Wednesday, July 14, 2010

ഓര്‍മ്മയില്‍ മായാതെ....

എന്റെ രണ്ടാം വര്‍ഷ പ്രീഡിഗ്രി പരീഷയില്‍ എല്ലാ വിഷയത്തിനും മാര്‍ക്ക്‌ ലിസ്റ്റില്‍ വലിയ ഒരു 'എ' ഉണ്ടാക്കി എടുക്കാന്‍ എന്തുമാത്രം കഷ്ട്ടപ്പെട്ടു എന്ന് എനിക്ക് മാത്രമേ അറിയൂ. ('എ' ഫോര്‍ 'അബ്സെന്റ്‌')...ഏതായാലും അതോടെ എന്റെ കലാലയ പഠനം ഒരു ഓര്‍മ്മയായി മാറി...പത്താം ക്ലാസ്സും മുങ്ങലും വെച്ച് ജോലി തപ്പി ഇറങ്ങിയാല്‍ ആ തപ്പല്‍ തന്നെ ഒരു ജോലി ആയി മാറും എന്ന് ഉറപ്പു ഉള്ളതു കൊണ്ട് എവിടെയും തപ്പാന്‍ പോയില്ല...വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ തരുന്ന പൈസയില്‍ നിന്നും അല്ലറ ചില്ലറ തട്ടിപ്പും വെട്ടിപ്പുമായി വിലസി നടന്നു...അങ്ങനെ വാറ്റും കഞ്ഞിയുമായി നടക്കുന്ന ഒരു സുപ്രഭാതത്തില്‍ 'ക്വിക്ക് മണി' എന്ന സ്പെഷ്യല്‍ ഓഫര്‍ പ്ലേറ്റ് രവി എന്റെ മുന്നില്‍ വെച്ചു...അവന്റെ പരിചയത്തില്‍ ഒരു സെറ്റപ്പ് ഉണ്ടെന്നും അത് വഴി കുറച്ചു ക്യാഷ് ഉണ്ടാക്കാം എന്ന് പറഞ്ഞപ്പോള്‍...വാറ്റും കഞ്ഞിയും കളഞ്ഞിട്ട് ഇനി അങ്ങോട്ട്‌ ഓള്‍ഡ്‌ കാസ്ക്കും കോയി ബിരിയാണിയും ആകാം എന്ന് കരുതി കൂടുതല്‍ ചോദിക്കാതെയും പറയാതെയും കേറി അങ്ങ് ഏറ്റു ('ഫു'എന്നു കേട്ടാല്‍ ഗ്ലാസ്‌ എടുത്തു മുന്നില്‍ വെക്കുന്ന സ്വഭാവം പണ്ടേ ഉണ്ടല്ലോ)...അതിനു ശേഷം ആണ് ഓഫര്‍ പ്ലേറ്റില്‍ അവന്‍ ഡിടൈല്‍സ് വിളമ്പിയത്...എ സ്മാള്‍ കൊട്ടേഷന്‍...ഐ മീന്‍, ഒരു ചെറിയ കൂലി തല്ല്...ഒരു കലാലയ വിദ്യാര്‍ഥിയുടെ മുട്ടിനു താഴെ ഒരു ചെറിയ മുറിവ് വേണം, അത്രെയേ ഉള്ളൂ. എപ്പോള്‍? എങ്ങനെ? എന്ന് അവര്‍ പറയും. അവര്‍ എന്ന് ഉദേശിച്ചത്‌, ഒരു ചെറിയ ഗുണ്ടയുടെ വലിയ ഗാങ്ങിനെയാണ്..."സെറ്റപ്പ് ഉണ്ടെന്നും, കൂടെ നിന്നാല്‍ മതി, നീ ഒന്നും അറിയണ്ട." എന്ന് രവി ആദ്യം പറഞ്ഞപ്പോള്‍ ഞാന്‍ കരുതി...(അത് തന്നെ..നിങ്ങള്‍ വിചാരിച്ച അതെ കാര്യം തന്നെ) ആണെന്ന്. സ്വയം നശിക്കാന്‍ ഇറങ്ങി തിരിച്ചവന് എന്ത് മാനം? എന്ത് നാണം??...ഇങ്ങനെ ഒക്കെ ചിന്തിച്ചാണ് ഞാന്‍ ഏറ്റത്..പക്ഷെ കൊട്ടേഷന്‍ എന്ന് കേട്ടതും കൈകാലുകളില്‍ ചെറിയ വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി, കണ്ടവന്റെ കത്തി പള്ളക്ക് കയറ്റി ഉള്ള സ്വയം നശിക്കല്‍, ഏയ്‌..എന്തായാലും കിച്ചന്‍ അത്രയ്ക്ക് ഒന്നും വളര്‍ന്നിട്ടില്ല ....പക്ഷെ കോയി ബിരിയാണിയും, ഓള്‍ഡ്‌ കാസ്ക്കും പിന്നെ ചുമ്മാ നിന്നാല്‍ മതി എന്നുള്ള ഗ്യാരന്റിയും....പുറകിലേക്ക് വലിച്ച കാല് ശക്തിയായിട്ട് മുന്നോട്ടു വെച്ചു...ഓടാന്‍ കാലുകള്‍ക്ക് നല്ല നീളം ദൈവം (അങ്ങേര്‍ക്ക് ഉള്ളത് ഞാന്‍ അവിടെ ചെന്നിട്ട്) കനിഞ്ഞു തന്നിട്ടുള്ളത് ഇതുപോലുള്ള അവസരത്തില്‍ ഉപകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരിന്നു....

