Wednesday, December 29, 2010

നിമിത്തങ്ങള്‍-1

ഞാന്‍ വളര്‍ന്നത് തറവാട്ടില്‍ ആണെന്ന് മുന്‍പ് പറഞ്ഞിരുന്നുവല്ലോ, ആദ്യത്തെ ചെറുകുട്ടിയായത് കൊണ്ട് കുറച്ചു കൂടുതല്‍ സ്നേഹത്തോടെയും വാത്സല്യത്തോടെയും ആണ് ഞാന്‍ അവിടെ വളര്‍ന്നത്‌‌. ആ ഒരു കാരണം കൊണ്ട് തന്നെ തറവാട്ടില്‍ ഉള്ള ആരോടും എനിക്ക് 'പറ്റില്ല' എന്ന് പറയുവാന്‍ കഴിയുമായിരിന്നില്ല. അതു കൊണ്ട് കടയുടെ കാര്യത്തില്‍ അച്ഛന്റെ അനുജനോട് വ്യക്തമായ ഒരു മറുപടി നല്‍കാതെ ആണ് ഞാന്‍ തിരികെ വീട്ടില്‍ വന്നത്. അച്ഛനോടും അമ്മയോടും ഞാന്‍ സൗദി റീടേണ്‍സിന്റെ ഭാവി പരിപാടിയെ കുറിച്ച് അറിയിച്ചു. ഇതുപോലൊരു വാഗ്ദാനം അദ്ദേഹം മുന്നേ തന്നിട്ടുള്ള അനുഭവം അറിയാവുന്നത് കൊണ്ട് രണ്ടുപേരും കൂടി മുന്‍കൈ എടുത്തു എങ്ങനെയെങ്ങിലും ഇത് എന്റെ തലയില്‍ നിന്നും ഒഴുവാക്കി തരണമെന്നും, അല്ലെങ്കില്‍ ഇത്ര വര്ഷം ടൂറിസം ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്തത് വെറുതെ ആകുമെന്നും പറഞ്ഞു, പക്ഷെ അച്ഛന് അനുജനോടുള്ള വിശ്വാസം, അമ്മക്ക് മകന്റെ ഭാവിയെ കുറിച്ചുള്ള വേവലാതിയും ഇത് രണ്ടുമാകണം കാരണം, രണ്ടുപേര്‍ക്കും ലതങ്ങു ബോധിച്ചു. പിന്നെ ഉള്ള ദിവസങ്ങളില്‍ എന്ത് തന്നെ സംസാരം തുടങ്ങിയാലും അവസാനം ചെന്ന് നില്‍ക്കുന്നത് ഒരു കട സ്വന്തമാക്കിയാല്‍ ഉള്ള നല്ല വശങ്ങളെ കുറിച്ചായിരിക്കും. സത്യത്തില്‍ അച്ഛനോടും അമ്മയോടും ഉള്ള സ്നേഹവും പിന്നെ അവരുടെ സ്നേഹത്തോടെ ഉള്ള നിര്‍ബന്ധവും കാരണം ഒടുവില്‍ എനിക്ക് 'യെസ്' പറയേണ്ടി വന്നു.

