Monday, May 31, 2010

വിചിത്രം ഈ പ്രണയം

ദേവനന്ദ - എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന പെണ്‍കുട്ടി, ഇപ്പോള്‍ അതിന്റെ മുന്നില്‍ പോകണോ?? അതും ഒരു ഹംസം ആയിട്ട് പോവുക എന്ന് വെച്ചാല്‍....മാനം കപ്പല് കയറുമോ??? (ഇന്ന് ഒരു ദിവസത്തേക്ക് മാത്രം) എന്റെ പ്രിയ സുഹൃത്ത് ആയ രമേശന് വേണ്ടി ഒരല്‍പ്പം മാനം പോയാലും വേണ്ടില്ല. ഒന്നുമില്ലെങ്കിലും ഇത് അവന്റെ "സീരീസ്‌" പ്രണയം അല്ലെ? കൂടാതെ..രണ്ടു കുപ്പി...സോറി....നാല് കുപ്പി കള്ളിന്റെ നന്ദി കാണിക്കുകയും വേണം..ലവന്റെ പ്രണയവും അറിയിക്കാം..എന്നെ കുറിച്ച് റിസര്‍ച്ച് നടത്തിയതിന്റെ കാരണവും അറിയാം....നേരെ ചെന്ന് ടീച്ചേര്‍സ് ഉപയോഗിക്കുന്ന കസേര എടുത്തു നന്ദയുടെ മുന്നിലേക്ക് നീക്കി ഇട്ടു അതില്‍ ഇരിന്നു. പുസ്തകം വായിച്ചു കൊണ്ടിരുന്ന നന്ദ ഒന്ന് ഞെട്ടി.....

നല്ല വെളുത്ത് വട്ട മുഖം..ഒരു ചന്ദന കുറി അതിനു താഴെ ഒരു ചെറിയ പൊട്ട്, കഴുത്തില്‍ ഒരു ചെറിയ സ്വര്‍ണ്ണമാല, മഞ്ഞ പട്ട് പാവാട വെള്ള ടോപ്പ്....മൊത്തത്തില്‍ ഒരു നാടന്‍ പെണ്ണിന്റെ ശേല്....രമേശന്റെ സെലക്ഷന്‍ കൊള്ളാം....ഒരു റാഗിംഗ് സ്റ്റൈലില്‍ ആണ് സംഭാഷണം തുടങ്ങിയത്...

ഞാന്‍: ദേവനന്ദ, അതല്ലേ പേര്??
നന്ദ: അതെ.

ഞാന്‍: വലിയ ഭക്തയാണോ?? ദിവസവും അമ്പലത്തില്‍ ഒക്കെ പോകുമോ?
നന്ദ: അത് വീടിന്റെ അടുത്ത് ഒരു ക്ഷേത്രം ഉണ്ട്...

ഞാന്‍: എന്നെ മനസ്സിലായോ??
നന്ദ: കിച്ചന്‍ അല്ലെ??

ഞാന്‍: അപ്പോള്‍ അറിയാം, താന്‍ എന്നെ കുറിച്ച് ഇവിടെ എല്ലാരോടും തിരക്കി എന്ന് അറിഞ്ഞു..എന്താ കാര്യം???
നന്ദ: ഇല്ല..ഞാന്‍ കിച്ചനെ കുറിച്ച് തിരക്കിയില്ല...ആരാ പറഞ്ഞത്??

ഞാന്‍: താന്‍ ആള് കൊള്ളാമല്ലോ വന്നു കയറുന്നതിനു മുന്‍പ് കള്ളം പറയുന്നോ?? ഗീതു പറഞ്ഞല്ലോ താന്‍ എന്നെ കുറിച്ച് തിരക്കി എന്ന്...
നന്ദ: അത് ഞാന്‍ ഈ കോളേജിലെ ഏറ്റവും വല്യ തല്ലിപ്പൊളി ആരാന്ന് ചോദിച്ചപ്പോ കേട്ടത് കിച്ചന്റെ പേരാ, അത്രയേ ഉള്ളു" നിഷ്കളങ്കമായ മറുപടി. സുരേഷ് ഗോപിയുടെ പഞ്ച് ഡയലോഗ് കേട്ട കൊല്ലം തുളസിയുടെ പരുവത്തിലായിപ്പോയി ഞാന്‍ .ചുറ്റും നോക്കി. ഭാഗ്യത്തിന് ആരും അടുത്തെങ്ങും ഇല്ല. ......മനസ്സില്‍ പറഞ്ഞു..."എടീ ഗീതു, കഴുതേ, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്...."
സമനില വീണ്ടെടുത്തു ഞാന്‍ നന്ദയെ നോക്കി...

