Thursday, June 3, 2010

ജസ്റ്റ് ഫ്രണ്ട്സ്???

ഹംസം നളനാവുകയോ??? ഞാന്‍ ആ കുട്ടിയോട് രമേശന്റെ കാര്യം തന്നെ അല്ലേ സംസാരിച്ചത്, പിന്നെ ഇതെങ്ങനെ സംഭവിച്ചു?...ഇനി ഇപ്പൊ ഗീതുവും രമേശനും കൂടി എന്നെ കുരങ്ങ് കളിപ്പിക്കുകയാണോ?? എങ്കില്‍ രണ്ടിന്റെയും കൊലപാതകം, ശവമടക്ക്, അടിയന്ദരം, കഞ്ഞി വീഴ്ത്, ആണ്ടുബലി ഇതെല്ലാം കൂടി ഞാന്‍ ഒറ്റ ദിവസം കൊണ്ട് നടത്തും...പക്ഷെ അവന്റെ ആ നില്‍പ്പും ഭാവവും കണ്ടപ്പോള്‍ അവന്‍ കള്ളം പറഞ്ഞതല്ല എന്ന് എനിക്ക് തോന്നി...എത്ര ആലോചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല....ഇതൊക്കെ ചിന്തിക്കുന്നതിനിടയില്‍ എന്റെ കണ്ണുകള്‍ ബസ്സ്‌ സ്റ്റോപ്പ്‌ മുഴുവന്‍ സ്കാന്‍ ചെയ്യുകയായിരിന്നു...അവിടെ എങ്ങും നന്ദയെ കാണുന്നില്ല..രമേശനോട് ചോദിക്കാനും വയ്യാത്ത അവസ്ഥ...എന്തായാലും ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കിയേ പറ്റു...പക്ഷെ അതിനു നന്ദയെ കാണണം...

രമേശനോട് ഒന്നും പറയാതെ നേരെ നടന്നു ഗീതുവിന്റെ കൂട്ടുകാരികളുടെ അടുത്ത് ചെന്നു ചോദിച്ചു "ഗീതു എവിടെ??" കൂട്ടത്തില്‍ ഒരുത്തി കിണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു "ഗീതു ഉച്ചക്ക് തന്നെ വീട്ടില്‍ പോയി, എന്താ കിച്ചാ കാര്യം??" ...അവളുടെ ചിരി കണ്ടപ്പോള്‍ ചെവിക്കു പിടിച്ചു കിഴുക്ക്‌ കൊടുക്കാന്‍ ആണ് തോന്നിയത്..എന്നെ ഞാന്‍ തന്നെ കണ്ട്രോള്‍ ചെയ്തു കൊണ്ട് വീണ്ടും ചോദിച്ചു "ആ പുതിയ കുട്ടിയും പോയോ?? എന്താ അതിന്റെ പേര്..ദേവ എന്നോ നന്ദ എന്നോ അല്ലെ?"..തലയില്‍ കൂടം കൊണ്ട് അടിച്ച പോലെ തോന്നി മറുപടി കേട്ടപ്പോള്‍ "ആ കുട്ടിയെ അതിന്റെ ചേട്ടന്‍ വന്ന് കൂട്ടികൊണ്ട് പോയി".......നല്ല കാലം വരും നല്ല കാലം വരും എന്ന് പറയുന്നത് ഇതിനെ ആണ്...ഒരു വശത്ത് ആല്‍മാര്‍ത്ത സുഹൃത്ത്‌ എന്നെ തട്ടാന്‍ തക്കം പാര്‍ത്ത് നില്‍ക്കുന്നു മറ്റൊരു വശത്ത് എന്നെ ഇഷ്ടമാണെന്ന് പറയുന്ന പെണ്‍കുട്ടിക്ക് ഒരു ചേട്ടനും....മരണം എന്നെ കൈയും കാലും നീട്ടി വിളിക്കുന്നത്‌ പോലെ തോന്നി. നാല് കുപ്പി കള്ളിന് എന്റെ ജീവന്‍ വിലയായി കൊടുക്കേണ്ടി വരുമോ???.