പക്ഷെ കാര്യങ്ങളുടെ കിടപ്പ് മൊത്തത്തില്‍ ടോട്ടലായിട്ട് കേട്ടപ്പോള്‍ കൈകാലുകളുടെ വിറയല്‍ ശരീരം ഗംബ്ലീറ്റ് വ്യാപിച്ചു...തല്ലു കൊള്ളാന്‍ പോകുന്ന ആ കലാലയ വിദ്യാര്‍ഥിയുടെ വീട് ഒരു പക്ഷെ കേരളകരയില്‍ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഒരു കോളനിയില്‍ ആണ്...കൂടാതെ ഒരു ചെറിയ പാര്‍ട്ടിയുടെ ചോട്ടാ നേതാവും...എന്തെങ്ങിലും കാരണവശാല്‍ ഈ ഓപറേഷന്‍ നടക്കുമ്പോള്‍ ഈ പറഞ്ഞ നേതാവ് എന്റെ മുഖം എങ്ങാനും കണ്ടാല്‍...പിന്നെ റോഡില്‍ കൂടി നടക്കുമ്പോള്‍ തല കാണില്ല, തല ആണുങ്ങള്‍ ഗൊണ്ട് പോകും...ഇനി ഇപ്പോള്‍ മുന്നോട്ടു വെച്ച കാല്‍ പുറകിലോട്ടു വലിക്കാം എന്ന് വെച്ചാലോ, ആ കാല് കൊട്ടേഷന്‍ തന്നവന്മാര്‍ കൊണ്ടുപോകും...തല്‍ക്കാലം മുന്നോട്ടു വെച്ച കാല് അവിടെ തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു...