ഞാന്‍: ശരി ശരി..ഇനി മേലാല്‍ ഇത് ആവര്‍ത്തിക്കരുത് കേട്ടോ??..പിന്നെ തനിക്ക് രമേശനെ അറിയാമോ??
നന്ദ: അറിയാം..ഇന്നലെ വന്നു പരിചയപ്പെട്ടിരിന്നു...

ഞാന്‍: എന്റെ കൂട്ടുകാരനാണ്..അവന്‍ ആള് പാവമാ കേട്ടോ. അവന് തന്നെ ഇഷ്ടമാണ്..അവന്‍ തന്നെ നേരിട്ട് വന്നു കാണും..
നന്ദ: ഞാന്‍... അത്... പിന്നെ....
ഞാന്‍: വേണ്ട വേണ്ട താന്‍ ഇപ്പോള്‍ ഒന്നും പറയണ്ട.....മറുപടി അവന്‍ വരുമ്പോള്‍ പറഞ്ഞാല്‍ മതി കേട്ടോ......അപ്പോള്‍ നമ്മള്‍ക്ക് പിന്നെ കാണാം...

ഇത്രയും പറഞ്ഞു ഞാന്‍ ക്ലാസ്സിനു പുറത്തേക്കു നടന്നു .....ക്ലാസ്സിനു പുറത്തു ചാടിയ ഞാന്‍ ആദ്യം അനേഷിച്ചത് ഗീതുവിനെ ആണ്....ലവിടെ എങ്ങും ലവളുടെ പൊടി പോലും ഇല്ല കണ്ടു പിടിക്കാന്‍.... രമേശന്‍ ഓടി അടുത്ത് വന്നു..."കിച്ചാ എന്തായി??, നീ കാര്യം അവതരിപ്പിച്ചാ?? ഓക്കേ ആണോ??" ........തലയ്ക്കു അടി കിട്ടിയ പോലെ നില്‍ക്കുമ്പോള്‍ ആണ് ഇവന്റെ ഒരു ചോദ്യം....."കാര്യം പറഞ്ഞിട്ടുണ്ട്....മറുപടി നിന്നോട് നേരിട്ട് പറയാനും പറഞ്ഞു" അവന് വാലില്‍ തീപിടിച്ച അവസ്ഥ "കിച്ചാ ഇതെങ്ങിലും ഓക്കേ ആകുമോ?? നാളെ രാവിലെ തന്നെ പോയി ചോദിക്കാം അല്ലെ"............"അവള്‍ക്ക് വീട്ടില്‍ പോയി ആലോചിക്കാനുള്ള സമയം കൊടുക്കണ്ട...കൊടുത്താല്‍ ചിലപ്പോള്‍ അവള് "നോ" എന്ന് ആയിരിക്കും പറയുക..അതുകൊണ്ട് ക്ലാസ്സ്‌ വിട്ട ഉടനെ അവളെ പോയി കണ്ടാല്‍ മതി.....എന്തായാലും എന്റെ റോള് കഴിഞ്ഞു....അപ്പോള്‍ പാര്‍ട്ടി നടത്താനുള്ള കാശ് ഉണ്ടാല്ലോ അല്ലെ??" (അടുത്ത രണ്ടു കുപ്പി കള്ള് കൂടി കിട്ടാനുള്ള വഴി ആണ്..കളയാന്‍ പറ്റുമോ??) "പാര്‍ട്ടിയുടെ കാര്യം നീ എനിക്ക് വിട്ടു താ.........നിന്റെ നാളത്തെ 'ഫുള്‍' ചെലവ് എന്റെ വക"......അവന്‍ ആവേശത്തോടെ ഇതും പറഞ്ഞു സന്തോഷത്തോടെ പോകുന്നത് നോക്കി നിന്നപ്പോള്‍ ആണ് ഞാന്‍ ഒരു കാര്യം ആലോചിച്ചത്....ഒരിക്കല്‍ ഞാനും നിന്നിട്ടുണ്ട് ഇതേ അവസ്ഥയില്‍....."യെസ്" എന്ന മറുപടിയും പ്രതീഷിച്ചു....ഇവനെങ്കിലും ആ അവസ്ഥ ഉണ്ടാകാതിരിന്നാല്‍ മതി....

