Tuesday, June 15, 2010

വൈകി കിട്ടിയ കത്ത്

വിവാഹ ജീവിതത്തിനു ആറ് മാസം മാത്രം ആയുസ്സ് കൊടുത്തു ദൈവം തിരിച്ചെടുത്ത എന്റെ കൊച്ചുമാമന്റെ മരണ വാര്‍ത്ത ആയിരിന്നു അത്...തലച്ചോറില്‍ രക്തസ്രാവം ഉണ്ടായാണ് മാമന്‍ മരിക്കുന്നത്...പക്ഷെ കാരണവന്മാര്‍ക്ക് അത് ഒരു സാധാരണ മരണം ആയി കാണുവാന്‍ താല്പര്യം ഇല്ലായിരിന്നു, മാമിക്ക് ജാതകത്തില്‍ ചൊവ്വദോഷം ഉണ്ടെന്നും അതിന്റെ അനന്തര ഫലം ആണ് ഈ മരണം എന്നതായിരിന്നു അവരുടെ കണ്ടുപിടിത്തം...പക്ഷെ ആ മരണം എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റൊരു മുറിപ്പാട് കൂടി തരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല...

മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം ആണ്..നന്ദയുടെ വീട്ടില്‍ ലാന്‍ഡ്‌ ലൈനും ഇല്ല..ആ ദിവസങ്ങളില്‍ ഒരു എഴുത്ത് എഴുതാന്‍ ഉള്ള മാനസ്സികാവസ്ഥയോ സാഹചര്യമോ ഇല്ലായിരിന്നു..കൂട്ടത്തില്‍ കാരണവന്മാരുടെ വക 'മരണ വീട്ടില്‍ നിന്നും പുറത്തു പോകരുത്' എന്നുള്ള കര്‍ശന നിര്‍ദേശവും...അത് കാരണം എനിക്ക് നന്ദയെ ഇതൊന്നും അറിക്കുവാനും സാധിച്ചില്ല...ഒടുവില്‍ ചടങ്ങുക്കള്‍ ഒക്കെ കഴിഞ്ഞു, ഒന്‍പതാം ദിവസമാണ് എനിക്ക് പുറത്തേക്കു ഇറങ്ങുവാന്‍ ഒരു അവസരം ഉണ്ടായത്...തിങ്കളാഴ്ച ദിവസം രാവിലെ അമ്മക്ക് ഓഫീസില്‍ ചെന്ന് ലീവ് എഴുതി കൊടുക്കണമെന്നും കൂടെ ഞാന്‍ പോകണമെന്നും പറഞ്ഞു...അങ്ങനെ അന്ന് രാവിലെ ഒരു ഒന്പതരക്ക് ബൈക്കില്‍ അമ്മയെ ഓഫീസില്‍ കൊണ്ട് വിട്ടു, അമ്മയില്‍ നിന്നും വീട്ടിലേക്കു പോകാനുള്ള അനുവാദം വാങ്ങി, ഒരു പത്തര പതിനൊന്നു മണിയോടെ വീട്ടില്‍ എത്തി. നന്ദയുടെ കത്തുകള്‍ വല്ലതും വന്നിട്ടുണ്ടോ എന്ന് പോസ്റ്റ്‌ ബോക്സില്‍ നോക്കി... നന്ദ അയച്ച ഒരു കത്ത്, അന്ന് രാവിലെ വന്നത്...അത് തുറന്നു വായിച്ച എനിക്ക് സത്യത്തില്‍ സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി എന്നെ കുറിച്ചുള്ള ഒരു വിവരവും ഇല്ലാത്തതിനാല്‍ എന്റെ അമ്മയുടെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് നന്ദ അമ്മയോടൊപ്പം വരും, അപ്പോള്‍ ഞാന്‍ അവിടെ ഉണ്ടാവണം എന്നായിരിന്നു കത്തിലെ ഉള്ളടക്കം...വെള്ളിയാഴ്ച പോസ്റ്റ്‌ ചെയ്ത കത്ത് ആയിരിന്നു അത്...പക്ഷെ രണ്ടാം ശനിയാഴ്ച ആയതു കാരണം രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച ആണ് കത്ത് വീട്ടില്‍ എത്തിയത്...