അവര്‍ അറിയിച്ചത് പോലെ ഞാനും രവിയും പിന്നെ അവന്റെ രണ്ടു കൂട്ടുകാരും കൂടെ രാവിലെ കൃത്യം എട്ടു മണിക്ക് തന്നെ ഒരു ചെറിയ ക്ഷേത്രത്തിനു പിന്നില്‍ പിന്നില്‍ ഉള്ള കുളകടവില്‍ എത്തി..അവിടെ നമ്മളെ കൂടാതെ ഒരു പത്തു പന്ത്രണ്ട് പേര്‍ വേറെയും ഉണ്ടായിരിന്നു, മിക്കവരും നഗരത്തിലെ അറിയപെടുന്ന ഗുണ്ടകള്‍..ആദ്യമായിട്ടാണ് അവരെ ഒക്കെ കാണുന്നത് തന്നെ(പേര് മാത്രമേ കേട്ടിട്ടുള്ളൂ), എല്ലാരേയും പരിചയപെട്ടു...ഗൊട്ടേഷന്‍ ഗേസ്സിനു പോകാന്‍ വന്നതല്ലേ വില കളയാന്‍ പറ്റുമോ? അവരോടൊപ്പം നിന്ന് രണ്ട് സിഗറെറ്റ് ഒക്കെ വലിച്ച്, അവരുടെ പ്ലാന്‍ ഒക്കെ ചോദിച്ചു മനസ്സിലാക്കി...ചില 'സജഷന്‍സ്' ഒക്കെ കൊടുത്തു....രാവിലെ നമ്മുടെ നേതാവ് കലാലയത്തില്‍ പോകാന്‍ ഈ ക്ഷേത്രത്തിനു അടുത്തുള്ള ബസ്സ്‌ സ്റ്റോപ്പില്‍ വരും, അവിടെ വെച്ചാണ് ഓപറേഷന്‍ നടത്താന്‍ പ്ലാന്‍ ഇട്ടിരിക്കുന്നത്...ഞാനും രവിയും ബസ്സ്‌ സ്റ്റോപ്പില്‍ നിന്നാല്‍ മതിയെന്നും കലാപരിപ്പാടി നടക്കുമ്പോള്‍ എന്തെങ്ങിലും പ്രശ്നം ഉണ്ടായാല്‍ മാത്രം ഇടപെട്ടാല്‍ മതി എന്നും പറഞ്ഞു, നമ്മുടെ കൂടെ വന്നവരെ 'നേതാവ്' വരുന്ന വഴിയില്‍ നില്‍ക്കാനും, അദ്ദേഹം അവരെ കടന്നു പോയതിനു ശേഷം പിന്തുടര്‍ന്ന് വരാനും പറഞ്ഞു ഏല്‍പ്പിച്ചു...ഒരു എട്ടരയോടെ ഞാനും രവിയും ബസ്സ്‌ സ്റ്റോപ്പില്‍ ചെന്ന് നിന്നു...ബസ്സ്‌ സ്റ്റോപ്പില്‍ കൂടുതലും പെണ്‍കുട്ടികള്‍ ആയിരിന്നു..പെട്ടെന്ന് പുറകില്‍ നിന്നും "കിച്ചാ" എന്നുള്ള വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ ഗീതു...

നമ്മുടെ പുതിയ തൊഴിലിനെ കുറിച്ചു ഗീതുവിനെ അറിയിക്കാന്‍ പറ്റില്ലല്ലോ. മോശമല്ലേ? അത് കൊണ്ട് ഞാന്‍ മെല്ലെ മുന്നോട്ടു നടന്നു അവളുടെ അടുത്തെത്തി. "സുഖമാണോ കിച്ചാ?" ഗീതുവിന്റെ ചോദ്യം കേട്ടപ്പോള്‍ എനിക്ക് ചിരി വന്നു. പിന്നെ കൊട്ടേഷന്‍ സംഘത്തിലെ ന്യൂ മെമ്പര്‍ ആയി ആപ്പോയിന്‍റ്മെന്‍റ് കിട്ടിയ നമുക്ക് പരമാനന്ദമല്ലേ. എങ്കിലും "സുഖം" എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു...ഗീതുവിനോട് വിശേഷങ്ങള്‍ ചോദിക്കുന്ന തിരക്കില്‍ കൊട്ടഷേന്റെ കാര്യമേ ഞാന്‍ മറന്നു. നന്ദയുടെ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് തിടുക്കമായിരുന്നു..
"നന്ദ...??"
"ഞാനും ഒരുപാട് വൈകിയാ കിച്ചാ അറിഞ്ഞത്. നാല് മാസം ഞാന്‍ പാലക്കാടായിരുന്നു. വന്നപ്പോഴാണ്...."
ഞാന്‍ ഒന്നും പറയാതെ വെറുതെ ചിരിച്ചു
"എന്നാലും നിന്നെ ഒരുപാട് ഇഷ്ടമായിരുന്നു അവള്‍ക്ക്. അവളുടെ കല്യാണം കഴിഞ്ഞതിനു ശേഷം എപ്പോഴൊക്കെ ഞാന്‍ കാണാന്‍ ചെന്നിട്ടുണ്ടോ അപ്പോഴൊക്കെ അവള്‍ നിന്നെക്കുറിച്ചു പറയുമായിരുന്നു"
ഞാന്‍ ഒന്നും മനസ്സിലാകാതെ ഗീതുവിനെ നോക്കി....
"ചടങ്ങുള്‍ക്ക് പോലും നീ ചെന്നില്ല എന്ന് നമ്മുടെ ഹരി പറഞ്ഞു."
"എന്ത് ചടങ്ങുകള്‍?"
അപ്പോള്‍ ആയിരിക്കാം ഗീതു എന്റെ മുഖം ശ്രദ്ധിച്ചത്.
"കിച്ചാ...നീ അറിഞ്ഞില്ല അല്ലെ? ദൈവമേ!!!...അത് ഞാന്‍ ..."
"എന്ത് അറിഞ്ഞില്ലേ എന്ന്?"