ദേവനന്ദയെ കാണാന്‍, എനിക്ക് പാര്‍ട്ടിയും വാഗ്ദാനം ചെയ്തു തുള്ളിച്ചാടി പോയ രമേശന്‍ പക്ഷെ അന്ന് വൈകുന്നേരം ബസ്സ്‌സ്റ്റോപ്പില്‍ അവനെ കാത്തു നിന്ന എന്റെ നേരെ വന്നത് ഒരു മാതിരി ചുവപ്പ് കണ്ട കാളയെ പോലെയായിരുന്നു ...രൂക്ഷമായ നോട്ടവും, തരംകിട്ടിയാല്‍ എന്നെ തട്ടും എന്ന മട്ടും.
"എന്താടാ, നീ അവളെ കണ്ടോ" ഞാന്‍ ചോദിച്ചു.
"സത്യം പറയണം നീ അവളോട്‌ എന്താ പറഞ്ഞത്??".. ഒരു നിമിഷം എന്നെ നോക്കി ദഹിപ്പിച്ച ശേഷം കുരയ്ക്കും പോലെ അവന്റെ മറു ചോദ്യം
"അത് രമേശാ, നിനക്ക് അവളെ ഇഷ്ടമാണെന്നും...അതിനുള്ള മറുപടി നിന്നോട് നേരിട്ട് പറയാനും പറഞ്ഞു...എന്താടാ പ്രശ്നം??".

രമേശന്റെ അടുത്ത ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു. "പിന്നെ എന്തിനാടാ അവള്‍ക്കു നിന്നെ ഇഷ്ടമാണെന്ന് എന്നോട് പറഞ്ഞത്???" ഞാന്‍ കേട്ടത് തെറ്റിയോ അതോ അവനു വട്ടായോ എന്ന് ഒരു നിമിഷത്തേക്ക് ഞാന്‍ സംശയിച്ചു.........

Friday, May 28, 2010

ലത് തന്നെ ലിത്

ഊഷരമായ മരുഭൂമിയില്‍ അപ്രതീക്ഷിതമായി പെയ്ത കുളിര്‍ മഴ , അല്ലെങ്കില്‍ മുള്ള് നിറഞ്ഞ പാതയില്‍ പെട്ടെന്ന് ലഭിക്കുന്ന പാദുകങ്ങള്‍ , അല്ലെങ്കില്‍ കയ്യില്‍ അഞ്ചു പൈസ ഇല്ലാതെ തെണ്ടി തിരിയുന്ന മുഴു കുടിയന്റെ മുന്നില്‍ വന്നു വീഴുന്ന (പൊട്ടാത്ത ) സിസര്‍ ഫുള്‍ (ഹോ , മൂന്നാമത്തെ ഉപമയാണ് നമ്മുടെ നിലവാരത്തിനു ഒത്തു ഒന്ന് ഉയര്‍ന്നത് . ഞാന്‍ വല്യ സാഹിത്യകാരനായോ എന്ന് ആദ്യത്തെ രണ്ടു പട പടപ്പ് കണ്ടപ്പോ എനിക്ക് തന്നെ സംശയം തോന്നിയെന്നെ. എന്റെ ഒരു കാര്യം !!!) . അപ്പൊ കുളിര്‍ മഴ...ഛെ....സീസര്‍ ഫുള്‍ ...ലതൊക്കെ എന്റെ ജീവിതത്തില്‍ ആകാനും എന്നെ അടി മുടി മാറ്റാനുമാണ് ഒരുത്തി കച്ച കെട്ടി ഇറങ്ങി കലാലയത്തില്‍ എന്നെക്കുറിച്ചു അന്വേഷിക്കുന്നത് എന്ന് അമ്മയാണെ എനിക്ക് അന്ന് അറിയില്ലായിരുന്നു......

