Tuesday, June 8, 2010

അളിയനോ അതോ കാലനോ??

നല്ല സുഹൃത്തുക്കള്‍ എന്ന് ദേവനന്ദ പറഞ്ഞത് ഞങ്ങള്‍ക്കിടയില്‍ ഒരു ലക്ഷ്മണരേഖ തീര്‍ക്കുവാനായിരുന്നു എന്നായിരുന്നു എന്റെ കൂട്ടുകാരുടെ അഭിപ്രായം (രമേശന്റെ അല്ല). നമ്മളെ പ്രേമിക്കാതെ, ലവളുമാരുടെ ബോഡിഗാര്‍ഡ് ആക്കാനുള്ള (ഇക്കാലത്ത് എ ടി എം, ചുമട്ടുകാരന്‍, ഡ്രൈവര്‍ അങ്ങനെ പലതും) ആക്കാനുള്ള പെണ്‍പിള്ളാരുടെ സ്ഥിരം നമ്പര്‍ ഇല്ലേ? ലതു തന്നെ ഇത് എന്നായിരുന്നു അവന്മാരുടെ പൊതുവായ അഭിപ്രായം. പക്ഷെ സത്യത്തില്‍ അവന്മാര്‍ക്ക് നന്ദയെ അറിയില്ലായിരുന്നു, എനിക്കും..

വളരെ ചുരുക്കം നാളുകളില്‍ ഞാനും നന്ദയും തമ്മില്‍ നല്ല സൗഹൃദം വളര്‍ന്നു. താമസിയാതെ സൗഹൃദം എന്ന് അവള്‍ വരച്ച ആ നേര്‍ത്ത രേഖ അവള്‍ തന്നെ മായ്ക്കുകയും ചെയ്തു. ഞാന്‍ അതിലൊക്കെ ഭാഗ്യവാനായ വെറും കാഴ്ച്ചക്കാരന്‍ മാത്രമായിരുന്നു എന്നത് വിനയം കൊണ്ട് പറയുകയല്ല, അമ്മച്ചിയാണേ മദര്‍ പ്രോമിസ്..

ഒരിക്കല്‍ അമ്മയുടെ ഓഫീസില്‍ ഞാന്‍ നന്ദയെ കൊണ്ട് പോയിരിന്നു പരിചയപ്പെടുത്താന്‍...പക്ഷെ ഫ്രണ്ട് ആണ് എന്ന് മാത്രം പറഞ്ഞു...("ഇതെന്റെ പ്രാണസഖി" എന്ന് വല്ലതും പറഞ്ഞിരുന്നു എങ്കില്‍ ചിലപ്പോള്‍ ഇന്ന് ഇത് എഴുതാന്‍ എന്റെ പ്രാണന്‍ ഉണ്ടാവുമായിരിന്നില്ല..അവര്‍ എന്നെ അന്നേ തട്ടിയേനെ)....ഞാനും നന്ദയും ഒരുപാട് കത്തുകള്‍ പരസ്പരം (ബൈ പോസ്റ്റ്‌)അയക്കുമായിരിന്നു...നന്ദയുടെ ഐഡിയ ആയിരിന്നു ഇത് ...നമ്മുടെ മനസ്സില്‍ ഉള്ളത് തുറന്നു പറയാന്‍ കത്തുകള്‍ ആണ് കൂടുതല്‍ നല്ലത് എന്ന് നന്ദ പറയുമായിരിന്നു...ചിലപ്പോള്‍ എനിക്കും തോന്നിയിട്ടുണ്ട്......നന്ദയുടെ അച്ഛന്‍ ഹോമിയോ ഡോക്ടര്‍, അമ്മ ഹൌസ് വൈഫ്‌, ചേട്ടന്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിക്കുന്നു...ഒരു ദിവസം കലാലയത്തില്‍ നന്ദ വന്നത് ചേട്ടനോടൊപ്പം ആയിരിന്നു...എന്നെ പരിചയപ്പെടുത്തിയത് "ചേട്ടാ, ഇതാ ഞാന്‍ പറഞ്ഞ കിച്ചന്‍..." എന്ന് ആയിരിന്നു...സത്യത്തില്‍ അടി ആണ് ഞാന്‍ പ്രതീഷിച്ചത്...ഭാഗ്യം കൊണ്ട് അടിക്ക് ചിരിയുടെ രൂപം ആയിരിന്നു...വളരെ നല്ല രീതിയില്‍ ആണ് എന്നോട് പുള്ളിക്കാരന്‍ സംസാരിച്ചത്...നന്ദയോടപ്പം ഒരു ദിവസം വീട്ടിലേക്കു വരണം എന്ന് പറഞ്ഞാണ് പിരിഞ്ഞത്...ചേട്ടന്‍ പോയതിനു ശേഷം ഞാന്‍ നന്ദയോട് ചോദിച്ചു "എന്താ എന്നെക്കുറിച്ച് ചേട്ടനോട് പറഞ്ഞത്??"...."എന്നെ വിവാഹം കഴിക്കാന്‍ പോകുന്ന ഒരു തല്ലിപൊളിയെ കാണിച്ചു തരാം എന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് വന്നത്"...."അപ്പോള്‍ അടി വാങ്ങി തരാനുള്ള പരിപ്പാടി ആയിരിന്നു അല്ലേ?."........"അത് വീട്ടില്‍ വെച്ച് തരാന്‍ ആയിരിക്കും വീട്ടിലേക്കു ക്ഷണിച്ചത്"..ഇതും പറഞ്ഞു നന്ദ ചിരിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയി...ഒരു അവധി ദിവസം വീട്ടിലേക്കു വരാന്‍ നന്ദ പറഞ്ഞു...അച്ഛനെയും അമ്മയെയും കാണുകയും പരിചയപ്പെടുകയും ചെയ്യാം എന്ന് പറഞ്ഞു.......

അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട് ഞാനും (എന്റെ പഴയ ക്ലാസ്സ്‌മേറ്റ്‌) രവിയും കൂടി നന്ദയുടെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു....രവിയെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പെടാപ്പാട് ദൈവം തമ്പുരാന്‍ പോലും പൊറുക്കില്ല കേട്ടാ...അവസാനം 'എന്നെ കൊന്നിട്ടെ നിന്നെ തൊടൂ' എന്ന് വാക്ക് കൊടുത്തതിനു ശേഷം ആണ് അവന്‍ വരാം എന്ന് സമ്മതിച്ചത് ..തലേ ദിവസം കലാലയത്തില്‍ വെച്ച് നന്ദയോട് വീട്ടിലേക്കു എത്തേണ്ട വഴി എല്ലാം ചോദിച്ചു മനസ്സിലാക്കി..നമ്മള്‍ വൈകുനേരം ആയിരിക്കും വരുന്നത് എന്ന് നന്ദയെ അറിയിച്ചു...അടുത്ത ദിവസം വൈകിട്ട് സ്വയം മരണം വരിക്കാന്‍ പോകുന്ന രണ്ടു ധീരയോദ്ധാക്കളെ പോലെ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ ചെന്നു...അമ്മയുടെ വക നല്ല വരവേല്‍പ്പ് ലഭിച്ചു, പക്ഷെ നന്ദയുടെ അച്ഛന്‍ ഒരു തണുപ്പന്‍ മനോഭാവം ആണ് കാണിച്ചത്‌..അദേഹത്തെ, നമ്മള്‍ കൂടെ പഠിക്കുന്നവര്‍ ആണെന്നും അത് വഴി പോയപ്പോള്‍ കയറിയത് ആണ് എന്ന് പറഞ്ഞു ഫലിപ്പിച്ചു...(തന്തപടി അത് വിശ്വസിച്ചോ ഇല്ലയോ...ഒരു പിടിയും ഇല്ല) അമ്മയോട് നന്ദ എന്നെ കുറിച്ച് കൂടുതല്‍ വിവരണം നല്കിയിരിന്നു എന്ന് എനിക്ക് മനസ്സിലായത്‌ പുള്ളികാരിയുടെ സ്പെഷ്യല്‍ ഉപദേശങ്ങള്‍ കേട്ടപ്പോള്‍ ആണ്....ചായയും വിവിധതരം പലഹാരങ്ങളും കഴിച്ചു കുറച്ചു നാട്ടുവര്‍ത്തമാനവും കലാലയ ജീവിതത്തെ കുറിച്ച് കുറച്ചു കത്തി ഒക്കെ വെച്ച് ഒരു രണ്ടു മണികൂര്‍ അവിടെ ചിലവഴിച്ചു...