അടുത്ത ദിവസം രാവിലെ തന്നെ കലാലയത്തില്‍ എത്തി...ആദ്യം ഗീതുവിനെ കണ്ടുപിടിച്ചു...ഉണ്ടായ സംഭവം അവളോട്‌ പറഞ്ഞു...അവള്‍ ഒരു തമാശക്ക് വേണ്ടി ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എന്ന് പറഞ്ഞു തല ഊരി....'അവളുടെ ഒരു ധമാഷ'....മനുഷ്യന്റെ ഉറക്കവും പോയി, മനസമാധാനവും പോയി, രാത്രി ഇടയ്ക്കു ഇടയ്ക്കു ഉണരുന്നത് കൂടുകയും ചെയ്തു(തെറ്റുധരിക്കണ്ട ദുസ്വപ്നം കണ്ടിട്ടല്ല കേട്ടോ)..........ഗീതുവിനെ കുറ്റം പറയാനും പറ്റില്ല, ഇതൊന്നും അവളുടെ അറിവോടെ അല്ലല്ലോ.....ഇതുവരെ നന്ദ വന്നിട്ടുമില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് അറിയില്ല എന്ന് പറഞ്ഞു.....നന്ദയെ കണ്ടതിനു ശേഷം രമേശനോട് സംസാരിക്കാം എന്ന് കരുതി അവന്റെ കണ്ണില്‍ പെടാതെ ഒഴിഞ്ഞു മാറി നടന്നു....പക്ഷെ നന്ദയ്ക്ക് വേണ്ടി ഉള്ള കാത്തിരിപ്പിന് ഒരു അറുതി വന്നത് മൂന്നാം ദിവസം ആണ്(സംശയിക്കണ്ട..യേശു ക്രിസ്തു ഒന്നും അല്ല....) നായിക കലാലയത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ ചാരന്മാര്‍ വിവരം അറിയിച്ചു....ക്ലാസ്സില്‍ കയറുന്നതിനു തൊട്ടു മുന്‍പ് തന്നെ നന്ദയെ കണ്ടു....എന്നെ കണ്ടയുടനെ "കിച്ചാ എനിക്ക് ക്ലാസ്സില്‍ കയറണം..നമ്മള്‍ക്ക് ഉച്ചക്ക് ബ്രേക്ക്‌ ടൈമില്‍ സംസാരിക്കാം" ഇതും പറഞ്ഞു നന്ദ ക്ലാസ്സിലേക്ക് കയറി....

"പണ്ടാരം അടങ്ങാന്‍, ലവള് എന്താ ആളെ കളി ആക്കുകയാണോ??? ലതിന് ഇപ്പൊ ഈ ക്ലാസ്സില്‍ കയറിയേ പറ്റു പോലും, ആരെ തോല്പ്പിക്കാനാ ഇങ്ങനെ പഠിക്കുന്നത്?? മനുഷ്യന് ഇവിടെ ഉറക്കം പോയിട്ട് ദിവസം കുറച്ചായി."...ഉള്ളില്‍ തിളച്ചു പൊന്തി വന്ന കലി ക്ലാസ്സിന്റെ പുറത്തുള്ള ചുവരില്‍ ഞാന്‍ തീര്‍ത്തേനെ...എന്റെ കൈ ആണല്ലോ എന്ന് ഓര്‍ത്തു മാത്രം ഞാന്‍ അങ്ങ് ക്ഷമിച്ചു....അവള്‍ക്ക് എന്താ പറയാനുള്ളത് എന്ന് കേള്‍ക്കാം...ഈ ഉച്ചവരെ ഉള്ള കാത്തിരിപ്പ്‌...നമ്മുടെ ക്ഷമയുടെ ഗൂസ്ബെറി പ്ലേറ്റ് വരെ കണ്ടു കഴിഞ്ഞു...ഇനി അങ്ങോട്ട്‌ ഇല്ല എന്ന് സൈറന്‍ അടിച്ചതും ബ്രേക്ക്‌ ടൈം ബെല്‍ കേട്ടതും ഒരുമിച്ചായിരിന്നു.....നന്ദയുടെ ക്ലാസ്സിലേക്ക് പോകുന്ന വഴിയില്‍ രമേശന്‍ നില്‍ക്കുന്നത് കണ്ട് ഞാന്‍ അവന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു.."രമേശാ, എടാ അവള് ചിലപ്പോള്‍ നിന്നെ ഒന്ന് കളിപ്പിച്ചതായിരിക്കും..എന്തായാലും ഞാന്‍ ഒന്ന് പോയി സംസാരിക്കട്ടെ..നീ ഒന്ന് ക്ഷമി"....."തമാശയും കാര്യവും കണ്ടാല്‍ തിരിച്ചറിയാനുള്ള വിവരം എനിക്ക് ഉണ്ട്..അതുകൊണ്ട് നീ അത് വിട് കിച്ചാ"..ഇവന്‍ ഇപ്പോഴും എന്നെ തട്ടാന്‍ തന്നെ ആണ് നടക്കുന്നത് എന്ന് മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ ഒന്നും സംസാരിക്കാന്‍ നില്‍കാതെ നേരെ നന്ദയുടെ ക്ലാസ്സിലേക്ക് ചെന്നു...