ഏതാണ്ട് ക്ലാസ്സ്‌ കഴിയുന്ന നേരത്താണ് ഒരു പെണ്‍കുട്ടി എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന കാര്യം ഞാന്‍ അറിയുന്നത്. എന്തായാലും ആ പെണ്‍കുട്ടിയെ കാണണം, എന്താ അതിന്റെ ഉദേശം എന്ന് അറിയണം. എന്ത് ഉദേശം ആണെങ്കിലും നല്ല തയ്യാറെടുപ്പോടെ വേണം ചെല്ലാന്‍...(ഇല്ലെങ്കില്‍ ചിലപ്പാ പണി പാളും...നുമ്മ വേടിക്കും..) അന്ന് രാത്രി ഉറക്കത്തില്‍ "അയ്യോ എന്നെ തല്ലല്ലേ....സത്യമായിട്ടും അത് ആര് എന്ന് പോലും എനിക്ക് അറിയില്ലാ....എന്നെ കൊല്ലല്ലേ" എന്ന് ഒക്കെ വിളിച്ചു പറഞ്ഞു എന്ന് വീട്ടുക്കാര്‍ അടുത്ത ദിവസം പറഞ്ഞെങ്കിലും ഇന്നും ഞാന്‍ അത് വിശ്വസിച്ചിട്ടില്ല...നിങ്ങളും വിശ്വസിക്കരുത് കേട്ടാ...അവരുടെ വിശ്വാസം അവരെ രക്ഷപ്പെടുത്തി കൊള്ളും.....

അങ്ങനെ അടുത്ത ദിവസം രാവിലെ കുളിച്ചു കുറി ഒക്കെ തൊട്ട്....സോറി...ചന്ദന കുറി അല്ല....അന്നത്തെ എന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അടിസ്ഥാന സീല്‍ എന്ന് വേണമെങ്ങില്‍ പറയാം...രാവിലെ തന്നെ കലാലയത്തില്‍ എത്തി സ്ഥിരം വായ്നോട്ടം പരിപാടിയുമായി നില്‍ക്കുമ്പോള്‍ ദാ വരുന്നു ഒരു കുരിശ്, രമേശ്‌, ഈ ഒന്നര വര്‍ഷത്തിനുള്ളില്‍ നാല് പ്രണയങ്ങള്‍...അതില്‍ രണ്ടുപേര്‍ അവന്റെ സീനിയര്‍സ്, ഒന്ന് കൂടെ പഠിക്കുന്ന കുട്ടി, മറ്റൊന്ന് ഒരു ജൂനിയര്‍.....എല്ലാം ഒറ്റവരി പാത ആണ്...ഇതുവരെ അവര്‍ക്ക് ആര്‍ക്കും ഈ വിശുദ്ധ പ്രണയത്തിന്റെ കാര്യം അറിയുകയും ഇല്ല...കുറച്ചങ്ങിലും ധൈര്യം ഉണ്ടെങ്കില്‍ അല്ലെ പറ്റൂ......(എന്റെ കാര്യം അല്ല ഇവിടെ പറഞ്ഞത് കേട്ടോ...)...അവന്‍ ആരോടെങ്ങിലും അവന്റെ പ്രണയത്തിന്റെ കാര്യം....സോറി......പ്രണയങ്ങളുടെ കാര്യം തുറന്നു പറഞ്ഞിട്ടുണ്ടെങ്ങില്‍ അത് എന്നോട് മാത്രം ആണ്....സുഹൃത്തുക്കളുടെ ഇടയില്‍ രഹസ്യം സൂക്ഷിക്കാന്‍ എല്ലാപേര്‍ക്കും ഞാന്‍ തന്നെ വേണം...അതുകൊണ്ടുള്ള പ്രശ്നങ്ങള്‍ സോള്‍വ്‌ ചെയ്യാനും ഈ ഞാന്‍ തന്നെ....സുഹൃത്തുക്കള്‍ക്ക് വേണ്ടി എത്ര പാവങ്ങളുടെ ചെവിയില്‍ കിഴുക്കുകയും, മുട്ടിനു താഴെ നല്ല പേര കമ്പ് കൊണ്ട് തല്ലുകയും ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന് അറിയാമോ നിങ്ങള്‍ക്ക്.....