ഗീതുവിന്റെ തുടര്‍ന്നുള്ള വാക്കുകള്‍ കൃത്യമായി എനിക്ക് ഓര്‍മയില്ല. ഒരു കുടുംബ സുഹൃത്തിന്റെ മകനുമായി നന്ദയുടെ വിവാഹം കഴിഞ്ഞതും, വിവാഹം കഴിഞ്ഞു ഒരു മാസം തികഞ്ഞപ്പോള്‍ നന്ദ ഗര്‍ഭിണിയായ സന്തോഷത്തില്‍ നന്ദയുടെ വീട്ടുകാര്‍ അവളുടെ ഭര്‍ത്താവിനു ഒരു ബൈക്ക് വാങ്ങി കൊടുത്തതും, ഒരാഴ്ച്ച കഴിഞ്ഞു ആ ബൈക്കും ഒരു ലോറിയുമായി കൂട്ടിയിടിച്ചു നന്ദയുടെ ഭര്‍ത്താവ് മരിച്ചതും, ഒരു ചെറിയ പനിയില്‍ തുടങ്ങിയ അസുഖം ഒരു മാസം പോലും പ്രായമാകാത്ത നന്ദയുടെ കുഞ്ഞിന്റെ ജീവന്‍ അപഹരിച്ചതും ഒക്കെ ഗീതു പറഞ്ഞത് മൂടല്‍ മഞ്ഞിനപ്പുറം വളരെ അകലെ നിന്നും ആരോ പറയുന്നത് പോലെയാണ് ഞാന്‍ കേട്ടത്. അതോടെയാണ് ആ പാവം തകര്‍ന്ന് പോയത്. 'അവളുടെ ജാതകദോഷം' എന്ന് പറഞ്ഞു കുറ്റപ്പെടുത്താന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ക്കും കുറവില്ലല്ലോ. ചൊവ്വദോഷവും, കുറ്റപ്പെടുത്തലും ഇല്ലാത്ത ലോകത്തേക്ക് പോകുവാന്‍ നന്ദ തീരുമാനിച്ചത് കുഞ്ഞിന്റെ മരണത്തോടെയാവണം. സാരിത്തുമ്പിലെ കുടുക്കില്‍ അവസാനിച്ച എന്‍റെ നന്ദയുടെ മുഖം മനസ്സില്‍ നിറഞ്ഞപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറി.

ഗീതു യാത്ര പറഞ്ഞു പിരിഞ്ഞപ്പോഴും, രവി വന്നു എന്നെ അവിടെന്ന് ഒരു ഓട്ടോയില്‍ കൂട്ടികൊണ്ട് പോകുമ്പോഴും എന്റെ മനസ്സ് മുഴുവന്‍ നന്ദയുടെ മുഖം ആയിരിന്നു.....

1 comment:

  1. ഇത് അഗ്രഗേറ്ററിലൊന്നും വന്നില്ലേ?
    നല്ല കഥ.

    ReplyDelete