Monday, January 18, 2010

പാല്‍ പുഞ്ചിരി

ഏകദേശം ഒരു പത്തു മിനിട്ട് കഴിഞ്ഞു കാണും, ദൂരെ നിന്നും കിളി വരുന്നതു കണ്ടു....പെട്ടന്ന് എന്റെ ഹൃദയമിടിപ്പ്‌ കൂടി, വിയര്‍പ്പു തുള്ളികള്‍ നെറ്റിയില്‍ നിന്നും പൊടിഞ്ഞു.....പറയാന്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ എല്ലാം മറന്നു..എനിക്ക് എന്താ സംഭവിക്കുന്നത്‌...എത്രയോ കിളികളെ കളി പറഞ്ഞിട്ടുള്ളതാ..പിന്നെ എന്താ ഇപ്പൊ ഈ സമയത്ത് മാത്രം ഒരു വിറയല്‍... കിളി അടുത്ത് എത്തി കഴിഞ്ഞു..ഇന്ന് സംസാരിചില്ലേല്‍ ഇനി ഒരിക്കലും അത് സാധിച്ചു എന്ന് വരില്ല...മൂന്ന് മാസം ഒളിച്ചും പാത്തും നടന്നതാ ഈ ഒരു ദിവസത്തിന് വേണ്ടി, എന്നിട്ട് ഇപ്പൊ...രാവിലെ വരെ വെള്ളം കോരിയിട്ടു കുടം ഇട്ടു ഒടക്കെണോ?? വരുന്നത് വരട്ടെ.. ഒന്നുകില്‍ കിളി അല്ലേല്‍ അടി........

അന്ന് ആദ്യമായിട്ടാണ് കിളിയെ ഇത്ര അടുത്ത് കാണുന്നത്.....കണ്ടപ്പോള്‍ ആണ് മനസ്സിലായത് ഇത് വെറും കിളി അല്ല ഒരു പഞ്ചവര്‍ണ്ണ കിളിയാണ് എന്ന്..ദൂരെ നിന്നും കാണുന്നതിനെക്കാള്‍ സുന്ദരിയാണ് അടുത്ത് കാണുമ്പോള്‍..ദൈവം അറിഞ്ഞു കൊടുത്ത സൗന്ദര്യം ആവശ്യമില്ലാത്ത ചായം വാരി പൂശി നശിപ്പിച്ചിട്ടില്ല... പക്ഷെ നിറം അത് എന്റെ അത്ര പോര(കറുപ്പിന് ഏഴു അഴക്ക് എന്ന് അല്ലെ പ്രമാണം) ഞാന്‍ മുകളിലേക്ക് ഒന്ന് നോക്കി...(എന്നാലും എന്റെ ദൈവമേ ഇത് ഒരുമാതിരി തേപ്പ് ആയി പോയി കേട്ടാ?..ഇത്രെയും സൗന്ദര്യം ഒരിക്കലും ഒരു കിളിക്ക് മാത്രമായിട്ടു കൊടുക്കരുത്...ഇതില്‍ കുറച്ചു നമ്മുടെ അങ്ങേ വീടിലെ ശാരദ ടീച്ചറുടെ മോള് സരിത കിളിക്കും അപ്പുറത്തെ വീട്ടിലെ രാധ ചേച്ചിയുടെ മോള് രാജി കിളിക്കും കൊടുത്തിരുന്നു എങ്കില്‍ ഞാന്‍ ഈ മൂന്ന് മാസം ഇങ്ങനെ ഒരു കിളിയുടെ മാത്രം പുറകെ ഒളിച്ചും പാത്തും നടക്കാതെ ആ രണ്ടു കിളികളുടെയും പുറകെ വലയും കൊണ്ട് നടന്നേനെ..എന്തായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല...ബട്ട്‌ പ്ലീസ് ഡോണ്ട് റിപീറ്റ് ഇറ്റ്‌ ഓക്കേ?? എവിടെ?? അങ്ങേര്‍ക്കു ഇത് വല്ലതും കേള്‍കാന്‍ നേരം ഉണ്ടോ???). എന്തായാലും വന്നു.. ഇനി സംസാരിച്ചിട്ടു തന്നെ ബാക്കി കാര്യം...കിളി എന്റെ അടുത്ത് എത്തിയതും ഞാന്‍ എന്റെ ഹൃദയം തുറന്നു.......

എന്റെ ആദ്യ ചോദ്യം.....

ഞാന്‍: "ലച്ചു എന്ന് അല്ലെ പേര്?"
ലച്ചു: "അതെ...എന്തേ?"