അങ്ങനെ നമ്മുടെ രമേശ്‌ എന്റെ അടുത്ത് വന്നു പറഞ്ഞു "കിച്ചാ,വാ നമ്മള്‍ക്ക് ഒന്ന് കൂടാം..ഇന്ന് ചെലവ് എന്റെ വക"....."മം.. എന്ത് പറ്റി? ലോട്ടറി അടിച്ചാ നിനക്ക്??.........ഒരു കുറ്റി വിളിച്ചാല്‍ ആര് ആയാലും ഇത് ചോദിച്ചു പോകും ...അതായത് ഓസ്സിനു കുടിച്ചു മാത്രം പഴക്കമുള്ള അവന്‍ വിളിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ സംശയിച്ചേ പറ്റൂ...എന്നാലും അവന്‍ ആദ്യമായിട്ടാണ് വിളിക്കുന്നത്‌ പോയില്ലെങ്ങില്‍ അവന്‍ എന്ത് വിചാരിക്കും എന്നുള്ളത് കൊണ്ട് മാത്രം കൂടെ പോകാന്‍ സമ്മതിച്ചു...(രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്നെ കുറിച്ച് റിസര്‍ച്ച് നടത്തുന്ന പെണ്‍കുട്ടിയെ കാണുക എന്നായിരിന്നു പ്ലാന്‍, എന്നിട്ട് ഇപ്പോള്‍ നേരെ പോകുന്നത് കള്ള് ഷാപ്പിലും...ഇതാണ് പറയുന്നത് വിധിയുടെ വികൃതി എന്നൊക്കെ......), അല്ലാതെ ഞാന്‍ ഒരു മുഴുകുടിയന്‍ ആയതു കൊണ്ട് അല്ല കേട്ടോ...... ഒരു ഓട്ടോയില്‍ കയറി നേരെ കള്ള് ഷാപ്പിലേക്ക് ചെന്നു...അവിടത്തെ ചേട്ടന്മാര്‍ക്ക് രണ്ടു സലാം ഒക്കെ പറഞ്ഞു അകത്ത് കയറി........രണ്ടു കുപ്പി കള്ള് അകത്തു ചെന്നതിനു ശേഷം ആണ് അവന്‍ കാര്യം പറഞ്ഞത് "കിച്ചാ, നിന്നോട് എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്..".........."എന്താടാ, വല്ല പെണ്ണ് കേസും ആണോ?? ആരാ പുതിയ കക്ഷി? ജൂനിയര്‍ ആണോ സീനിയര്‍ ആണോ??"......."കിച്ചാ, ഇത് കുറച്ചു സീരീസ്‌ ആണ്...നിനക്ക് അറിയാമല്ലോ ഞാന്‍ ഇതുവരെ ഇത്രയും ഒരുങ്ങി കുട്ടപ്പനായിട്ട് വന്നിട്ടില്ല എന്ന്" അത് പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അവനെ നേരെ നോക്കിയത്...ഷേവ് ഒക്കെ ചെയ്തു കുളിച്ചു കുട്ടപ്പനായിട്ടുണ്ട് കൂടാതെ പുതിയ ഷര്‍ട്ടും..കൊള്ളാം.. ഇപ്പം ഇവന്‍ എന്റെ കൂട്ടുകാരന്‍ എന്ന് രണ്ടു പേരോട് പറയാം...അവന്റെ ഈ ട്രീറ്റിന്റെ കാര്യം അപ്പോള്‍ ആണ് പിടി കിട്ടിയത്..."ശരി ശരി...സമ്മതിച്ചു..അതിനു ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യേണ്ടത്?? നിന്റെ കൂടെ കൂട്ട് വരണമോ??"........."അതൊന്നും വേണ്ട........നീ അവളോട്‌ ഒന്ന് ചെന്ന് പറയണം എന്റെ കാര്യം"........." ഞാനോ?? നിനക്ക് എന്താ വട്ട് പിടിച്ചാ??..നീ വേറെ ആളെ നോക്ക്"................."മച്ചാ, നീ വിചാരിച്ചാല്‍ മാത്രമേ ഇത് നടക്കു"....രണ്ടു കുപ്പി അകത്ത് ചെന്ന ധൈര്യം, പിന്നെ കൂട്ടുകരനോടുള്ള സ്നേഹവും, എന്തായാലും ഞാന്‍ സമ്മതിച്ചു...ഞാന്‍ പറഞ്ഞു "ശരി, ഞാന്‍ ചെന്ന് പറയാം, പക്ഷെ നടന്നില്ലെങ്ങില്‍ നീ എന്നെ കുറ്റം പറയരുത്" ........."കിച്ചാ, എനിക്ക് നിന്നെ വിശ്വാസമാണ്...നീ പറഞ്ഞാല്‍ നടക്കും"....ഞാന്‍ മനസ്സില്‍ പറഞ്ഞു "നടക്കും നടക്കും......മിക്കവാറും നുമ്മ ഓടും"

