്‍ എന്ത് പറയും..അവന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ആണ് നന്ദ എന്റെ പേര് പറഞ്ഞത് എന്ന് അറിഞ്ഞാല്‍ വയലന്റ് ആകും, ലവന്‍ എന്നെ തട്ടും ഉറപ്പാ..

കുറച്ചു നേരം നന്ദയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിന്നിട്ട് ഞാന്‍ പതുക്കെ എഴുനേറ്റ് പുറത്തേക്കു നടക്കാന്‍ തുടങ്ങി.....നന്ദ പുറകില്‍ നിന്നും വിളിച്ചു, ഞാന്‍ തിരിഞ്ഞു നോക്കി . നന്ദയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി . പക്ഷേ കണ്ണുകളില്‍ ഒരു കുസൃതിയുടെ തിളക്കവും.."കിച്ചാ നമ്മള്‍ക്ക് നല്ല ഫ്രണ്ട്സ് ആയിട്ടിരിക്കാം..എന്താ??"

Monday, May 31, 2010

വിചിത്രം ഈ പ്രണയം

ദേവനന്ദ - എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന പെണ്‍കുട്ടി, ഇപ്പോള്‍ അതിന്റെ മുന്നില്‍ പോകണോ?? അതും ഒരു ഹംസം ആയിട്ട് പോവുക എന്ന് വെച്ചാല്‍....മാനം കപ്പല് കയറുമോ??? (ഇന്ന് ഒരു ദിവസത്തേക്ക് മാത്രം) എന്റെ പ്രിയ സുഹൃത്ത് ആയ രമേശന് വേണ്ടി ഒരല്‍പ്പം മാനം പോയാലും വേണ്ടില്ല. ഒന്നുമില്ലെങ്കിലും ഇത് അവന്റെ "സീരീസ്‌" പ്രണയം അല്ലെ? കൂടാതെ..രണ്ടു കുപ്പി...സോറി....നാല് കുപ്പി കള്ളിന്റെ നന്ദി കാണിക്കുകയും വേണം..ലവന്റെ പ്രണയവും അറിയിക്കാം..എന്നെ കുറിച്ച് റിസര്‍ച്ച് നടത്തിയതിന്റെ കാരണവും അറിയാം....നേരെ ചെന്ന് ടീച്ചേര്‍സ് ഉപയോഗിക്കുന്ന കസേര എടുത്തു നന്ദയുടെ മുന്നിലേക്ക് നീക്കി ഇട്ടു അതില്‍ ഇരിന്നു. പുസ്തകം വായിച്ചു കൊണ്ടിരുന്ന നന്ദ ഒന്ന് ഞെട്ടി.....

നല്ല വെളുത്ത് വട്ട മുഖം..ഒരു ചന്ദന കുറി അതിനു താഴെ ഒരു ചെറിയ പൊട്ട്, കഴുത്തില്‍ ഒരു ചെറിയ സ്വര്‍ണ്ണമാല, മഞ്ഞ പട്ട് പാവാട വെള്ള ടോപ്പ്....മൊത്തത്തില്‍ ഒരു നാടന്‍ പെണ്ണിന്റെ ശേല്....രമേശന്റെ സെലക്ഷന്‍ കൊള്ളാം....ഒരു റാഗിംഗ് സ്റ്റൈലില്‍ ആണ് സംഭാഷണം തുടങ്ങിയത്...

ഞാന്‍: ദേവനന്ദ, അതല്ലേ പേര്??
നന്ദ: അതെ.

ഞാന്‍: വലിയ ഭക്തയാണോ?? ദിവസവും അമ്പലത്തില്‍ ഒക്കെ പോകുമോ?
നന്ദ: അത് വീടിന്റെ അടുത്ത് ഒരു ക്ഷേത്രം ഉണ്ട്...

ഞാന്‍: എന്നെ മനസ്സിലായോ??
നന്ദ: കിച്ചന്‍ അല്ലെ??

ഞാന്‍: അപ്പോള്‍ അറിയാം, താന്‍ എന്നെ കുറിച്ച് ഇവിടെ എല്ലാരോടും തിരക്കി എന്ന് അറിഞ്ഞു..എന്താ കാര്യം???
നന്ദ: ഇല്ല..ഞാന്‍ കിച്ചനെ കുറിച്ച് തിരക്കിയില്ല...ആരാ പറഞ്ഞത്??

ഞാന്‍: താന്‍ ആള് കൊള്ളാമല്ലോ വന്നു കയറുന്നതിനു മുന്‍പ് കള്ളം പറയുന്നോ?? ഗീതു പറഞ്ഞല്ലോ താന്‍ എന്നെ കുറിച്ച് തിരക്കി എന്ന്...
നന്ദ: അത് ഞാന്‍ ഈ കോളേജിലെ ഏറ്റവും വല്യ തല്ലിപ്പൊളി ആരാന്ന് ചോദിച്ചപ്പോ കേട്ടത് കിച്ചന്റെ പേരാ, അത്രയേ ഉള്ളു" നിഷ്കളങ്കമായ മറുപടി. സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗ് കേട്ട കൊല്ലം തുളസിയുടെ പരുവത്തിലായിപ്പോയി ഞാന്‍ .ചുറ്റും നോക്കി. ഭാഗ്യത്തിന് ആരും അടുത്തെങ്ങും ഇല്ല. ......മനസ്സില്‍ പറഞ്ഞു..."എടീ ഗീതു, കഴുതേ, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്...."
സമനില വീണ്ടെടുത്തു ഞാന്‍ നന്ദയെ നോക്കി...

ഞാന്‍: ശരി ശരി..ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത് കേട്ടോ??..പിന്നെ തനിക്ക് രമേശനെ അറിയാമോ??
നന്ദ: അറിയാം..ഇന്നലെ വന്നു പരിചയപ്പെട്ടിരിന്നു...

ഞാന്‍: എന്റെ കൂട്ടുകാരനാണ്..അവന്‍ ആള് പാവമാ കേട്ടോ. അവന് തന്നെ ഇഷ്ടമാണ്..അവന്‍ തന്നെ നേരിട്ട് വന്നു കാണും..
നന്ദ: ഞാന്‍... അത്... പിന്നെ....
ഞാന്‍: വേണ്ട വേണ്ട താന്‍ ഇപ്പോള്‍ ഒന്നും പറയണ്ട.....മറുപടി അവന്‍ വരുമ്പോള്‍ പറഞ്ഞാല്‍ മതി കേട്ടോ......അപ്പോള്‍ നമ്മള്‍ക്ക് പിന്നെ കാണാം...

ഇത്രയും പറഞ്ഞു ഞാന്‍ ക്ലാസ്സിനു പുറത്തേക്കു നടന്നു .....ക്ലാസ്സിനു പുറത്തു ചാടിയ ഞാന്‍ ആദ്യം അനേഷിച്ചത് ഗീതുവിനെ ആണ്....ലവിടെ എങ്ങും ലവളുടെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍.... രമേശന്‍ ഓടി അടുത്ത് വന്നു..."കിച്ചാ എന്തായി??, നീ കാര്യം അവതരിപ്പിച്ചാ?? ഓക്കേ ആണോ??" ........തലയ്ക്കു അടി കിട്ടിയ പോലെ നില്‍ക്കുമ്പോള്‍ ആണ് ഇവന്റെ ഒരു ചോദ്യം....."കാര്യം പറഞ്ഞിട്ടുണ്ട്....മറുപടി നിന്നോട് നേരിട്ട് പറയാനും പറഞ്ഞു" അവന് വാലില്‍ തീപിടിച്ച അവസ്ഥ "കിച്ചാ ഇതെങ്ങിലും ഓക്കേ ആകുമോ?? നാളെ രാവിലെ തന്നെ പോയി ചോദിക്കാം അല്ലെ"............"അവള്‍ക്ക് വീട്ടില്‍ പോയി ആലോചിക്കാനുള്ള സമയം കൊടുക്കണ്ട...കൊടുത്താല്‍ ചിലപ്പോള്‍ അവള് "നോ" എന്ന് ആയിരിക്കും പറയുക..അതുകൊണ്ട് ക്ലാസ്സ്‌ വിട്ട ഉടനെ അവളെ പോയി കണ്ടാല്‍ മതി.....എന്തായാലും എന്റെ റോള് കഴിഞ്ഞു....അപ്പോള്‍ പാര്‍ട്ടി നടത്താനുള്ള കാശ് ഉണ്ടാല്ലോ അല്ലെ??" (അടുത്ത രണ്ടു കുപ്പി കള്ള് കൂടി കിട്ടാനുള്ള വഴി ആണ്..കളയാന്‍ പറ്റുമോ??) "പാര്‍ട്ടിയുടെ കാര്യം നീ എനിക്ക് വിട്ടു താ.........നിന്റെ നാളത്തെ 'ഫുള്‍' ചെലവ് എന്റെ വക"......അവന്‍ ആവേശത്തോടെ ഇതും പറഞ്ഞു സന്തോഷത്തോടെ പോകുന്നത് നോക്കി നിന്നപ്പോള്‍ ആണ് ഞാന്‍ ഒരു കാര്യം ആലോചിച്ചത്....ഒരിക്കല്‍ ഞാനും നിന്നിട്ടുണ്ട് ഇതേ അവസ്ഥയില്‍....."യെസ്" എന്ന മറുപടിയും പ്രതീഷിച്ചു....ഇവനെങ്കിലും ആ അവസ്ഥ ഉണ്ടാകാതിരിന്നാല്‍ മതി....