അങ്ങനെ ഒരു മാസത്തെ നോട്ടീസ് കൊടുത്തു ടൂറിസം ഫീല്‍ഡ്നോട് ഞാന്‍ വിടപറഞ്ഞു. ഇത്തവണ സൗദികാരന്‍ തന്റെ തനിസ്വഭാവം കാണിക്കാതെ പറഞ്ഞത് പോലെ രണ്ടു ടു-വീലെര്‍ സ്പൈര്‍പാര്‍ട്സ് കടകള്‍ തുടങ്ങി. ഒന്ന് സിറ്റിയുടെ ഹൃദയഭാഗത്തും(അത് സാമാന്യം വലിയ ഒരു കട), മറ്റൊന്ന് സിറ്റിയുടെ പുറത്തും, എന്ന് പറഞ്ഞാല്‍ ഒരു ഓണംകേറാ മൂലയിലും.(ഇത് ഒരു ചെറിയ മുറുക്കാന്‍ കടയുടെ വലിപ്പത്തില്‍). ഫുള്‍ ടാങ്ക് പെട്രോളും അടിച്ചു ബൈക്കില്‍ കറങ്ങി നടന്ന ഞാന്‍ കട തുറന്നു രണ്ടാം ദിവസം മുതല്‍ ബസ്സിലായി യാത്ര. ദിവസവും രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മാത്രമേ ഒരു എട്ടു എട്ടരക്ക് എങ്കിലും കട തുറക്കാന്‍ പറ്റൂ. എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് കട അടച്ചു കര്പൂരവും കത്തിച്ചു, ഒന്‍പതു മണിക്ക് മുന്നേ സിറ്റിയില്‍ ഉള്ള കടയില്‍ ചെന്ന് അതാതു ദിവസത്തെ കണക്കുകള്‍ ഏല്പ്പി്ക്കണം. ദിവസവും പത്തു രൂപ തരും അടുത്ത ദിവസത്തെ വണ്ടി കൂലിയായി. അതും വാങ്ങി വീട്ടില്‍ എത്തുമ്പോള്‍ ഏകദേശം പത്തു മണിയാകും. ഇതായിരിന്നു ദിനചര്യ. കൂട്ടുകാരെ പോലും കാണാന്‍ അവസരം കിട്ടുന്നത് ഞാറാഴ്ച ദിവസം ആയിരിന്നു, അല്ലെങ്ങില്‍ ഒരു ബന്ദോ ഹര്‍ത്താലോ വരണം. ഈ കടയില്‍ വെച്ചാണ് ഞാന്‍ ബിസിനസ്‌ന്റെ ബാലപാഠങ്ങള്‍ പഠിക്കാന്‍ തുടങ്ങിയത്. നാക്കിന്റെ ബലത്തില്‍ മാത്രം പിടിച്ചു നില്ക്കാന്‍ പറ്റുന്ന ഒരു അങ്കതട്ട് ആണ് ഈ ബിസിനസ്‌ ലോകം എന്ന് ഞാന്‍ മനസ്സിലാക്കിയത് അവിടെ വെച്ചാണ്. പലതവണ കരുതിയതാണ്, എല്ലാം ഇട്ടെറിഞ്ഞു പോകണമെന്ന്, പക്ഷെ എന്നെ വിശ്വസിച്ചു ഏല്‍പിച്ച ഒരു കാര്യം, അത് ന്യായമായ കാര്യമില്ലാതെ ഒരു സുപ്രഭാതത്തില്‍ ചെന്ന് താക്കോല്‍ മുന്നിലേക്ക്‌ ഇട്ടു കൊടുത്തിട്ട് "എനിക്ക് ഇനി വയ്യാ, താന്‍ വേറെ ആളെ നോക്ക്" എന്ന് പറയാന്‍ കഴിയുമായിരിന്നില്ല. പിന്നെ മുകളില്‍ ഇരിക്കുന്ന അങ്ങേരു തലയില്‍ വരച്ചത് ഇതാണെങ്ങില്‍ പിന്നെ നമ്മള്‍ മസ്സില്‍ പിടിച്ചിട്ടു വല്ല കാര്യവും ഉണ്ടോ?.(മുകളില്‍ ഇരുന്നു കൊണ്ട് അങ്ങേര്‍ക്കു എന്തും ആകാമല്ലോ, ആരെയും പേടിക്കണ്ടല്ലോ) ഇങ്ങനെ ഒക്കെ ആയിരിന്നു എന്റെ ചിന്ത ഏതാണ്ട് ആദ്യ മൂന്ന് മാസം. പക്ഷെ എല്ലാം മാറി മറിഞ്ഞത് ഒരെറ്റ ദിവസം കൊണ്ടായിരിന്നു.