ഞാന്‍: "ഹിന്ദി സ്പെഷ്യല്‍ ആണ് അല്ലെ ടൂഷന്‍ ക്ലാസ്സില്‍ പഠിക്കുന്നത്?"
ലച്ചു: "അതെ എന്താ കാര്യം??"

മറുചോദ്യം ഞാന്‍ പ്രതീഷിച്ചില്ല...എങ്കിലും ഞെട്ടല്‍ പുറത്തു കാണിക്കാതെ ...

ഞാന്‍: "അത്...പിന്നെ എന്റെ അനുജന്‍ ഹിന്ദിയില്‍ കുറച്ചു വീക്ക് ആണ്....ലച്ചുവിന്റെ നോട്ട്സ് ഒന്ന് കിട്ടിയിരുന്നു എങ്കില്‍ ഉപകാരം ആയേനെ"
ലച്ചു: "അതിനെന്താ തരാമെല്ലോ..അനുജന്‍ പ്രഥമ ആണോ അതോ ദൂസര ആണോ പഠിക്കുന്നത്?"(ഒരു കൊച്ചു കുസൃതിച്ചിരി വിരിഞ്ഞോ ആ ചുണ്ടില്‍???)

തകര്‍ന്നു എല്ലാം തകര്‍ന്നു.....ഹിന്ദി എന്ന വാക്ക് അല്ലാതെ ഈ പ്രഥമ, ദൂസര, കേസരി, ഇനി വേറെ എന്തെങ്ങിലും ഉണ്ടെങ്കില്‍ അതും...ഞാന്‍ ഇന്ന് വരെ കേട്ടിട്ടില്ല.........പറയാന്‍ വന്നത് എന്റെ കാര്യം, പറയണത് മൊത്തം അനുജന്റെ കാര്യം കൂടെ ഹിന്ദിയും .....ഭഗവാനെ ഒരു ചേട്ടനും ഈ ഗതി വരുത്തരുതേ........

ഞാന്‍: "അത്........ പിന്നെ....... ഞാന്‍.....ചോദിച്ചിട്ട് നാളെ പറയാം"
ലച്ചു: "ശരി... അപ്പൊ ഞാന്‍ പോയ്കോട്ടേ??"

ഇതും പറഞ്ഞു കിളി പോയി...ഞാന്‍ അവിടെ ആ തോട്ടിന്റെ കരയില്‍ തലയില്‍ ഇടിതീ വീണ പോലെ കുറച്ചു നേരം നിന്നു..

വീട്ടില്‍ തിരിച്ചു എത്തിയ ഞാന്‍ ആദ്യം ഒരു കുപ്പി വെള്ളം നിന്ന നില്‍പ്പില്‍ കുടിച്ചു തീര്‍ത്തു...എന്നിട്ട് ഒരു തീരുമാനം എടുത്തു..."വേണ്ട ഇത് ശരി ആവില്ല"..ഒന്നാമത് കിളി മിടുക്കിയാ, കിളിക്ക് എന്റെ അത്ര നിറം ഇല്ലെങ്കിലും സൗന്ദര്യം കുറച്ചു കൂടുതല്‍ ആണ്...ഇനി മുന്നില്‍ ചെന്ന് ചാടിയാല്‍ കളി പാളും.ഞാന്‍ തല്ലു വാങ്ങിക്കും അത് വേണ്ട... കിളിയെ കിളിയുടെ പാട്ടിനു വിടാം....അത് പറന്നു പറന്നു നടക്കട്ടെ..നമ്മളായിട്ട് എന്തിനാ വെറുതെ അല്ലെ??.....അന്ന് മുതല്‍ കിളിയുടെ കണ്ണില്‍ പെടാതെ ആയി എന്റെ നടപ്പ്.....