ദേവനന്ദയെ കാണാന്‍, എനിക്ക് പാര്‍ട്ടിയും വാഗ്ദാനം ചെയ്തു തുള്ളിച്ചാടി പോയ രമേശന്‍ പക്ഷെ അന്ന് വൈകുന്നേരം ബസ്സ്‌സ്റ്റോപ്പില്‍ അവനെ കാത്തു നിന്ന എന്റെ നേരെ വന്നത് ഒരു മാതിരി ചുവപ്പ് കണ്ട കാളയെ പോലെയായിരുന്നു ...രൂക്ഷമായ നോട്ടവും, തരംകിട്ടിയാല്‍ എന്നെ തട്ടും എന്ന മട്ടും.
"എന്താടാ, നീ അവളെ കണ്ടോ" ഞാന്‍ ചോദിച്ചു.
"സത്യം പറയണം നീ അവളോട്‌ എന്താ പറഞ്ഞത്??".. ഒരു നിമിഷം എന്നെ നോക്കി ദഹിപ്പിച്ച ശേഷം കുരയ്ക്കും പോലെ അവന്റെ മറു ചോദ്യം
"അത് രമേശാ, നിനക്ക് അവളെ ഇഷ്ടമാണെന്നും...അതിനുള്ള മറുപടി നിന്നോട് നേരിട്ട് പറയാനും പറഞ്ഞു...എന്താടാ പ്രശ്നം??".

രമേശന്റെ അടുത്ത ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു. "പിന്നെ എന്തിനാടാ അവള്‍ക്കു നിന്നെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞത്???" ഞാന്‍ കേട്ടത് തെറ്റിയോ അതോ അവനു വട്ടായോ എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ സംശയിച്ചു.........

Friday, May 28, 2010

ലത് തന്നെ ലിത്

ഊഷരമായ മരുഭൂമിയില്‍ അപ്രതീക്ഷിതമായി പെയ്ത കുളിര്‍ മഴ , അല്ലെങ്കില്‍ മുള്ള് നിറഞ്ഞ പാതയില്‍ പെട്ടെന്ന് ലഭിക്കുന്ന പാദുകങ്ങള്‍ , അല്ലെങ്കില്‍ കയ്യില്‍ അഞ്ചു പൈസ ഇല്ലാതെ തെണ്ടി തിരിയുന്ന മുഴു കുടിയന്റെ മുന്നില്‍ വന്നു വീഴുന്ന (പൊട്ടാത്ത ) സിസര്‍ ഫുള്‍ (ഹോ , മൂന്നാമത്തെ ഉപമയാണ് നമ്മുടെ നിലവാരത്തിനു ഒത്തു ഒന്ന് ഉയര്‍ന്നത് . ഞാന്‍ വല്യ സാഹിത്യകാരനായോ എന്ന് ആദ്യത്തെ രണ്ടു പട പടപ്പ് കണ്ടപ്പോ എനിക്ക് തന്നെ സംശയം തോന്നിയെന്നെ. എന്റെ ഒരു കാര്യം !!!) . അപ്പൊ കുളിര്‍ മഴ...ഛെ....സീസര്‍ ഫുള്‍ ...ലതൊക്കെ എന്റെ ജീവിതത്തില്‍ ആകാനും എന്നെ അടി മുടി മാറ്റാനുമാണ് ഒരുത്തി കച്ച കെട്ടി ഇറങ്ങി കലാലയത്തില്‍ എന്നെക്കുറിച്ചു അന്വേഷിക്കുന്നത് എന്ന് അമ്മയാണെ എനിക്ക് അന്ന് അറിയില്ലായിരുന്നു......

ഏതാണ്ട് ക്ലാസ്സ്‌ കഴിയുന്ന നേരത്താണ് ഒരു പെണ്‍കുട്ടി എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന കാര്യം ഞാന്‍ അറിയുന്നത്. എന്തായാലും ആ പെണ്‍കുട്ടിയെ കാണണം, എന്താ അതിന്റെ ഉദേശം എന്ന് അറിയണം. എന്ത് ഉദേശം ആണെങ്കിലും നല്ല തയ്യാറെടുപ്പോടെ വേണം ചെല്ലാന്‍...(ഇല്ലെങ്കില്‍ ചിലപ്പാ പണി പാളും...നുമ്മ വേടിക്കും..) അന്ന് രാത്രി ഉറക്കത്തില്‍ "അയ്യോ എന്നെ തല്ലല്ലേ....സത്യമായിട്ടും അത് ആര് എന്ന് പോലും എനിക്ക് അറിയില്ലാ....എന്നെ കൊല്ലല്ലേ" എന്ന് ഒക്കെ വിളിച്ചു പറഞ്ഞു എന്ന് വീട്ടുക്കാര്‍ അടുത്ത ദിവസം പറഞ്ഞെങ്കിലും ഇന്നും ഞാന്‍ അത് വിശ്വസിച്ചിട്ടില്ല...നിങ്ങളും വിശ്വസിക്കരുത് കേട്ടാ...അവരുടെ വിശ്വാസം അവരെ രക്ഷപ്പെടുത്തി കൊള്ളും.....

അങ്ങനെ അടുത്ത ദിവസം രാവിലെ കുളിച്ചു കുറി ഒക്കെ തൊട്ട്....സോറി...ചന്ദന കുറി അല്ല....അന്നത്തെ എന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാന സീല്‍ എന്ന് വേണമെങ്ങില്‍ പറയാം...രാവിലെ തന്നെ കലാലയത്തില്‍ എത്തി സ്ഥിരം വായ്നോട്ടം പരിപാടിയുമായി നില്‍ക്കുമ്പോള്‍ ദാ വരുന്നു ഒരു കുരിശ്, രമേശ്‌, ഈ ഒന്നര വര്‍ഷത്തിനുള്ളില്‍ നാല് പ്രണയങ്ങള്‍...അതില്‍ രണ്ടുപേര്‍ അവന്റെ സീനിയര്‍സ്, ഒന്ന് കൂടെ പഠിക്കുന്ന കുട്ടി, മറ്റൊന്ന് ഒരു ജൂനിയര്‍.....എല്ലാം ഒറ്റവരി പാത ആണ്...ഇതുവരെ അവര്‍ക്ക് ആര്‍ക്കും ഈ വിശുദ്ധ പ്രണയത്തിന്റെ കാര്യം അറിയുകയും ഇല്ല...കുറച്ചങ്ങിലും ധൈര്യം ഉണ്ടെങ്കില്‍ അല്ലെ പറ്റൂ......(എന്റെ കാര്യം അല്ല ഇവിടെ പറഞ്ഞത് കേട്ടോ...)...അവന്‍ ആരോടെങ്ങിലും അവന്റെ പ്രണയത്തിന്റെ കാര്യം....സോറി......പ്രണയങ്ങളുടെ കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെങ്ങില്‍ അത് എന്നോട് മാത്രം ആണ്....സുഹൃത്തുക്കളുടെ ഇടയില്‍ രഹസ്യം സൂക്ഷിക്കാന്‍ എല്ലാപേര്‍ക്കും ഞാന്‍ തന്നെ വേണം...അതുകൊണ്ടുള്ള പ്രശ്നങ്ങള്‍ സോള്‍വ്‌ ചെയ്യാനും ഈ ഞാന്‍ തന്നെ....സുഹൃത്തുക്കള്‍ക്ക് വേണ്ടി എത്ര പാവങ്ങളുടെ ചെവിയില്‍ കിഴുക്കുകയും, മുട്ടിനു താഴെ നല്ല പേര കമ്പ് കൊണ്ട് തല്ലുകയും ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് അറിയാമോ നിങ്ങള്‍ക്ക്.....