എല്ലാ ദിവസവും ഉച്ചക്കുള്ള ഭക്ഷണം അമ്മ രാവിലെ തന്നെ പൊതിഞ്ഞു തരും. വീട്ടില്‍ നിന്നും പുറപ്പെടുന്നതിനു മുന്‍പ് ഒരു ചായ കുടിക്കാനുള്ള നേരം കിട്ടിയാല്‍ ഭാഗ്യം. എന്റെ എട്ടാം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍ തന്നെ പൊതിചോറ് കൊണ്ട് പോകുന്ന പരിപാടി നിര്‍ത്തി വെച്ചതാണ്, പക്ഷെ വീണ്ടും അത് ചുമക്കാന്‍ ആണ് വിധിയെങ്ങില്‍ പിന്നെ പിടിച്ചാ കിട്ടുമോ?? ദിവസവും കിട്ടുന്ന പത്തു രൂപയില്‍ നിന്നും രാവിലെയും വൈകിട്ടും പോയി വരുന്ന വണ്ടി കൂലിയും കഴിഞ്ഞു വല്ലതും മിച്ചം കാണും. മിക്കവാറും ഈ മിച്ചം പിടിക്കുന്ന കാശ് ആണ് രാവിലത്തെ ഭക്ഷണം കഴിക്കാന്‍ ഉപയോഗത്തില്‍ വരുന്നത്. കടയുടെ തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ഹോട്ടല്‍ ഉണ്ട്, ഒരു രൂപ കൊടുത്താല്‍ നാല് ചൂട് ദോശയും നല്ല സ്വാദേറിയ സാമ്പാറും കിട്ടും. വിശപ്പ്‌ തീരെ സഹിക്കാന്‍ പറ്റാത്ത ദിവസം ഈ ഹോട്ടല്‍ ആണ് ഏക ശരണം. കാരണം ' ബെഗ്ഗര്‍സ് കാന്റ് ബി ചൂസേര്‍സ്സ് ' എന്ന അവസ്ഥ. അങ്ങനെയിരിക്കെ ഒരു ദിവസം ആ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് തൊട്ടടുത്ത്‌ ഉണ്ടായിരുന്ന മേശയുടെ മുകളില്‍ കിടന്ന പുസ്തകം കണ്ടത്, കടയില്‍ വെറുതെ ഇരിക്കുമ്പോള്‍ വായിക്കാം എന്ന് കരുതി എടുത്തു നോക്കിയപ്പോള്‍ ആണ് മനസ്സിലായത്‌ അത് ഒന്നോ രണ്ടോ വര്‍ഷത്തെ മാത്രം പഴക്കമുള്ള ഒരു സ്കൂള്‍ മാഗസിനെ ആണെന്ന്. പ്രതേകിച്ചു ഒന്നും വായിക്കാന്‍ തോന്നിയില്ല. വെറുതെ രണ്ടു മൂന്ന് താളുകള്‍ മറിച്ചു നോക്കി, ആ താളുകളില്‍ ഒന്നില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ ഫോട്ടോ, ആ ഫോട്ടോയില്‍ ഞാന്‍ ആദ്യം കണ്ടത് അവാര്‍ഡു കൊടുക്കുന്ന പ്രായമായ സ്ത്രീയെയും അത് വാങ്ങാന്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെയും അല്ലായിരിന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ ദിവസവും രാവിലെ ഞാന്‍ കാണുവാന്‍ ആഗ്രഹിച്ചിരുന്ന അതെ പാല്‍പുഞ്ചിരിയുമായി അവരുടെ ഇടയില്‍ നില്‍ക്കുന്ന ലച്ചുവിനെ ആണ്.




ഇവിടെ വന്ന് എന്‍റെ കത്തി സഹിക്കുന്ന എല്ലാവര്‍ക്കും, പിന്നെ ലച്ചുവിനും....
എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Tuesday, December 14, 2010

ഡ്രീം ടൂര്‍സ്

"ഇപ്പ ശരിയാക്കി തരാം" എന്ന് പറഞ്ഞു പറഞ്ഞു വര്ഷം ആറ് കഴിഞ്ഞു. പുള്ളികാരന്‍ നാട്ടില്‍ ഓരോ തവണ വരുമ്പോഴും എന്റെ പ്രതീക്ഷകള്‍ ആകാശം മുട്ടെ പൊങ്ങും, മറുപടി കേള്‍ക്കുമ്പോള്‍ മൂടും തല്ലി താഴെ വീഴും. വിസയുടെ കാര്യം ചോദിക്കുമ്പോള്‍ കിട്ടുന്ന മറുപടി "ട്രാവെല്‍സിന്റെ പേപ്പര്‍ വര്‍ക്ക്‌ അവിടെ നടക്കുകയാണ്." (ഈ പേപ്പര്‍ വര്‍ക്കി കൊണ്ട് നടക്കുന്നത് എവിടെയാണാവോ എന്തോ??). അവസാനം ഇതിനൊരു തീരുമാനം ആയത് അദ്ദേഹത്തിന്റെ ഒരേ ഒരു പുന്നാര അളിയന് വിസ അയച്ചു കൊടുത്തപ്പോള്‍ ആണ്. എനിക്ക് വാഗ്ദാനം ചെയ്ത അതെ വിസ!!. ("മോനെ, സുഖമാണോടാ നിനക്ക്? എന്റെ കുഞ്ഞ് ഒത്തിരി ക്ഷീണിച്ചു പോയല്ലോ, നല്ല വരട്ടി എടുത്ത ചിക്കന്‍ കറി ഉണ്ട്, ചോറ് വിളമ്പട്ടെ നിനക്ക്?" എന്ന് എപ്പോഴും ചിരിച്ചു കൊണ്ട് ചോദിക്കുന്ന സ്നേഹനിധിയായ കുഞ്ഞമ്മയുടെ ശക്തമായ തലയണമന്ത്രം ഇതിനു പുറകില്‍ പ്രവര്ത്തിച്ചോ എന്ന് സംശയം ഉണ്ട്. കിച്ചന് എന്നും സംശയങ്ങള്‍ ബാക്കി അല്ലേ?) അവധിക്കു നാട്ടില്‍ വന്ന പുള്ളികാരന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞ ന്യായീകരണം "എടാ അവന്‍ ഡിഗ്രി കമ്പ്ലീട്റ്റ് ചെയ്തതാ, നീ ആണെങ്ങില്‍ വെറും പത്താം ക്ലാസും!!!"......"അതെന്താടോ, ആറ് മാസത്തെ ട്രാവല്‍ & ടൂറിസം കോഴ്സിനും, കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തിനും ഒരു വിലയും ഇല്ലേ??" എന്ന് ഞാന്‍ ചോദിക്കാനും, പഴയ മസ്സില്മാന്റെ കൈ എന്റെ മൃദുലമായ കരണത്തില്‍ വീഴാനും ഒരു സെക്കണ്ടില്‍ അധികം സമയം എടുക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട്‌ മാത്രം നാവിന്റെ തുമ്പത്ത് വന്ന ആ വിലയേറിയ ചോദ്യം അപ്പാടെ അങ്ങട് വിഴുങ്ങി. സത്യത്തില്‍ പഠനത്തിന്റെ വില മനസ്സിലാക്കിയ ദിവസം ആയിരിന്നു അന്ന്. എന്നൊക്കെ പറയണമെങ്ങില്‍ കിച്ചന്‍ വേറെ ജനിക്കണം. കിച്ചന് ഇപ്പോള്‍ ഒരു ജോലി ഉണ്ട്, കൂടാതെ ആ ഫീല്‍ഡില്‍ ആറ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