അമ്മയുടെ ഓഫീസിലേക്ക് തിരിച്ചു ബൈക്കില്‍ പോകുമ്പോള്‍ നന്ദ അമ്മയുടെ ഓഫീസില്‍ തന്നെ എനിക്ക് വേണ്ടി കാത്തു നില്‍ക്കും എന്ന് തന്നെ ആയിരിന്നു എന്റെ പ്രതീഷ. പക്ഷെ അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ അമ്മ മാത്രമേ ഉള്ളു..അമ്മയോട് നന്ദ വന്നിരിന്നോ എന്ന് ചോദിച്ചതിനു ഇല്ല എന്ന മറുപടി ആണ് കിട്ടിയത്..പിന്നെ അമ്മ അതിനെ കുറിച്ച് ഒന്നും സംസാരിച്ചതും ഇല്ല.....നന്ദ വരും എന്ന് കത്തില്‍ എഴുതിട്ടുണ്ട്...അപ്പോള്‍ വന്നിട്ടുണ്ടാവണം...അങ്ങനെ എങ്കില്‍ അമ്മ എന്തിനു കള്ളം പറയണം??..അമ്മയോട് ഈ അവസ്ഥയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനും കഴിയില്ല. അടുത്ത ദിവസം റെക്കോര്‍ഡ്‌ സബ്മിറ്റ് ചെയ്യാനുണ്ടെന്നു ഒരു കളവ് പറഞ്ഞു രാവിലെ തന്നെ കലാലയത്തില്‍ എത്തി..നന്ദ ക്ലാസ്സില്‍ വന്നിട്ടില്ല..കൂട്ടുകാരോട് ചോദിച്ചു, അവര്‍ ആരും തന്നെ നന്ദയെ അന്നേ ദിവസം കണ്ടിട്ടില്ല...ഗീതുവിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു.."കഴിഞ്ഞ ആഴ്ച നന്ദ കിച്ചനെ തിരക്കി നടന്നു...ഇപ്പോള്‍ കിച്ചന്‍ നന്ദയെ തിരക്കി നടക്കുന്നു. എന്താ കിച്ചാ പ്രശ്നം??"...