അങ്ങനെ നമ്മുടെ രമേശ്‌ എന്റെ അടുത്ത് വന്നു പറഞ്ഞു "കിച്ചാ,വാ നമ്മള്‍ക്ക് ഒന്ന് കൂടാം..ഇന്ന് ചെലവ് എന്റെ വക"....."മം.. എന്ത് പറ്റി? ലോട്ടറി അടിച്ചാ നിനക്ക്??.........ഒരു കുറ്റി വിളിച്ചാല്‍ ആര് ആയാലും ഇത് ചോദിച്ചു പോകും ...അതായത് ഓസ്സിനു കുടിച്ചു മാത്രം പഴക്കമുള്ള അവന്‍ വിളിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ സംശയിച്ചേ പറ്റൂ...എന്നാലും അവന്‍ ആദ്യമായിട്ടാണ് വിളിക്കുന്നത്‌ പോയില്ലെങ്ങില്‍ അവന്‍ എന്ത് വിചാരിക്കും എന്നുള്ളത് കൊണ്ട് മാത്രം കൂടെ പോകാന്‍ സമ്മതിച്ചു...(രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന പെണ്‍കുട്ടിയെ കാണുക എന്നായിരിന്നു പ്ലാന്‍, എന്നിട്ട് ഇപ്പോള്‍ നേരെ പോകുന്നത് കള്ള് ഷാപ്പിലും...ഇതാണ് പറയുന്നത് വിധിയുടെ വികൃതി എന്നൊക്കെ......), അല്ലാതെ ഞാന്‍ ഒരു മുഴുകുടിയന്‍ ആയതു കൊണ്ട് അല്ല കേട്ടോ...... ഒരു ഓട്ടോയില്‍ കയറി നേരെ കള്ള് ഷാപ്പിലേക്ക് ചെന്നു...അവിടത്തെ ചേട്ടന്മാര്‍ക്ക് രണ്ടു സലാം ഒക്കെ പറഞ്ഞു അകത്ത് കയറി........രണ്ടു കുപ്പി കള്ള് അകത്തു ചെന്നതിനു ശേഷം ആണ് അവന്‍ കാര്യം പറഞ്ഞത് "കിച്ചാ, നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്..".........."എന്താടാ, വല്ല പെണ്ണ് കേസും ആണോ?? ആരാ പുതിയ കക്ഷി? ജൂനിയര്‍ ആണോ സീനിയര്‍ ആണോ??"......."കിച്ചാ, ഇത് കുറച്ചു സീരീസ്‌ ആണ്...നിനക്ക് അറിയാമല്ലോ ഞാന്‍ ഇതുവരെ ഇത്രയും ഒരുങ്ങി കുട്ടപ്പനായിട്ട് വന്നിട്ടില്ല എന്ന്" അത് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അവനെ നേരെ നോക്കിയത്...ഷേവ് ഒക്കെ ചെയ്തു കുളിച്ചു കുട്ടപ്പനായിട്ടുണ്ട് കൂടാതെ പുതിയ ഷര്‍ട്ടും..കൊള്ളാം.. ഇപ്പം ഇവന്‍ എന്റെ കൂട്ടുകാരന്‍ എന്ന് രണ്ടു പേരോട് പറയാം...അവന്റെ ഈ ട്രീറ്റിന്റെ കാര്യം അപ്പോള്‍ ആണ് പിടി കിട്ടിയത്..."ശരി ശരി...സമ്മതിച്ചു..അതിനു ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യേണ്ടത്?? നിന്റെ കൂടെ കൂട്ട് വരണമോ??"........."അതൊന്നും വേണ്ട........നീ അവളോട്‌ ഒന്ന് ചെന്ന് പറയണം എന്റെ കാര്യം"........." ഞാനോ?? നിനക്ക് എന്താ വട്ട് പിടിച്ചാ??..നീ വേറെ ആളെ നോക്ക്"................."മച്ചാ, നീ വിചാരിച്ചാല്‍ മാത്രമേ ഇത് നടക്കു"....രണ്ടു കുപ്പി അകത്ത് ചെന്ന ധൈര്യം, പിന്നെ കൂട്ടുകരനോടുള്ള സ്നേഹവും, എന്തായാലും ഞാന്‍ സമ്മതിച്ചു...ഞാന്‍ പറഞ്ഞു "ശരി, ഞാന്‍ ചെന്ന് പറയാം, പക്ഷെ നടന്നില്ലെങ്ങില്‍ നീ എന്നെ കുറ്റം പറയരുത്" ........."കിച്ചാ, എനിക്ക് നിന്നെ വിശ്വാസമാണ്...നീ പറഞ്ഞാല്‍ നടക്കും"....ഞാന്‍ മനസ്സില്‍ പറഞ്ഞു "നടക്കും നടക്കും......മിക്കവാറും നുമ്മ ഓടും"

ഒരു ധൈര്യത്തിന് രണ്ടു കുപ്പി കള്ള് കൂടി അകത്താക്കിയിട്ട് നേരെ കലാലയത്തിലേക്ക് തിരിച്ചു ചെന്നു.........എന്റെ റിസര്‍ച്ച് തല്‍കാലത്തേക്ക് മാറ്റി വെച്ച് എന്റെ ആല്‍മാര്‍ത്ത സുഹൃത്ത്‌ ആയ രമേശന്റെ ആല്‍മാര്‍ത്ത പ്രണയ പുഷ്പം പുഷ്പിക്കാന്‍ വേണ്ട തയാറെടുപ്പോടെ ബ്രേക്ക്‌ ടൈമില്‍ ഞാന്‍ അവന്റെ കൂടെ അവന്‍ പറഞ്ഞ ക്ലാസ്സിലേക്ക് ചെന്നു.....ക്ലാസ്സിന്റെ പുറത്തു നിന്നും ജനാല വഴി അവന്‍ അവന്റെ വരുംകാല മനവിയെ കാണിച്ചു തന്നു........ക്ലാസ്സിന്റെ ഏറ്റവും മുന്നിലെ ബെഞ്ചില്‍, മുന്നില്‍ ഇരിക്കുന്ന പുസ്തകത്തില്‍ തലയും പൂഴ്ത്തി ഇരിക്കുന്ന പാവാടക്കാരിയെ കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചു...ഇത് ഒരു വഴിക്ക് പോക്കുന്ന ലക്ഷണം ഇല്ല എന്ന്........അവനോട് പുറത്തു കാത്തു നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ ക്ലാസിനു അകത്തേക്ക് കയറി....തലേ ദിവസം എന്നെ വന്നു കണ്ട പെണ്‍കുട്ടിയുടെ ക്ലാസ്സ്‌ ആയിരിന്നു അത്....എന്നെ കണ്ടയുടനെ അവള്‍ അടുത്ത് വന്നു രമേശന്റെ വരുംകാല മനവിയെ ചൂണ്ടി കാണിച്ചു പറഞ്ഞു.."കിച്ചാ, നിന്നെ കുറിച്ച് അനേഷിച്ച കുട്ടി ആണ് മുന്‍വശത്തെ ബെഞ്ചില്‍ ഇരിക്കുന്നത്....പേര് 'ദേവനന്ദ' "

Monday, April 19, 2010

കലാപാലയത്തില്‍

ഒരാളുടെ ജീവിതത്തിലെ പ്രധാനപെട്ട വഴിത്തിരിവുകള്‍ കലാലയങ്ങളില്‍ സംഭവിക്കുന്നു എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്, ഇനി ഇപ്പൊ അങ്ങനെ ആരും പറഞ്ഞിട്ടില്ല എങ്കില്‍ ഞാന്‍ ഇതാ പറയുന്നു .... കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിവ് ഉണ്ടായത് ലവിടെ വെച്ച് ആണ്..........പക്ഷെ അത് ഒരു ഒന്ന് ഒന്നര തിരിവ് ആയിപോയി...

പത്താം ക്ലാസ്സിലെ എന്റെ മാര്‍ക്ക് കണ്ട് എന്റെ വീടുക്കാര്‍ക്കും കൂട്ടുകാര്‍ക്കും തലകറക്കവും ബോധക്ഷയവും വന്നു...ആച്ഛന്റെ അടിയുടെ ഇഫെക്കറ്റ് മാര്‍ക്കുകളായി പരിണമിച്ചതു കൊണ്ട് ഞാന്‍ ഒന്‍പതും പത്തും നല്ല മാര്‍ക്കോടെ പാസായി എന്ന് വീട്ടുകാര്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. സത്യം എനിക്കല്ലേ അറിയൂ...എനിക്കെങ്ങനെ നല്ല മാര്‍ക്ക് കിട്ടി എന്നല്ല , എന്റെ അടുത്തിരുന്നു പരീക്ഷ എഴുതിയ തെണ്ടിക്ക് എങ്ങനെ എന്നെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടി എന്നത് മാത്രമായിരുന്നു പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ എന്റെ സംശയം. "ഞങ്ങളുടെ ഉത്തരക്കടലാസുകളില്‍ ആകെ വ്യത്യാസം റോള്‍ നമ്പരില്‍ മാത്രമല്ലെ ഉണ്ടായിരുന്നുള്ളൂ? പിന്നെ ലവനെങ്ങനെ പത്തു മാര്‍ക്ക് കൂടുതല്‍ കിട്ടി? ടെല്‍ മി , ടെല്‍ മി " എന്ന് ഞാന്‍ മാന്യനായത് കൊണ്ട് ആരോടും അന്ന് ചോദിച്ചില്ല..എന്തായാലും ഞാന്‍ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയ ആ മാര്‍ക്കും വെച്ച് വീട്ടുക്കാര്‍ എന്നെ നഗരത്തിലെ അറിയപെടുന്ന, ഇന്നത്തെ രാഷ്ട്രീയത്തിലെ പല പുലികളും പഠിച്ചു ഇറങ്ങിയ കലാലയത്തില്‍ കൊണ്ട് നിക്ഷേപിച്ചു.....സണ്‍ ഒരു ഡോട്ടര്‍ ആകും അല്ലെങ്ങില്‍ മിനിമം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാവി വാഗ്ദാനം ആകും എന്നുള്ള ശുഭപ്രതീഷയില്‍....പക്ഷെ ഞാന്‍ ആരാ മ്യോന്‍??

