Sunday, June 27, 2010

താളപ്പിഴകള്‍..

പ്രിയപ്പെട്ട കിച്ചന്,
ഇന്നലെ നീ അമ്പലത്തില്‍ ഒരുപാട് നേരം എന്നെ കാത്തു നിന്ന് കാണുമെന്നു എനിക്കറിയാം. അമ്പലത്തിലേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ ആണ് കിച്ചന്റെ അമ്മ വീട്ടില്‍ വന്നത്. ആന്റിയെ കണ്ടപ്പോള്‍ തന്നെ എന്‍റെ അമ്മയുടെയും ചേട്ടന്റെയും ഭാവം മാറി. ഒരു വിധം അവരെ പറഞ്ഞു സമാധാനിപ്പിച്ചു. ആന്റിയും ഞാനും ഒരുപാട് നേരം സംസാരിച്ചു. ഇനി ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിനക്ക് ഒരു തരത്തിലും ഉള്‍കൊള്ളാന്‍ സാധിക്കില്ല എന്ന് എനിക്കറിയാം. പക്ഷെ കിച്ചന്റെ നന്മക്ക് വേണ്ടി, ഞാന്‍ പറയുന്ന കാര്യങ്ങള്‍ കിച്ചന്‍ അനുസരിച്ചേ മതിയാവു...ജീവിതത്തില്‍ എന്‍റെ ആയുസ്സിന്റെ പാതി കൂടി കിച്ചന് തരണം എന്നേ ഞാന്‍ ഇതുവരെ ദേവിയോട് പ്രാര്‍ത്ഥിച്ചിട്ടുള്ളൂ. അങ്ങനെയുള്ള ഞാന്‍ തന്നെ കിച്ചന്റെ ജീവിതത്തില്‍ ഒരു ശാപമാകുന്നതിനെ കുറിച്ചു എനിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ഇതിനെക്കുറിച്ചു നമ്മള്‍ തമ്മില്‍ നേരത്തെ സംസാരിച്ചതാണ്. അന്ന് ഞാന്‍ സമ്മതിച്ചതുമാണ് കിച്ചന്‍ പറയും പോലെ ചെയ്യാം എന്ന്. പക്ഷേ, ഇപ്പോള്‍ എന്‍റെ മനസ്സില്‍ പേടിയല്ലാതെ മറ്റൊന്നും ഇല്ല. വന്നു കയറുന്ന പെണ്ണിന്റെ ജാതക ദോഷം കൊണ്ട് ജീവനും, ജീവിതവുമൊക്കെ ഇല്ലാതായ ഒരുപാട് കഥകള്‍ നമുക്ക് ചുറ്റും ഉള്ളത് എങ്ങനെ ഞാന്‍ കണ്ടില്ല എന്ന് നടിക്കും? അതും ഞാന്‍ കാരണം ആപത്ത്‌ വരുന്നത് നിനക്കാകുമ്പോള്‍?...എന്റെ ജീവനാണ് അപകടത്തിലാവുക എന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ നിന്നോടൊപ്പം ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം ജീവിക്കാന്‍ ഞാന്‍ അത് വലിച്ചെറിയാന്‍ ഒരുക്കമാണ്. പക്ഷെ നിനക്കെന്തെങ്കിലും സംഭവിക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇത് അന്ധവിശ്വാസമാകാം, അല്ലെങ്കില്‍ സത്യമാകാം. അതൊന്നും എനിക്കറിയില്ല. പക്ഷെ ഇപ്പോള്‍ എനിക്ക് ശരി എന്ന് തോന്നുന്നത് ഞാന്‍ നിന്റെ ജീവിതത്തില്‍ നിന്നും കഴിയുന്നത്ര ദൂരേക്ക്‌ പോവുക എന്നത് മാത്രമാണ്. എന്നെ നീ മറക്കണം എന്ന് ഞാന്‍ പറയില്ല. നിനക്ക് തന്ന വാക്ക് തെറ്റിച്ച എന്നെ വെറുക്കാനുള്ള ശക്തി ദേവി തരട്ടെ എന്ന് മാത്രമേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഇനി ഒരിക്കലും നമ്മള്‍ തമ്മില്‍ കാണില്ല..

എന്ന് സ്നേഹത്തോടെ
നന്ദ

എല്ലാ പ്രശ്നങ്ങളും അവസാനിച്ചു എന്ന് കരുതി, നന്ദയെ സ്നേഹിച്ചു ,ജീവിതം ഒരു ആഘോഷമായി മുന്നോട്ടു പോകവേ , ഇങ്ങനെ ഒരു കത്ത് നന്ദ എനിക്കയക്കാനുള്ള യഥാര്‍ത്ഥ കാരണം ഒരു ഊഹം മാത്രമായേ എനിക്കറിയൂ. ഞങ്ങളുടെ പ്രണയം പൂര്‍വ്വാധികം ശക്തമായി മുന്നോട്ടു പോകുന്നത് എന്റെ അമ്മ എങ്ങനെയോ അറിയുന്നു. ചൊവ്വാദോഷം മകന്റെ ജീവന്‍ അപകടത്തിലാക്കാതിരിക്കാന്‍ ലവന്റെ ജീവിതം കട്ട പൊക ആക്കാം എന്ന പ്രമാണം മുറുകെ പിടിച്ചു എന്റെ മമ്മി ഡിയറെസ്റ്റ് നേരെ വെച്ചു പിടിക്കുന്നു നന്ദയുടെ വീട്ടിലേക്ക്. കെട്ടിയ പെണ്ണിന്റെ ചൊവ്വ ദോഷം കാരണം തട്ടിപോയ അലിഭായി പിള്ളയുടെയും, മാത്യു രാജശേഖരന്റെയും ഒക്കെ കരളലിയിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തി എന്റെ നന്ദയെ സെന്റിമെന്റല്‍ അലക്ക് അലക്കി കാണും. സത്യസന്ധമായി ഒരുത്തനെ സ്നേഹിക്കുന്ന ഏതൊരു പാവം പെണ്ണും ആടി പോകും എന്നത് മൂന്നുതരം.