ഒരു ധൈര്യത്തിന് രണ്ടു കുപ്പി കള്ള് കൂടി അകത്താക്കിയിട്ട് നേരെ കലാലയത്തിലേക്ക് തിരിച്ചു ചെന്നു.........എന്റെ റിസര്‍ച്ച് തല്‍കാലത്തേക്ക് മാറ്റി വെച്ച് എന്റെ ആല്‍മാര്‍ത്ത സുഹൃത്ത്‌ ആയ രമേശന്റെ ആല്‍മാര്‍ത്ത പ്രണയ പുഷ്പം പുഷ്പിക്കാന്‍ വേണ്ട തയാറെടുപ്പോടെ ബ്രേക്ക്‌ ടൈമില്‍ ഞാന്‍ അവന്റെ കൂടെ അവന്‍ പറഞ്ഞ ക്ലാസ്സിലേക്ക് ചെന്നു.....ക്ലാസ്സിന്റെ പുറത്തു നിന്നും ജനാല വഴി അവന്‍ അവന്റെ വരുംകാല മനവിയെ കാണിച്ചു തന്നു........ക്ലാസ്സിന്റെ ഏറ്റവും മുന്നിലെ ബെഞ്ചില്‍, മുന്നില്‍ ഇരിക്കുന്ന പുസ്തകത്തില്‍ തലയും പൂഴ്ത്തി ഇരിക്കുന്ന പാവാടക്കാരിയെ കണ്ടപ്പോള്‍ തന്നെ ഉറപ്പിച്ചു...ഇത് ഒരു വഴിക്ക് പോക്കുന്ന ലക്ഷണം ഇല്ല എന്ന്........അവനോട് പുറത്തു കാത്തു നില്‍കാന്‍ പറഞ്ഞിട്ട് ഞാന്‍ ക്ലാസിനു അകത്തേക്ക് കയറി....തലേ ദിവസം എന്നെ വന്നു കണ്ട പെണ്‍കുട്ടിയുടെ ക്ലാസ്സ്‌ ആയിരിന്നു അത്....എന്നെ കണ്ടയുടനെ അവള്‍ അടുത്ത് വന്നു രമേശന്റെ വരുംകാല മനവിയെ ചൂണ്ടി കാണിച്ചു പറഞ്ഞു.."കിച്ചാ, നിന്നെ കുറിച്ച് അനേഷിച്ച കുട്ടി ആണ് മുന്‍വശത്തെ ബെഞ്ചില്‍ ഇരിക്കുന്നത്....പേര് 'ദേവനന്ദ' "