കലാലയത്തില്‍ കാല് കുത്തുന്നതിനു മുന്‍പ് തന്നെ ഒരു കവിള്‍ പുകയില്‍ പതിനഞ്ചു വട്ടത്തില്‍ കൂടുതല്‍ പുറത്തേക്കു വിടുക, കത്തുന്ന സിഗരറ്റ് കുറ്റി നാക്കില്‍ വെച്ച് ഉള്ളിലേക്ക് എടുക്കുക ഒരു പോറല്‍ പോലും ഏല്‍ക്കാതെ അത് തിരിച്ചു പുറത്തേക്കു കൊണ്ടു വരിക്ക, ഒരു ദിവസം രണ്ടു പാക്കറ്റ് സിഗരറ്റ് വലിക്കുക അങ്ങനെ ഉള്ള എല്ലാ കലാപരിപാടിക്കളിലും ഞാന്‍ ഒരു അഗ്രഗണ്യന്‍ ആയി കഴിഞ്ഞിരിന്നു. ഈ കഴിവുക്കള്‍ ഉള്ളതിന്റെ പേരില്‍ എനിക്ക് കുറച്ചു ശിഷ്യ ഗണങ്ങളും അവിടെ ഉണ്ടായിരിന്നു. കലാലയ ജീവിതത്തിലെ ആദ്യ ദിനം തന്നെ സംഭവബഹുലം ആയിരിന്നു. ക്ലാസ്സ്‌ തുടങ്ങുന്നതിനു മുന്‍പ് ഒരു സിഗരറ്റ് വലിക്കാം എന്ന് കരുതി കലാലയത്തിലെ കാന്റീനില്‍ നിന്നും ഒരു സിഗരറ്റ് വാങ്ങി, ചുണ്ടില്‍ വെച്ച് തീ കൊടുത്തതെ ഉള്ളൂ, രണ്ടു സീനിയര്‍ അണ്ണന്മാര്‍ ആകാശത്തു നിന്നും മുന്നില്‍ അവതരിച്ചു"സിഗരറ്റ് കളയെടാ" സീനിയര്‍ (മാര്‍ ) വക കല്‍പ്പന, "ഇപ്പൊ കത്തിച്ചതെ ഉള്ളു അണ്ണാ " അത് സ്ഥിരം കിച്ചന്‍ നിഷ്കളങ്കന്‍ ലൈന്‍, "മൊഡ കാണിക്കുന്നോടാ പന്ന..." സീനിയര്‍ അണ്ണന് ആ വാക്യം മുഴുവനായി എന്നെ കേള്‍പ്പിക്കാന്‍ കഴിയും മുന്‍പേ , സ്കൂളില്‍ എന്റെ സീനിയര്മാരായി പഠിച്ച രണ്ടു പേര്‍ അവിടെയെത്തി അവരെ തടഞ്ഞു. "പയ്യനോട് മൊഡ ഒരു പൊടിക്ക് കുറയ്ക്കാന്‍ പറ" റാഗിംഗ് മിസ്സായ കലിപ്പില്‍ (അതോ എന്നെ ചാമ്പാന്‍ പറ്റാത്തതിന്റെയോ?) കോളേജിലെ അണ്ണന്മാര്‍ സ്കൂളില്‍ എന്റെ സീനിയെര്സായി പഠിച്ച ചേട്ടന്മാരോട് ജാടയില്‍ പറഞ്ഞിട്ട്പോയി....നമ്മള്‍ മൂവരും കാന്റീനില്‍ കയറി ഓരോ ചായയും കുടിച്ച് സ്കൂളിലെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍....പെട്ടെന്ന് കാന്റീന് പുറത്തു അടിയും ബഹളവും, ഞങ്ങള്‍ അങ്ങോട്ട്‌ ഓടി ചെന്നു....അവിടെ കണ്ട കാഴ്ച, കുറച്ചു മുന്‍പ് എന്നെ റാഗ് ചെയ്ത രണ്ടു ചേട്ടന്മാരെ മൂന്ന് നാല് പേര്‍ ചേര്‍ന്ന് നിലത്തിട്ടു അലക്കുന്നു..."നമ്മുടെ (എ) പാര്‍ട്ടിയുടെ മെമ്പറെ നീ ഒക്കെ ചേര്‍ന്ന് റാഗ് ചെയ്യും അല്ലേട??"..."നമ്മള്‍ക്ക് ഒരു തെറ്റ് പറ്റി പോയി ഇനി ഇത് പോലെ ഉണ്ടാവില്ല" എന്ന് പറയുന്നത് വരെ ആ അലക്ക് തുടര്‍ന്നു...എന്നിട്ട് തിരിഞ്ഞു എല്ലാരോടുമായി പറഞ്ഞു.."കിച്ചന്‍ നമ്മുടെ എ-യുടെ മെമ്പര്‍ ആണ്..അവനെ ഇനി ആരെങ്ങിലും റാഗ് ചെയ്‌താല്‍ ചെയുന്നവന്റെ ഗതി ഇതായിരിക്കും"....ഇതെല്ലാം കണ്ടു നിന്ന ഞാന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി "ഞാന്‍ എ-യുടെ മെമ്പറോ??? എപ്പം??? എന്തിന്??? ആര് പറഞ്ഞിട്ട്??? ഇതൊന്നും ഞാന്‍ അറിഞ്ഞില്ലലോ"

കൂടെ ഉണ്ടായിരിന്നവര്‍ പറഞ്ഞപ്പോള്‍ ആണ് സെറ്റപ്പ് മനസ്സിലായത്‌.....അവര്‍ ആ എ-യുടെ ആളുക്കള്‍ ആണ് എന്നെ റാഗ് ചെയ്തവര്‍ ബി-യുടെ ആളുകളും, രണ്ടെണ്ണം പൊട്ടിക്കാന്‍ അവസരം നോക്കി ഇരിക്കുമ്പോള്‍ ആണ് എന്നെ റാഗ് ചെയ്യുന്നത് കണ്ടത്....കിട്ടിയ അവസരം അവര്‍ നല്ലവണ്ണം ഉപയോഗിച്ചു....കൂടെ എ-യിലേക്ക് ഒരു പുതിയ മെമ്പരെയും......അങ്ങനെ ഞാന്‍ പോലും അറിയാതെ ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മെമ്പര്‍ ആയി.......പിന്നെ എ-പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ കലാലയത്തിലെ അറിയപെടുന്ന ഒരു കൊച്ചു നേതാവും, കുറച്ചു അധികം വികൃതിക്കളും ഉള്ള ഒരു വലിയ തെമ്മാടി ആയി മാറാന്‍ വലിയ താമസം ഒന്നും ഉണ്ടായില്ല..

അങ്ങനെ കലാലയത്തില്‍ വിലസി നടക്കുന്ന ഒരു ദിവസം, കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്നു പറഞ്ഞു....."കിച്ചാ, കിച്ചനെ കുറിച്ച് ഒരു ആള് ഇവിടെ എല്ലാരോടും തിരക്കുന്നു"......."എന്തെങ്ങിലും അറിയാന്‍ ഉണ്ടെങ്കില്‍ അവനോടു നേരിട്ട് വന്നു ചോദിക്കാന്‍ പറ ...ഞാന്‍ വിശദമായി പറഞ്ഞു കൊടുക്കാം"....."എടാ, അത് ലവനല്ല ഒരു ലവളാ".....എന്റെ ബോഡിയുടെ ബാലന്‍സ്(തലയുടെ പണ്ടേ പോയതല്ലേ...) ചെറുതായിട്ട് ഒന്ന് തെറ്റിയോ എന്ന് ഒരു സംശയം...ഈ കലാലയത്തില്‍ എന്നെക്കുറിച്ചു വിശദമായി തിരക്കാന്‍ മാത്രം ചങ്കുറപ്പുള്ള ഒരു പെണ്ണോ???. (അത്ര നല്ല പേര് ഞാന്‍ ഉണ്ടാക്കി എടുത്തു കഴിഞ്ഞിരിന്നു ആ ഒന്നര വര്ഷം കൊണ്ട്...ഞാന്‍ ആരാ മ്യോന്‍) പിന്നെ ഏത് ആയിരിക്കും എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന ആ പെണ്‍കുട്ടി???

Wednesday, March 10, 2010

ആദ്യ പ്രണയത്തിന്റെ അന്ത്യം

ഒരു നിമിഷം എന്താ സംഭവിച്ചത് എന്ന് മനസ്സിലായില്ല.....രണ്ടാമതും എന്റെ കൂട്ടുകാരന്‍ ബൈക്കിന്റെ ചെയിന്‍ വീശിയത് ഞാന്‍ എന്റെ ഇടതു കൈ കൊണ്ടു പിടിച്ചു....പെട്ടെന്നാണ് എന്റെ ഇടതു കൈയുടെ മുട്ടില്‍ കറന്റ്‌ അടിക്കുന്ന പോലെ അനുഭവപെട്ടത്‌...അവന്റെ കൂടെ ഉണ്ടായിരിന്ന ആള്‍ ഒരു തടി കഷ്ണം എടുത്തു എന്റെ കൈയുടെ മുട്ടില്‍ അടിച്ചതായിരിന്നു...ഈ ബഹളങ്ങള്‍ കേട്ടുകൊണ്ട് വീട്ടില്‍ നിന്നും അച്ഛനും അമ്മയും അനുജനും ഇറങ്ങി വരുന്നത് കണ്ട് അയാള്‍ തടി കഷ്ണവും കൊണ്ടു അങ്ങോട്ട്‌ തിരിഞ്ഞു.....പെട്ടെന്ന് തറയില്‍ നിന്നും കയ്യില്‍ കിട്ടിയ ഒരു ചുട്കല്ല് കഷ്ണം എടുത്തു ഞാന്‍ അയാളുടെ തലയുടെ പുറക്കില്‍ അടിച്ചു......ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ കൊണ്ടായിരിന്നു.......അപ്പോഴേക്കും അടുത്തുള്ള വീട്ടുകാര്‍ ഓടി വന്നു.......നാട്ടുകാര്‍ കൂടിയത് കൊണ്ടായിരിക്കും അടിതട നിന്നു...പിന്നെ സംഭാഷണങ്ങള്‍ ആയി.....അപ്പോഴേക്കും ലച്ചുവിന്റെ അച്ഛന്‍ രണ്ടു ചെറുപ്പക്കാരുടെ കൂടെ അവിടെ വന്നു.....എന്റെ അച്ഛന് അപ്പോഴാണ്‌ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് (മോന്റെ ലീലാവിലാസങ്ങള്‍...). അച്ഛന്‍ ലച്ചുവിന്റെ അച്ഛനോട് "ഇയാള്‍ എന്താ ഈ ചെയ്തത്??" എന്ന് ചോദിച്ചതിനു മറുപടിയായി കൂടെ വന്നവര്‍ "നിങ്ങളുടെ മകന്റെ കാല് ഞങ്ങള്‍ വെട്ടി എടുത്തിരിക്കും" എന്ന് പറഞ്ഞു..............