നന്ദയോടും വീട്ടുകാരോടും യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം, നന്ദയുടെ ചേട്ടന്‍ എന്റെ അടുത്ത് വന്നു രഹസ്യമായിട്ടു പറഞ്ഞു.."കിച്ചാ ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കണം...ഞാന്‍ അഞ്ചു മിനിട്ട് കഴിഞ്ഞു വരാം...ഞാന്‍ വന്നിട്ട് പോയാല്‍ മതി കേട്ടോ??"...വയറില്‍ നിന്നും ഒരു തീഗോളം മുകളിലേക്ക് പൊങ്ങി.....അനിയത്തിയുടെ മുന്നില്‍ മര്യാദരാമന്‍ ആയി അഭിനയിച്ചിട്ട് എന്നെ ഒറ്റെക്ക് കിട്ടുമ്പോള്‍ തട്ടാന്‍ ആണോ ഭാവം??....നന്ദയുടെ ചേട്ടനോട് പറ്റില്ല എന്ന് പറയാന്‍ പറ്റുമോ??..രണ്ടുപേരുടെ തലവര ആ ബസ്സ്‌ സ്റ്റോപ്പ്‌ വരെ മാത്രമേ പറഞ്ഞിട്ടുള്ളൂ എങ്കില്‍ പിന്നെ എന്ത് ചെയ്യാന്‍.."ശരി" എന്ന് പറഞ്ഞു നമ്മള്‍ ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു...രവിയോട് ഞാന്‍ നന്ദയുടെ ചേട്ടന്‍ പറഞ്ഞ കാര്യം പറഞ്ഞു...

രവി ഒരുതരത്തിലും നില്‍ക്കാന്‍ കൂട്ടാക്കുന്നില്ല...അവന്‍ അപകടം മണത്തു പിടിച്ച പോലെ നിന്ന് മുരളുന്നു...പിന്നെ വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്ന് കരുതി നില്‍ക്കുമ്പോള്‍ ആണ് ദൂരെ നിന്നും നന്ദയുടെ ചേട്ടന്‍ തന്റെ മോട്ടോര്‍ ബൈക്കില്‍ ഒരു തടിമാടനെയും കൂട്ടി വരുന്നത് കണ്ടത്....രവി എന്റെ പുറകിലേക്ക് ഒന്ന് മാറിയോ എന്ന് ഒരു സംശയം...തിരിഞ്ഞു നോക്കിയപ്പോള്‍ ശരി തന്നെ...എടുത്തു ചാടി ഓടാന്‍ അവിടുത്തെ വഴികള്‍ നല്ല പരിചയം ഇല്ലല്ലോ എന്ന ചിന്ത മനസ്സില്‍ വന്നിട്ടാണോ എന്നറിയില്ല, രവി ചുറ്റും നോക്കി. പിന്നെ എന്‍റെ മുഖത്തേക്കും. അവനെ വിളിച്ചു കൊണ്ടുവന്നപ്പോള്‍ 'എന്നെ കൊന്നിട്ടെ അവര്‍ നിന്നെ തൊടു' എന്നോ മറ്റോ (സത്യമായിട്ടും മറന്നു പോയി) ഞാന്‍ കൊടുത്ത വാക്ക് വിശ്വസിച്ചു കൂടെ വന്നതിന് നന്ദയുടെ ചേട്ടന്റെയും കൂട്ടുകാരന്റെയും കയ്യില്‍ നിന്നും രണ്ടിടി കൂടുതല്‍ ചോദിച്ചു വാങ്ങിക്കണം എന്ന് രവി തീരുമാനിച്ചു കാണണം. ഉഷ്ണിച്ച വിയര്‍പ്പു പോലും ആവിയാകുന്ന പരുവത്തില്‍ വിരണ്ടു നില്‍ക്കുകയായിരുന്നു ഞാന്‍ അപ്പോള്‍..

4 comments:

  1. ഇത് എന്നാ പണിയാ കിച്ചാ...
    തല്ലെങ്കില്‍ തല്ല്‌... രണ്ടെണ്ണം കിട്ടിയാല്‍ വീട്ടില്‍ പോവായിരുന്നു...
    ഈ ബസ്‌ സ്റ്റോപ്പിലിങ്ങനെ എത്ര നേരം നില്‍ക്കേണ്ടി വരും... ??

    ReplyDelete
  2. അവസാനം എന്ത് സംഭവിച്ചു?...തല്ലു കിട്ടിയോ? അതോ തുടര്‍ക്കഥയാണോ?

    വിവരണം നന്നായിട്ടുണ്ട് കിച്ചാ

    ReplyDelete
  3. പൂഴികടകന്‍ പ്രയോഗിക്കാ. അത്രന്നെ
    :-)

    ReplyDelete
  4. ശ്ശെടാ... ഇങ്ങനെ കൊണ്ട് നിര്‍ത്തിയോ...
    കൊണ്ടോ ഇല്ലെയോ എന്ന് കൂടെ പറയരുതായിരുന്നോ

    ReplyDelete