വീണ്ടും അതെ ട്രവേല്സില്‍ ഒരു വര്ഷം കൂടി പണി ചെയ്തു. ഗസ്റ്റ് റിലേഷന്‍സ് ഓഫീസര്‍ ആയിട്ട് വര്‍ക്ക്‌ ചെയ്ത ഏഴു വര്ഷം കൊണ്ട് ടൂറിസം ഫീല്‍ഡ്-ലെ പല തരത്തിലുള്ള പുലികളെയും പരിചയപെടാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ എന്റെ മന്ഗ്ലിഷും കുറച്ചു മെച്ചപെട്ടു. ജോലി കിട്ടി ഒരാഴ്ചക്കുള്ളില്‍ കുറച്ചു പോസ്റ്റ്‌ കാര്‍ഡും, സ്റാംബുമായി എന്റെ മുന്നില്‍ വന്നു "ഡു യു ഹാവ് ഗ്ലു?" എന്ന് ചോദിച്ച മദാമ്മയോട്‌ ഒട്ടും ഗമ കുറക്കാതെ "ഗീവ് മി ദോസ് പോസ്റ്റ്‌ കാര്‍ഡ്സ്...ഐ വില്‍ പേസ്റ്റ് യു" എന്ന് പറഞ്ഞ ഞാന്‍ ഇന്ന് കൂടുതല്‍ തെറ്റില്ലാതെ മംഗ്ലീഷ് പറയാന്‍ കാരണം ആ ഏഴു വര്‍ഷമാണ്‌. (ഹിന്ദി പോലെ തന്നെ ഇംഗ്ലീഷും എനിക്ക് ഒരു ബാലി കേറാ മലയാണ്....(മലയാളവും...)) ടൂറിസം ഫീല്‍ഡില്‍ ഉള്ള സകലമാന കള്ളമാരെയും നേരിട്ടും അല്ലാതെയും പരിചയം ആയി, എങ്കില്‍ പിന്നെ എന്തുകൊണ്ട് സ്വന്തമായി ഒരു ട്രാവെല്‍സ് ആയികൂടാ??. വീട്ടില്‍ നിന്നും അനുവാദം വാങ്ങിയാല്‍ അച്ഛന്റെയും അമ്മയുടെയും ഗവ.ജാമ്യവും ഉള്ള കുറച്ചു പുരയിടം ഈടും കൂടി കൊടുത്താല്‍ ഒരു ലോണ്‍ തരപെടുത്തി എടുക്കാം. എത്രയും പെട്ടെന്ന് തന്നെ വീട്ടില്‍ നിന്നും വീട്ടുകാരെയും കൊണ്ട് പെരുവഴിയിലേക്ക്‌ ഇറങ്ങിയേക്കാം എന്ന് മുകളില്‍ ഇരിക്കുന്ന അങ്ങേര്‍ക്കു വാക്ക് പറഞ്ഞു, നേരെ ചെന്ന് അച്ഛനോടും അമ്മയോടും കാര്യം അവതരിപ്പിച്ചു. ഡോളറിന്റെയും പൌണ്ടിന്റെയും രൂപത്തില്‍ വന്നു കയറാന്‍ പോകുന്ന ലക്ഷ്മിയെ കുറിച്ച് ഞാന്‍ ഒരു അലക്ക് അങ്ങ് അലക്കി . രണ്ടുപേരും എല്ലാം ക്ഷമയോടെ കേട്ടു, എന്നെ കുറിച്ച് നല്ല വൃത്തിയും വെടിപ്പുമായി അറിയാവുന്നത് കൊണ്ട് ആയിരിക്കും "മോനെ കിച്ചാ, നീ ഞങ്ങളെ രണ്ടുപേരും കൊണ്ട് പിച്ച ചട്ടി എടുപ്പിച്ചേ അടങ്ങു അല്ലേ??" എന്ന് ചോദിക്കുന്നതിനു പകരം "സ്വന്തമായിട്ട് ഒരു ട്രാവെല്‍സ്, ഉന്നുടെ ഐഡിയ റൊമ്പ നല്ലായിരുക്ക്, ആനാല്‍ കാല്‍ എനുടേത്. മോന്‍ തല്‍കാലം കാശിനു വേറെ വല്ല വഴിയും നോക്കു" എന്നാണു തമിള്‍സെല്‍വി (എന്റെ അമ്മ) പറഞ്ഞത്. (ഒരു വലിയ തമിള്‍ തറവാട്ടില്‍ പിറന്നതിന്റെ ഓരോരോ പ്രശനങ്ങളെ!!!.)