പെട്ടെന്നാണ് ദൂരെ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ കയ്യില്‍ തടിയും, മടലുക്കളും പിന്നെ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി അവിടേക്ക് ഇരച്ചു വന്നത്.....എനിക്കോ അച്ഛനോ അവിടെ നിന്നവര്‍ക്കോ എന്തെങ്ങിലും ഒന്ന് പറയാനോ ചെയ്യാനോ സമയം കിട്ടുന്നതിനു മുന്‍പ് അവര്‍ എന്നെ തല്ലിയവരെയും ലച്ചുവിന്റെ അച്ഛന്റെ കൂടെ ഉണ്ടായിരിന്നവരെയും തലങ്ങും വിലങ്ങും തല്ലാന്‍ തുടങ്ങി. ലച്ചുവിന്റെ അച്ഛനെ അവര്‍ക്ക് അറിയാവുന്നത് കൊണ്ട് അദേഹത്തെ പിടിച്ചു മാറ്റിയിട്ടാണ് അവര്‍ തല്ല് തുടങ്ങിയത് ....ഏതാണ്ട് മുപ്പതോളം ആളുകള്‍ ചേര്‍ന്ന് നാല് പേരെ തല്ലുന്നതിന്റെ ഇടയില്‍ ഞാന്‍ ചെന്നു ചാടുന്നത് വെറും മണ്ടത്തരം ആകും എന്ന് അറിയാവുന്നതുകൊണ്ട്‌ അതിനിടയില്‍ ചെന്ന് ചാടിയില്ല......എന്നെ തല്ലിയവരും ലച്ചുവിന്റെ അച്ഛന്റെ കൂടെ വന്നവരും തിരിഞ്ഞു ഓടാന്‍ തുടങ്ങി....ഇതിനിടയില്‍ എന്നെ അച്ഛനും അമ്മയും വീട്ടിലേക്കു കൊണ്ട് പോയി........അമ്മ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ കണ്ടത് എന്റെ മുതുകില്‍ നിന്നും ചോര വാര്‍ന്നു ഒഴുകുന്നത്‌...കൂട്ടുകാരന്റെ വക പിറന്നാള്‍ സമ്മാനം.....എന്റെ അമ്മ കൊടുത്ത പ്രഥമന്‍ കുടിച്ചിട്ട് അടിച്ചത് കൊണ്ടായിരിക്കും ആ മുറിവിന്റെ പാട് മായാന്‍ കുറച്ചു നാള്‍ എടുത്തത്‌.

കൂട്ടുകാരന്‍ ചെയ്തത് ചെയ്തു, പക്ഷെ പഞ്ചവര്‍ണ്ണ കിളി സമ്മാനിച്ച പിറന്നാള്‍ സമ്മാനം ഈ ജന്മം മറക്കാന്‍ കഴിയില്ല...ഓണത്തല്ല് എന്ന് കേട്ടിടുണ്ട് പക്ഷെ ബെര്‍ത്ത്‌ഡേ തല്ല്....ഹോ ലത് കുറച്ചു കടുത്തുപോയി......അടുത്ത ദിവസം ആണ് അനുജന്‍ പറഞ്ഞത്....അടി നടക്കുന്നത് കണ്ടു അവന്‍ വീടിന്റെ പുറകു വശത്തെ മതില്‍ ചാടി കടന്ന്..........അടുത്തുള്ള വയലില്‍ ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരുന്ന സ്ഥലം പുലിക്കളെ വിവരം ധരിപ്പിച്ചു.....അങ്ങനെ ആണ് അവര്‍ കൂട്ടത്തോടെ അവിടേക്ക് പറന്നു വന്നത്...

ഒടുവില്‍ പോലീസ് കേസ് ആയി, ഇങ്ങോട്ട് തല്ലിയതിനും അങ്ങോട്ട്‌ തല്ലിയതിനും........വീട്ടുക്കാര്‍ അടുത്ത ദിവസം തന്നെ എന്നെ തറവാട്ടില്‍ കുടിയിരുത്തി...വീട്ടുക്കാര്‍ക്ക് തോന്നി കാണും ഇനിയും ഞാന്‍ അവിടെ നിന്നാല്‍ വീട് മാത്രമല്ല ആ നാടും കുളംതോണ്ടും എന്ന്......സംഭവം നടന്നു വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്കൂളില്‍ പോയത്.

അന്ന് ബസ്സില്‍ ഉണ്ടായിരിന്ന സുഹൃത്തുക്കളില്‍ ഒരാള്‍ ബസ്സില്‍ വെച്ച് കാണിച്ച ഒരു വികൃതിയുടെ ആഫ്റ്റര്‍ എഫെക്റ്റ് ആയിരിന്നു ഉണ്ടായ സംഭവങ്ങള്‍ എല്ലാം....പറന്നു പോയ ആ അടി ഞാന്‍ ഏണി വെച്ച് വാങ്ങുകയായിരിന്നു..... സ്കൂളില്‍ വെച്ച് എന്നെ തല്ലിയ സുഹൃത്തിനെ കണ്ടപ്പോള്‍ എനിക്ക് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.....അന്നത്തെ തല്ലില്‍ അവന്റെ മേല്‍ച്ചുണ്ട് രണ്ടായി പൊട്ടി പോയി...അതില്‍ സ്റ്റിച് ഇട്ടിരിക്കുന്നു......എന്നെ കണ്ടതും അവന്‍ ഓടി വന്ന് സോറി പറഞ്ഞു...ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ എനിക്ക് ആരോടും പിണങ്ങി ഇരിക്കാന്‍ പറ്റില്ല എന്ന്......എന്തൊക്കെ ആയാലും അവന്‍ എന്റെ കൂട്ടുകാരന്‍ അല്ലേ....ചിലപ്പോള്‍ സാഹചര്യം അവനെ കൊണ്ട് അങ്ങനെ ചെയ്യിച്ചതായിരിക്കാം...എന്തായാലും ഇന്ന് ഏതോ അറബിയുടെ കമ്പനിയില്‍ ജോലി ചെയ്യുകയാണ്.(അവന് അങ്ങനെ തന്നെ വേണം)

കാലം മായ്കാത്ത മുറിവുക്കള്‍ ഇല്ല എന്ന് പറയും പക്ഷെ അന്ന് ഉണ്ടായ സംഭവം വര്‍ഷങ്ങള്‍ കഴിഞ്ഞും ഒരു നീറുന്ന നോവായി മനസ്സില്‍ കിടക്കുന്നു. തല്ലും, വഴക്കും, നഷ്ട പ്രണയവും (ആദ്യ പ്രണയമാണ് ...അത് മായ്ക്കാനുള്ള ആമ്പിയര്‍(കപ്പാസിറ്റി...എന്നും പറയാം) എന്തായാലും കാലത്തിനു ഇത് വരെയില്ല . നാളെ എന്ത് സംഭവിക്കും എന്ന് അറിയില്ല. അത് അറിയാമായിരുനെങ്ങില്‍ ഞാന്‍ ആരായെനെ....) എല്ലാം ഇന്നലെ നടന്നത് പോലെ ഓര്‍മ്മയുണ്ട് . തല്ലിന്റെ വേദനയും മുറിവിന്റെ പാടും മാറി. പക്ഷെ ആരോ ചെയ്ത വികൃതികള്‍ക്ക് സമാധനമെന്നവണ്ണം പൊയ്പ്പോയ പ്രണയത്തിന്റെ വേദന...അത് ഇപ്പോഴും നല്ല ഫ്രെഷാ!!!!!!!!!!!

Sunday, February 28, 2010

(((((((ഠമാര്‍)))))))

പഞ്ചവര്‍ണ്ണ കിളിയുടെ മറുപടി കാത്ത് നിന്ന എന്റെ വീടിന്റെ മുന്‍പില്‍ ഇതാ തന്തകിളി വന്നിരിക്കുന്നു.....കയ്യില്‍ ഒരു കത്തും ഉണ്ട്....എന്തായാലും പഞ്ചവര്‍ണ്ണ കിളി കൊള്ളാം...ഞാന്‍ അനുജനെ ഹംസം ആക്കിയപ്പോള്‍, കിളി ഒരു പടി മുകളില്‍ കയറി അച്ഛനെ അതും സ്വന്തം അച്ഛനെ തന്നെ ഹംസം ആക്കിയിരിക്കുന്നു.......ലിത് വെറും കിളിയല്ല ലിത് പുലിയാണ്....ഇങ്ങനെ ഒക്കെ ഞാന്‍ ചിന്തിക്കണേല്‍ ഞാന്‍ വെറും ഒരു മണ്ടന്‍ ആയിരിക്കണം പക്ഷെ നമ്മുടെ ഹീറോ മണ്ടന്‍ അല്ലല്ലോ...തിരുമണ്ടന്‍ അല്ലേ????