നന്ദയും ഗീതുവും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ എത്തുമ്പോള്‍..എന്നെ കണ്ടതും ഒരു ചെറു പുഞ്ചിരിയും സമ്മാനിച്ച്‌ ഗീതു പുറത്തേക്കു ഇറങ്ങി..അന്നത്തെ പോലെ കസേര നീക്കി നന്ദയുടെ മുന്നില്‍ ഇരിന്നു...നന്ദ മുഖത്ത് ഒരു ചെറിയ ചിരി വരുത്തി..

ഞാന്‍: രണ്ടു ദിവസം എവിടെ ആയിരിന്നു??
നന്ദ: പനി പിടിച്ചു..(ഒരല്‍പ്പം പേടിച്ചോ എന്ന് ഒരു സംശയം)

ഞാന്‍: പനി ആരെ പിടിച്ചെന്ന്??
നന്ദ: അത്....എനിക്ക് പനി ആയിരിന്നു...അതാ കോളേജില്‍ വരാത്തത് ...

ഞാന്‍: ശരി അത് പോട്ടെ, ഞാന്‍ ഇപ്പോള്‍ വന്നത് എന്തിനാ എന്ന് മനസ്സില്ലയോ??
നന്ദ: അറിയാം...

ഞാന്‍: താന്‍ എന്തിനാ രമേശനോടു അന്ന് അങ്ങനെ പറഞ്ഞത്???
നന്ദ: അത് ഞാന്‍...ശല്യം ഒഴിവാക്കാന്‍ വേണ്ടി ആണ് കിച്ചന്റെ പേര് പറഞ്ഞത്...സോറി..(അമ്മച്ചിയാണേ ഞാന്‍ വിചാരിച്ചു എന്റെ ഗ്ലാമര്‍ കണ്ട് പെണ്ണ് വീണതാവും എന്ന്...എന്നിട്ട് ഇപ്പൊ എന്റെ പേരും പറഞ്ഞു ലവള് ആളെ പേടിപ്പിക്കുന്നു..ഇവള് ആള് കൊള്ളാമല്ലോ)

ഞാന്‍: കൊള്ളാം വേറൊരു പേരും തനിക്കു കിട്ടിയില്ലേ പറയാന്‍????
നന്ദ: കിച്ചന്റെ പേര് പറഞ്ഞാല്‍ പിന്നെ വേറെ ആരും ശല്യത്തിന് വരില്ല എന്ന് അറിയാവുന്നത് കൊണ്ട് പറഞ്ഞു പോയതാ..ഞാന്‍ സോറി പറഞ്ഞില്ലേ കിച്ചാ?(സത്യത്തില്‍ ഒരല്‍പ്പം വെഷമം തോന്നി കേട്ടോ)

എന്താ പറയേണ്ടത് എന്ന് ഒരു പിടിയും ഇല്ല...ഇനി ഇപ്പോള്‍ രമേശനോട് ഞാന്‍ എന്ത് പറയും..അവന്റെ ശല്യം ഒഴിവാക്കാന്‍ വേണ്ടി ആണ് നന്ദ എന്റെ പേര് പറഞ്ഞത് എന്ന് അറിഞ്ഞാല്‍ വയലന്റ് ആകും, ലവന്‍ എന്നെ തട്ടും ഉറപ്പാ..

കുറച്ചു നേരം നന്ദയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിന്നിട്ട് ഞാന്‍ പതുക്കെ എഴുനേറ്റ് പുറത്തേക്കു നടക്കാന്‍ തുടങ്ങി.....നന്ദ പുറകില്‍ നിന്നും വിളിച്ചു, ഞാന്‍ തിരിഞ്ഞു നോക്കി . നന്ദയുടെ മുഖത്ത് നിറഞ്ഞ പുഞ്ചിരി . പക്ഷേ കണ്ണുകളില്‍ ഒരു കുസൃതിയുടെ തിളക്കവും.."കിച്ചാ നമ്മള്‍ക്ക് നല്ല ഫ്രണ്ട്സ് ആയിട്ടിരിക്കാം..എന്താ??"

1 comment:

  1. എന്നിട്ട് ? ഫ്രണ്ട്സ് ആയോ...

    ReplyDelete