അന്നേ ദിവസം നന്ദ ക്ലാസ്സിലേക്ക് വന്നതേ ഇല്ല...എന്താ നന്ദയ്ക്ക് പറ്റിയത്??...വൈകിട്ട് രവിയെ കണ്ടു കാര്യം അറിയിച്ചപ്പോള്‍ അവന്‍ എന്റെ കൂടെ നന്ദയുടെ വീട്ടിലേക്കു വരാം എന്ന് പറഞ്ഞു. അങ്ങനെ നമ്മള്‍ രണ്ടുപേരും കൂടി നന്ദയുടെ വീട്ടില്‍ എത്തി...നന്ദയുടെ അമ്മയാണ് പുറത്തേക്ക് വന്നത്..."ആന്റി, നന്ദ ഉണ്ടോ??". എന്റെ ചോദ്യത്തിനു ഒരു മറുപടി പോലും തരാതെ അവര്‍ വീട്ടിനുള്ളിലേക്ക് പോയി..ഞാനും രവിയും പരസ്പരം നോക്കി..എന്തോ പ്രശ്നം ഉണ്ട് എന്ന് മനസ്സിലായി..പെട്ടെന്ന് നന്ദയുടെ ചേട്ടന്‍ പുറത്തേക്കു ഇറങ്ങി വന്നു, മദ്യപിച്ചിട്ടുണ്ട്‌ എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി.."കിച്ചന്‍ വാ, നമ്മള്‍ക്ക് പുറത്തു നിന്നും സംസാരിക്കാം.." ഇതും പറഞ്ഞു നന്ദയുടെ ചേട്ടന്‍ നമ്മളെ ഗേറ്റിനു പുറത്തേക്കു കൊണ്ട് പോയി...."എനിക്ക് നന്ദയെ ഒന്ന് അത്യാവശ്യമായിട്ട് കാണണം..എന്റെ മാമന്‍ മരിച്ചുപോയി...കുറച്ചു ദിവസം അവിടെ ആയിരിന്നു...അതാ..." എന്നെ മുഴുവന്‍ പറയാന്‍ അനുവദിക്കാതെ നന്ദയുടെ ചേട്ടന്‍ പറഞ്ഞു..."കിച്ചന്‍ ഇനി ഇവിടെ വരരുത്, ദയവു ചെയ്തു അവളെ അവളുടെ വഴിക്ക് വിട്..." ഞാന്‍ ശരിക്കും ഞെട്ടി.."എന്താ?? എന്താ പ്രശ്നം??...നന്ദ എവിടെ?? നന്ദ പറയട്ടെ എന്താ പ്രശ്നമെന്ന്?? നന്ദയെ ഒന്ന് വിളിക്കുമോ?? എനിക്ക് നേരിട്ട് ഒന്ന് സംസാരിക്കണം" എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരിന്നു ..."കിച്ചനെ ഇനി ഒരിക്കലും കാണണ്ട എന്ന് നന്ദ പറഞ്ഞു...ഇനി അവള്‍ പഠിക്കാനും വരുന്നില്ല...ഇതുവരെ ഞാന്‍ നന്ദയെ ഓര്‍ത്താണ് മാന്യമായിട്ടു സംസാരിച്ചത്..കിച്ചന്‍ ഇനി ഇവിടെ നിന്നാല്‍ പ്രശ്നം ആകും"..നന്ദയുടെ ചേട്ടന്റെ സ്വരം ഉച്ചത്തില്‍ ആയി..ഒരാഴ്ച മുന്‍പ് എന്നോട് കളി തമാശ പറഞ്ഞു ഇരുന്ന നന്ദയുടെ ചേട്ടനാണ് ഇപ്പോള്‍ ഒരു പരിചയവും ഇല്ലാത്തതു പോലെ സംസാരിക്കുന്നത്..എന്റെ നില്‍പ്പും ഭാവും കണ്ടിട്ടാകും രവി എന്നെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു..."കിച്ചാ ദയവു ചെയ്തു നീ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്..വേറെ എന്തെങ്ങിലും കാരണം കാണും അതാ പുള്ളിക്കാരന്‍ അങ്ങനെ ഒക്കെ പറയുന്നത്"..ഞാന്‍ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ചോദിച്ചു.."ഞാന്‍ ഇനി എന്താടാ വേണ്ടത്??"......"വാ നമ്മള്‍ക്ക് ഇപ്പോള്‍ ഇവിടെന്ന് പോകാം, നാളെ ഞാന്‍ വന്നു നന്ദയെ കണ്ടു കാര്യങ്ങള്‍ അറിഞ്ഞിട്ട് നമ്മള്‍ക്ക് തീരുമാനിക്കാം." എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ ആണ് രവി അത് പറഞ്ഞത്...പെട്ടെന്ന് ഗേറ്റില്‍ ശബ്ദം കേട്ട് നോക്കുമ്പോള്‍..നന്ദയുടെ ചേട്ടന്‍ ഗേറ്റും അടച്ചു അകത്തേക്ക് നടക്കുന്നതാണ് കണ്ടത്...ഇനി അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് മനസ്സിലായി...

ഒരാഴ്ച്ച കൊണ്ട് എന്ത് മാറ്റമാണ് നന്ദയില്‍ സംഭവിച്ചത്?? ഇനി എന്‍റെ അമ്മ, തലേന്ന് നന്ദയെ കാണുകയും, വല്ലതും അനിഷ്ടമായി പറയുകയും ചെയ്തോ?? ഒരാഴ്ച മുന്‍പ് എന്‍റെ കൂടെ പാമ്പായി ഇഴഞ്ഞ നന്ദയുടെ ചേട്ടന്റെ പെരുമാറ്റം ഇത്ര പെട്ടെന്ന് അപരിചിതമായത് ഞാന്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടാണോ? അങ്ങനെ ഒരു നൂറു നൂറു ചോദ്യങ്ങളുടെ തേനീച്ചകള്‍ എന്‍റെ തലച്ചോറില്‍ മൂളി പറക്കുകയായിരുന്നു..അവയുടെ ഉത്തരങ്ങള്‍ എനിക്ക് ലഭിച്ചത് അടുത്ത നാള്‍ രവിയില്‍ നിന്നുമായിരുന്നു....

4 comments:

  1. ഇഷ്ടപ്പെട്ടു..
    ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നു ....

    ReplyDelete
  2. ശരി... എന്താണ് ഉത്തരങ്ങളെന്നറിയട്ടെ

    ReplyDelete
  3. enthannu kicha ...kathirikunnu

    ReplyDelete
  4. kathirikunnu ..answer sheet porate...

    ReplyDelete