അപ്പം (ലത് നമക്ക് പിന്നെ കഴിക്കാം)...കാര്യത്തിലേക്ക് കടക്കാം....ലച്ചുവിന്റെ മറുപടി പ്രതീഷിച്ച എന്റെ മുന്നില്‍ ലച്ചുവിന്റെ അച്ഛന്‍ നില്കുന്നു അതും ഒരു കത്തുമായി..കൂടുതല്‍ മുഖവുര ഇല്ലാതെ തന്നെ ഉത്തരവ് വന്നു..."അച്ഛനെ ഒന്ന് വിളിച്ചേ" ...."എന്താ കാര്യം" വളരെ താഴ്മയോടെ ഞാന്‍ ചോദിച്ചു "ഇയാളുടെ അച്ഛനോട് പറയാനുള്ള കാര്യമാണ്, ഒന്ന് വിളിച്ചേ"....ഇത് കേട്ടുകൊണ്ട് ആണ് അച്ഛന്‍ അങ്ങോട്ട്‌ വന്നത്..."അല്ല ഇത് ആര്??.. വാ കയറി ഇരിക്ക് ഞാന്‍ വിചാരിച്ചു പത്രകാരന്‍ പയ്യന്‍ ആയിരിക്കുമെന്ന്"....എന്നിട്ട് തിരിഞ്ഞു എന്നോട് പറഞ്ഞു "എടാ നോക്കി നില്‍കാതെ പോയി രണ്ടു ചായ കൊണ്ട് വാ" എന്തിന് ചായ മാത്രമാക്കണം. അല്‍പ്പം കൂടി കഴിഞ്ഞാല്‍ എന്റെ അടിയന്തിരത്തിന്റെ ഇഡ്ഡലിയും കൂടി കഴിച്ചിട്ടു അങ്ങേര്‍ക്ക് പോകാമല്ലോ എന്ന് മനസ്സില്‍ ഉറപ്പിച്ചു.... ഞാന്‍ നേരെ കിച്ചനിലേക്ക് പോയി വേഗം ചായക്ക് വെച്ചിരിന്ന പാത്രത്തിലോട്ടു രണ്ടു ഗ്ലാസ്‌ പാല് കൂടുതല്‍ ഒഴിച്ചു..കുറച്ചു കട്ടിക്കിരിക്കട്ടെ....ഞാന്‍ ഇടുന്ന ചായ കുടിച്ചിട്ടെങ്കിലും ...ലദേഹം മോളെ എനിക്ക് തന്നെ കെട്ടിച്ചു തരണം..എന്തായാലും പത്തു മിനിട്ടത്തേക്ക് വിളി ഒന്നും വന്നില്ല....

ഒരു പത്തു മിനിട്ടത്തെ മല്‍പിടിത്തം കഴിഞ്ഞു ഞാന്‍ നല്ല കട്ടിയുള്ള(നോട്ട് ദി പോയിന്റ്‌) ചായയുമായി വരാന്തയിലേക്ക്‌ ചെന്നു...അവിടെ അവര്‍ ഭയങ്കരമായ ചര്‍ച്ചയില്ലാണ്...എന്നെ കണ്ടതും രണ്ടുപേരും സംസാരം നിര്‍ത്തി. ഞാന്‍ തിരിച്ചു പോകാന്‍ ഒരുങ്ങിയതും പ്രതീഷിച്ച ചോദ്യം അച്ഛന്‍ ചോദിച്ചു..."നീ കൊടുത്ത കത്ത് ആണോ ഇത്? "..."ക...കത്തോ? എ..ഏത് കത്ത്? ആര്‍ക്ക് കൊടുത്തെന്ന്?..ഞാന്‍ ആര്‍ക്കും ഒരു കത്തും കൊടുത്തിട്ടില്ല..." (അവിടെയും ഇവിടെയും ഒക്കെ വെള്ളി വീണോ എന്ന് ഒരു ഡൌട്ട്)... ഇതും പറഞ്ഞു ഞാന്‍ തിരിഞ്ഞു അകത്തേക്ക് നടന്നു..(അല്ല നിങ്ങള് തന്നെ പറ..ഞാന്‍ കത്ത് കൊടുത്തോ?? അല്ല കൊടുത്തോ ?? ലവന്‍ അല്ലെ കൊടുത്തത്?? ലപ്പം ഞാന്‍ കള്ളം പറഞ്ഞിട്ടില്ല...)എന്നാലും എന്റെ പഞ്ച വര്‍ണ്ണ കിളി എന്നോട് ചെയ്ത ചതി കുറച്ചു കടുത്തു പോയി....ഇഷ്ടമല്ല എങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതിയായിരുന്നല്ലോ അല്ലെങ്കില്‍ കാണുമ്പോള്‍ മുഖം തിരിച്ചു നടന്നാല്‍ പോരെ...എന്തിനാ വെറുതെ വീട്ടുക്കാരെ അറിയിക്കുന്നത്....ഒരു വലിയ പ്രശ്നം(നാടുവിടല്‍ ചടങ്ങ്) ഇപ്പോള്‍ സോള്‍വ്‌ ആയതേ ഉള്ളു...അപ്പോള്‍ തന്നെ അടുത്ത പ്രശ്നം തുടങ്ങി വെച്ചു....

ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു അച്ഛന്‍ അകത്തേക്ക് വന്നു.....ഞാന്‍ അപ്പോള്‍ ചായയും കുടിച്ചു പത്രം വായിക്കുകയായിരുന്നു..(ചുമ്മാ കാണിക്കണ്ടേ??)പക്ഷെ മനസ്സ് മുഴുവന്‍ ഒരു വാശി വന്നു നിറയുകയായിരുന്നു...അച്ഛന്‍ അടുത്ത് വന്നപ്പോള്‍ ഒന്നും അറിയാത്ത പോലെ ചോദിച്ചു "ഏത് കത്തിന്റെ കാര്യമാ അച്ഛാ ചോദിച്ചത്" ഒന്ന് ഇരുത്തി നോക്കിയിട്ട് അച്ഛന്‍ റൂമിലേക്ക്‌ പോയി....അന്ന് വൈകിട്ട് തന്നെ പഞ്ചവര്‍ണ്ണ കിളിയെ കാണാനും സംസാരിക്കാനും ഞാന്‍ തീരുമാനിച്ചു......

വൈകിട്ടത്തെ ടൂഷന്‍ ക്ലാസ് കഴിഞ്ഞു ലച്ചു കൂട്ടുകാരികളോട് സംസാരിച്ചു കൊണ്ട് പാടവരമ്പത്ത് കൂടെ നടന്നു വരുന്നത് കണ്ടു....ധൈര്യം എവിടുന്ന് കിട്ടി എന്ന് അറിയില്ല...ഞാന്‍ നേരെ അടുത്ത് ചെന്നു....അവരുടെ നടപ്പിനു വേഗത കൂടി....എന്തായാലും കൂടെ നടന്നു കൊണ്ട് പറഞ്ഞു "ഒന്ന് നിന്നേ" (എവിടെ??...ആര് കേള്‍കാന്‍??) .....വീണ്ടും ചോദിച്ചു "എവിടെക്കാ ഈ ഓടി പോകുന്നത്" ഉത്തരം ഒരു കൂട്ടുകാരിയുടെ ആയിരിന്നു "മരിക്കാന്‍ പോകുന്നു" എന്റെ ക്ഷമ കെട്ടു "അതെ ഒറ്റെക്ക് പോയാല്‍ മതി കേട്ടോ?" എന്നിട്ട് തിരിഞ്ഞു ലച്ചുവിനോടായി പറഞ്ഞു "അച്ഛന്‍ രാവിലെ കല്യാണം ആലോചിച്ചു വീട്ടില്‍ വന്നിരിന്നു...എടോ തനിക്കു ഇഷ്ടമല്ലെങ്കില്‍ നേരിട്ട് പറഞ്ഞാല്‍ മതിയായിരിന്നു. എന്തിനാ വെറുതെ വീട്ടുകാരെ ഒക്കെ അറിയിച്ചത്" ഒരു മറുപടിയും തരാതെ ലച്ചു നടന്നു...കുറച്ചു നേരം കൂടെ നടന്നിട്ടും മറുപടി കിട്ടാതെ വന്നപ്പോള്‍ ഞാന്‍ തിരിച്ചു നടന്നു.....ഒരു മണ്ടനെ പോലെ....പക്ഷെ മനസ്സില്‍ വാശി കൂടി കൂടി വന്നു......

അടുത്ത ദിവസം ഒരു വെള്ളിയാഴ്ച്ച ആയിരിന്നു..... വൈകിട്ട് ലച്ചു വരുന്ന ബസ്സില്‍ ഞാന്‍ എന്റെ മൂന്ന് നാല് കൂട്ടുകാരോടൊപ്പം കയറി...ലച്ചു കയറിയ നിമിഷം മുതല്‍ ഞാന്‍ എന്റെ കൂട്ടുകാരോട് പറയുമ്പോലെ പറഞ്ഞു...ഇന്നലെ ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്റെ വീട്ടില്‍ കല്യാണം ആലോചിച്ചു വന്നു, പക്ഷെ ഞാന്‍ കെട്ടാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ കരഞ്ഞു കൊണ്ട് ഇറങ്ങി പോയി ഇങ്ങനെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു..സത്യത്തില്‍ ലച്ചു ബസ്സില്‍ ഇരിന്നു കരയുന്നത് കണ്ടപ്പോള്‍ വെഷമം തോന്നി....പക്ഷെ വാശി മനസ്സില്‍ കിടന്നത് കൊണ്ടും കൂടെ കൂട്ടുക്കാര്‍ ഉണ്ടായിരുന്നത് കൊണ്ടും...എന്റെ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഞാന്‍ ബസ്സില്‍ നിന്നും ഇറങ്ങിയിട്ട് ലച്ചു കേള്‍കാന്‍ പാകത്തില്‍ പറഞ്ഞു "ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും"..ഇതും പറഞ്ഞു ഞാന്‍ വീട്ടിലേക്കു പോയി....