“ഡ്രീം ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്” പേര് കിട്ടി. പക്ഷേ എത്ര ആലോചിച്ചിട്ടും കാശിനുള്ള ഒരു വഴിയും കിട്ടുന്നില്ല. ഏതു വഴി ചിന്തിച്ചാലും അവസാനം ചെന്ന് നില്‍ക്കുന്നത്, ഉള്ള പതിനാറു സെന്‍റ് ഭൂമിയുടെയും അച്ഛന്റെയും അമ്മയുടെയും ഗവ ജാമ്യത്തിലും ആണ്. എപ്പോഴും കൂടെ നടക്കുന്ന വല്ല കുരിശിനെയും കൂട്ട് പിടിക്കാം എന്ന് വിചാരിച്ചതാണ്, പക്ഷെ ട്രാവെല്‍സ് തുടങ്ങി ഒരു മാസത്തിനകം മുന്‍വശത്തെ കതകില്‍ "ട്രാവെല്‍സ് ഷിഫ്റ്റ്‌ഡ് ടു നെക്സ്റ്റ് ബാര്‍" എന്ന ബോര്‍ഡ്‌ അവന്മാര് തൂക്കിയിരിക്കും എന്ന് നല്ല വിശ്വാസം ഉള്ളതു കൊണ്ട് ഒരു കൂട്ട് ബിസിനസ്‌ വേണ്ട എന്ന് വെച്ചു. “ഡ്രീം ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്” എന്റെ വെറുമൊരു ഡ്രീംസ് ആയി മാറുമോ എന്നു ഒരു ചിന്ത മനസ്സില്‍ ഉടലെടുത്തു. എന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു തുടങ്ങിയ നേരത്താണ്, അച്ഛന്റെ അനുജന്‍ പെട്ടിയും കിടക്കയും എടുത്തു നാട്ടിലേക്കു മടങ്ങിയത്.(എനിക്ക് വിസ വാഗ്ദാനം ചെയ്ത അതെ മഹാന്‍ തന്നെ) ആരൊക്കെയോ ചേര്‍ന്ന് തന്നെ ചതിച്ചെന്നും, ഇനി അങ്ങോട്ട്‌ പോയാല്‍ അവിടത്തെ പോലീസുകാര്‍ പിടിച്ചു അകത്തിടുമെന്നും അത് കൊണ്ട് ശിഷ്ട്ടകാലം നാട്ടില്‍ ഒരു ബിസിനസ്‌ തുടങ്ങാന്‍ ‍പരിപാടി ഉണ്ടെന്നും അച്ഛനോട് പറഞ്ഞതായി ഞാന്‍ അറിയുന്നത്.

മനസ്സില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളച്ചു, ട്രാവെല്‍സിന്റെ കാര്യം പുള്ളിക്കാരനോട് പറയാം, പുള്ളികാരന്റെ കൂടെ ബിസിനസ്‌ തുടങ്ങിയാല്‍ സാമ്പത്തിക ഭദ്രത(ഗുള്‍ഫ് മണി) ഉണ്ടായിരിക്കും‍. കുറച്ചു നാള്‍ കഴിഞ്ഞാല്‍ പുള്ളികാരന്‍ ഇതൊക്കെ കളഞ്ഞിട്ടു അങ്ങ് പോകും, പിന്നെ എല്ലാം എന്റെ...എന്റെ മാത്രം സ്വന്തം!!! മനസ്സ് ബ്രേക്ക് പോയ ബൈക്ക് പോലെ പാഞ്ഞു. പിന്നെ ഒട്ടും അമാന്തിച്ചില്ല, ആ തലയില്‍ വല്ലവനും വേറെ കൊണസ്റ്റ് ബുദ്ധി കുത്തി തിരുകുന്നതിനു മുന്‍പ് അങ്ങേരെ മണി അടിച്ചു കാര്യം സാധിക്കണം. ബൈക്കുമെടുത്ത്‌ പാഞ്ഞു, പക്ഷെ ആക്രാന്തം പൂണ്ട് പുള്ളികാരന്റെ മുന്നില്‍ ചെന്ന് നിന്ന് ഞാന്‍ വാ തുറക്കുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം, "എടാ മോനെ, ഞാന്‍ രണ്ടു ടു-വീലെര്‍ സ്പൈര്‍പാര്‍ട്സ് കട തുടങ്ങാന്‍ തീരുമാനിച്ചു, അതില്‍ ഒരെണ്ണം സിറ്റിക്ക് പുറത്താണ്, അത് നീ വേണം നോക്കി നടത്താന്‍. ഒന്നോ രണ്ടോ വര്ഷം കഴിഞ്ഞു അത് നിനക്ക് തന്നെ അങ്ങ് തന്നേക്കാം. കട നിന്റെ കയ്യിലോട്ട് മുഴുവനായി കിട്ടി കഴിഞ്ഞാല്‍ അത് നീ വളര്‍ത്തി വലുതാക്കി ഒരു വ്യവസായ പ്രമുഖനായി വളരെടാ. നിനക്ക് ഇനിയും അതിനുള്ള പ്രായം ബാക്കി കിടക്കുകയല്ലേ?"