ഏതാണ്ട് ഒരാഴ്ച കഴിഞ്ഞ്, ഒരു ദിവസം ക്രിക്കറ്റ് കളി കഴിഞ്ഞു വരുന്ന വഴി, ഒരു പബ്ലിക്‌ പൈപ്പില്‍ നിന്നും കൈകുമ്പിളില്‍ വെള്ളം കോരി തല വഴി ഒഴിച്ചിട്ടു തിരിഞ്ഞു നോക്കിയ എന്റെ കണ്ണുകള്‍ ചെന്ന് കൊരുത്തത് കിളിയുടെ മിഴികളുമായാണ്. മുഖത്ത് എന്നെ കൊല്ലുന്ന ആ കുസൃതിച്ചിരി......ഓടണോ ചാടണോ അതോ റോഡില്‍ മുങ്ങണോ എന്ത് ചെയണം എന്ന് അറിയാതെ ഒരു വളിച്ച ചിരി ഞാന്‍ കിളിയെ നോക്കി ചിരിച്ചു....ലച്ചു ചിരിച്ചു കൊണ്ട് ചോദിച്ചു "ഹലോ ബുക്ക്‌ വേണ്ടേ?"........ "വേണമായിരുന്നു".......... "എന്തിനാ ഈ നാടകം? ഈ പുസ്തകത്തിനകത്ത് വെച്ച് കത്ത് തരുന്ന പരിപാടി വളരെ മോശം ആണ് കേട്ടോ??"ഞാന്‍ മനസാ വാചാ കര്‍മണ ചിന്തികാത്ത കാര്യം ആണല്ലോ ഭഗവാനെ ഈ കിളി പറയണത്.....സത്യം തുറന്നു പറഞ്ഞാലോ??....വേണ്ട ഇനി അത് കൂടി പറഞ്ഞാല്‍ അടിയും കിട്ടും നേരെത്തെ കണ്ട ചിരിയും മായും. "തനിക്കു ബുക്ക്‌ തരാന്‍ ഇഷ്ടം ഉണ്ടെങ്കില്‍ തരിക ഇല്ലെങ്ങില്‍ വേണ്ട" എന്നും പറഞ്ഞു ഞാന്‍ വീട്ടിലേക്കു നടന്നു.....പുസ്തകം കിട്ടിയില്ല....പക്ഷെ ആ ചിരി അത് എന്റെ മനസ്സില്‍ നിന്നും മായാതെ അങ്ങനെ തന്നെ നിന്നു(ഇന്നും ആ കുസൃതിച്ചിരി ഞാന്‍ മറന്നിട്ടില്ല)....എന്തായാലും എന്റെ അസുഖം കിളിക്ക് മനസ്സിലായി..(അപ്പോഴേ വിചാരിച്ചു കാണും ഇവന്‍ ഒരു നടക്കു പോകണ ലക്ഷണം ഇല്ല എന്ന്)...

അങ്ങനെ എന്റെ മുങ്ങല്‍ പരിപാടി അവസാനിപ്പിച്ചു...കിളി വരുന്ന ബസ്സ്‌സ്റ്റോപ്പില്‍ പോകുന്നതും തുടങ്ങി...എന്നെ കാണുമ്പോള്‍ ഒന്ന് ചിരിക്കും(കളിയാക്കി ഉള്ള ചിരി ആയിരുന്നു അത്) എനിക്ക് അത് മാത്രം മതിയായിരുന്നു...എന്റെ എല്ലാ ദിവസവും തുടങ്ങുന്നത് ആ പാല്‍ പുഞ്ചിരിയില്‍ നിന്നും ആയി..........പക്ഷെ ആ പാല്‍ പുഞ്ചിരിക്ക് പിന്നാലെ ഒരു ഭൂകമ്പം വരുന്ന വിവരം ദൈവം പോയിട്ട് ഒരു ലോക്കല്‍ ചെകുത്താന്‍ പോലും അന്ന് എന്നോട് പറഞ്ഞില്ല.

6 comments:

  1. ഈ ലച്ചുവിന്റെ ഒരു കാര്യം

    ReplyDelete
  2. ഒരു പെണ്ണിനെ വളയ്ക്കാനും അറിയില്ലേ?
    ഉം ഇതു പ്രഥമന്‍ തന്നെ!!
    ചുരുക്കത്തില്‍ അവള്‍"ആംസ്ട്രോങ്ങിന്റെ"പെങ്ങള്‍ ആരുന്നോ?
    ബ്യേഷാ കിട്ടിയെന്നാണോ ?:):)

    ReplyDelete
  3. ഭൂകമ്പം? അപ്പോ ആ ചിരി പാല്‍പ്പുഞ്ചിരി അല്ല; കൊലച്ചിരി തന്നെ ആയിരുന്നിരിയ്ക്കും ;)

    ReplyDelete
  4. നല്ല എഴുത്താണ്. ആ ഭൂകമ്പത്തിന്റെ കാര്യം പെട്ടെന്നു പറയുമല്ലോ.

    ReplyDelete
  5. മടുപ്പില്ലാതെ വായിക്കാന്‍ കഴിയുന്ന എഴുത്ത്‌.
    അനുഭവം ആണല്ലേ...?

    ReplyDelete