അന്ന് രാത്രി ഉറങ്ങിയില്ല...മനസ്സ് മുഴുവന്‍ ലച്ചുവിന്റെ കരയുന്ന മുഖം ആയിരിന്നു മനസ്സില്‍...കുറച്ചു കൂടുതല്‍ ആയി പോയില്ലേ എന്ന് തോന്നി....തിങ്ങളാഴ്ച രാവിലെ തന്നെ ചെന്നു സോറി പറയണം എന്ന് തീരുമാനിച്ചു.......ഞാറാഴ്ച രാവിലെ ആണ് അമ്മ പറഞ്ഞത് അന്ന് എന്റെ പിറന്നാള്‍ ആണെന്ന്......രാവിലെ അച്ഛന്റെ കൂടെ മാര്‍ക്കറ്റില്‍ പോയി വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വീട്ടില്‍ വന്നു....അമ്മ ഒരുക്കിയ വിഭവസമൃതമായ സദ്യ ഒക്കെ കഴിച്ചു ഉച്ച മയക്കത്തില്‍ ആയിരുന്നപ്പോള്‍ ആണ് അമ്മ വന്നു പറഞ്ഞത് ഒരു കൂട്ടുകാരന്‍ വിളിക്കുന്നു എന്ന്.....ഷര്‍ട്ടും എടുത്തു ഇട്ടുകൊണ്ട്‌ പുറത്തേക്കു ചെന്നു നോക്കുമ്പോള്‍ എന്റെ കൂടെ സ്കൂളില്‍ പഠിക്കുന്ന ഒരു കൂട്ടുകാരന്‍ നില്‍ക്കുന്നു...ഞാന്‍ ചോദിച്ചു "എന്താടാ ഈ സമയത്ത്?" ...."മലയാളത്തിന്റെ ടെക്സ്റ്റ്‌ വാങ്ങാന്‍ വന്നതാ.. എന്റെ ടെക്സ്റ്റ്‌ വീട്ടില്‍ കാണുന്നില്ല" ...ഞാന്‍ അകത്തു ചെന്നു മലയാളത്തിന്റെ ടെക്സ്റ്റ്‌ എടുത്ത് കൊണ്ടു വരുമ്പോഴേക്കും അമ്മ ഒരു ഗ്ലാസ്‌ പ്രഥമന്‍ അവനു കൊണ്ടു കൊടുത്തു..അതും കുടിച്ചുകൊണ്ട് അവന്‍ ചോദിച്ചു "എന്താടാ വിശേഷം?"...."ഓ അതോ എന്റെ പിറന്നാള്‍ ആണ് ഇന്ന്"...."ഹാപ്പി ബെര്‍ത്ത്‌ഡേ, എന്റെ വക ഒരെണ്ണം ഇരിക്കട്ടെ നിനക്ക്" ഇങ്ങനെ സംസാരിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ ആണ് ഗേറ്റിനു പുറത്തു നിന്നും ഒരാള്‍ "ഈ അഡ്രസ്‌ അറിയുമോ?" എന്ന് വിളിച്ചു ചോദിച്ചത്.."എവിടെ നോക്കട്ടെ?" എന്നും പറഞ്ഞു ഞാന്‍ ഗേറ്റിനു പുറത്തേക്കു ഇറങ്ങി...അഡ്രസ്‌ നോക്കിയപ്പോള്‍ അത് ലച്ചുവിന്റെ അഡ്രസ്‌ ആണ്...ഞാന്‍ വഴി പറഞ്ഞു കൊടുത്തു, അയാള്‍ എന്റെ കൂട്ടുകാരനെ നോക്കി ഒന്ന് ചിരിച്ചു..എന്നിട്ട് എന്നോട് ചോദിച്ചു "ലച്ചുവിനെ അറിയുമോ?"...."അറിയാമല്ലോ...എന്താ ??" .............."മേലാല്‍ ലച്ചുവിനെ കാണുകയോ സംസാരിക്കുക്കയോ ചെയ്യരുത്...ഇനി അഥവാ അങ്ങനെ ഉണ്ടായാല്‍ തന്റെ രണ്ടു കാലും വെട്ടി എടുത്തിരിക്കും.... മനസ്സിലായോ?" ഹും ഭീഷണിയോ???? അതും കിച്ചനോട്!!!!! ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഭീഷണി എന്ന് കേട്ടാല്‍ കിച്ചന് ഒരു ലിതാണ് എന്ന്... ഉടന്‍ തന്നെ തിരിച്ചു ചോദിച്ചു "താന്‍ ആരാ ഇതൊക്കെ പറയാന്‍?? താന്‍ പോടോ..." .................(((((((ഠമാര്‍))))))))............വളരെ ശക്തിയോടെ എന്തോ എന്റെ മുതുകത്തു വന്നു പതിച്ചു.....അടിയുടെ ആക്കത്തില്‍ മുന്നോട്ടു വേച്ചു പോയ ഞാന്‍, മരവിച്ച പുറവുമായി ഞെട്ടലോടെ തിരിഞ്ഞു നോക്കുമ്പോള്‍ കയ്യില്‍ ഒരു ബൈക്കിന്റെ ചെയ്നുമായി എന്റെ കൂട്ടുകാരന്‍!!!!!!!!!!!!!!!

Tuesday, February 16, 2010

കള്ളന്റെ കാത്തിരിപ്പ്

ഒടുവില്‍ ജീപ്പ് ചെന്ന് നിന്നത് അവന്റെ വീടിന്റെ മുന്നില്‍ ആണ്. പുറകിലെ വാതില്‍ തുറന്നു ഇറങ്ങുമ്പോള്‍ നല്ല ഒരു ജനകൂട്ടം ഉണ്ടായിരുന്നു, എല്ലാരെയും നോക്കി ഒരു ചിരിയും കൊടുത്ത് ഞാന്‍ അവന്റെ വീട്ടിലേക്കു കയറി. മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ പേടി ഉണ്ടായിരുന്നു...മുറിയില്‍ പൂട്ടിയിട്ടു പോലീസ് മുറയില്‍ ഇടിക്കുമോ എന്ന്....പക്ഷെ വീടിനു പുറത്തു ജനകൂട്ടം ഉണ്ടായിരുന്നത് കൊണ്ട് അത് കിട്ടിയില്ല, സത്യത്തില്‍ അത് നടന്നില്ല എന്ന് വേണം പറയാന്‍. ഞാന്‍ തിരിച്ചു വന്ന വിവരം വീട്ടില്‍ അറിഞ്ഞിരിക്കണം, പക്ഷെ ആരും വന്നില്ല എന്നെ കാണാനോ ,വിളിച്ചോണ്ട് പോകാനോ.....കുറച്ചു കഴിഞ്ഞപ്പോള്‍ കൊച്ചുമാമ്മന്‍ വന്നു(ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല....ആ അപ്രതീഷിത മരണവും എന്റെ ജീവിതത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്....) അദ്ദേഹം മാന്യമായിട്ടു എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി എന്നെയും വിളിച്ചു നേരെ വീട്ടിലേക്കു നടന്നു....വീടിന് അടുത്ത് എത്തിയപ്പോള്‍ കൊച്ചുമാമ്മന്‍ പറഞ്ഞു "നീ ഇപ്പോള്‍ വീട്ടില്‍ കയറണ്ട...നിന്റെ ഡ്രെസ്സും ബുക്സും ചേച്ചി എടുത്തു വെച്ചിട്ടുണ്ട്, അതും എടുത്തു നമ്മള്‍ക്ക് എന്റെ വീട്ടിലേക്കു പോകാം" എനിക്ക് കാര്യം പുടികിട്ടി....അച്ഛന്‍ വയലെന്റ്റ് ആണ്....ഇപ്പൊ മുന്നില്‍ ചെന്ന് ചാടിയാല്‍ എന്നെ എടുത്തു വല്ല പൊട്ടകിണറ്റിലും താഴ്ക്കും...അതിസാഹസം വേണ്ട...വല്ല പൊട്ടകിണറ്റിലും തീരാനുള്ളതല്ല ഈ സുന്ദരമായ ജീവിതം. അതുകൊണ്ട് മാത്രം ഞാന്‍ കൊച്ചുമാമ്മന്റെ കൂടെ പോയി....