ഈ കത്ത് വന്നതിനു ശേഷം നന്ദയെ കാണുവാനുള്ള എന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു...വിവരം തിരക്കുവാന്‍ പോയ രവിയെ പോലും കാണാന്‍ നന്ദ കൂട്ടാക്കിയില്ല...കലാലയത്തില്‍ പോകുന്നത് തന്നെ നന്ദ വന്നാല്‍ കാണാമല്ലോ എന്ന പ്രതീഷയില്‍ ആയിരിന്നു, പക്ഷെ പിന്നെ ഒരിക്കല്‍ പോലും നന്ദ കലാലയത്തില്‍ വന്നില്ല...എന്നില്‍ നിന്നും നന്ദ എന്നന്നേക്കുമായി അകലുകയായിരിന്നു...തീര്‍ത്തും ഒറ്റപെട്ടത്‌ പോലെ ആയിരിന്നു എന്റെ അവസ്ഥ...തിരികെ വീട്ടില്‍ വന്നാല്‍ മുറി അടച്ചു ഒരേ ഇരിപ്പാണ്...കൂട്ടുകാരെ കാണാന്‍ പോലും പോകാതെ ആയി...അമ്മയോട് ആയിരിന്നു എന്റെ ദേഷ്യം മുഴുവന്‍....അമ്മ കഷ്ട്ടപെട്ടു ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുന്നത്‌ പോലും വിഷം കഴിക്കുന്നത്‌ പോലെ ആയിരിന്നു...

മാസങ്ങള്‍ പലതു കടന്നു പോയി...കലാലയ ജീവിതം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ പഠനവും ഏറെക്കുറെ കഴിഞ്ഞിരിന്നു...ഒരു ദിവസം വീട്ടില്‍ വരുത്തുന്ന ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത‍.."ഇവര്‍ വിവാഹിതരാവുന്നു"..താഴെ നന്ദയുടെയും ഒരു ചെക്കന്റെയും ഫോട്ടോ...അന്നേ ദിവസം നന്ദയുടെ വീടിനടുത്തുള്ള അമ്പലത്തില്‍ വെച്ച് ഇവരുടെ വിവാഹം...കുറച്ചു നേരം പത്രവും കയ്യില്‍ പിടിച്ചു അവിടെ തന്നെ നിന്നു, "എന്താടാ?" എന്ന് ചോദിച്ച അമ്മയുടെ ചോദ്യം കേട്ടില്ല എന്ന് നടിച്ചു നേരെ റൂമിനുള്ളില്‍ കയറി കതകടച്ചു...ഈ ലോകം മുഴുവന്‍ എനിക്ക് എതിരാണ് എന്ന് തോന്നി...ഇങ്ങനെ ഒരു ജന്മം കിട്ടിയ എന്നോട് എനിക്ക് തന്നെ വെറുപ്പ്‌ തോന്നി...എല്ലാം കൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥ...അമ്മയോട് മാത്രമല്ല, ഈ ലോകത്തിനോടു തന്നെ വെറുപ്പ്‌ തോന്നി...ഒരു ഭീരു ആയതു കൊണ്ട് ആയിരിക്കാം ആത്മഹത്യ ചെയ്യുവാനുള്ള ധൈര്യം ഉണ്ടായിരിന്നില്ല...എല്ലാം നശിപ്പിക്കണം അല്ലെങ്ങില്‍ സ്വയം നശിക്കണം ഇതായിരിന്നു മനസ്സ് മുഴുവന്‍...എല്ലാരും എന്നെ വെറുക്കണം, എന്റെ അമ്മക്ക് തോന്നണം, ചെയ്തത് തെറ്റായി പോയി എന്ന്...അതിനു വേണ്ടി എന്ത് ഹീനമായ പ്രവര്‍ത്തി ചെയ്യാനും എന്റെ മനസ്സിനെ തയ്യാര്‍ ആക്കുകയായിരിന്നു ആ മുറിക്കുള്ളില്‍ കഴിച്ചു കൂട്ടിയ ഓരോ നിമിഷവും...പക്ഷേ, എന്റെ മനസ്സിലെ പകയെ വിധി നേരിട്ടത് മഹാദുരന്തങ്ങള്‍ കൊണ്ടായിരുന്നു...പല ജീവിതങ്ങള്‍ ബാധിക്കപ്പെട്ട ദുരന്തങ്ങള്‍...

അച്ചുവിനോട്, "അച്ചു" എന്ന പേര് എനിക്ക് ഏറ്റവും പ്രിയപെട്ടതാണ്...അതിനുള്ള കാരണം വഴിയെ പറയാം...

No comments:

Post a Comment