കൊച്ചുമാമ്മന്റെ വീട് എന്ന് ഞാന്‍ ഉദേശിച്ചത്‌ അമ്മയുടെ തറവാട് ആണ്. വളരെ അപൂര്‍വമായിട്ടേ ഞാന്‍ അവിടെ പോകാറുള്ളൂ. എന്തായാലും അവിടെ ആയിരിന്നു അടുത്ത മൂന്ന് മാസത്തെ ജീവിതം. പക്ഷെ അപ്പോഴും എങ്ങനെ എങ്കിലും ലച്ചുവിനെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം, ആ പാല്‍ പുഞ്ചിരി വീണ്ടും കാണണം എന്നൊക്കെ ആയിരിന്നു മനസ്സില്‍. അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മ വന്നു എന്നെ തിരിച്ചു വീടിലേക്ക്‌ കൂട്ടി കൊണ്ട് പോയി...തിരിച്ച് എത്തിയ എന്റെ ചിന്ത എങ്ങനെ ലച്ചുവിനെ എങ്ങനെ ആണ് കാര്യങ്ങള്‍ ഒന്ന് പറഞ്ഞു മനസിലാക്കുക എന്നതായിരിന്നു. പക്ഷെ അപ്പോഴേക്കും നാട്ടുകാര്‍ എന്നെ കള്ളന്‍ എന്ന് മുദ്ര കുത്തി കഴിഞ്ഞിരുന്നു. .(അതിനുള്ള പ്രതേക നന്ദി എന്റെ കൂട്ടുകാരന് ഞാന്‍ ഇവിടെ രേഖപെടുത്തുന്നു) അടുത്ത വീട്ടിലെ കാശും അടിച്ചുകൊണ്ട്.....അവനെ ബലമായി ഞാന്‍ പിടിച്ചുകൊണ്ടു പോവുകയായിരുന്നലോ??? എന്നെ കൊണ്ടല്ലേ പറ്റൂ.....അല്ലേ???

വീട്ടില്‍ വന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ലച്ചുവിനെ കാണുവാനോ സംസാരിക്കുവാനോ ഉള്ള ധൈര്യം ഇല്ലായിരിന്നു....എന്താ ചെയേണ്ടത് എന്ന് ആലോചിച്ചു ഇരിക്കുമ്പോള്‍ ആണ് ഒരു ഐഡിയ മനസ്സില്‍ ട്യൂബ് പോലെ മിന്നി മിന്നി തെളിഞ്ഞു വന്നത് (ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ്.....കേട്ടിട്ടില്ലേ??). അങ്ങനെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു കത്ത് (ശരി... ശരി...പ്രേമലേഖനം തന്നെ) എഴുതി...അടുത്തതായി വേണ്ടത് ഒരു ഹംസം ആണ്. എന്റെ അപ്പോഴത്തെ ഇമേജ് വെച്ച് ഞാന്‍ അടുത്ത് ചെന്നാല്‍ ചിലപ്പോ ലച്ചുവല്ല ഞാന്‍ നേരത്തെ പറഞ്ഞ സരിതയോ രാജിയോ ആണെങ്കിലുംകാലിലെ ചെരുപ്പ് ഊരും.. അത് ഉറപ്പാ.(നേരിട്ട് കൊടുത്ത് അടി വാങ്ങാന്‍ ഞാന്‍ അത്ര മണ്ടന്‍ അല്ലാലോ..) ഒരുപാട് ആലോചികേണ്ടി വന്നില്ല. അനുജനെ തന്നെ ഹംസം ആയിട്ട് ഞാന്‍ തിരഞ്ഞെടുത്തു. ലവന്റെ കാര്യം ആണെല്ലോ ഞാന്‍ ആദ്യം ലച്ചുവിനോട് പറഞ്ഞത്....അപ്പൊ ലവന്‍ തന്നെയാ നല്ലത്...

അടുത്ത രണ്ടു ദിവസത്തെ നിരീഷണ പരീഷണത്തില്‍ നിന്നും ലച്ചു എന്റെ വീടിന്റെ മുന്നില്‍ കൂടി കടന്നു പോകുന്ന നേരവും കാലവും കണ്ടുപിടിച്ചു...അത് കഴിഞ്ഞു, ഏതാണ്ട് ഒരു രണ്ടു മണികൂര്‍ ക്ലാസ്സും, അനുജന് ഇഷ്ടപെട്ട എന്റെ ഷര്‍ട്ടും പിന്നെ മിട്ടായി വാങ്ങാന്‍ പത്ത് രൂപയും വാഗ്ദാനം നല്‍കിയപ്പോള്‍, അവന്‍ എന്റെ ഹംസം ആകാം എന്ന് സമ്മതിച്ചു...അങ്ങനെ പറഞ്ഞു വെച്ച ആ സുദിനം വന്നെത്തി....നേരെത്തെ എഴുതി തയാര്‍ ആകി വെച്ച കത്ത് സോറി പ്രേമലേഖനം കയ്യില്‍ കൊടുത്ത് അവനെ വീടിന്റെ മുന്നില്‍ കൊണ്ട് നിര്‍ത്തി. ഞാന്‍ മച്ചിന്റെ മുകളിലേക്കും പോയി...വീടുകയറി തല്ലാന്‍ വന്നാല്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പാടില്ലല്ലോ ....എങ്ങനെ ഉണ്ട് എന്റെ ബുദ്ധി???


ഏതാണ്ട് അരമണികൂര്‍ കഴിഞ്ഞു അവന്‍ വന്നു വിളിക്കുന്നത്‌ കേട്ട് ഞാന്‍ കുറച്ചു നേരം മച്ചിന്റെ മുകളില്‍ തന്നെ അനങ്ങാതെ ഇരിന്നു...അവന്റെ നിലവിളി ഒന്നും കേള്‍ക്കാത്തത് കൊണ്ട് താഴേക്ക്‌ നോക്കി...സ്റെപ്സ്സിന് താഴെ അവന്‍ ഒരു കള്ള ചിരിയുമായി നില്‍ക്കുന്നു...മനുഷ്യന്‍ തീയില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ ആണ് അവന്റെ ഒരു ചിരി, പക്ഷെ ഒന്നും പറയാന്‍ പറ്റില്ലാലോ...പറഞ്ഞാല്‍ അവന്‍ പിണങ്ങും പിന്നെ കാര്യങ്ങള്‍ അറിയാന്‍ തപസ്സ് ചെയ്യേണ്ടി വരും....
സ്റെപ്പ് ഇറങ്ങുന്നതിനിടയില്‍ തന്നെ ഞാന്‍ ചോദിച്ചു: "എടാ എന്തായി?? കത്ത് കൊടുത്തോ??? വല്ലതും പറഞ്ഞോ??? ആരെങ്കിലും കണ്ടോ??? എന്തെങ്കിലും പ്രശ്നം ഉണ്ടോ??? എടാ വല്ലതും ഒന്ന് പറയടാ"
ഒടുവില്‍ അവന്‍ പറഞ്ഞു "കൊടുത്തു...എന്താ ഇത് എന്ന് ചോദിച്ചു...നീ തന്നതാണ് എന്ന് പറഞ്ഞു"
ഞാന്‍: "അപ്പൊ എന്ത് പറഞ്ഞു??? വേറെ വല്ലതും പറഞ്ഞാ???"
അനുജന്‍: "ഇല്ല....അതും വാങ്ങി ഒന്നും പറയാതെ അങ്ങ് പോയി"
ഞാന്‍: "എടാ സത്യം പറ..വേറെ എന്തെങ്ങിലും പറഞ്ഞോ??? കത്ത് തുറന്നു വായിച്ചോ???"
അനുജന്‍: "അറിയില്ല....എന്താ പോയി ചോദിക്കണോ??" ഇതും പറഞ്ഞു അവന്‍ അവന്റെ റൂമിലേക്ക്‌ പോയി....

ഇനി അവനോട് ചോദിച്ചിട്ട് കാര്യം ഇല്ല. ഇനി വരാനുള്ള കാര്യങ്ങള്‍ എന്തായിരിക്കും എന്ന് മനസ്സില്‍ വിചാരിച്ചു കൊണ്ട് എന്റെ മുറിയില്‍ കയറി ഒരു സിഗരറ്റ് എടുത്തു കത്തിച്ചു, പുക നല്ല 'O' ആകൃതിയില്‍ പുറത്തേക്കു വിട്ടുകൊണ്ട് നോക്കുമ്പോള്‍ അവന്‍ എന്റെ ഷര്‍ട്ടും ഇട്ടുകൊണ്ട്‌ മുന്നില്‍.....കരാര്‍ പ്രകാരമുള്ള പത്ത് രൂപയും ചോദിച്ചുകൊണ്ട്....സിഗരറ്റ് വാങ്ങാന്‍ വെച്ചിരുന്ന അവസാനത്തെ പത്തിന്റെ നോട്ട് അവനു മിട്ടായി വാങ്ങാന്‍ എടുത്തു കൊടുത്തിട്ട് ഞാന്‍ വീണ്ടും അഗാധമായചിന്തയിലേക്ക് വഴുതി വീണു......

ഓഫീസില്‍ ഒരു സുപ്രധാന മീറ്റിംഗ് ഉള്ളതിനാല്‍ അമ്മ അടുത്ത ദിവസം അതിരാവിലെ തന്നെ ജോലിക്ക് പോയി. അച്ഛന്‍ എന്നെ വിളിച്ചു ചായ ഉണ്ടാക്കാന്‍ പറഞ്ഞു....ചായക്ക്‌ വെള്ളം ഗ്യാസ് അടുപ്പില്‍ വെക്കുമ്പോള്‍ ആണ് കോളിംഗ് ബെല്‍ കേട്ടത്..."മോനെ ഒന്ന് പോയി നോക്ക്...പത്രക്കാരന്‍ പയ്യന്‍ വന്നതായിരിക്കും....ഞാന്‍ ദേ വരുന്നു എന്ന് പറ" അച്ഛന്‍ വിളിച്ചു പറഞ്ഞു....ഗ്യാസ് അടുപ്പിലെ തീ കുറച്ചിട്ട് നേരെ പോയി വാതില്‍ തുറന്നു........വാതില്‍ക്കല്‍ എന്നെ തന്നെ നോക്കികൊണ്ട്‌ കയ്യില്‍ ഒരു കത്തുമായി ലച്ചുവിന്റെ അച്ഛന്‍!!!!!!!!!!!!